ആമസോണ്‍ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും

ഡോ. നെൽസൺ തോമസ്

വിവാദപരമായതൊന്നും ആമസോണ്‍ സിനഡില്‍ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഇപ്പോഴുള്ള മാര്‍പാപ്പയുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാര്‍. മാര്‍പാപ്പയുടെ പദവിയെ അംഗീകരിച്ച പരിശുദ്ധാത്മാവിലും ഇവര്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. ഈ നിഷേധാത്മക സ്വഭാവത്താല്‍ തന്നെ ശുദ്ധീകരണ വരപ്രസാദം നഷ്ടമാക്കിയേക്കാവുന്ന ശീശ്മ എന്ന അതി ഗൗരവമായ നിയമലംഘനത്തില്‍ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. സംശയത്തിന്റെ വ്യാഖ്യാനരീതിശാസ്ത്രം എന്ന തിമിരം ബാധിച്ച ഇക്കൂട്ടര്‍ മാര്‍പാപ്പയുടെ സകല പ്രവര്‍ത്തികളെയും നിഷേധാത്മക സംശയത്തോടെ നോക്കിക്കാണുന്നു. മാര്‍പാപ്പ തുമ്മുന്നതില്‍ വരെ ഇക്കൂട്ടര്‍ ദൈവനിന്ദ ആരോപിക്കുന്നു. വസ്തുതകള്‍ നിരത്തിയുള്ള സംവാദങ്ങളൊ സന്ദര്‍ഭോചിതമാക്കിയുള്ള വ്യാഖ്യാനങ്ങളോ ഇവരുടെ അസുഖത്തിന് ചികിത്സയാകില്ല. എന്നിരുന്നാലും, ചില ആരോപണങ്ങള്‍ക്ക് മറുപടികള്‍ തരാന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു.

സിനഡിലെ വിവാദ തീരുമാനങ്ങള്‍

സിനഡ് വിവാദ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍, സിനഡിന് ഒരു തീരുമാനവും എടുക്കാനുള്ള അധികാരം ഇല്ല എന്നതാണ് സത്യം. സിനിഡ് നല്‍കുന്നത് കേവലം നിര്‍ദ്ദേശങ്ങളാണ്. സിനഡ് മാര്‍പാപ്പയുടെ ഉപദേശിക സമിതിയായാണ് പ്രര്‍ത്തിക്കുന്നത്. സിനഡിന്റെ നിര്‍ദേശങ്ങളെ മാര്‍പാപ്പ വിചിന്തനത്തിന് ശേഷം സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. സിനഡിനുശേഷം മാര്‍പാപ്പ പുറപ്പെടുവിക്കുന്ന സിനിഡാനന്തര അപ്പസ്‌തോലിക ഉദ്‌ബോധനം ആണ് സഭയുടെ ഔദ്യോഗിക പഠനം. ഈ വരുന്ന ഡിസംബറിന് മുമ്പ് അത് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയുടെ പഠനങ്ങള്‍ അറിയാന്‍ അതുവരെയും ക്ഷമയോടെ കാത്തിരിക്കുക. പരക്കെ പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടാതിരിക്കുക.

വിവാഹിതരായവരുടെ പൗരോഹിത്യം

പ്രചരിപ്പിക്കപ്പെട്ട ഒരു പ്രധാന ആശങ്ക ആമസോണ്‍ മേഖലയിലെ വിവാഹിതരായവര്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെ പറ്റിയാണ്. വിവാഹിതരായ പുരോഹിതര്‍ കത്തോലിക്കാസഭയ്ക്ക് അന്യമല്ല. പൗരസ്ത്യ റീത്തുകളില്‍ വിവാഹിതരായ പുരോഹിതര്‍ കത്തോലിക്കസഭയില്‍ ഇപ്പോഴുമുണ്ട്. രൂപതാ പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് കേവലം അച്ചടക്കം നിഷ്‌കര്‍ഷിക്കുന്ന വാഗ്ദാനം മാത്രമാണ്. ഈ അച്ചടക്കത്തെ എടുത്തുകളയാനൊ ചില പ്രത്യേക സാഹചര്യങ്ങളില്‍ അതില്‍ ഭേദഗതി വരുത്താനോ മാര്‍പാപ്പയ്ക്ക് പരിപൂര്‍ണ്ണ അധികാരം ഉണ്ട്. മാര്‍പാപ്പയുടെ തീരുമാനം അറിയാന്‍ അപ്പസ്‌തോലിക ഉദ്‌ബോധനം പുറപ്പെടുവിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

