പാവങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന പട്ടുവം സിസ്റ്റേഴ്സിനൊപ്പം ഒരു യാത്ര 

സി. സൗമ്യ DSHJ

പാവങ്ങളുടെ ഇടയിൽ പ്രവർത്തിക്കുവാൻ, അവരില്‍ ഒരാളായി മാറിക്കൊണ്ട് ജീവിക്കുവാൻ തയ്യാറായ സന്യാസിനിമാര്‍. അതാണ് ദീനദാസി സന്യാസിനികൾ (DSS). പേര് സൂചിപ്പിക്കുന്നതുപോലെ ജീവിതത്തിലും എളിമയുടെ ശൈലി കാത്തുസൂക്ഷിക്കുന്നവര്‍. ക്രിസ്തുവിനെ മാത്രം അനുധാവനം ചെയ്യാനുള്ള ദർശനങ്ങൾ ഉള്ളിൽ പേറിക്കൊണ്ട് ജീവിക്കുന്ന ഇവർ കാലത്തിന്റെ ചില ഓർമ്മപ്പെടുത്തലുകളും അടയാളങ്ങളുമാണ്. വൈകല്യങ്ങളെ ശാപമായി കാണാതെ, പ്രതീക്ഷയോടെ ജീവിക്കുവാന്‍ ഈ സന്യാസിനിമാരുടെ സേവനങ്ങള്‍ അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു. ഇവരുടെ പ്രവർത്തനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

മിഷന്‍ പ്രദേശങ്ങളിലെ സേവനം  

പഞ്ചാബില്‍ ദീനദാസി സന്യാസിനികള്‍ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2010 -ൽ ആണ്. ജലന്ദർ രൂപതയിലെ ഗുരുദാസ്പൂരിൽ മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യബാച്ചിലെ അംഗമായിരുന്നു സിസ്റ്റർ നിമ്മി. മൂന്ന് സന്യാസിനിമാർ ആണ് ആദ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബില്‍ എത്തിയത്. പാവപ്പെട്ട വില്ലേജുകളിലെ വീടുകളിൽ അവർ കയറിയിറങ്ങി. അവരെ ചെറിയ ചെറിയ പ്രാർത്ഥനകൾ പഠിപ്പിച്ചു. വിശ്വാസപരമായ വളർച്ചയ്ക്കായിരുന്നു ആദ്യം മുൻ‌തൂക്കം നൽകിയത്. സിസ്റ്റര്‍ തന്റെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു തുടങ്ങി…

ഗുരുദാസ്പൂരിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്ററുകൾ അകലെയുള്ള പഠാൻകോട്ട് എന്ന സ്ഥലത്ത് ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ സഹായിക്കുന്ന ഒരു സെന്ററിന് ആരംഭം കുറിച്ചിരുന്നു. അവരുടെ കൂടെ നാലോളം ബധിരരും മൂകരുമായ കുട്ടികളും ഉണ്ടായിരുന്നു. ഇവരെ എങ്ങനെ പരിശീലിപ്പിക്കണമെന്നോ പഠിപ്പിക്കണമെന്നോ അറിഞ്ഞുകൂടാത്ത അവസ്ഥ. സിസ്റ്റർ നിമ്മി, ഹിയറിങ് ആൻഡ് ലേർണിംഗ് കോഴ്സ് കഴിഞ്ഞതിനാൽ ഇത്തരം കുട്ടികളെ മുൻപ് പരിശീലിപ്പിച്ച് ശീലമുണ്ടായിരുന്നു. ഒപ്പം ആംഗ്യഭാഷയിൽ സംസാരിക്കുവാനും സാധിക്കും. അങ്ങനെ ബധിര-മൂക കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഈ സെന്ററിൽ സിസ്റ്റർ നിമ്മി ആഴ്ചയിൽ മൂന്നു ദിവസം വരുവാൻ തുടങ്ങി.

ശാരീരിക വൈകല്യങ്ങളെ ശാപമായി കണ്ട ആളുകള്‍

“ഞങ്ങൾ അവിടെയുള്ള ഗ്രാമങ്ങൾ സന്ദർശിച്ചതിന്റെ ഫലമായി അവിടെ ബധിരരും മൂകരുമായ കുട്ടികൾ ഒരുപാടുപേർ ഉണ്ടെന്ന് മനസിലായി. വൈകല്യമുള്ള കുട്ടികളെ കുടുംബത്തിൽ ഒരു ശാപമായി കണക്കാക്കിക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു അവിടെയുള്ളത്. ഇവരോട് സംസാരിക്കുവാൻ മാതാപിതാക്കൾക്ക് പോലും അറിഞ്ഞുകൂടാത്ത അവസ്ഥ. പൊതുവെ വിദ്യാഭ്യാസമില്ലാത്ത ഈ മാതാപിതാക്കൾക്ക് വിദ്യാഭ്യാസത്തിന്റെ മൂല്യം പകർന്നു കൊടുക്കുക എന്നതായിരുന്നു വളരെ അത്യാവശ്യം. അതിനായിട്ടായിരുന്നു ഞങ്ങളുടെ അടുത്ത പരിശ്രമം.” – സിസ്റ്റർ നിമ്മി പറയുന്നു.

