സീറോ മലബാര്‍ സഭാ മേലദ്ധ്യക്ഷന്മാരുടെ ‘ആദ് ല്മിന’ സന്ദര്‍ശനത്തിന് ഒക്ടോബര്‍ 3ന് തുടക്കമാകും

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കെ നടത്തേണ്ട വത്തിക്കാനിലേയ്ക്കുള്ള ‘ആദ് ല്മിന’ സന്ദര്‍ശനത്തിലെ, സീറോ മലബാര്‍ സഭാ മെത്രാന്മാരുടെ സന്ദര്‍ശനം ഒക്ടോബര്‍ 3 ന് ആരംഭിക്കുന്നു. ഒക്ടോബര്‍ 3 മുതൽ 14 വരെ ദിവസങ്ങളിലായാണ് സന്ദര്‍ശനം നടക്കുന്നത്.

2011-ൽ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സീറോ മലബാര്‍ മെത്രാന്മാര്‍ ‘ആദ് ല്മിന’ സന്ദര്‍ശനം അവസാനമായി നടത്തിയിട്ടുള്ളത്. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദര്‍ശനത്തിൽ പങ്കെടുക്കുന്നത്.

ഒക്ടോബര്‍ 3-ന് രാവിലെ 8 മണിക്ക് വി. പത്രോസിന്‍റെ കബറിടത്തിങ്കൽ ഒന്നിച്ചര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 10 മണിക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പമുള്ള കൂടിക്കാഴ്ച്ചയോടെ ‘ആദ് ല്മിന’ സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കം കുറിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാര്‍ റോമിലെ നാല് ബസിലിക്കകളിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും. ഒക്ടോബര്‍ 13-ന് നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ എല്ലാ പിതാക്കന്മാരുടെയും സാന്നിധ്യം ഉണ്ടാകും.

യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്‌റ്റീഫൻ ചിറപ്പണത്ത്, ഡോ. ചെറിയാന്‍ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ എന്നിവര്‍ സന്ദര്‍ശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ 14-നാണ് സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.