തിരികെ വരാന്‍ കാത്തിരിക്കുന്ന സിറിയക്കാര്‍

ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയില്‍ ഇന്ന് സമാധാനം ഇല്ലാതായിരിക്കുന്നു. ”തങ്ങളുടെ സ്വദേശത്തെ ഉപേക്ഷിച്ച് പോകാന്‍ സിറിയക്കാര്‍ തയ്യാറല്ല. സ്വന്തം നാട്ടില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും എക്കാലവും ജീവിക്കണം എന്നാണ് അവരുടെ ആഗ്രഹം.” അലപ്പോയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വാക്കുകളാണിത്.

അലപ്പോയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയായ ജോര്‍ജ്ജ് ജമാലിന്റെ വെളിപ്പെടുത്തലില്‍ അവിടുത്തെ ജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്. വിവിധ സംഘടനകള്‍ നല്‍കുന്ന പിന്തുണയും സഹായവും കൊണ്ടാണ് അവര്‍ അവിടെ ജീവിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് 2011 മുതല്‍ അഞ്ച് മില്യണ്‍ സിറിയക്കാരാണ് ഇവിടെ നിന്ന് പലായനം ചെയ്തത്. ഇക്കൂട്ടത്തില്‍ ബ്രദര്‍ ജോര്‍ജ്ജ് ജമാലിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ”യുദ്ധം അവസാനിച്ചതിന് ശേഷം തിരികെ വരാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇവിടെ ഇപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

അക്രമകാരികളുമായി നടന്ന യുദ്ധത്തില്‍ സിറിയന്‍ സൈന്യം വിജയിക്കുകയും അവരുടെ കൈവശമുണ്ടായിരുന്ന നഗരങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അക്രമം നടക്കുന്നതിന് മുമ്പ് വന്‍നഗരങ്ങളായിരുന്ന സ്ഥലങ്ങള്‍ നിരപ്പായിക്കിടക്കുകയാണ്. നാല്‍പ്പതിനായിരത്തിലധികം പേര്‍ മരണപ്പെടുകയും നിരവധി പേര്‍ പലായനം ചെയ്യുകയും ചെയ്തു. തന്റെ അനേകം സുഹൃത്തുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടുവെന്നും വീടിരുന്ന സ്ഥലം ഇപ്പോള്‍ നാമാവശേഷമായി എന്നും ജോര്‍ജ്ജ് ജമാല്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് സ്വദശത്ത് പോയപ്പോള്‍ വല്ലാത്ത അപരിചിതത്വം അനുഭവപ്പെട്ടു എന്ന് ബ്രദര്‍ ജമാല്‍ പറയുന്നു.

ക്രൈസ്തവരില്‍ ചിലര്‍ അലപ്പോയില്‍ മടങ്ങിയെത്തുകയും ജീവിതം പുനരാരംഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാം ആദ്യത്തേതില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് ഇവിടേക്ക് തിരികെയെത്തിയവര്‍. വീടും ജോലിയും സ്ഥലവും ബന്ധുക്കളും എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണവരുടേത്. അലപ്പോയില്‍ മടങ്ങിയെത്തിയ ഒരു ഇരുപത്തിയാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തിരുന്നു. ”എന്റെ ഓര്‍മ്മയില്‍ നിന്ന് എന്റെ നഗരം മാഞ്ഞുപോയി. ഭൂതകാലത്തെക്കുറിച്ച് ഒന്നും ഓര്‍ത്തെടുക്കാന്‍ എനിക്ക് സാധിക്കുന്നില്ല.”

ഒരിക്കല്‍, തന്റെ പൗരോഹിത്യ സ്വീകരണത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ബ്രദര്‍ ജോര്‍ജ്ജ് ജമാലിന്റെ ആഗ്രഹം. ഒപ്പം വിഭജിക്കപ്പെട്ടു പോയതിന്റെ വേദന അനുഭവിക്കുന്ന അലപ്പോയിലെ യുവജനങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കണമെന്നും. പലര്‍ക്കും തിരികെ വരണമെന്നുണ്ട്. എന്നാല്‍ സമാധാനവും സുരക്ഷയുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഭൂരിഭാഗവും ക്രൈസ്തവര്‍ ഉള്ള നഗരമായിരുന്നു അലപ്പോ. സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇവിടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയായിരുന്നു. സെന്റ് പോളിന്റെ സ്മാരകവും അനനിയാസ് മാമ്മോദീസ സ്വീകരിച്ച സ്ഥലവും സിറിയയിലെ ദമാസ്‌കസിലാണ്. എന്തായിരുന്നാലും ഒരിക്കല്‍ ജന്മസ്ഥലത്തേക്ക് തിരികെ വരാന്‍ കാത്തിരിക്കുകയാണ് ഇവിടെ നിന്ന് പലായനം ചെയ്തവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.