ഡോ. ജോസഫ് പാംപ്ലാനിയുടെ പ്രതികരണം വൈറല്‍ ആകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സഭാവിരുദ്ധ നിലപാടുകളെ പറ്റിയും ചുവടുമാറ്റത്തെ പറ്റിയും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഡോ. ജോസഫ് പാംപ്ലാനി പ്രതികരണ വേദിയില്‍  സംസാരിച്ചത് വൈറല്‍ ആകുന്നു. പ്രതികരണത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കൊടുക്കുന്നു.

ഫാസിസം എപ്പോഴും മാധ്യമങ്ങളുടെ അകമ്പടിയോടെയാണ് രംഗപ്രവേശം ചെയ്യാറുള്ളത്. ഹിറ്റ്‌ലറുടെ കാലത്ത് ജോസഫ് ഗീബല്‍സിന്റെ നേതൃത്വത്തില്‍ കാലത്ത് മാധ്യമങ്ങള്‍ വഴിയൊരുക്കിയപ്പോഴാണ് ഫാസിസം അതിന്റെ സര്‍വ്വരൗദ്രതയോടും  കൂടി സമൂഹത്തില്‍ അഴിഞ്ഞാടിയത്. സമാനമായ ചില ഫാസിസ്‌ററ് ശൈലികള്‍ കേരളത്തിലെ നിഷ്പക്ഷമെന്ന് കരുതുന്ന ചില മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതില്‍ ഏറ്റവും വ്യക്തമായി ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ അടുത്ത കാലത്തുണ്ടായ ചുവടുമാറ്റമാണ്.

കത്തോലിക്കാ സഭയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ചു കൊണ്ട് കഴിഞ്ഞ നാളുകളില്‍ കഴിഞ്ഞ നാളുകളില്‍ പത്ത് ദിവസം തുടര്‍ച്ചയായി ന്യൂസ് അവറില്‍ ചര്‍ച്ച നയിച്ചുകൊണ്ട് ഏഷ്യാനെറ്റിന്റെ ചില പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സഭാവേട്ടയ്ക്ക് പിന്നില്‍ അടിസ്ഥാനപരമായി ചില കാരണങ്ങളുണ്ട്. ഇതിന് പിന്നില്‍ ഫാസിസത്തിന് വഴിയൊരുക്കാന്‍ ഏഷ്യാനെറ്റ് ചൂട്ടുപിടിക്കുനതാണ് എന്ന് സംശയിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാരണങ്ങളുണ്ട്.

ഒന്ന് ഏഷ്യാനെറ്റിന്റെ മാനേജ്‌മെന്റിലുണ്ടായ മാറ്റം. ഏഷ്യാനെറ്റ് ന്യൂസ് ചാനലുള്‍പ്പെടെയുള്ള ഇവിടെത്തെ പ്രധാന മാധ്യമങ്ങളെ മുഴുവനും കൈവശം വയ്ക്കുന്ന ജൂപിറ്റര്‍ ക്യാപിറ്റലിന്റെ നേതാവായ, ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില എന്‍ഡിഎയുടെ വൈസ് ചെയര്‍മാനാണ് എന്ന സത്യം ചേര്‍ത്തുവായിക്കുമ്പോള്‍ എന്തുകൊണ്ട് നിഷ്പക്ഷമെന്ന് കരുതിയിരുന്ന ഏഷ്യാനെറ്റിന് ഇപ്രകാരം വര്‍ഗ്ഗീയതയുടെ നിറം കലരുന്നു എന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ല. ജൂപിറ്റര്‍ ക്യാപിറ്റലിന്റേതായി അതിന്റെ സിഇഒ പുറത്തിറക്കിയ ഒരു സര്‍ക്കുലര്‍ അടുത്ത കാലത്ത് മാധ്യമങ്ങള്‍  വെളിച്ചത്ത് കൊണ്ടുവന്നു. അതായത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നയങ്ങളോട് ഒത്തുപോകുന്നവരെ മാത്രമേ, മാധ്യമപ്രവര്‍ത്തകരായി ന്യൂസ് എഡിറ്ററായി നിയമിക്കാന്‍ പാടുള്ളൂ എന്നാണ് ആ സര്‍ക്കുലറില്‍ എഴുതിയിരിക്കുന്നതായി മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

