നല്ലിടയന് സ്വയം സമർപ്പിക്കുന്നതിനായി പരിശുദ്ധ പിതാവ് പഠിപ്പിക്കുന്ന ധ്യാനചിന്തകൾ 

ജീവിതയാത്ര പലപ്പോഴും ദുഃഖപൂർണ്ണവും അസംതൃപ്തവുമായി തോന്നുക സ്വാഭാവികമാണ്. എന്നാൽ അവയെ മറികടക്കാനുള്ള ഒരു മാർഗ്ഗം ഇക്കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുകയുണ്ടായി. നല്ലിടയനായ ക്രിസ്തുവിന് സ്വയം സമർപ്പിക്കുന്ന ധ്യാനചിന്തയാണത്.

“നമ്മെയെല്ലാവരെയും നിരന്തരം കടാക്ഷിച്ചു കൊണ്ടിരിക്കുന്നവനാണ് നല്ലിടയനായ ഈശോ. അവിടുന്ന് നമ്മെ തേടുന്നു, നമ്മെ സ്നേഹിക്കുന്നു, നമ്മെ അറിയുന്നു, നമ്മോട് സംസാരിക്കുന്നു, നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അതിലുപരി നമ്മുടെ വേദനകളും സങ്കടങ്ങളും അറിയുകയും മനസിലാക്കുകയും ചെയ്യുന്നു.

നമ്മുടെ നേട്ടങ്ങളെയും കുറവുകളെയും ഒരുപോലെ കാണുകയും അതേപടി നമ്മെ കരുതുകയും പൊതിഞ്ഞുപിടിക്കുകയും ചെയ്യുന്ന ഏകവ്യക്തി കൂടിയാണ് ഈശോ. മാത്രവുമല്ല, നമുക്കെല്ലാവര്‍ക്കും നിത്യജീവന്‍ അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. അതുവഴിയായി അവസാനിക്കാത്ത ജീവനും…

എല്ലാത്തിനുമുപരിയായി ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ പാതയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ താങ്ങും തണലുമായി നല്ലിടയനായ ക്രിസ്തു, തന്റെ സ്നേഹം ആവോളം ചൊരിഞ്ഞുകൊണ്ട് നമ്മുടെ ഒപ്പം സഞ്ചരിക്കുന്നുണ്ട്. ആ നല്ലിടയന്റെ കരങ്ങളിലേക്ക് ഒരു കുഞ്ഞാടിനെപ്പോലെ ഒട്ടിച്ചേരാം.” പാപ്പാ പറഞ്ഞു.