ആഫ്രിക്ക എന്റെ സ്വർഗ്ഗം: 4

ലാസലെറ്റ് സഭാംഗം ആയ ഫാ. ദിലീഷ് പൊരിയംവേലില്‍ തന്റെ ആഫ്രിക്കൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ; അവന്റെ പ്രത്യാശ അവിടുന്ന് തന്നെ. അവൻ ആറ്റുതീരത്തു നട്ട മരം പോലെയാണ്. അതു വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അതു വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്കിക്കൊണ്ടേയിരിക്കും (ജറമിയാ 17: 7-8).

നമ്മുടെ ജീവിതം എന്തിലേക്കാണ് വേരൂന്നിയിട്ടുള്ളത്. ക്രിസ്തുവിലാണ് വേരൂന്നിയിട്ടുള്ളത് എങ്കിൽ ഒന്നിനെയും ഭയക്കാതെ ഏതു പ്രതിസന്ധിയിലും വിശുദ്ധ പൗലോസ് സ്ലീഹ പറയുന്നതുപോലെ എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്ന് പറയുവാൻ സാധിക്കും. ഇന്ന് മനുഷ്യജീവിതം പല തരത്തിൽ വിവിധ തലത്തിൽ വ്യത്യസ്ഥങ്ങളായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. എന്താണ് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്? നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ രോഗാവസ്ഥയോ ദുശീലങ്ങളോ ആണോ? നല്ല ജോലിയില്ലാത്തതാണോ? സാമ്പത്തികമായ ബുദ്ധിമുട്ടാണോ? സൗന്ദര്യമില്ലാത്തതാണോ? എനിക്കൊരു കഴിവുമില്ല എന്ന ചിന്തയാണോ? എന്നാൽ ഞാൻ പറയുന്നു ഇവയൊന്നുമല്ല മറിച്ച് ക്രിസ്തുവിൽ ജീവിതം വേരൂന്നാത്തതാണ് ഏറ്റവും വലിയ അസ്വസ്ഥത. ക്രിസ്തുവിൽ വേരൂന്നിയ ജീവിതമാണെങ്കിൽ ഒന്നിനും നിന്നെ തകർക്കുവാനാവില്ല. നമ്മുടെ ജീവിതത്തിൽ എപ്പോഴും നല്ല ഫലം പുറപ്പെടുവിക്കാനാകാതെ വരുന്നതെന്തുകൊണ്ട്? ക്ലേശകാലത്ത് എന്തിന് നീ ആകുലപ്പെടുന്നു?

റുട്ടേറ്റയിലേക്ക് വന്നപ്പോൾ പല തരത്തിലുള്ള ചെറിയ ചെറിയ ആകുലതകൾ എനിക്കുമുണ്ടായിരുന്നു. മലേറിയ, മഞ്ഞപ്പിത്തം, ദാരിദ്യം, കവർച്ചക്കാർ, ഭാഷ തുടങ്ങിയ നിരവധി ആകുലതകൾ. എന്നാൽ എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരുന്ന ക്രിസ്തുവിന് അസാധ്യമായിട്ടൊന്നുമില്ല എന്ന ചിന്ത എനിക്ക് ധൈര്യം നല്കി. റുട്ടേറ്റയിലെ ജനങ്ങളുടെ സ്നേഹം അനുഭവിച്ചപ്പോൾ മനസിലേക്കോടിയെത്തിയത് ഉത്ഥാന ശേഷം ശിഷ്യന്മാർക്ക് പ്രാതലൊരുക്കി കാത്തിരുന്ന ഈശോയുടെ കരുതലായിരുന്നു (യോഹ:21:12). ഞങ്ങൾക്കാവശ്യമായ ചേമ്പ്, ചേന, കച്ചിൽ, കപ്പ, മധുരക്കിഴങ്ങ് മുതലായവ അവർ കൊണ്ടുത്തരും. അവ പാചകം ചെയ്യാനായി വിറകും വെള്ളവുമെത്തിച്ചു തരും. ഇവരുടെ ജീവിതത്തെയും നമ്മുടെ നാട്ടിലുള്ളവരുടെ ജീവിതത്തെയും താരതമ്യം ചെയ്യുമ്പോഴും എന്റെ ഇവിടുത്തെ ജീവിതത്തെയും കേരളത്തിലെ ജീവിതരീതിയുമായി തട്ടിച്ചു നോക്കുമ്പോഴും ആനയും ഉറുമ്പും തമ്മിലുള്ള അന്തരമുണ്ട്. ആ സത്യം എന്നെ ഞെട്ടിച്ചു കളഞ്ഞു.

