‘ആദ് ചേളി റെജീനാം’- മരിയന്‍ സഭാ പഠനങ്ങള്‍ 4

ആദ് ചേളി റെജീനാം (Ad Caeli Reginam)

മറിയത്തിന്റെ രാജ്ഞിത്വത്തിന്റെ തിരുനാൾ സാർവ്വത്രിക സഭയിൽ സ്ഥാപിച്ചുകൊണ്ട് പന്ത്രണ്ടാം പീയൂസ് മാർപാപ്പ 1954 ഒക്ടോബർ 11-ന് പുറപ്പെടുവിച്ച ചാക്രികലേഖനമാണ് ആദ് ചേളി റെജീനാം (Ad Caeli Reginam).

നാല് പ്രധാന ഭാഗങ്ങള്‍

52 ഖണ്ഡികകളുള്ള ഈ ചാക്രികലേഖനത്തെ നാല് പ്രധാന ഭാഗങ്ങളായി മനസിലാക്കാം. 1. മറിയത്തിന്റെ രാജ്ഞിത്വത്തെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെയും വേദപാരംഗതരുടെയും മാർപാപ്പാമാരുടെയും  പ്രബോധനങ്ങൾ (nn. 8-25), 2. മറിയത്തിന്റെ രാജ്ഞിത്വത്തെക്കുറിച്ച് ആരാധനാക്രമങ്ങളിലെ സാക്ഷ്യങ്ങൾ (nn. 26-33), 3. മറിയത്തിന്റെ രാജ്ഞിത്വത്തിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനങ്ങൾ (nn. 34-45), 4. മറിയത്തിന്റെ രാജ്ഞിത്വം പ്രഖ്യാപിക്കാനുള്ള കാരണങ്ങളുടെ സംഗ്രഹവും മറിയത്തിന്റെ രാജ്ഞിത്വ തിരുനാളിന്റെ സ്ഥാപനവും ഫലങ്ങളും (nn. 46-51).

സ്വർഗ്ഗരാജ്ഞി  

കത്തോലിക്കാസഭയുടെ ആദ്യകാലം മുതൽ വിജയങ്ങളുടെ സമയത്തും പ്രതിസന്ധി ഘട്ടങ്ങളിലും ഒരുപോലെ ക്രിസ്ത്യാനികൾ യാചനാപ്രാർത്ഥനകളും സ്തുതിഗീതങ്ങളും വണക്കവും സ്വർഗ്ഗരാജ്ഞിയെ അഭിസംബോധന ചെയ്ത് നടത്തിയിട്ടുണ്ട് എന്നും, ദൈവിക രാജാവായ യേശുക്രിസ്തുവിന്റെ അമ്മയിൽ അവർ അർപ്പിച്ച പ്രത്യാശ ഒരിക്കലും വിഫലമായില്ല എന്നും, ഒരു രാജ്ഞിയുടെ മഹത്വത്തോടെ സ്വർഗ്ഗീയാനുഗ്രഹത്താൽ കിരീടമണിഞ്ഞപോലെ ദൈവത്തിന്റെ കന്യകയായ മറിയം ലോകമെമ്പാടും ഒരു അമ്മയുടെ ഔത്സുക്യത്തോടെ വാഴുന്നുവെന്ന് പഠിപ്പിക്കപ്പെടുന്ന വിശ്വാസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്നും  ആമുഖത്തിൽ മാർപാപ്പ പ്രസ്താവിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോപണം എന്ന വിശ്വാസസത്യത്തിന്റെ പ്രഖ്യാപനത്തിലൂടെയും മാതൃവർഷ ആഘോഷത്തിലൂടെയും ജനങ്ങളിൽ ഉണ്ടായ മാതൃഭക്തിയുടെ ഉണർവ്വും മാർപാപ്പ പ്രത്യേകം അനുസ്മരിക്കുന്നു.

