തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സംഭവിക്കുന്നത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇത്തവണ ഇലക്ഷന് മത്സരിക്കാൻ എന്റെ സഹപാഠിയും ഉണ്ടായിരുന്നു. ജയിക്കുമെന്ന് ഉറപ്പായിട്ടും റിസൽട്ടു വന്നപ്പോൾ അവൾ തോറ്റു. ഫോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞു: “തോറ്റതിൽ വിഷമമുണ്ടെങ്കിലും തോൽവി അംഗീകരിക്കുകയും എല്ലാവരോടും സ്നേഹത്തോടെ ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്നു.”

എത്ര വോട്ട് കിട്ടി എന്ന് ഞാൻ ചോദിച്ചു. “3687” എന്നായിരുന്നു മറുപടി.

ഞാൻ പറഞ്ഞു: “ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ കണ്ണുകളിലൂടെ കാണുമ്പോൾ മാത്രമേ എന്തിനും ശരിയായ ഉത്തരം ലഭിക്കൂ. പരിമിത സാഹചര്യങ്ങളിൽ വളർന്നുവന്ന നിന്നെ ദൈവം ഇത്രമാത്രം ഉയർത്തിയില്ലേ? വ്യക്തിപരമായി അറിയാത്തവർ പോലും നിനക്ക് വോട്ടു ചെയ്തില്ലേ? അവരുടെ ഹൃദയങ്ങളിലെല്ലാം നീ ജയിച്ചുതന്നെയാണ് നിൽക്കുന്നത്. അടുത്ത അഞ്ചു വർഷം, പൊതുസേവനത്തേക്കാൾ ഉപരിയായി നിന്നെക്കുറിച്ച് ദൈവത്തിന് മറ്റൊരു പദ്ധതിയുണ്ട്. അത് തിരിച്ചറിയുക. ചെയ്യാവുന്ന നന്മകൾ ചെയ്തുകൊണ്ടേയിരിക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.”

വലിയ സന്തോഷത്തോടെ അവൾ പറഞ്ഞു: “അച്ചൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഞാൻ തോറ്റു എന്നറിഞ്ഞപ്പോൾ ‘സാരമില്ല പെങ്ങളേ, ഞങ്ങൾ കൂടെയുണ്ട് മോളേ’ എന്നെല്ലാം പറഞ്ഞ് ധാരാളം പേർ ഫോൺ വിളിക്കുകയും വീട്ടിൽ വന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഞാൻ ജയിക്കണമെന്ന് എത്രയധികം അവർ ആഗ്രഹിച്ചു എന്നോർക്കുമ്പോൾ അവരുടെ ഹൃദയങ്ങളിലെ നന്മ ഞാൻ തിരിച്ചറിയുന്നു. ‘നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് നമ്മെക്കുറിച്ചൊരു പദ്ധതിയുണ്ട്’ – ആ വാക്കുകൾ പകരുന്ന ഊർജ്ജം വലുതാണച്ചാ.”

നമ്മളെല്ലാവരും ചെറുതും വലുതുമായ ജയപരാജയങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരല്ലേ? ചില പരാജയങ്ങൾ, തകർച്ചകൾ, രോഗങ്ങൾ… എന്നിവ നമ്മെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. അവിടെയെല്ലാം ദൈവത്തിലേയ്ക്ക് മിഴികളുയർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? “സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല” (യോഹ. 1:3) എന്ന വചനം നമ്മെക്കുറിച്ച് പൂർണ്ണമായും അറിയാവുന്ന ദൈവത്തോട് ചേർന്നുനിൽക്കാൻ നമ്മെ സഹായിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.