രാജ്യത്തെ അറിയപ്പെടുന്ന മോദിഭക്തനായ മാധ്യമപ്രവര്‍ത്തകന്‍ ടൈംസ് ന്യൂസില്‍ നിന്ന് പുറത്ത് വന്ന് സ്വന്തമായി തുടങ്ങുന്ന ചാനലില്‍ ഏഷ്യാനെറ്റിന്റെ ഉടമസ്ഥര്‍ നിക്ഷേപിക്കുന്ന ദശകോടികളുടെ കണക്ക് അടുത്ത കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഫാസിസതതിന് വഴിയൊരുക്കാന്‍ നിഷ്പക്ഷമെന്ന് കരുതപ്പെടുന്ന ഒരു മാധ്യമം ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ വെളിച്ചത്തിലാണ് സഭയ്‌ക്കെതിരായി  നടത്തിയ നീക്കങ്ങളെയും ഞങ്ങള്‍ വിലയിരുത്തുവാന്‍ വേണ്ടി ശ്രമിക്കുന്നത്.

ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ട്. കുറ്റവാളികളെ മതം തിരിച്ച് വിചാരണ ചെയ്യുന്നത് ഫാസിസത്തിന്റെ അടിസ്ഥാന ശൈലിയാണ്. കൊട്ടിയൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട വൈദികന്റെ പേരില്‍ കേരള സഭയെ ഒന്നടങ്കം ആക്ഷേപിക്കാനും സഭയിലെ വൈദികരെ താറടിക്കാനും ഏഷ്യാനെറ്റ് ന്യൂസ്അവര്‍ കൈകാര്യം ചെയ്യുന്ന മാധ്യമവിദഗ്ധര്‍ നടത്തിയ പ്രവര്‍ത്തി അങ്ങേയറ്റം ദുരുദ്ദേശപരമാണ് എന്ന് പറയാതെ നിവൃത്തിയില്ല. ഓര്‍ക്കുക, കുറ്റവാളികളില്‍ അവരുടെ മതമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അവരുടെ കുറ്റകൃത്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കുറ്റവാളികളെ മതം തിരിച്ച് വിചാരണ ചെയ്യുന്നത് ഫാസിസത്തിന്റെ കടന്നുകയറ്റത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.

വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചയ്ക്കിടയില്‍ ഉന്നയിക്കപ്പെട്ട ചില ആരോപണങ്ങള്‍ തീര്‍ച്ചയായും അവരുടെ നയംമാറ്റത്തിന്റെ ലക്ഷണങ്ങളായേ കാണാന്‍ സാധിക്കൂ. ഉദാഹരണമായി പറഞ്ഞാല്‍ ഏഷ്യാനെറ്റിന് ഏത് ചാനലിനും എന്നതുപോലെ സ്വന്തമായി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പ്രഖ്യാപിതമായ അജണ്ടയോട് കൂടിയാണ് കാര്യങ്ങള്‍ നടത്തുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. കുത്തകമുതലാളിമാരായ ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷരായിരിക്കുമെന്ന് ഇവരാരും പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ അത് വ്യക്തമായി അംഗീകരിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തണം. ഉദാഹരണം പറഞ്ഞാല്‍ കൈരളി ടിവിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത എല്ലാവര്‍ക്കമറിയാം. ജനം ടിവിയുടെയും ജയ്ഹിന്ദ് ചാനലിന്റേതുമറിയാം. കാരണം അവര്‍ വസ്തുതാപരമായ കാര്യങ്ങള്‍ അവരുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയിലാണ് അവതരിപ്പിക്കുന്നത്. പക്ഷേ നേരോടെ, നിര്‍ഭയം, നിരന്തരം എന്നൊക്കെ നിഷ്പക്ഷതയുടെ പേരില്‍ വാര്‍ത്താവതരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അടിസ്ഥാനപരമായ ചില പ്രതിസന്ധികള്‍ കേരളസമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്.

രണ്ടാമത്തെ പ്രശ്‌നം ചില മതങ്ങളെ കോര്‍ണര്‍ ചെയ്തുകൊണ്ട് സംസാരിക്കുക എന്നതാണ്. കേരളത്തിലെ ക്രിസ്ത്യാനികള്‍ നടത്തുന്ന അനാഥാലയങ്ങള്‍ വൈദികരുടെ ജാരസന്തതിയെ ഒളിപ്പിക്കാനുള്ള ഇടങ്ങളല്ലേ എന്ന് ഒരു മുഖ്യധാരാ മാധ്യമം വിളിച്ചു ചോദിക്കുമ്പോള്‍, അതിന്റെ ന്യൂസ് എഡിറ്ററായ  വിനു ജോണ്‍ അപ്രകാരമൊരു ചോദ്യം ഉന്നയിക്കുമ്പോള്‍ അത് വസ്തുതാപരമാണോ അത് ഫാസിസ്റ്റ് ചിന്തയാണോ എന്ന് ഈ ഏഷ്യാനെറ്റ് ന്യൂസിനെ സ്‌നേഹിക്കുന്നവരെന്ന നിലയില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്.

