വിശുദ്ധിയിൽ ജീവിക്കുവാൻ മദർ തെരേസ നൽകുന്ന വിശിഷ്ടമായ ഉപദേശം

ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധ എന്നറിയപ്പെട്ട വ്യക്തിയാണ് കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ. പാവങ്ങളിൽ ദൈവത്തെ കണ്ടുകൊണ്ട്, അവരെ സേവിച്ചു കൊണ്ട് വിശുദ്ധിയിലേക്ക് നടന്നടുത്ത മദർ തെരേസ. അനുദിന ജീവിതത്തിൽ വിശുദ്ധിയിലേക്ക് നടന്നടുക്കുവാൻ മദർ തെരേസ നമുക്ക് പകരുന്ന വിശിഷ്ടമായ ഉപദേശം ഉണ്ട്. വളരെ ലളിതവും എന്നാൽ നിസാരമല്ലാത്തതുമായ ആ നിർദ്ദേശം എന്താണെന്നു നോക്കാം…

പ്രധാനമായും വിശുദ്ധിയിലേക്ക് നടക്കുവാൻ രണ്ടു നിർദേശങ്ങളനു മദർ തെരേസ മുന്നോട്ട് വയ്ക്കുന്നത്. അതിൽ ആദ്യത്തേതാണ് എനിക്ക് വേണ്ട, എനിക്ക് വേണം എന്ന് പറയാനുള്ള കരുത്ത്. എനിക്ക് ഒരു വിശുദ്ധയാകണം എന്നാൽ ദൈവത്തെ അല്ലാതെ മറ്റെല്ലാം ഞാൻ ഉപേക്ഷിക്കുന്നു എന്നാണർത്ഥം. ഞാൻ എന്റെ ഇഷ്ടം, ആഗ്രഹം, സ്വപ്‌നങ്ങൾ ഇവയെല്ലാം ഉപേക്ഷിച്ചു ദൈവത്തിലേക്ക് അടുക്കുന്നു. ഒരിക്കൽ നിങ്ങൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം പൂർത്തിയാകുവാനുള്ള വഴികൾ നാം തനിയെ തേടിക്കൊണ്ടിരിക്കും.

രണ്ടാമത്തെ കാര്യം ദൈവം തരുന്ന പുഞ്ചിരികൾ സ്വീകരിക്കുക എന്നതാണ്. ദൈവത്തിൽ നിന്നും പുഞ്ചിരികൾ സ്വീകരിക്കുമ്പോൾ നാം ദൈവത്തെ നോക്കി പുഞ്ചിരിക്കുവാൻ തുടങ്ങും. പലപ്പോഴും നമ്മുടെ ആവശ്യങ്ങളാണ് ദൈവത്തിലേക്ക് നമ്മെ നയിക്കുന്നത്. ആ കാരണത്താൽ തന്നെ നമുക്ക് ദൈവത്തെ നോക്കി ചിരിക്കുവാൻ കഴിയില്ല. കാരണം ഒരാളെ നോക്കി ചിരിക്കണം എങ്കിൽ ആത്മാർത്ഥത ഉള്ളിൽ നിന്നും വരണം. അങ്ങനെ വരണമെങ്കിൽ നാം ദൈവത്തോട് ഏറ്റവും അടുത്ത അവസ്ഥയിൽ ആയിരിക്കണം. എങ്കിൽ മാത്രമേ ദൈവം സമ്മാനിക്കുന്ന സഹനങ്ങൾക്കു നടുവിലും പുഞ്ചിരിയോടെ ആയിരിക്കുവാൻ നമുക്ക്  സാധിക്കുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.