‘ആദ് ദിയെം ഇല്ലും ലെത്തീസ്സിമും’- മരിയന്‍ സഭാ പഠനങ്ങള്‍ 5 

ആദ് ദിയെം ഇല്ലും ലെത്തീസ്സിമും (Ad Diem Illum Laetissimum)

പശ്ചാത്തലം 

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിൽ (1854-1904), സഭയിൽ മുഴുവൻ സന്തോഷകരമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രഖ്യാപനത്തിന്റെ ബഹുമാനാർത്ഥം ജൂബിലി ദണ്ഡവിമോചനം നൽകുന്നതിനും വേണ്ടിയാണ് 1904 ഫെബ്രുവരി രണ്ടാം തിയതി വി. പത്താം പീയൂസ് മാർപ്പാപ്പ ‘ആദ് ദിയെം ഇല്ലും ലെത്തീസ്സിമും’ (Ad Diem Illum Laetissimum) എന്ന ഈ ചാക്രികലേഖനം പുറത്തിറക്കിയത്. അതുവഴി, “ക്രിസ്തുവിൽ എല്ലാം പുനസ്ഥാപിക്കുക” എന്ന തന്റെ ആപ്തവാക്യം ഫലപ്രാപ്തിയിലെത്തും എന്ന് മാർപ്പാപ്പ വിശ്വസിച്ചു.

മറിയം നിത്യമായ സന്തോഷത്തിലേയ്ക്ക് നമ്മെ എത്തിക്കുന്നു

മറിയത്തിന്റെ അമലോത്ഭവം എന്ന വിശ്വാസ സത്യത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന വലിയ നിധികളും അത്ഭുതകരമായ ധ്വനികളും ഈ ചാക്രികലേഖനത്തിൽ അദ്ദേഹം വിവരിക്കുന്നു. നഷ്ടപ്പെട്ട ലോകത്തിന്റെ പുനസ്ഥാപക, നമ്മുടെ രക്ഷകൻ തന്റെ രക്തത്താലും മരണത്താലും നമുക്കായി നേടിയ സകല വരപ്രസാദങ്ങളുടെയും ദായിനി, തന്റെ മകന്റെ മുമ്പിൽ ലോകത്തിലെ ഏറ്റവും ശക്തയായ മദ്ധ്യസ്ഥയും കാര്യസ്ഥയും, ക്രിസ്ത്യാനികളുടെ സന്മാതൃക എന്നീ നിലകളിൽ വർത്തിക്കുന്ന പരിശുദ്ധ അമ്മ ദൈവത്തിന്റെ സമ്പൂർണ്ണ ഉപവിയിലേക്കും നിത്യമായ സന്തോഷത്തിലേക്കും നമ്മെ എത്തിക്കുന്നതിനായി സ്വർഗ്ഗത്തിൽ നിരന്തരം അധ്വാനിക്കുന്നു എന്നതിൽ ഒരു സംശയവും വേണ്ടെന്ന് മാർപാപ്പ വ്യക്തമാക്കുന്നു.

പരിശുദ്ധ അമ്മ നമ്മുടെ അഭയകേന്ദ്രം 

ഒരേസമയം ദൈവത്തിന്റെയും മനുഷ്യരുടെയും അമ്മയായ ഏറ്റവും വാഴ്ത്തപ്പെട്ട കന്യക, ക്രിസ്തു തന്റെ ദാനങ്ങൾ അവന്റെ മൗതികശരീരത്തിലെ അംഗങ്ങളായ നമ്മിലേക്ക് ചൊരിയുന്നതിനും, എല്ലാറ്റിനുമുപരിയായി അവനെ അറിയുന്നതിനും അവനിലൂടെ ജീവിക്കുന്നതിനും, എല്ലാ ഉത്സാഹത്തോടെയും പ്രവർത്തിക്കുമെന്ന് പാപ്പാ നിസ്സംശയം പറയുന്നു. പരിശുദ്ധ മറിയം വളരെ സുരക്ഷിതമായ ഒരു അഭയകേന്ദ്രവും എല്ലാ അപകടങ്ങളിലും വിശ്വസനീയമായ ഒരു സഹായവും ആയതിനാൽ അവളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും രക്ഷാകർതൃത്വത്തിനും സംരക്ഷണത്തിനും കീഴിൽ ആയിരിക്കുന്നവർക്ക് ഭയപ്പെടാനോ നിരാശപ്പെടാനോ ഒന്നുമില്ല എന്ന സഭയുടെ ഉത്തമബോധ്യം മാർപാപ്പ ആവർത്തിക്കുന്നു.

പരിശുദ്ധ അമ്മയ്ക്ക് നല്‍കുന്ന ആദരവ് 

യേശുക്രിസ്തുവിനെ നാം അറിയുകയും ശരിക്കും സ്നേഹിക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ ഒരു ആദരവും പരിശുദ്ധ അമ്മയ്ക്ക് നല്കാനില്ല; അതിൽ കൂടുതൽ പരിശുദ്ധ അമ്മയ്ക്ക് മാധുര്യമുള്ളതും സ്വീകാര്യവുമായി മറ്റൊന്നുമില്ല. കാരണം, യേശുക്രിസ്തുവിനെ നാം അറിയുകയും ശരിക്കും സ്നേഹിക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ ഒരു ആദരവും പരിശുദ്ധ അമ്മയ്ക്ക് നല്കാനില്ല എന്നും, അതിൽ കൂടുതൽ പരിശുദ്ധ അമ്മയ്ക്ക് മാധുര്യമുള്ളതും സ്വീകാര്യവുമായി മറ്റൊന്നുമില്ല എന്നും മാർപാപ്പ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഏറ്റവും വിവേകമതിയായ കന്യക കാനയിലെ വിവാഹവിരുന്നിൽ ദാസന്മാരോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നും നമ്മെ നോക്കി ആവർത്തിക്കുന്നത്: “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ”.

മാതാവിന്റെ അമലോത്ഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന മാർപാപ്പ, അതുവഴി ഭൂമിയിൽ ചൊരിയപ്പെട്ട അവിശ്വസനീയമായ കൃപയുടെ സമ്പത്തിനെ അനുസ്മരിക്കുന്നു. നമ്മുടെ കഷ്ടതകളിൽ പരിശുദ്ധ അമ്മയിൽ അഭയം തേടുമ്പോൾ സർപ്പത്തിന്റെ തല തന്റെ പാദങ്ങൾക്ക് കീഴിലാക്കി തകർത്ത കന്യകയുടെ ശക്തി നമുക്കും അനുഭവവേദ്യമാകും എന്ന ഉദ്ബോധനത്തോടെയാണ് മാർപാപ്പ തന്റെ ചാക്രികലേഖനം സമാപിപ്പിക്കുന്നത്.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.