കുമ്പസാരിക്കുവാൻ നിങ്ങൾക്ക് ഭയമുണ്ടോ? ഈ പ്രാർത്ഥന നിങ്ങളെ സഹായിക്കും

ഇന്ന് പലരും കുമ്പസാരമെന്ന കൂദാശയെ ഭയക്കുന്നവരാണ്. കാരണം, നമ്മുടെ കുറവുകളും കുറ്റങ്ങളും നാം ഏറ്റുപറയുകയാണ് അവിടെ. നാം നമ്മുടെ കുറവുകൾ ഏറ്റുപറയണമെങ്കിൽ നമ്മിലെ ഞാൻ എന്ന ഭാവം ഇല്ലാതാകണം. സ്വന്തം അഹത്തെ ഇല്ലായ്‌മ ചെയ്തെങ്കിൽ മാത്രമേ ഒരാൾക്ക് യഥാർത്ഥ പശ്ചാത്താപത്തോടെയുള്ള അനുരഞ്ജന കൂദാശ നടത്തുവാൻ സാധിക്കുകയുള്ളൂ. എന്നാൽ യഥാർത്ഥത്തിൽ ഈ കൂദാശ ക്രിസ്തുവിന്റെ കരുണയും സ്നേഹവും അനുഭവിച്ചറിയുന്ന വലിയ നിമിഷങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നു. ഇരുട്ടിൽ ആയിരുന്ന ജീവിതങ്ങൾക്കു പ്രകാശത്തിന്റെ പാതയിൽ ചരിക്കുവാനുള്ള ആഹ്വാനമാണ് ഓരോ കുമ്പസാരവും പകരുക.

കുമ്പസാരക്കൂട്ടിലേയ്‌ക്ക് പോകുക എന്നത് എപ്പോഴും എളുപ്പമുള്ള ഒന്നല്ല. നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള ലജ്ജയും അവ ഒരു പുരോഹിതന്റെ അടുത്ത് പറയാനുള്ള ബുദ്ധിമുട്ടും നമ്മെ ഭയപ്പെടുത്താം. ഇവ ചിലപ്പോൾ കുമ്പസാരത്തിൽ നിന്ന് തന്നെ നമ്മെ പിന്തിരിപ്പിക്കാം. എന്നാൽ നമ്മുടെ ആന്തരിക സംഘർഷത്തിൽ നിന്നെല്ലാം മോചിപ്പിക്കാൻ ഈ കൂദാശ നമ്മെ സഹായിക്കും.

ചില പാപങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കാതെ തഴക്കദോഷങ്ങളിൽ തുടരുന്നവർക്ക് കുമ്പസാരം ഭയം ജനിപ്പിക്കുന്ന ഒന്നായിരിക്കും. കുമ്പസാരം നമ്മെ പാപങ്ങളിൽ നിന്നും മോചിപ്പിക്കുക മാത്രമല്ല നമ്മിൽ ശക്തിയും ധൈര്യവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കും. അതിനാൽ പഴയ പാപങ്ങളിൽ നിന്നും മാറി ഒരു പുതിയ സൃഷ്ടിയാകുവാൻ കുമ്പസാരം നമ്മെ സഹായിക്കുന്നു. ഭയമില്ലാതെ കുമ്പസാരിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥന ഇതാ.

“കാരുണ്യവാനായ ദൈവമേ, എൻ്റെ ഓരോ വഴികളും കാൽവയ്‌പും അങ്ങേയ്ക്കു അറിയാമല്ലോ. അങ്ങേയ്ക്കു ഇഷ്ടകരമല്ലാത്ത കാര്യങ്ങൾ എന്താണെന്ന് പരിശുദ്ധാത്മാവിന്റെ ശക്‌തിയാൽ എനിക്ക് വെളിപ്പെടുത്തി തരണമേ. എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും അന്ധകാരത്തെ ഇല്ലാതാക്കി അവിടുത്തെ പ്രകാശത്താൽ നിറയുവാനും എന്നെ അനുഗ്രഹിക്കേണമേ. അങ്ങനെ എന്നിലെ കുറവുകളെ ഞാൻ മനസിലാക്കട്ടെ.

പാപങ്ങൾ ഏറ്റുപറയുവാൻ അവിടുത്തെ ശക്തിയും കൃപയും എനിക്ക് തരണമേ. അങ്ങനെ എന്നെത്തന്നെ എളിമപ്പെടുത്തി പാപങ്ങൾ പുരോഹിതന്റെ പക്കൽ ഏറ്റുപറയുവാൻ എന്നെ സഹായിക്കണമേ. നല്ലൊരു കുമ്പസാരത്തിലൂടെ അങ്ങയുടെ കാരുണ്യത്താൽ എൻ്റെ പാപങ്ങളിൽ നിന്നും മോചനം നേടുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.”