സഹനങ്ങളില്ലെങ്കിൽ അൽഫോൻസ വിശുദ്ധയാകില്ലേ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അതെ, ആ ചോദ്യം ചോദിച്ചുകൊണ്ടു തന്നെ തുടങ്ങാം; സഹനങ്ങളില്ലെങ്കിൽ അൽഫോൻസ വിശുദ്ധയാകില്ലേ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ സഹനങ്ങളാണോ അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത്?

എൻ്റെ കാഴ്ചപ്പാടനുസരിച്ച് സഹനങ്ങളില്ലെങ്കിലും അൽഫോൻസ വിശുദ്ധയാകുമായിരുന്നു. എന്തെന്നാൽ, സഹനങ്ങളാണ് വിശുദ്ധിയിലേക്കുള്ള മാനദണ്ഡമെങ്കിൽ അൽഫോൻസയെപ്പോലെ അതിതീവ്രമായ സഹനങ്ങളിലൂടെ കടന്നുപോയിട്ടും വിശുദ്ധരാകാത്തവർ എത്രയോ പേരുണ്ട്? മാത്രമല്ല, അൽഫോൻസ അനുഭവിച്ചതുപോലുളള സഹനങ്ങൾ ഇല്ലാതിരുന്നിട്ടും വിശുദ്ധരായവരും ധാരാളം പേരില്ലേ? അങ്ങനെയെങ്കിൽ എന്തായിരിക്കും അൽഫോൻസയെ വിശുദ്ധിയിലേക്ക് നയിച്ചത്‌? ഒന്നാമത്തെ കാരണമെന്നത് ഒരു വിശുദ്ധയായിത്തീരണമെന്ന തീവ്രമായ ആഗ്രഹം അവൾക്കുണ്ടായിരുന്നു. ആ ആഗ്രഹമുള്ളതുകൊണ്ടാണ് “മനസ്സറിവോടെ ഒരു നിസ്സാര പാപം പോലും ചെയ്ത് ദൈവത്തെ ദ്രോഹിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് തനിക്കിഷ്ടം” എന്നവള്‍ പറഞ്ഞത്.

അൽഫോൻസായെ വിശുദ്ധിയിലേക്ക് നയിച്ച രണ്ടാമത്തെ കാരണം ക്രിസ്തുവിനോടുള്ള അദമ്യമായ സ്നേഹമാണ്. ആ സ്നേഹത്തിൽ നിന്നാണ് ഒരു കന്യാസ്ത്രിയാകണമെന്ന ആഗ്രഹം അവളിൽ രൂപപ്പെട്ടത്. അതേ സ്നേഹത്തിൽ നിലനിൽക്കുന്നതിനു വേണ്ടിയാണ് അവൾ തൻ്റെ പാദങ്ങൾ പൊളളിച്ചതും വിവാഹജീവിതം വേണ്ടാ എന്നവർത്തിച്ച് പറഞ്ഞതും. തുടർന്ന് അവളുടെ ജീവിതത്തിൽ വന്ന സഹനങ്ങൾ ഒന്നുപോലും അവളെ ആ സ്നേഹത്തിൽ നിന്നും വേർപെടുത്തിയില്ല എന്നതാണ് അദ്ഭുതകരം.

അതുകൊണ്ടാണല്ലോ തൻ്റെ സഹനങ്ങളിൽ അവളിങ്ങനെ പറഞ്ഞത്: ”കുരിശു തന്നാണ് ഈശോ എന്നെ സ്നേഹിക്കുന്നത്. അവിടുന്ന് തരുന്ന കാസ ഞാൻ മട്ടോടെ കുടിച്ചിറക്കും.” എത്ര ആഴമേറിയ ബോധ്യമല്ലെ? “തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍
അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും.”(യോഹ 12:25) എന്ന വചനം അവളിൽ 100 ശതമാനവും നിറവേറി എന്ന് പറയാതെ വയ്യ.

കാര്യങ്ങൾ ഇങ്ങനെയാകുമ്പോൾ വിശുദ്ധരാകണമെങ്കിൽ എന്താണ് പോംവഴി? വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുകയും ആ ആഗ്രഹത്തിൽ നിലനിൽക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണം.

നമ്മളിൽ പലർക്കും വിശുദ്ധരാകണമെന്ന ആഗ്രഹമൊക്കെയുണ്ട്. എന്നാൽ,
അപ്രതീക്ഷിതമായി പ്രതിസന്ധികളും സഹനങ്ങളും വരുമ്പോൾ നമുക്ക് അടിപതറുന്നു. ചിലപ്പോൾ വിശ്വാസം ഉപേക്ഷിക്കുകയും ദൈവത്തിനെതിരെ പിറുപിറുക്കുകയും ചെയ്യുന്നു. ഈ സ്ഥിതി തുടർന്നാൽ നമ്മളെങ്ങനെ വിശുദ്ധരാകാൻ. അല്ലെ? വി. അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.