സ്ത്രീകളുടെ ഡീക്കന്‍ പദവി

ആമസോണ്‍ മേഖലയില്‍ ശുശ്രൂഷകരുടെ അഭാവം നികത്താന്‍ സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്നതിനെ ചൊല്ലിയുള്ളതാണ് രണ്ടാമത്തെ വിവാദം. ഇവിടെ ശ്രദ്ധിക്കേണ്ടത് പൗരോഹിത്യം എന്ന കൂദാശയുടെ ആദ്യ പട്ടമായ ഡീക്കന്‍ പട്ടത്തെ പറ്റിയല്ല പരാമര്‍ശിക്കുന്നത് എന്ന വസ്തുതയാണ്. ഡീക്കന്‍ പട്ടം പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമാണ്. ‘ഉശമരീിമലേ’ എന്നാണ് പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമായ ഡീക്കന്‍ പട്ടത്തെ പറയുന്നത്. സിനിഡില്‍ പറയുന്നത് ‘ഉലമരീില’ൈ നെ പറ്റിയാണ്. ഇത് ദിവ്യകാരുണ്യ ശുശ്രൂഷകര്‍ പോലെ കൗദാശികമല്ലാത്ത മറ്റൊരു ശിശ്രൂഷ പദവി മാത്രമാണ്. ഇതിനെ പറ്റിയുള്ള സാധ്യതകള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാം എന്നാണ് മാര്‍പാപ്പ പറഞ്ഞത്. ഔദ്യോഗിക തീരുമാനം അറിയാന്‍ അപ്പസ്‌തോലിക ഉദ്‌ബോധനം വരുന്നവരെ കാത്തിരിക്കുക തന്നെ വേണം.

പൗരോഹിത്യം എന്ന കൂദാശയുടെ പൗരുഷ സ്വഭാവം കത്തോലിക്ക സഭയിലെ വിശ്വാസ സത്യമാണ്. വിശ്വാസത്യങ്ങളെ തിരുത്തുവാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ലാത്തതിനാല്‍ സ്ത്രീ പൗരോഹിത്യം എന്ന സാധ്യത കത്തോലിക്ക സഭയില്‍ ഒരു കാലത്തും സംഭവിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനുവേണ്ടിയുള്ള മുറവിളികളും വിവാദങ്ങളും ഒക്കെയും അറിവില്ലാത്തവരുടെ പാഴ് വേലകളാണ്.

പക്കാമാമ  ആമസോണ്‍ മാതാവ്?

ആണെന്നും അല്ലെന്നും ഉള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ആണെങ്കിലും അല്ലെങ്കിലും കത്തോലിക്കാ വിശ്വാസത്തിന് ഒരു വ്യത്യാസവുമില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഉദരത്തില്‍ കുഞ്ഞിനെ വഹിക്കുന്ന ഒരു സ്ത്രീയുടെ രൂപം. അതിനെ മുഖാമുഖം ദര്‍ശിക്കുന്ന ഉദരത്തില്‍ കുഞ്ഞിനെ വഹിക്കുന്ന മറ്റൊരു സ്ത്രീയുടെ രൂപം. ആദ്യ കാഴ്ചയില്‍ തന്നെ ഗര്‍ഭിണിയായ പരിശുദ്ധ കന്യകാമറിയത്തെ സന്ദര്‍ശിക്കുന്ന എലിസബത്തിനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. സാംസ്‌കാരികാനുരൂപണത്തിന്റെ ദാര്‍ശനിക മാനങ്ങള്‍ ഉള്‍ക്കൊണ്ട് ആമസോണ്‍ ജനത സവിശേഷമായി കരുതി ആരാധിക്കുന്ന കലാരൂപത്തെ പരിശുദ്ധ കന്യകാമറിയമായി പുനര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ അടിസ്ഥാനപരമായി ഒരു തെറ്റുമില്ല. പരിശുദ്ധ മാതാവിനെ മനസ്സില്‍ കണ്ട് നാം എന്ത് വരയ്ക്കുന്നുവോ അതാണ് അവരുടെ ചിത്രം, എന്ത് നിര്‍മ്മിക്കുന്നുവൊ അതാണ് അവരുടെ പ്രതിമ. അതില്‍പരം അര്‍ത്ഥങ്ങള്‍ ആരോപിച്ച് അതിനെ വിഗ്രഹമായി വ്യാഖ്യാനിക്കുന്നവരാണ് ഒന്നാം പ്രമാണം ലംഘിക്കുന്നത്.