നമ്മുടെ നാട്ടിലെ ജനങ്ങൾ എല്ലാവരും തന്നെ സൗഭാഗ്യത്തിലാണല്ലോ കഴിയുന്നത്. പാവപ്പെട്ടവരും ദുരിതത്തിലൂടെ കടന്നുപോകുന്നവരുമുണ്ട് രോഗികളുമുണ്ട്. നാട്ടിൽ പലർക്കും ഒന്നിലും സ്വസ്ഥത കണ്ടെത്താൻ കഴിയുന്നില്ല. എവിടെയും പരാതികൾ മാത്രം, ഒന്നിലും തൃപ്തിയില്ല. ഇവിടെ എല്ലാവരും തന്നെ കൃഷിക്കാരാണ് ഒരു വർഷം കാലാവസ്ഥയ്ക്കും കൃഷിക്കുമനുസരിച്ച് ഒന്നോ,രണ്ടോ, മൂന്നോ വിളവെടുപ്പുകൾ നടത്തും. ഒന്നും ശേഖരിച്ചു വയ്ക്കാറില്ല, നാളെകളെക്കുറിച്ചധികം ആകുലതകളില്ല. വാഴയ്ക്കാ ഉണ്ടെങ്കിൽ പിന്നെ ഒന്നിനെയും ഇവർക്ക് ഭയമില്ല. ഇവിടെ ആളുകൾ സന്തുഷ്ടരായി കാണപ്പെട്ടു.

പല വീടുകളും അടച്ചുറപ്പില്ലാത്തത്, അടച്ചുറപ്പുള്ളതും വലിയ മെച്ചമില്ല. പല വീടുകളിലും കസേരയോ, ടേബിളോ, അലമാരിയോ, പാത്രങ്ങളോ, നല്ലവസ്ത്രങ്ങളോ പോലുമില്ല (ഇവിടെ കിട്ടുന്ന പല വസ്ത്രങ്ങളും, ഷൂവുമൊക്കെ സെക്കന്റ് ഹാൻറായി വരുന്നവയാണ്). എന്നാൽ ഉള്ള ഉടുപ്പിലെ ചെളി അറിയാതിരിക്കാൻ മിക്കവർക്കും കോട്ടുണ്ട്. ഇവിടെ ആർക്കും സ്വന്തമായി കിണറോ മറ്റുമില്ല, കൂടാതെ പുറത്തിറങ്ങുമ്പോഴുള്ള പൊടിപടലങ്ങളും അവരുടെ വസ്ത്രങ്ങളുടെ നിറം മാറ്റുന്നു. അതും ധരിച്ചാണവരുടെ യാത്ര. മഴയോ വെയിലോ മഞ്ഞോ പ്രശ്നമല്ല കുടകൾ പോലും ഉപയോഗിക്കുന്നവർ വിരളം.

നാട്ടിൽ ആയിരുന്നപ്പോൾ ഫോൺ, ഇന്റർനെറ്റ്, യാത്രാ സൗകര്യങ്ങൾ ഇവയെല്ലാം ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ ഇവിടെ റേഞ്ച് കുറവ്, ലാന്റ് ഫോൺ ഇല്ല, നല്ല ടാറിംഗ് റോഡിലെത്താൻ 25 കിലോമീറ്ററിലധികം ദൂരം മൺറോഡിലൂടെ യാത്ര ചെയ്യണം. പോസ്റ്റോഫീസാണെങ്കിൽ 45 കിലോമീറ്ററോളം പോകണം. ഒരു വാഹനം പോയാൽ കുറേ സമയം പൊടിപടലങ്ങൾ മാത്രം. ടൗണിലേക്ക് ഒരു ട്രിപ്പ് രാവിലെ പോയാൽ അടുത്ത ട്രിപ്പിന് ഉച്ചവരെ നോക്കി നില്കണം. ആശ്വാസത്തിന് ധാരാളം ബൈക്ക്കാരുണ്ട് പക്ഷെ നല്ല പൈസ കൊടുക്കണം കൂടാതെ ധാരാളം പൊടി തിന്നുകയും വേണം. ഒരാശ്വാസത്തിന് ഇവിടെ കറണ്ടുണ്ടായിരുന്നു. എങ്കിലും പല സമയങ്ങളിലായി അവ തുടക്ക ദിവസങ്ങളിൽ ഞങ്ങളെ പരീക്ഷിച്ചു.

