ആമസോൺ സിനഡ് സമാപിച്ചു

മൂന്ന് ആഴ്ചയായി വത്തിക്കാനിൽ വെച്ചുനടന്ന ആമസോൺ സിനഡ് സമാപിച്ചു. സിനഡിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ ആമസോണിനെക്കുറിച്ചുള്ള തീക്ഷ്ണത അണയാതെ കാത്തുസൂക്ഷിക്കുന്നവരാകാം എന്ന് ഓർമ്മിപ്പിച്ചു.

“ദൈവം തന്ന പ്രകൃതിയാകുന്ന വലിയ ദാനം നശിപ്പിക്കാതെ സമൂഹത്തിന്‍റെ നന്മയ്ക്കായ് ഉപയോഗിക്കുവാനുള്ള ദൈവത്തിന്‍റെ വിളിക്കു കാതോര്‍ക്കാം. സിനഡില്‍ തെളിഞ്ഞു കിട്ടിയ സഭയുടെ നവമായ അജപാലന പാതയെ ദൈവം ഇനിയും തെളിയിക്കട്ടെ. ഒപ്പം സിനഡിന്‍റെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം.” പാപ്പാ ആഹ്വാനം ചെയ്‌തു.

ഭൂമിയെ സംരക്ഷിക്കണമെങ്കില്‍ ആമസോണിനെ സംരക്ഷിക്കണം. ആമോസണിലെ ജനങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് അവര്‍ക്കായി സുവിശേഷത്തിന്‍റെ നവമായ പാത തുറന്നുകൊടുക്കാം. കാരണം ക്രിസ്തുവില്‍ നമ്മെ ഒരുമിച്ചു ചേര്‍ത്ത വലിയ യാഥാര്‍ത്ഥ്യമാണ് ആമസോണ്‍ സിനഡ്. അതിനാല്‍ സഭയുടെ നവമായ അജപാലന വഴികളും സമഗ്രമായൊരു പരിസ്ഥിതിയും ആമസോണ്‍ മഴക്കാടുകളില്‍ യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥിക്കാം, ഒത്തൊരുമിച്ചു പരിശ്രമിക്കാം. പാപ്പാ തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.