ഒരു കുറ്റകൃത്യത്തെയും കുറ്റവാളികളുടെ പ്രവര്‍ത്തനത്തെയും വിലയിരുത്താന്‍ വേണ്ടി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ ക്രിസ്തീയ സഭയുടെ വിശ്വാസങ്ങളെ കുമ്പസാരമെന്ന കൂദാശയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ഏഷ്യാനെറ്റ് മുതിര്‍ന്നതിന്റെ ഉദ്ദേശം. അതുപോലെ തന്നെ ക്രിസ്തീയ സഭയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ആക്ഷിപിക്കാന്‍ ശ്രമിച്ചതിന്റെ അര്‍ത്ഥം എന്താണ്? ക്രിസ്തീയ പൗരോഹിത്യത്തെ തന്നെ അതിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ നടത്തിയ ശ്രമത്തിന്റെ കാരണമെന്താണ്? തെരുവില്‍ കേട്ടാല്‍ അറപ്പ് തോന്നുന്ന പദത്തെ ക്രിസ്തീയ പൗരോഹിത്യത്തെ വിശേഷിപ്പിക്കാന്‍ ഇതിന്റെ നേതാക്കന്‍മാരും മാധ്യമവിചാരകന്‍മാരും ഉപയോഗിച്ചിട്ടുണ്ട്. ഒരു കാര്യം സത്യമായി പറയാം. കേരളത്തിലെ ഏറ്റവും വലിയ സംഘപരിവാറിന്റെ തീവ്രവാദികള്‍ പോലും ഉപയോഗിക്കാന്‍ മടിക്കുന്ന അവരാരും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട വിനു വി ജോണ്‍ കേരളത്തിലെ പുരോഹിതരെ അപമാനിക്കാന്‍ ശ്രമിച്ചത് എന്ന് പറയാതെ നിവൃത്തിയില്ല. ഇതിന്റെ പിന്നില്‍ ഫാസിസമാണോ വര്‍ഗ്ഗീയതയാണോ അതോ മറ്റെന്തെങ്കിലും നിഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് ഞങ്ങള്‍ക്ക് ബലമായ സംശയമുണ്ട്.

അദ്ദേഹം ചോദിച്ച ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ടായിരുന്നു. ചൈല്‍ഡ് ലൈന്‍ അതുപോലെ തന്നെ കുട്ടികളുടെ സുസ്ഥിതിക്ക് വേണ്ടിയുള്ള കമ്മറ്റികള്‍ സിഡബ്‌ളിയു സി ഇതിലൊക്കെ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ കയറിക്കൂടിയിരിക്കുന്നത് എന്ന്. ക്രിസ്ത്യാനികള്‍ ഈ നാട്ടിലെ പൗരന്‍മാരല്ലേ എന്ന മട്ടില്‍ ചോദിക്കുന്നത് വര്‍ഗ്ഗീയത ആളിക്കത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ലേ? ഓര്‍ക്കുക. ഈ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ ടി എന്‍ ഗോപകുമാറിനെ പോലെയുള്ള പരിണിത പ്രജ്ഞരായ എത്രയോ മാധ്യമപ്രവര്‍ത്തകര്‍ കുറിക്ക് കൊള്ളുന്ന രീതിയില്‍ സഭാ  വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും വേണ്ട തിരുത്തലുകള്‍ നടത്താനും ഇവിടുത്തെ സഭാനേതൃത്വം സന്നദ്ധമായിട്ടുണ്ട് തയ്യാറായിട്ടുണ്ട്. പക്ഷേ  ഇത് അപ്രകാരമൊരു വിമര്‍ശനമായി സര്‍ഗ്ഗാത്മക വിമര്‍നമായി സ്വീകരിക്കാന്‍ സഭ തയ്യാറല്ല. കാരണം അതിന്റെ പിന്നില്‍ വര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ഏഷ്യാനെറ്റ് കാരണക്കാരാകുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.