ആമസോണിയന്‍ പദ്ധതികള്‍ സഭയുടെ പ്രവാചകദൗത്യം

സഭ ‘സമറിയക്കാരനാ’കുന്ന ആമസോണിയന്‍ പദ്ധതികള്‍ –
ആമസോണിയ പ്രവിശ്യയെക്കുറിച്ചുള്ള പഠനങ്ങളും പദ്ധതികളും, ആസന്നമാകുന്ന തദ്ദേശജനതകളെ സംബന്ധിച്ച സിനഡ് സമ്മേളനവും, തകരുന്ന തന്ത്രപ്രാധാന്യമുള്ള ആ ഭൂപ്രദേശത്തെ സമുദ്ധരിക്കാന്‍ സഭ സംവിധാനം ചെയ്യുന്ന ഒരു “നല്ല സമറിയക്കാരന്‍റെ പോലുള്ള” ശ്രമമാണ്. സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍. മൈക്കിള്‍ ചേര്‍ണി എസ്.ജെ. യാണ് ഇത് പ്രസ്താവിച്ചത്.

ഈ സിനഡിനായുള്ള സ്പെഷ്യല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആഗോള സഭ ആമസോണിയന്‍ പ്രദേശത്തിനുവേണ്ടി ഏറ്റെടുത്തിരിക്കുന്ന വലിയ പാരിസ്ഥിതിക ദൗത്യത്തെ നല്ല സമറിയക്കാരന്‍റെ കലവറയില്ലാത്ത നിലപാടെന്നാണ് ജൂലൈ 31- തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ മോണ്‍. ചേര്‍ണി ആമുഖമായി വിശേഷിപ്പിച്ചത്.

സുവിശേഷത്തിലെ കാരുണ്യവും നീതിയും യാഥാര്‍ത്ഥ്യമാക്കാന്‍
സഭ സംവിധാനം ചെയ്തിരിക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിലും അതിനു മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള കമ്മിഷനുകളുടെ ചര്‍ച്ചകളിലുമെല്ലാം സുവിശേഷത്തില്‍ ക്രിസ്തു പഠിപ്പിക്കുന്ന കാരുണ്യവും നീതിയുമാണ് അടിസ്ഥാനമായുള്ളത്. ഒപ്പം തദ്ദേശജനതകളുടെ സാമൂഹിക ചുറ്റുപാടുകളിലും സമ്പന്നമായ പരിസ്ഥിതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക, അവ മനസ്സിലാക്കുക, എന്നിട്ട് അവയിലേയ്ക്കും തദ്ദേശജനതകളുടെ ജീവിതത്തിലേയ്ക്കും ഇറങ്ങിച്ചെന്ന് അജപാലനപരമായും സാമൂഹികമായും അവരുടെ സമുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുകയാണ് സഭയുടെ പ്രവര്‍ത്തനപദ്ധതിയെന്നും മോണ്‍. ചേര്‍ണി തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി.

ചൂഷിതരെ മോചിക്കാനും ഉപായസാധ്യതകള്‍ സംരക്ഷിക്കാനും
ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടിയിരിക്കുന്ന ആഗോളസഭയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിലൂടെ ആമസോണിയന്‍ പ്രവിശ്യയില്‍ അജപാലനപരവും പാരിസ്ഥിതികവുമായ നവോത്ഥാന പദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള പരിശ്രമമാണ് ലക്ഷ്യം വയ്ക്കുന്നത്. കാരണം, ലോകത്തെമ്പാടുമുള്ള തദ്ദേശ ജനസമൂഹങ്ങളില്‍, പ്രത്യേകിച്ച് ആഗോളതലത്തില്‍ പരിസ്ഥിതിയെയും, താപനത്തെയും, കാലാവസ്ഥ വ്യതിയാനത്തെയും ബാധിക്കുന്ന ആമസോണിയന്‍ പ്രദേശത്തെ ഒരു മാതൃകാപദ്ധതിയായി സ്വീകരിച്ചിരിക്കുകയാണ്.

മാത്രമല്ല, അവിടുത്തെ ജനങ്ങളുടെയും, പരിസ്ഥിതിയുടെയും ചൂഷണത്തിന്‍റെ ചുറ്റുപാടുകളില്‍ നിന്നും അവരെ മോചിക്കാനും പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള പദ്ധതി ഒരുക്കുവാന്‍ ആമോസോണിയന്‍ സിനഡിന് സാധിക്കും. അതിനാല്‍ തദ്ദേശീയരുടെ മദ്ധ്യേയുള്ള സഭയുടെ അസ്തിത്വം ഇനിയും അവരുടെ സംസ്കാരത്തനിമയില്‍ എല്ലാ തലത്തിലും വേരൂന്നുകയും വളരുകയും വേണമെന്നും മോണ്‍. ചേര്‍ണി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.