മുറിയിലാണെങ്കിൽ അലമാരിയില്ല, നല്ല ടേബിളില്ല, വസ്ത്രം തൂക്കിയിടാൻ ഹാങ്ങർ പോലുമില്ല. എന്നാൽ അവയൊന്നുമല്ല മനസിനെ ശരിക്കും വേദനിപ്പിച്ചത്. മറിച്ച് പാചകം ചെയ്യുന്ന ഭക്ഷണത്തിന് ഉപ്പ്, പുളി, എരിവ് തുടങ്ങിയ രുചികളൊന്നുമില്ലാത്തതായിരുന്നു. ഇന്നുവരെ കഴിച്ച എല്ലാ ഭക്ഷണങ്ങളെക്കുറിച്ചും ഓർത്തപ്പോൾ ശരിക്കും വിശപ്പ് കൂടി. ഇന്നു മനുഷ്യന്റെ പ്രധാന പ്രശ്നം മറ്റുള്ളവർക്കുള്ളതുപോലെ പലതുമെനിക്കില്ല എന്നതാണ്. വിദേശജോലിയോ സമ്പാദ്യങ്ങളോ വിലപിടിപ്പുള്ള ഫോണോ കമ്പ്യൂട്ടറോ ഒന്നുമല്ല മറിച്ച് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം ഭക്ഷണമാണെന്നുള്ള ഓർമ്മപ്പെടുത്തലായിരുന്നത്.

നവമാധ്യമങ്ങളുടെ അസാന്നിധ്യമാണ് പ്രാർത്ഥനയ്ക്കു ഉചിതമെന്നറിവിലേക്ക് എത്തുവാനെന്നെ സഹായിച്ചു. ധാരാളം സമയമുണ്ട്. നേരെത്തെ വാഹന സൗകര്യങ്ങളും നവമാധ്യമങ്ങളുമുണ്ടായപ്പോൾ ഒന്നിനും സമയമില്ലായിരുന്നു. എന്നാൽ ഇന്ന് എല്ലാത്തിനും സമയമുണ്ട്, ചിലപ്പോൾ തോന്നും ഈ സമയമെന്താ നീങ്ങാത്തത് എന്ന്. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനും അത് സഹായിക്കുന്നു. യഥാർത്ഥ ജീവിതബന്ധങ്ങൾ നിലനിർത്താനും നമ്മെത്തന്നെ കൂടുതൽ ഒരുക്കുവാനും മറ്റുള്ളവർക്കായി സമയം കണ്ടെത്താനും കൂടുതൽ പ്രാർത്ഥിക്കുവാനും ബൈബിൾ വായിക്കുവാനും ഇത് നമ്മെ സഹായിക്കുന്നു.

