ആഫ്രിക്കൻ പന്നിപ്പനി; കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് – കെസിവൈഎം മാനന്തവാടി രൂപത

വയനാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കർഷകർ അനുഭവിക്കുന്ന ആശങ്കകൾ ബന്ധപ്പെട്ട അധികൃതർ കാണാതെ പോകരുതെന്ന്  കെസിവൈഎം മാനന്തവാടി രൂപത. ജില്ലയിൽ പന്നികൃഷി ജീവിതമാർഗ്ഗമാക്കിയിരിക്കുന്ന കർഷകർക്കു മുന്നിൽ വലിയൊരു പ്രതിസന്ധിയാണ് ഈ രോഗബാധ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനിൽ രോഗം ബാധിക്കില്ലെങ്കിൽ പോലും രോഗവാഹകരാകാനുള്ള സാധ്യതയെ മുൻനിർത്തി ഫാമിലുള്ള പന്നികളെ കൊന്നൊടുക്കുന്നത് കർഷകരെ ഭീമമായ സാമ്പത്തിക പരാധീനതയിലേക്ക് നയിക്കും.

രോഗം ബാധിക്കാത്ത പന്നികളെ ഫാമുകളിൽ വച്ച് കൂട്ടമായി കൊന്നൊടുക്കുന്ന നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും വ്യക്തമായ സാമ്പിൾ പരിശോധനക്കു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുകയും ദുരിതമനുഭവിക്കുന്ന കർഷകർക്ക് പ്രത്യേക സമാശ്വാസ പാക്കേജുകൾ അനുവദിക്കുകയും ചെയ്യണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. റ്റിബിൻ പാറക്കൽ അഭിപ്രായപ്പെട്ടു. കാലതാമസം കൂടാതെ ഉടമകൾക്ക് പര്യാപ്തമായൊരു തുക നഷ്ടപരിഹാരമായി നൽകണമെന്നും ഇല്ലാത്തപക്ഷം മുൻവർഷങ്ങളിൽ നടന്നതുപോലെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും കർഷകസമൂഹം എത്തുമെന്നും ഈ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾ കൃത്യമായ നടപടികൾ  സ്വീകരിക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപതാസമിതി ആവശ്യപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, സിസ്റ്റർ സാലി ആൻസ് സിഎംസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.