2018-ൽ 41,000 വൈദികർക്ക് സഹായം ചെയ്ത് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്

രക്തസാക്ഷികളുടെ ചുടുനിണമാണ് സഭയുടെ വളർച്ചയ്ക്ക് വളമാകുന്നതെന്ന് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ക്രിസ്തുവിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുന്നവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്ന ജീവകാരുണ്യ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡും ഒരുതരത്തിൽ സാക്ഷ്യം നൽകുക തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നൽകുന്ന സൂചനയും അതുതന്നെയാണ്.

പാവങ്ങളെയും അടിച്ചമർത്തപ്പെട്ടവരെയും അശരണരെയും സഹായിക്കുന്നതിനായി 28 മില്ല്യൺ ഡോളറാണ് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് 2018-ൽ ചെലവഴിച്ചതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽത്തന്നെ 16 ശതമാനം തുക ചെലവഴിച്ചത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായാണ്. അതായത് മറ്റ് യാതൊരു വരുമാനവുമില്ലാത്ത പ്രദേശങ്ങളിലെ വൈദികർക്ക് നൽകിയ സഹായം.

41,000 ത്തോളം വൈദികരാണ് ഈ സേവനത്തിന്റെ സ്വീകർത്താക്കളായത്. സെമിനാരികളുടെ പ്രവര്‍ത്തനങ്ങൾക്കും ചർച്ച് ഇൻ നീഡ് സഹായം എത്തിച്ചിരുന്നു. ഏകദേശം 12,000 വൈദിക വിദ്യാര്‍ത്ഥികൾക്കാണ് ആ സഹായം ഉപകാരപ്പെട്ടത്. സുമനസുകളുടെ കൂടി സഹായത്തോടെ ജീവകാരുണ്യ മേഖലകൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സംഘടന.