ആമസോൺ മഴക്കാടുകൾ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ലാറ്റിനമേരിക്കൻ മെത്രാന്മാർ

ആമസോൺ മഴക്കാടുകൾ വൻ അഗ്നിബാധയ്ക്ക് ഇരയായി കത്തിയെരിയുമ്പോൾ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആഹ്വാനവുമായി ലാറ്റിന്‍-അമേരിക്കൻ മെത്രാന്മാർ രംഗത്ത്. ‘ഭൂമിയുടെ ശ്വാസകോശം’ എന്ന വിശേഷണമുള്ള ആമസോൺ മഴക്കാടുകളിലെ അഗ്നിബാധയെ ലോകം മുഴുവനുമുള്ള ജനത ഗൗരവത്തോടെ കാണണമെന്ന് ‘വി റൈസ് ഔർ വോയിസ് ഫോർ ദി ആമസോൺ’ എന്ന തലക്കെട്ടിൽ ലാറ്റിന്‍-അമേരിക്കൻ മെത്രാന്മാരുടെ ഏകോപനസമിതി പുറത്തുവിട്ട കത്തിൽ ആഹ്വാനം ചെയ്യുന്നു.

സമിതി അധ്യക്ഷനായ ആർച്ച്ബിഷപ്പ് മിഗ്വെൽ കബ്രാലും രണ്ട് ഉപാധ്യക്ഷന്മാരും ഒപ്പുവെച്ച കത്താണ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഗൗരവമേറിയ വിപത്ത്, ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്നതല്ലെന്നും ലോകത്തെ മുഴുവനായി ബാധിക്കുന്നതാണെന്നും അതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ആമസോൺ സിനഡ്, പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വനങ്ങള്‍ അഗ്നിക്കിരയാക്കി തെളിച്ചെടുക്കുന്ന വേട്ടക്കാരും, മരംവെട്ടുകാരുമാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രകൃതിസംരക്ഷണ പ്രസ്ഥാനങ്ങളും ഗവേഷകരും വെളിപ്പെടുത്തിയിരുന്നു. ലോകത്തെ 20 ശതമാനം ഓക്സിജൻ ആമസോൺ കാടുകളിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. വനസമ്പത്ത് നഷ്ടമായാൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കും. അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.