ആത്മീയ ആകാശയാത്രയ്ക്ക് ഒരുക്കം നൽകി എയർപോർട്ട് ചാപ്പൽ പുരോഹിതൻ

അന്താരാഷ്ട്ര യാത്രകൾക്കുള്ള കണക്ടിംഗ് വിമാനങ്ങൾ പിടിക്കാനുള്ള ശ്രമത്തിനിടെ ന്യുയോര്‍ക്കിലെ ജോൺ എഫ് കെന്നഡി ഇന്റര്‍നാഷണൽ വിമാനത്താവളത്തിൽ എത്തുന്ന പല യാത്രക്കാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. ടെർമിനൽ നാലിൽ സ്ഥിതി ചെയ്യുന്ന ഒരു കുടുസുമുറി. വെറും മുറിയല്ല, ഔവർ ലേഡി ഓഫ് ദി സ്കൈസ് എന്ന പേരിൽ ഫാ. ക്രിസ് പിയാസ്താ നടത്തുന്ന ചാപ്പലാണത്.

എയർപോർട്ടിലെ 40,000 ജീവനക്കാർക്കും പ്രതിവര്‍ഷം എയർപോർട്ടിലൂടെ കടന്നുപോകുന്ന 60 മില്ല്യൺ യാത്രക്കാർക്കും വേണ്ടിയാണ് ഫാ. പിയാസ്താ ഈ ചാപ്പലിൽ സേവനം ചെയ്യുന്നത്. ചാപ്പലിൽ കയറുന്നതിന് ജാതിയോ മതമോ ഒരു തടസമല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. “നിങ്ങൾ ഏത് മതവിശ്വാസിയാണ് എന്ന് ഞങ്ങള്‍ ആരോടും ചോദിക്കാറില്ല. മറിച്ച് എന്ത് സഹായമാണ് നിങ്ങൾക്ക് വേണ്ടത് എന്ന് മാത്രമാണ് ചോദിക്കുന്നത്” – ഫാ. പിയാസ്താ പറയുന്നു.

ഒരു ദേവാലയത്തിലെ സേവനങ്ങളെല്ലാം ഇവിടെ നൽകപ്പെടുന്നുണ്ട്. എന്നാൽ പെസഹാ, ദുഃഖവെള്ളി പോലുള്ള വിശേഷദിവസങ്ങളിൽ മാത്രമാണ് നൂറിൽ കൂടുതൽ ആളുകളെ ചാപ്പലിൽ കാണാനാവുക. എങ്കിലും ചാപ്പലിന്റെ അകത്ത് മാത്രം ഒതുങ്ങുന്നതല്ല തന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറയുന്നു. എയർപോർട്ടിന്റെ 500 ഏക്കർ വരുന്ന ഏരിയയിലൂടെ നടന്നും അദ്ദേഹം തന്റെ പുരോഹിതദൗത്യം നിർവ്വഹിക്കുന്നു.

“വെറുതെ നടക്കുകയല്ല, നമ്മുടെ സാന്നിധ്യം വഴി പ്രേഷിതവേല ചെയ്യുകയാണ്. എയർപോർട്ടിലെ നല്ലൊരു ശതമാനം ജീവനക്കാരും ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ഇടവക വികാരിയേക്കാൾ പരിചയവും അടുപ്പവും സ്വാതന്ത്ര്യവും എന്റെ അടുക്കൽ അവർക്കുണ്ട്. അതുകൊണ്ടു തന്നെ ആത്മീയമായ എന്ത് സഹായത്തിനും അവർ എന്റെയടുക്കൽ എത്തുകയും ചെയ്യുന്നു” – ഫാ. പിയാസ്താ വിവരിക്കുന്നു.

ഇതിനെല്ലാം പുറമെ വിമാനദുരന്തം, മറ്റ് സാങ്കേതിക പ്രതിസന്ധികൾ, പ്രകൃതിദുരന്തം പോലുള്ള ഘട്ടങ്ങളിലും ചാപ്പലിന്റെയും പുരോഹിതന്റെയും മാനസികവും ഭൗതികവുമായ പിന്തുണ പ്രയോജനപ്പെടുത്തി വരുന്നു. 2010 മുതൽ ചാപ്പൽ പുരോഹിതനായി സേവനം ചെയ്യുന്ന ഫാ. പിയാസ്താ സൗത്ത് ജമൈക്കയിലെ ഒരു ദേവാലയത്തിന്റെ നടത്തിപ്പ് ചുമതലയും വഹിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