വിശുദ്ധരുടെ പ്രബോധനങ്ങള്‍ 

ഒരു പുതിയ വിശ്വാസസംഹിത അല്ല. മറിച്ച്, സഭയുടെ പ്രബോധനങ്ങളും ആരാധനാക്രമ പുസ്തകങ്ങളും വ്യക്തമായി മുന്നോട്ട് വച്ചിട്ടുള്ള ഒന്നാണ് മറിയത്തിന്റെ രാജ്ഞിത്വം എന്ന് പാപ്പാ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. തുടർന്ന് മറിയത്തിന്റെ രാജ്ഞിത്വത്തെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെയും വേദപാരംഗതരുടെയും മാർപാപ്പാമാരുടെയും പ്രബോധനങ്ങൾ പരാമർശിക്കുമ്പോൾ വി. എഫ്രേം, വി. ഗ്രിഗറി നസിയാൻസൻ, പ്രൂഡെൻസിയൂസ്, ഒരിജൻ, വി. ജെറോം, വി. പീറ്റർ ക്രിസലോഗൂസ്, എപ്പിഫാനിയൂസ്, ക്രീറ്റിലെ വി. അന്ത്രയോസ്, വി. ജെർമാനൂസ്, വി. ജോൺ ഡമഷീൻ, തൊളേദോയിലെ വി. ഇൽദെഫോൺസൂസ്, വി. മാർട്ടിൻ ഒന്നാമൻ, വി. അഗതോ, ഗ്രിഗറി രണ്ടാമൻ, സിക്സ്ത്തൂസ് നാലാമൻ, ബെനഡിക്ട് പതിനാലാമൻ, വി. അൽഫോൻസ് ലിഗോരി എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്തോട് അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് മറ്റ് വിശേഷണങ്ങളും അഭിസംബോധനകളുമെന്ന് മുൻഗാമികളായ പ്രബോധകരെ ഉദ്ധരിച്ച് മാർപാപ്പ പഠിപ്പിക്കുന്നു.

പൗരസ്ത്യ – പാശ്ചാത്യ സഭകളില്‍ 

എല്ലാക്കാലങ്ങളിലുമുള്ള പൗരസ്ത്യവും പാശ്ചാത്യവുമായ മുഴുവൻ ക്രൈസ്തവ ജനതകളും വിശ്വസിക്കുന്ന പരമ്പരാഗത വിശ്വാസസത്യങ്ങളുടെ ദർപ്പണമായ വിശുദ്ധ ആരാധനക്രമത്തിൽ സ്വർഗ്ഗീയ രാജ്ഞിയുടെ സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നതായും ഇപ്പോഴും ആലപിക്കുന്നതായും പല ആരാധനാക്രമ പാരമ്പര്യങ്ങളും മറിയത്തെ രാജ്ഞിയെന്ന് അഭിസംബോധന ചെയ്യുന്നത് ഉദ്ധരിച്ച് മാർപാപ്പ സമർത്ഥിക്കുന്നു. കൂടാതെ, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും”, “പരിശുദ്ധ രാജ്ഞീ” എന്നീ പ്രാർത്ഥനകളും മറിയത്തെ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കുന്നത് അനുസ്മരിക്കുന്ന മഹിമയുടെ അഞ്ചാം ദിവ്യരഹസ്യവും ലുത്തിനിയായിലെ അപേക്ഷകളും ഉദാഹരണങ്ങളായി മാർപാപ്പ എടുത്തുകാട്ടുന്നു. രാജകീയ ചിഹ്നങ്ങളാൽ അലംകൃതയായി രാജകീയ സിംഹാസനത്തിൽ ഇരിക്കുന്ന, രാജകീയ കിരീടം ധരിച്ച, സ്വർഗത്തിലെ മാലാഖമാരുടെയും വിശുദ്ധരുടെയും ഗണങ്ങളാൽ വലയം ചെയ്യപ്പെട്ട, പ്രകൃതിയുടെയും അതിന്റെ ശക്തികളുടെയും മേൽ മാത്രമല്ല സാത്താന്റെ ഗൂഢതന്ത്രങ്ങളുടെയും മേൽ ആധിപത്യം പുലര്‍ത്തുന്ന  രാജ്ഞിയും ചക്രവർത്തിനിയുമായി എഫേസൂസ് കൗൺസിൽ മറിയത്തെ ചിത്രീകരിച്ചത് മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു.

തിരുനാള്‍ മെയ്‌ 31 

മറിയത്തിന്റെ രാജ്ഞിത്വം അവളുടെ ദൈവമാതൃത്വവുമായും രക്ഷാകരപദ്ധതിയിൽ അവൾക്കുള്ള സവിശേഷമായ സ്ഥാനവുമായും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് മാർപാപ്പ തുടർന്ന് പഠിപ്പിക്കുന്നു. എല്ലാ വർഷവും മെയ് മാസം മുപ്പത്തൊന്നാം തിയതി ഈ തിരുനാൾ ആഘോഷിക്കണമെന്നും, അന്നേ  ദിവസം പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനുള്ള മനുഷ്യകുലത്തിന്റെ മുഴുവൻ പ്രതിഷ്ഠ നവീകരിക്കണമെന്നും മാർപാപ്പ പറഞ്ഞു. ദൈവമാതാവിന്റെ കരുണാപൂർവ്വവും മാതൃസഹജവുമായ വാത്സല്യം എല്ലാവരും കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും കന്യകാമാതാവിനെ കൂടുതൽ ഭക്തിപൂർവ്വം വണങ്ങാനും ഈ ചാക്രികലേഖനം ഇടവരുത്തട്ടെ എന്ന പ്രത്യാശയോടെയാണ്  മാർപാപ്പ ഇത് ഉപസംഹരിക്കുന്നത്.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.