‘ഫ്രഞ്ഞേലി തൂത്തി’ യുടെ പ്രകാശനത്തിനായി അസീസി കാത്തിരിക്കുന്നു

ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമായ ‘ഫ്രഞ്ഞേലി തൂത്തി’ ഒക്ടോബര്‍ മൂന്നിന് പ്രകാശിതമാകും. ഒക്ടോബര്‍ മൂന്നാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് അസീസി കത്തീഡ്രലില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ബസിലിക്കയില്‍ വച്ചാണ് ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കുക. പ്രകാശനകര്‍മ്മം കഴിഞ്ഞാലുടന്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഓള്‍ ബ്രദേഴ്സ്’ (എല്ലാവരും സഹോദരര്‍) എന്നാണ് ചാക്രികലേഖനത്തിന്റെ പേര്. നിലവിലെ സാഹചര്യം പരിഗണിച്ച് വിശ്വാസികളുടെ അസാന്നിധ്യത്തില്‍ നടത്തുന്ന തിരുക്കര്‍മ്മങ്ങള്‍, മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ വിവിധ ഭാഷകളില്‍ ചാക്രികലേഖനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാഹോദര്യത്തെക്കുറിച്ചുള്ള ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ പാപ്പാ അസീസി തിരഞ്ഞെടുത്തതിനു കാരണം വി. ഫ്രാന്‍സിസിന്റെ രചനകളാണ് എന്നാണ് മനസിലാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.