അഫ്ഗാന്‍ കുടുംബത്തെ താലിബാനില്‍ നിന്ന് രക്ഷിക്കാന്‍ മാര്‍പാപ്പയുടെ സഹായം തേടി റോമില്‍ ജീവിക്കുന്ന അഫ്ഗാന്‍ വംശജന്‍

അഫ്ഗാനിസ്ഥാനിലെ ഒരു ക്രൈസ്തവ കുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. താലിബാന്റെ ഭരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം തേടിക്കൊണ്ട് ഇറ്റലിയിലെ റോമില്‍ ജീവിക്കുന്ന അലി എഹ്‌സാനി എന്ന ക്രൈസ്തവ വിശ്വാസിയായ അഫ്ഗാന്‍ വംശജനാണ് ഇക്കാര്യം മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്തത്.

1989 -ല്‍ കാബൂളില്‍ ജനിച്ച അലി, തന്റെ മാതാപിതാക്കളെ താലിബാന്‍ ഭീകരര്‍ വധിച്ചതിനെ തുടര്‍ന്ന് സഹോദരനോടൊപ്പം രക്ഷപ്പെട്ട് റോമിലെത്തിയ വ്യക്തിയാണ്. പാപ്പായോട് അഫ്ഗാന്‍ കുടുംബം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് അലിയുടെ കൈവശമുണ്ട്. ഇത് മാര്‍പാപ്പയുടെ കൈവശം എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. മൂന്നു മാസം മുമ്പ് താനുമായി ബന്ധമുള്ള അഫ്ഗാനിസ്ഥാനിലെ കുടുംബത്തിന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ഇല്ലാത്തതിനാല്‍, ഇറ്റലിയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാന ഓണ്‍ലൈനില്‍ കാണാന്‍ അലി അവസരം ഒരുക്കിക്കൊടുത്തു.

എന്നാല്‍ പിന്നീട് ഇതിന്റെ പേരില്‍ അവരുടെ കുടുംബം അവിടെ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ ഉണ്ടായി. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമം മൂലം അഫ്ഗാനിസ്ഥാനില്‍ ശിക്ഷാര്‍ഹമാണ്. ഇതേ തുടര്‍ന്ന് കുടുംബനാഥന്‍ ആറു ദിവസങ്ങള്‍ക്കു മുമ്പ് പിടിയിലായി. അദ്ദേഹമിപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. ക്രൈസ്തവ കുടുംബങ്ങള്‍ എവിടെയെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ച് താലിബാന്‍കാര്‍ ഇപ്പോള്‍ വീടുകള്‍ തോറും കയറിയിറങ്ങുകയാണെന്ന് ഈ കുടുംബം അലിയെ അറിയിച്ചിരുന്നു. ഇതിനുശേഷം തനിക്ക് ശരിക്കും ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ലായെന്ന് അലി വെളിപ്പെടുത്തി.

ഇറ്റാലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ അടക്കം തിരികെ കൊണ്ടുവരാന്‍ നടത്തുന്ന പദ്ധതിയില്‍ അവരെക്കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അലി ഇപ്പോള്‍. ഒപ്പം പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ശ്രമവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.