അല്‍ഫോന്‍സാമ്മയും നമ്മളും

”താണ നിലത്തേ നീരോടൂ. അവിടേ ദൈവം തുണ ചെയ്യൂ.” അല്‍ഫോന്‍സാമ്മയെപ്പറ്റി രണ്ടുവരി എഴുതുക ഒരു ചിരകാലാഭിലാഷമാണ്. അല്‍ഫോന്‍സാമ്മ കാലം ചെയ്തിട്ട് ഇപ്പോള്‍ 75 വര്‍ഷം പൂര്‍ത്തിയായി. മദ്ധ്യതിരുവിതാംകൂറില്‍ ഈ പ്രായത്തില്‍ കൂടിയവര്‍ ചിലരെങ്കിലും അല്‍ഫോന്‍സാമ്മയെ കാണുകയോ അമ്മയെപ്പറ്റി കേള്‍ക്കുകയോ അനുഗ്രഹം പ്രാപിക്കുകയോ ചെയ്തിട്ടുള്ളവര്‍ കാണാതിരിക്കില്ല. അവര്‍ക്ക് അല്‍ഫോന്‍സാമ്മയെപ്പറ്റി രണ്ടുവരി എഴുതുവാന്‍ ഉണ്ടാകും. അങ്ങനെയുള്ളവര്‍ ഇനി കാലതാമസം വരുത്തരുത്. അങ്ങനെയുള്ളവര്‍ക്ക് താത്പര്യമുണ്ടാകുവാന്‍ വേണ്ടി നമ്മുടെ പ്രാര്‍ത്ഥന ആവശ്യമായി വന്നേയ്ക്കും. ഉപേക്ഷിച്ചാല്‍ പിന്നീട് സാധിച്ചെന്നു വരില്ല.

അല്‍ഫോന്‍സാമ്മയുടെ മരണത്തോടെ അമ്മ പുണ്യവതിയാണെന്നുള്ള വാര്‍ത്ത നാട്ടില്‍ പ്രബലപ്പെട്ടു. അല്‍ഫോന്‍സാമ്മ മരിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സ്. അങ്ങനെയിരിക്കെയാണ് അല്‍ഫോന്‍സാമ്മ കിടന്ന പായില്‍ ഒരു നിത്യരോഗി ശയിക്കുകയും ഉണര്‍ന്നപ്പോള്‍ അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി കാണപ്പെടുകയും ചെയ്തത്. ഈ വാര്‍ത്ത നാട്ടില്‍ പരന്നു. കൂടാതെ, നിത്യസന്ദര്‍ശകരായിരുന്ന സ്‌കൂള്‍ കുട്ടികള്‍ അമ്മയുടെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുക നിത്യസംഭവമായി. ജനങ്ങള്‍ ഭരണങ്ങാനത്തേയ്ക്ക് ഓരോ ആവശ്യങ്ങള്‍ സാധിക്കുവാന്‍ ഒഴുക്കായി. എന്റെ നാട്ടില്‍ എന്റെ സമപ്രായക്കാരനായ മൈക്കിളിന്റെ പാദം ചെറുപ്പത്തില്‍ മലര്‍ന്നിരിക്കുകയായിരുന്നു. അമ്മയുടെ കുഴിമാടം സന്ദര്‍ശിച്ച ശേഷം പാദം നേരെയായി. ഇപ്പോള്‍ ആ സുഹൃത്ത് ജീവിച്ചിരിപ്പുണ്ട്. വൈകല്യവിമുക്ത പാദനായി. പ്രാര്‍ത്ഥിച്ച് കാല്‍മുട്ട് വേദന ഒറ്റ ഉറക്കം കൊണ്ട് മാറിക്കിട്ടിയ അനുഭവം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്. തലേദിവസം എന്നെ വേദനിപ്പിച്ച കാല്‍മുട്ട് തന്നെയാണോ ഈ കാണുന്നതെന്ന്  ഞാന്‍ ചിന്തിച്ചുപോയി.