പ്രതിമയുടെ നഗ്‌നതയാണ് ചിലരുടെ പ്രശ്‌നം. സിസ്‌റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൈക്കിളാഞ്ചലോ വരച്ച ‘അന്ത്യവിധിയുടെ’ ചിത്രം കണ്ടാല്‍ തീരാവുന്നതാണ് ഈ പ്രശ്‌നം. നഗ്‌ന കലാരൂപങ്ങളെ അശ്ലീല കലാസൃഷ്ടികളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇവരുടെ അജ്ഞതയുടെ കാരണം. നഗ്‌ന കലാരൂപ നിര്‍മ്മാണ പ്രവര്‍ത്തിയുടെ വിഷയത്തിന്റെ ‘ലേഹലീഹീഴശരമഹ’ പാരമ്യം സൃഷ്ടിയുടെ മകുടമമായ മനുഷ്യനെ ചായാഗ്രഹം ചെയ്യുക എന്നതുമാത്രമാണ്. അശ്ലീല കലാസൃഷ്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ വിഷയത്തിന്റെ പാരമ്യം മറ്റൊന്നാണ്.

മാര്‍പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച പക്കാമാമയുടെ പ്രതിമകള്‍ പ്രദര്‍ശന സ്ഥലത്തുനിന്ന് തലതിരിഞ്ഞ തീവ്ര പാരമ്പര്യവാദികള്‍ മോഷ്ടിച്ച് പുഴയില്‍ എറിയുകയുണ്ടായി. അത് തിരിച്ചെടുത്ത് മാര്‍പ്പാപ്പ അതിന്റെ പേരില്‍ ആമസോണ്‍ ജനതയോട് ക്ഷമ ചോദിക്കുകയും ചെയ്തു. പക്കാമാമയുടെ പ്രതിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. അത് ജീവന്റെ പ്രതീകമാണെന്നാണ് ഒരു വത്തിക്കാന്‍ വക്താവ് പറഞ്ഞത്. അത് എന്ത് തന്നെയാണെങ്കിലും അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലതയുള്ളതാണ് കത്തോലിക്കാ വിശ്വാസം.

ഉപസംഹാരം 

പരിശുദ്ധപിതാവിനെ ദുര്‍ബലപ്പെടുത്താനുള്ള പ്രചാരണമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അസ്ഥാനങ്ങളില്‍ സംശയത്തിന്റെ വ്യാഖ്യാന രീതിശാസ്ത്രം കുത്തിനിറച്ചാണ് ഇവര്‍ പരിശുദ്ധ പിതാവിനെ ആക്രമിക്കുന്നത്. പരിശുദ്ധ പിതാവ് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദ്രുതഗതിയില്‍ ഒരു അഭിപ്രായം രൂപീകരിക്കേണ്ട ആവശ്യമില്ല. ശത്രുക്കളുടെ ദൂഷിത വലയം തീര്‍ക്കുന്ന പുകമറയില്‍ വിദൂരതയിലിരുന്ന് അഭിപ്രായം രൂപീകരിക്കുക സാധ്യവുമല്ല. ആധികാരിക ഉറവിടങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുക. മലയാളത്തില്‍ പോലും പല പേജുകളിലൂടെ തെറ്റായ വിവരങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും വരും, അതിനാല്‍ ജാഗ്രതയോടെ തുടരുക.

ഡോ. നെല്‍സണ്‍ തോമസ് 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.