പ്രിൻസ് പിതാവും വൈദികരും കൈകോർത്തു; ചാരത്തിൽ നിന്ന് ഒരു വീടുയർന്നു

അദിലാബാദ്‌ രൂപതാധ്യക്ഷൻ പ്രിൻസ് പിതാവിന്റെയും കൂട്ടരുടെയും ശ്രമഫലമായി ലോക് ഡൗൺ നാളിൽ പണി ആരംഭിച്ച ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായി. ഈ ഭവനത്തിന്റെ വെഞ്ചരിപ്പ് ഇന്ന് രാവിലെ നടന്നു. പിതാവും വൈദികരും സെമിനാരിക്കാരും കൂടിചേർന്ന് ലോക് ഡൗൺ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

മിട്ടപ്പള്ളി ഗ്രാമത്തിൽ തീ പിടിത്തത്തിൽ കത്തി നശിച്ച ജഗതി ശങ്കരയ്യയുടെ വീടാണ് പിതാവും വൈദികരും ചേർന്ന് പണിതു നൽകിയത്. തീ പിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ച വീട്ടിൽ നിന്ന് പുതിയൊരു വീടു പണിയുക എന്നത് ജഗതിക്ക് ഒരു പകൽ കിനാവ് മാത്രമായ സാഹചര്യത്തിലാണ് ഈ വൈദിക സമൂഹം സഹായവുമായി എത്തുന്നത്. ഏകദേശം പതിനഞ്ചു ദിവസംകൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. 30 വോളണ്ടിയേഴ്‌സും നാലു ജോലിക്കാരും ഉൾപ്പെടെയുള്ള സംഘത്തിൽ പിതാവും വൈദികരും ഉൾപ്പെട്ടിരുന്നു. ഇവരുടെ ശ്രമഫലമായി ആണ് ജഗതിയുടെ കുടുംബം ഇന്ന് സന്തോഷത്തോടെ ആ ഭവനത്തിലേക്ക് പ്രവേശിക്കുന്നത്.

ലോക് ഡൗൺ നാളിലെ സമയ വെറുതെ കളയാതെ ഒരു കുടുംബത്തിന് തല ചായ്ക്കുവാൻ ഇടം നൽകിയ സംതൃപ്തിയിലാണ് അദിലാബാദ്‌ രൂപതയിലെ ഈ വൈദിക സമൂഹം. ഒപ്പം പാവപ്പെട്ട ആളുകളിലേക്ക്‌ ഇറങ്ങി ചെല്ലുവാൻ എല്ലാവിധ പിന്തുണയും ആയി ഒപ്പം നിൽക്കുന്ന പ്രിൻസ് പിതാവിന്റെ സാന്നിധ്യം ഈ വൈദികർക്ക് ഊർജ്ജം പകരുന്നു. ഇന്ന് ഈ ഭവനം പണി പൂർത്തിയാക്കി ആ കുടുംബത്തിന് സമർപ്പിക്കുമ്പോൾ അതിനായി പ്രാർത്ഥിക്കുകയും പിന്തുണ നൽകുകയും ചെയ്ത അനേകർക്ക്‌ നന്ദി പറയുകയാണ് അദിലാബാദ്‌ രൂപത.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.