ഏകദേശം 80 കിലോമീറ്റര്‍ അകലമുള്ള ഒരു ഉയര്‍ന്ന പ്രദേശമാണ് ഭരണങ്ങാനം. തകഴിയാണെങ്കില്‍ വഞ്ചിയില്‍ മാത്രം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഒരു കുട്ടനാടന്‍ ഗ്രാമവും. മഴക്കാലത്ത് വഴിയില്‍ വെള്ളവും ചെളിയും. ഒരു യാത്രാസൗകര്യവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഭരണങ്ങാനത്തായിരുന്ന അല്‍ഫോന്‍സാമ്മ, ഞങ്ങളുടെ കുടുംബത്തിലെ ഒരു നിത്യ സംസാരവിഷയമായിരുന്നു. ഇതിന്റെ പ്രധാന കാരണം അല്‍ഫോന്‍സാമ്മ ചെറുപ്രായത്തില്‍ വല്യമ്മയോടൊപ്പം സ്വന്തം ജന്മനാടായ മുട്ടുചിറയില്‍ വല്ലപ്പോഴുമൊക്കെ വന്നിരുന്നു എന്നതാണ്. അവിടെ വച്ച് എന്റെ അമ്മ ചോച്ചമ്മ കുരംചിറപ്പള്ളില്‍, അമ്മയുടെ ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുമ്പോള്‍ അല്‍ഫോന്‍സാമ്മയെ ”അടിച്ചു തല്ലിക്കളിക്കുന്ന പ്രായത്തില്‍” വല്യമ്മയോടൊപ്പം കണ്ടിട്ടുണ്ട്. അന്നുതൊട്ട് അമ്മ അല്‍ഫോന്‍സാമ്മയെ കാണുന്നതിനും കേള്‍ക്കുന്നതിനും താല്പര്യം കാണിച്ചിരുന്നു. ഞങ്ങളുടെ മൂത്ത സഹോദരന് അല്‍ഫോന്‍സാമ്മയെക്കാള്‍ ഒരു വയസ്സ് മൂപ്പായിരുന്നു. എന്റെ ചെറുപ്രായത്തില്‍ അല്‍ഫോന്‍സാമ്മയെപ്പറ്റി, അതും കാല്‍ പൊള്ളിയ കാര്യം അമ്മ പലരോടും പല സന്ദര്‍ഭത്തില്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്.

അല്‍ഫോന്‍സാമ്മയില്‍ ഒരു പുണ്യവതി ജീവിച്ചിരിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ തന്നെ തകഴിയില്‍ പരന്നിരുന്നു. ഏറ്റവും ഒടുവില്‍ തകഴിയില്‍ വന്ന് തറപ്പിച്ചു പറഞ്ഞത് അമ്മയുടെ സഹോദരന്‍ മണിമല തടങ്ങഴിയില്‍ കുര്യാക്കോസ്, അദ്ദേഹം 18.6.1987-ല്‍ മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍: ”അല്‍ഫോന്‍സാമ്മയുടെ രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഏതു സമയത്തും മരണം സംഭവിക്കാം. മരിച്ചാല്‍ പുണ്യപ്പെടും.” ആഴ്ചയുടെ അവസാനത്തില്‍, മരണവാര്‍ത്ത ഞങ്ങള്‍ തകഴിയില്‍ മനോരമ പേപ്പറില്‍ കണ്ടു. ആ വാര്‍ത്ത ഞങ്ങളുടെ കുടുംബത്തെ കുറെ സമയത്തേക്ക് നിശബ്ദമാക്കിയത് ഞാന്‍ ഓര്‍ക്കുന്നു.

മരണവാര്‍ത്തയോടെ എല്ലാ ഭവനങ്ങളിലും അമ്മയുടെ ഫോട്ടോ എത്തിത്തുടങ്ങി. ഇതിന്റെ പിന്നില്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ ഒരൊറ്റ ഭവനം പോലും അമ്മയുടെ ഫോട്ടോ ഇല്ലാത്തതില്ല. ആ ഫോട്ടോ വച്ചതില്‍ ആരും ചോദ്യം ചെയ്തിട്ടില്ല. നമ്മുടെ സ്വന്തം പുണ്യവതി എന്ന രീതിയിലാണ് എല്ലാവരും കണ്ടിരുന്നത്.

ഞങ്ങളുടെ അമ്മ മരിക്കുന്നത് 1991 ജൂലൈ 29-ാം തീയതി രാവിലെ 7 മണിക്കാണ്. അമ്മയുടെ ആഗ്രഹം അല്‍ഫോന്‍സാമ്മ മരിച്ച ജൂലൈ 28-ാം തീയതി മരിക്കണമെന്നായിരുന്നു. എന്നാല്‍, അല്‍ഫോന്‍സാമ്മയുടെ ശവസംസ്‌കാര സമയത്തിനു മുന്‍പ് അമ്മ മരിച്ചു. അങ്ങനെ ജൂലൈ 28 ഞങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. അമ്മയുടെ പേര് ചോച്ചമ്മ അഥവാ മറിയം വര്‍ഗീസ്. ജൂലൈ 28-ന് ഇടവകപ്പള്ളിയില്‍ മധുരപലഹാരം നേര്‍ച്ച നടത്താന്‍ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ താല്‍പര്യം കാണിക്കുന്നു.

അല്‍ഫോന്‍സാമ്മയെപ്പറ്റി എല്ലാ കാര്യങ്ങളും പുസ്തകങ്ങളില്‍ വന്നിട്ടുള്ളതുകൊണ്ട് അവ ഒന്നും ഞാന്‍ തൊടുന്നില്ല. എന്റെ എളിയ അനുഭവം അല്‍ഫോന്‍സാമ്മയുടെ സവിധേ ഞാന്‍ സമര്‍പ്പിക്കുന്നു.

വി. ജോര്‍ജ്ജ്, ചെട്ടിയാംപറമ്പില്‍

കടപ്പാട്: ഗോതമ്പ് മണി