നന്ദുവാണ് താരം

നസ്രത്ത് ഹോം സ്കൂളിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ക്ഷണപത്രിക കൈമാറാൻ, ജഗതി ജംഗ്ഷനിലെ ‘നികുഞ്ജം’ എന്ന ഫ്ലാറ്റിന്റെ മുറ്റത്തു നിന്ന് നന്ദലാൽ കൃഷ്ണമൂർത്തിയെ ഫോണിൽ വിളിക്കുമ്പോൾ അദ്ദേഹം ഡ്രൈവ് ചെയ്യുകയായിരുന്നു.

“ഞാൻ രണ്ടു മിനിറ്റിനുള്ളിൽ ഫ്ലാറ്റിലെത്തും… ഫാദർ അവിടെത്തന്നെ നിൽക്കൂ…” തിടുക്കത്തിൽ പറഞ്ഞവസാനിപ്പിച്ച് ഫോൺ കട്ടായി.

‘നന്ദലാൽ കൃഷ്ണമൂർത്തി’ എന്ന പേരു പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്കദ്ദേഹത്തെ മനസ്സിലാവില്ല. എന്നാൽ ‘നന്ദു’ എന്ന അതുല്യനായ അഭിനയ പ്രതിഭയെ നാമറിയും.

‘സ്പിരിറ്റ്’ എന്ന സിനിമയിൽ വാശിയോടെ ജീവിതം തിരിച്ചുപിടിക്കുന്ന ‘മണിയൻ’ എന്ന മദ്യപാനിയായും ‘പുലിമുരുകനിൽ’ ‘ദിവാകരൻ’ എന്ന ഫോറസ്റ്റ് ഗാർഡായും ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിൽ, പാതിവഴിയിൽ മകളെ കൈവിട്ടു പോകുന്ന നിസ്സഹായനായ അപ്പനായും, അഭ്രപാളികളിൽ നിറഞ്ഞ മലയാളത്തിന്റെ പ്രിയതാരം നന്ദു! അഭിനയ മികവുകൊണ്ട് മലയാളികളുടെ മനം കവർന്ന കലാകാരൻ!

“ഫാദർ…” പിന്നിൽ നിന്ന് ആ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. നന്ദുവാണ്. ആദ്യമായി തമ്മിൽ കാണുകയാണെങ്കിലും മുഖത്ത് അപരിചിതത്വം ലവലേശമില്ലാത്ത പുഞ്ചിരി! ഫ്ലാറ്റിന്റെ പിന്നിലെ പാർക്കിംഗ് സ്പേയ്സിൽ വാഹനം പാർക്കു ചെയ്ത് എന്നെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകാൻ അദ്ദേഹം വന്നതാണ്.

തിരശ്ശീലയിൽ മാത്രം കണ്ടിട്ടുള്ള താരം കൺമുന്നിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ ഒന്നു പകച്ചു. എന്നാൽ ഔപചാരികതകളില്ലാതെ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഉള്ളിൽ അദ്ദേഹത്തോട് ഏറെ ബഹുമാനവും ആദരവും തോന്നി.

താരജാഡകളുടെ ആടയാഭരണങ്ങളില്ലാത്ത ലളിതമനസ്കനായ ഒരു കലാകാരൻ! ജീവിത മുഹൂർത്തങ്ങളുടെ അരങ്ങിൽ ചമയങ്ങളോ മുഖാവരണങ്ങളോ ആവശ്യമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! അനുദിന ജീവിതത്തിലെ ലളിതസുന്ദരമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായപ്പോൾ ഏറെ വിസ്മയം തോന്നി!

ഒരു സിനിമാ കൊട്ടകയുടെ നാലു ചുവരുകൾക്കുള്ളിലോ ഒരു സെവന്റി എം എം സക്രീനിലോ ഉൾക്കൊള്ളാനാവാത്ത ചില ജീവിതചിത്രങ്ങൾ, ഫ്ലാറ്റിന്റെ സ്വീകരണമുറിയിലിരുന്ന്, അദ്ദേഹം വാക്കുകൾ കൊണ്ട്, ഞൊടിയിടയിൽ എനിക്കു മുന്നിൽ വരച്ചിട്ടു! മനസ്സിനെ ചലിപ്പിക്കുന്ന ചില വാങ്മയ ചിത്രങ്ങൾ!