റുട്ടേറ്റയിലെത്തിയതിന്റെ ആറാം ദിവസമാണ് ഞങ്ങൾ ടൗണിലേക്ക് പോകുന്നത്. പോകുവാനായി ബിഷപ്പ് ഹൗസിൽ നിന്നും വണ്ടി ഞങ്ങൾക്ക് വിട്ടുതന്നു. വണ്ടിയിലിരുന്നു പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റെ കൂടെ പഴയ കാല ജീവിതത്തിലെ ചില കാര്യങ്ങൾ മനസിലേക്കോടിയെത്തി. പ്രത്യേകിച്ച് എന്റെ ജീവിതത്തെ പ്രാർത്ഥനാ ചൈതന്യത്തിലേക്ക് വേരുറപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള ഓർമ്മയായിരുന്നു. കുടുംബത്തിൽ എല്ലാ ദിവസവുമുള്ള കുടുംബ പ്രാർത്ഥനയിലൂടെ വഴി നടത്തിയ പപ്പയും മമ്മിയും മറ്റു മുതിർന്നവരും, അദ്ധ്യാപകർ, പ്രാർത്ഥനകളെല്ലാം പഠിപ്പിച്ച് ആദ്യകുർബാനയ്ക്കായ് ഒരുക്കിയ, അരവഞ്ചാൽ ഇടവകയുടെ സ്വന്തമായ ഞങ്ങൾക്ക് വിശ്വാസത്തിന്റെ വെളിച്ചം പകർന്നു നല്കിയ ജോസഫിന സിസ്റ്റർ (അന്നു ചെറുപുഴ പള്ളിയുടെ കീഴിലായിരുന്നു അരവഞ്ചാൽ. ആഴ്ചയിലൊരിക്കൽ ചെറുപുഴയിൽ നിന്ന് അച്ചൻ വന്ന് വിശുദ്ധ ബലിയർപ്പിക്കും.) ആയിരുന്നു ഞങ്ങളുടെ എല്ലാം. കൂടാതെ തീഷ്ണതയുള്ള മതാധ്യാപകരും. മിഷൻ ലീഗിന്റെ ക്യാമ്പുകൾക്ക് നിർബന്ധിച്ച് പറഞ്ഞു വിടുമായിരുന്നു. എന്നാൽ അവിടെ നിന്നും ലഭിച്ച സുകൃതജപങ്ങളും സുകൃതജീവിതങ്ങളും ജപമാലകളും പങ്കുവയ്കലുമെല്ലാം നാളെയ്ക്കുള്ള ഉടച്ചുവാർക്കലിന്റെ മുന്നോടിയായിരുന്നു.

കാക്കഞ്ചാലിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയതു ചെറുപ്രായത്തിലെ ഈശോയെ കൂടുതൽ സ്നേഹിക്കുന്നതിനും ഈശോയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുമുള്ള ചിന്തയിലേക്കും നയിച്ചു. ഇന്ന് ദൈവവിളികൾ കുറയുന്നുണ്ടെങ്കിലും മക്കൾ മാതാപിതാക്കളെ ശ്രവിക്കുന്നില്ലെങ്കിലും അതിലെ പ്രധാന കാരണം ചെറുപ്പത്തിലെ കുട്ടികളുടെ ജീവിതത്തിലേക്ക് ഈശോയെയോ വിശുദ്ധ ജീവിതങ്ങളെയോ മാതാപിതാക്കൾ പകർന്നു കൊടുക്കാത്തതാണ്. കൂടാതെ ടിവി, കമ്പ്യൂട്ടർ, മൊബൈൽ ഇവയുടെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്കറിയാം എന്നാൽ ബൈബിളോ പ്രാർത്ഥനയോ സുകൃതജപങ്ങളോ അവർക്കറിയില്ല. പള്ളിയിൽ വേദപാഠത്തിനുശേഷം നടത്തിയിരുന്ന ആരാധന വലിയ അനുഭവമായിരുന്നു. ഒരു പ്രാർത്ഥന ചൊല്ലുവാനായി പലവട്ടം മനസിൽ ഉരുവിട്ട് അവസാനം പ്രാർത്ഥിക്കുവാനായി തുടങ്ങുമ്പോഴേക്കും മറ്റൊരാൾ അതു പറഞ്ഞിരിക്കും, അപ്പോൾ വീണ്ടും അടുത്ത പ്രാർത്ഥനക്കായി ഒരുങ്ങിയത് ഇന്നും ജീവിതത്തിൽ സഹായിക്കുന്നു. പേടിയുള്ളപ്പോൾ വിശ്വാസപ്രമാണവും, എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും ഉറക്കെച്ചൊല്ലിയാൽ പേടി പോകും എന്നു പഠിപ്പിച്ച മുതിർന്നവർ, പിന്നീട് പൗരോഹിത്യ പഠനവേളകളിൽ എന്നെ നയിച്ച വൈദികർ, പ്രത്യേകിച്ച് ലാസലെറ്റ് സഭയിലെ എന്റെ ജ്യേഷ്ഠന്മാർ, കൂട്ടുകാർ എല്ലാവരും എന്റെ ജീവിതം പ്രാർത്ഥനയിലേക്ക് വേരൂന്നുവാൻ സഹായിച്ചവരാണ്.

