സിനിമാ നടന്‍ നന്ദു പറഞ്ഞ ജീവിത കഥ

[avatar user=”Sheen” size=”120″ align=”right”]Sheen Palakkuzhy[/avatar]

സിനിമാ നടന്‍ നന്ദുവിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം

നസ്രത്ത് ഹോം സ്കൂളിന്റെ നാൽപ്പതാം വാർഷികാഘോഷ ദിനം. മനംനിറയെ ആകാംക്ഷയോടെ കാത്തു കാത്തിരുന്ന രണ്ടായിരത്തോളം കുരുന്നുകളുടെ ഹൃദയത്തിലേക്ക് വിശിഷ്ടാതിഥിയായാണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി വന്നിറങ്ങിയത്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മാത്രം അവർ കണ്ടിട്ടുള്ള താരത്തെ, അപ്പോഴും അസ്തമിക്കാൻ മടിച്ചു നിന്ന അന്തിച്ചോപ്പണിഞ്ഞ സൂര്യന്റെ പ്രഭയിൽ അവർ കൺകുളിർക്കെ കണ്ടു. ചിലർ അദ്ദേഹത്തെ തൊടാൻ കരങ്ങൾ നീട്ടി. മറ്റു ചിലർ കൈകളുയർത്തി വീശി അഭിവാദനങ്ങളർപ്പിച്ചു. പിന്നെ ആരവങ്ങൾക്കിടയിലൂടെ, സ്വീകരണങ്ങളേറ്റുവാങ്ങി, കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയോടൊപ്പം, നന്ദു മെല്ലെ വേദിയിലേക്ക്.

ജൂബിലി ഗാനത്തിന്റെ നിറവിൽ, നാൽപ്പതു കുട്ടികൾക്കൊപ്പം ദീപം തെളിച്ച്, ഉദ്ഘാടനകർമ്മം നിർവഹിച്ച് മൈക്രോഫോണിനു മുന്നിൽ നിന്നത് സിനിമാതാരമായ നന്ദുവായിരുന്നില്ല. മറിച്ച്, സിനിമ കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാൻ രണ്ടു വ്യാഴവട്ടക്കാലത്തിലധികം ഒരുപാടു കഠിനാധ്വാനം ചെയ്ത ഒരു സാധാരണ മനുഷ്യനായിരുന്നു.

നന്ദു ആ കഥ പറഞ്ഞു തുടങ്ങിയപ്പോൾ, സ്കൂൾ മുറ്റത്ത് തിങ്ങിനിറഞ്ഞ നാലായിരത്തിലധികം വരുന്ന സദസ്സ് പൊടുന്നനെ നിശബ്ദമായി.

നന്ദു അഭിനയ ജീവിതം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. അതിൽ ആദ്യത്തെ ഇരുപത്തിയഞ്ചു വർഷവും നന്ദുവിന് പ്രതിസന്ധികളുടെ വർഷങ്ങളായിരുന്നു. അത്രയും കാലമുണ്ടായിരുന്നിട്ടും സിനിമ കൊണ്ട് എന്തെങ്കിലും നേടാനോ ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാനോ നന്ദുവിനായില്ല. എന്നാൽ അവസാനത്തെ അഞ്ചു വർഷം കൊണ്ട് നന്ദു ഒരു താരമായി വളർന്നു; സിനിമയിൽ മാത്രമല്ല, ജീവിതത്തിലും.

അതിനു കാരണമായ അനുഭവമാണ് നന്ദു പങ്കുവച്ചത്:

“അഞ്ചു വർഷങ്ങൾക്കു മുമ്പാണ്. തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയുടെ ഓരത്ത് നീല നിറമുള്ള ഒരു കാർ അപകടത്തിൽപ്പെട്ട് ആരും ശ്രദ്ധിക്കാതെ കിടക്കുന്നതു കണ്ടാണ്, അതുവഴി പൊയ്ക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയത്. നല്ല പരിചയമുളള വണ്ടി! ഞാൻ ഇറങ്ങിച്ചെന്നു. ഞാൻ ഞെട്ടിപ്പോയി!

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ വാഹനമായിരുന്നു അത്. വാഹനത്തിനടുത്ത് അദ്ദേഹം നിസ്സഹായനായി നിൽപ്പുണ്ടായിരുന്നു. ഞാൻ ഓടിച്ചെന്നു കാര്യം തിരക്കി. ആവശ്യമുള്ള സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു. യാത്ര തുടരാൻ നേരത്ത് അദ്ദേഹം ചോദിച്ചു,

‘എന്താ തന്റെ പേര്…?’