“ഫാദറിനറിയാമോ…, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിൽ ഒരു സീൻ മാത്രമുള്ള ഒരു ചെറിയ വേഷമാണ് എനിക്കുണ്ടായിരുന്നത്. അതൊരു ചെറിയ വേഷമായതുകൊണ്ടാവാം മടിച്ചു മടിച്ചാണ് അനൂപ് മേനോൻ എന്നെ ഫോണിൽ വിളിച്ചത്.

‘ചെറുതാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട റോളാണ്. നന്ദുച്ചേട്ടൻ തന്നെ ചെയ്യണം.’

അനൂപിന്റെ അഭ്യർത്ഥന ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു. ചെറുതാണെങ്കിലും വലുതാണെങ്കിലും എനിക്കതൊരു വിഷയമേയല്ല. എനിക്കു ചെയ്യാൻ കഴിയുന്നത് ഞാൻ സന്തോഷത്തോടെ ചെയ്യും.”

ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത ആ സ്വരത്തിൽ നിഴലിക്കുന്നത് ഞാൻ കണ്ടു.

“തിരക്കഥാകൃത്ത് എന്നെ വിളിച്ചു. ഡയലോഗ് വായിച്ചു കേൾപ്പിച്ചു. ഒറ്റ ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ഞാൻ മടങ്ങിപ്പോന്നു. എങ്കിലും പ്രതിഫലത്തുക കൈപ്പറ്റാൻ പ്രൊഡ്യൂസറുടെ നിർബന്ധം കാരണം അവരെന്നെ വിളിച്ചു കൊണ്ടേയിരുന്നു.

അതിനിടയിലാണ് വയനാട്ടിലെ ഒരു ആദിവാസിക്കോളനിയിൽ നിന്ന് എനിക്കൊരു ഫോൺ വന്നത്. ഷൂട്ടിംഗിന് പോയപ്പോൾ പരിചയപ്പെട്ട ഒരാദിവാസിപ്പെൺകുട്ടിയാണ്. ആ കോളനിയിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ നേടിയ വിരലിലെണ്ണാവുന്നവരിൽ ഒരാൾ! സ്വയം പരിചയപ്പെടുത്തിയ ശേഷം അവൾ പറഞ്ഞു,

‘സർ എന്റെ അനിയത്തിയെ പഠിപ്പിക്കാൻ എന്നെ ഒന്നു സഹായിക്കാമോ? ഫീസടയ്ക്കാൻ നിവൃത്തിയില്ലാതെ അവളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. സാറിനെന്തെങ്കിലും ചെയ്യാൻ കഴിയുമോ?’ അവളുടെ വാക്കുകളിലെ ദൈന്യതയും നിസ്സഹായതയും എന്നെ വല്ലാതെ നോവിച്ചു. എന്തെങ്കിലും ചെയ്യണം. വിശദാംശങ്ങൾ അയക്കാൻ പറഞ്ഞ് ഞാൻ ഫോൺ വച്ചു.

പെട്ടന്ന് ഞാൻ ‘മുന്തിരിവള്ളി’യുടെ പ്രൊഡ്യൂസറെ ഓർത്തു. അപ്പോൾത്തന്നെ ഫോണിൽ വിളിച്ചു.

‘നിങ്ങളുടെ പടത്തിൽ വേഷമിട്ടതിന് നിങ്ങൾ എനിക്കു നൽകാനാഗ്രഹിക്കുന്ന തുക ഈ പെൺകുട്ടിക്കു കൊടുത്തോളൂ.’ അടുത്ത ദിവസം തന്നെ അവളുടെ അക്കൗണ്ടിലേക്ക് അവൾക്കാവശ്യമുള്ള പണം അയയ്ക്കപ്പെട്ടു. അവളുടെ ജീവിതം മുന്തിരിവള്ളികൾ പോലെ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ.”

അതു പറഞ്ഞു നിർത്തുമ്പോൾ നന്ദുവിന്റെ മിഴികളിൽ ആത്മസംതൃപ്തിയുടെ ഒരായിരം ദീപങ്ങൾ തെളിഞ്ഞു കത്തുന്നത് ഞാൻ കണ്ടു.

“ഫാദർ… എനിക്കു കിട്ടിയ ചെറിയൊരു പ്രതിഫലം കൊണ്ട് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതം വീണ്ടും തളിർക്കുമെങ്കിൽ ആ പ്രതിഫലത്തിന്റെ മൂല്യം നമുക്കു കണക്കു കൂട്ടാൻ കഴിയുമോ?

നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തിയുടെ ആ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങൾ നഷ്ടപ്പെട്ട് വിസ്മയത്തോടെ ഞാനിരുന്നു. ഇയാളാണ് ശരിക്കും താരം!

ഫാ. ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.