വാഹനം പെട്ടന്നു നിന്നു അപ്പോൾ ചിന്തകളും മുറിഞ്ഞു. വാഹനത്തിനു മുൻപിൽ നിരനിരയായി മുന്നൂറു പശുക്കളിലധികം അവയെ നയിക്കാൻ ആറോ ഏഴോ കുട്ടികൾ. കുറച്ചു സമയമെടുത്തു അവ അവയുടെ വഴിയെ നീങ്ങുവാൻ. ഡ്രൈവർ സന്തോഷത്തോടെ വാഹനം നിർത്തി അതു കടന്നു പോകുന്നതുവരെ ക്ഷമയോടെ കാത്തിരുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന കടമ്പകളെ സമചിത്തതയോടെ നേരിടുവാൻ നമുക്ക് സാധിക്കണം. എങ്കിലും ആ കുട്ടികളെ അനുസരിക്കുന്ന മൃഗങ്ങൾ മനസിന് കൗതുകമായി. രാജാവായിരുന്ന ദാവീദിനും മൃഗങ്ങളെ നയിച്ച് പാടവമുണ്ടായിരുന്നു. ചിലപ്പോൾ ഈ കുട്ടികളും നാളെകളുടെ വാഗ്ദാനമായിരിക്കാം.

വീണ്ടും വഴിയരികിലുള്ള വലിയ പൈൻ മരങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും അമ്പർളാ മരങ്ങളും ഭൂമിയുടെ ആഴത്തിലേക്കിറങ്ങിയ അവയുടെ വേരുകളെക്കുറിച്ചും എന്നും ഹരിതമായിരിക്കുന്ന അവയുടെ ഇലകളും സഭയുടെ ആരംഭം മുതൽ ഇന്നുവരെ സഭയെ നയിച്ച എല്ലാ വിശുദ്ധ വ്യക്തിത്വങ്ങളെയും അനുസ്മരിപ്പിച്ചു. ജർമനിയിൽ നിന്നു വന്ന വൈറ്റ് ഫാദേഴ്സിന്റെ പ്രാർത്ഥനയും പരിത്യാഗവുമാണ് ഇവിടെയുള്ള പല രാജ്യങ്ങളും. മിഷനറിമാരുടെ കഠിന പരിശ്രമവും പ്രാർത്ഥനകളുമാണ് പല രാജ്യങ്ങളിലും നല്ല വിദ്യാഭാസമെത്തുവാനും ഇന്നായിരിക്കുന്ന രീതിയിൽ അവ വളരുവാനും കാരണം. ജീവിതത്തിലെ പലതും വേണ്ട എന്നു വയ്ക്കുന്നതിലെ സന്തോഷമാണവരെ അതിന് പ്രാപ്തരാക്കിയത്. ഇന്നും നമ്മുടെ ജീവിതത്തിലെ പലതും വേണ്ട എന്നു വയ്ക്കുമ്പോൾ പലതിനോടും “നോ” പറയുവാൻ പഠിക്കുമ്പോൾ നമുക്ക് ക്രിസ്തുവിനെ നേടുവാൻ സാധിക്കും. ടിവിയോടും, മൊബൈലിനോടും, ദേഷ്യത്തോടും, ദുശ്ശീലങ്ങളോടും, ആകുലതകളോടും, നമ്മുടെ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന എല്ലാത്തിനോടും കുറച്ചു സമയമെങ്കിലും”നോ” പറഞ്ഞു കൊണ്ട് കുടുംബത്തോടും കമ്യൂണിറ്റിയോടുമൊപ്പം ചെലവഴിച്ചു പ്രാർത്ഥനയിലും ക്രിസ്തുസൂക്തത്തിലും നമുക്ക് ജീവിക്കാം.

ഫാ. ദിലീഷ് പൊരിയൻവേലിൽ MS

ലാസലെറ്റ് സഭാംഗം ആയ ദിലീഷ് പൊരിയംവേലില്‍ അച്ചന്റെ ആഫ്രിക്കൻ  അനുഭവ കുറിപ്പുകൾ തുടരും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.