‘നന്ദു…!’

‘എന്തു ചെയ്യുന്നു?’

‘ചില… ചെറിയ… ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുണ്ട്.’ മടിച്ചു മടിച്ച് ഞാൻ പറഞ്ഞു.

ഒരു കീറക്കടലാസിൽ അദ്ദേഹമെന്റെ പേരു കുറിച്ചെടുത്തു പോക്കറ്റിലിട്ടു. ഞങ്ങൾ പിരിഞ്ഞു. അദ്ദേഹം അതു വെറുതേ കുറിച്ചെടുത്തതായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിറ്റേ ദിവസം എനിക്കൊരു ഫോൺ വന്നു. ഉടനെ അടൂർ സാറിനെ കാണണം!

‘നാലു പെണ്ണുങ്ങൾ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നല്ലൊരു വേഷം എനിക്കു തരാൻ വേണ്ടിയായിരുന്നു അദ്ദേഹം വിളിച്ചത്. അതുവരെ കോമാളി വേഷങ്ങൾ ചെയ്തു നടന്നിരുന്ന എനിക്കു കിട്ടിയ വലിയ ഒരംഗീകാരമായിരുന്നു ആ വേഷം. എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതിയ ചിത്രമായിരുന്നു അത്.

ആ ചിത്രം രണ്ടു ദിവസമേ തീയറ്ററുകളിൽ ഓടിയുള്ളൂ എങ്കിലും ചലച്ചിത്ര മേളകളിലൂടെ അനേകം സംവിധായകർ അതു കണ്ടു. ആ ചിത്രം കണ്ടിട്ടാണ് ടി. വി. ചന്ദ്രൻ, സിദ്ദിഖ്, രഞ്ജിത് തുടങ്ങിയ മുൻനിര സംവിധായകരൊക്കെ കുറെക്കൂടി ഗൗരവമുള്ള വേഷങ്ങൾ ചെയ്യാൻ എന്നെ വിളിച്ചു തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എഴുപത്തിയഞ്ചു സിനിമകളിലായി ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്യാൻ എനിക്കവസരം കിട്ടി. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ സിനിമ എന്നെ സഹായിച്ചു.”

ഒന്നു നിർത്തിയിട്ട് തെല്ലിടറിയ സ്വരത്തിൽ അദ്ദേഹം തുടർന്നു.

“എല്ലാ ഉയർച്ചകളുമാരംഭിച്ചത് ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയിൽ നിന്നല്ല; അഞ്ചു വർഷം മുമ്പ് വഴിയോരത്ത് നിസ്സഹായനായി നിന്ന ഒരു പാവം മനുഷ്യനെ സഹായിക്കാൻ വേണ്ടി ഞാൻ ഇറങ്ങിച്ചെന്ന ആ നിമിഷത്തിൽ നിന്നാണ്.
എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഒരാളെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും നിങ്ങൾ പാഴാക്കരുത്. തിരിച്ചെന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചിട്ടാകരുത് ആ സഹായം. മറിച്ച്, എപ്പോഴുമോർമ്മിക്കുക, നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള അനുഗ്രഹം, ദൈവം കരുതിവച്ചിരിക്കുന്നത് ഒരുപക്ഷെ അവിടെയാകും. എന്റെ ചില ചെറിയ അനുഭവങ്ങളിൽ നിന്ന് ഇത്രയൊക്കെയേ ഉള്ളൂ എനിക്കു പറയാൻ. നിങ്ങൾക്കു നന്ദി.”

ഒരു നിമിഷത്തെ കനത്ത നിശബ്ദതയ്ക്കു ശേഷം നിലയ്ക്കാത്ത കരഘോഷങ്ങളോടെ സദസ്സ് നന്ദുവിന്റെ വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ചു. ആ സന്ധ്യയിൽ തലയ്ക്കു മീതെ മിന്നിത്തിളങ്ങിയ താരങ്ങൾക്കൊപ്പം നന്ദുവെന്ന താരവും അവരുടെ ഹൃദയത്തിൽ ആകാശത്തോളം വളർന്നു.

പ്രഭാഷണമവസാനിപ്പിക്കും മുമ്പ് തന്റെ വാക്കുകൾക്ക് താൽപ്പര്യത്തോടെ കാതോർത്തിരുന്ന കർദ്ദിനാളിനോടും മറ്റ് അതിഥികളോടും ഹൃദയപൂർവം നന്ദിപറയാനും അദേഹം മറന്നില്ല.

ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.