മദ്ധ്യപ്രദേശിൽ കത്തോലിക്കാ നഴ്‌സ് കോവിഡ് രോഗികളെ മതപരിവർത്തനം ചെയ്‌തെന്ന് ആരോപണം

ഇന്ത്യയിൽ രൂക്ഷമായ പകർച്ചവ്യാധിയിലും കോവിഡ് രോഗികളെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകയ്‌ക്കെതിരെ വ്യാജ മതപരിവർത്തന ആരോപണം. മദ്ധ്യപ്രദേശിലാണ് സംഭവം. കോവിഡിൽ നിന്ന് രക്ഷ നേടാൻ യേശുവിനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തുവെന്നാണ് ഹിന്ദു മതമൗലികവാദികൾ ആരോപിക്കുന്നത്.

മതപരിവർത്തനത്തിനായുള്ള പ്രചാരണത്തിന്റെ തെളിവാണിതെന്ന് ആരോപിച്ച് ബിജെപി ഡെപ്യൂട്ടി രമേശ്വർ ശർമ്മയാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോയിൽ, വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നയാൾ നേഴ്സിനോട് തർക്കിക്കുന്നതും കേൾക്കാം. “നിങ്ങൾ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്? ആരാണ് നിങ്ങളെ ഇവിടെ അയച്ചത്? നിങ്ങൾ ഏത് ആശുപത്രിയിൽ നിന്നാണ്?” എന്നൊക്കെയാണ് ഇവർ ചോദിക്കുന്നത്.

ക്രിസ്തുമതത്തെക്കുറിച്ച് സംസാരിച്ചതായി ആരോപിക്കപ്പെടുന്ന നേഴ്‌സിന്റെ പെരുമാറ്റത്തെക്കുറിച്ച് തനിക്ക് പരാതികൾ ലഭിച്ചതായി രത്‌ലാം ജില്ലയിലെ പ്രാദേശിക സൂപ്രണ്ട് ബി.എസ്. താക്കൂർ പറയുന്നു. നേഴ്‌സിന്റെ പക്കല്‍ മത ലഘുലേഖകളും ഉണ്ടായിരുന്നുവെന്ന് താക്കൂർ ആരോപിക്കുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ നഴ്സിനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തു. അന്വേഷണം തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.