പ്രതീക്ഷ പകര്‍ന്ന് സന്യാസിനിമാര്‍

ബധിരരും മൂകരുമായ ഈ കുട്ടികളെ പരിശീലിപ്പിക്കാനും വിദ്യാഭ്യാസം കൊടുക്കുവാനും സാധിക്കുമെന്ന് അവരുടെ മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി. അതിനായി പരിശീലിപ്പിക്കുന്ന ഈ സെന്ററിനെക്കുറിച്ച് പരിചയപ്പെടുത്തുകയും അവർക്ക് വീട്ടിൽത്തന്നെ കൊടുക്കേണ്ട പരിശീലനങ്ങളെ കുറിച്ച് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഈ ബോധ്യപ്പെടുത്തലുകൾ വെറുതെയായില്ല. മാതാപിതാക്കൾ വൈകല്യമുള്ള  മക്കളെ സ്‌കൂളുകളിൽ അയക്കാൻ തുടങ്ങി. അങ്ങനെ ആംഗ്യഭാഷയിൽ ഈ കുട്ടികൾക്ക് പരിശീലനം കൊടുത്തുതുടങ്ങി. ഒപ്പം മാതാപിതാക്കൾക്ക് പ്രതീക്ഷയും ഏറി. തങ്ങളുടെ മക്കളേയും പഠിപ്പിക്കാനാവുമെന്ന പ്രതീക്ഷ അവരില്‍ നിറഞ്ഞു.

മദര്‍ പേത്രയിലൂടെ തുടക്കം കുറിച്ച സമൂഹം

ജർമ്മനിയിൽ ഉർസുലൈൻ സന്യാസിനീ സഭയിലെ ഒരംഗമായിരുന്ന സിസ്റ്റർ മരിയ പേത്ര, അദ്ധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാലഘട്ടം. 1965 -ലെ ഒരു അവധിക്കാലത്ത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ റോഡേയുമായുള്ള കൂടിക്കാഴ്ച ഒരു മിഷനറിയാകുവാൻ ആഗ്രഹിച്ച് കാത്തിരുന്ന സി. പേത്രയുടെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായി. അങ്ങനെ കോട്ടയം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർത്ഥിനികൾക്ക് പരിശീലനം നൽകാൻ 1966 ജൂൺ 27 -ന് കേരളത്തിന്റെ മണ്ണിലെത്തി. മൂന്നു വർഷത്തേക്ക് ആണ് ഇവർ എത്തിയത്.

ദരിദ്രര്‍ക്ക് തുണയേകാന്‍ സന്നദ്ധരായി  

ഈ കാലയളവിൽ കേരളത്തിന്റെ ഗ്രാമ പ്രദേശങ്ങളിലെ ദൈന്യതയും പട്ടിണി പാവങ്ങളുടെ കഷ്ടതകളും നേരിട്ട് കണ്ടുമനസിലാക്കുന്നതിന് നിരവധി അവസരങ്ങൾ സിസ്റ്ററിന് ഉണ്ടായി. തന്റെ ചുറ്റുമുള്ള ദരിദ്രരിൽ ഒരാളായി ജീവിക്കുവാൻ സിസ്റ്റർ പേത്ര ആഗ്രഹിച്ചു. അവർക്ക് സ്വാന്ത്വനവും ആശ്വാസവും പകരുകയാണ് തന്റെ വിളിയെന്ന് താമസിയാതെ ഈ സമർപ്പിതയ്ക്ക് മനസിലായി. അങ്ങനെ ദരിദ്ര സേവനം മുഖമുദ്രയാക്കിയും ലാളിത്യവും കഠിനാധ്വാനവും ജീവിത ശൈലിയുമാക്കിയുമുള്ള ഒരു സന്യാസിനി സഭയ്ക്ക് രൂപം കൊടുക്കുകയെന്ന തന്റെ സന്യാസ ദർശനം അന്നത്തെ കോഴിക്കോട് രൂപതാധ്യക്ഷൻ ആൽദോ മരിയ പത്രോണി പിതാവിന്റെയും പട്ടുവം ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ലീനസ് സുക്കോളച്ചന്റെയും സാന്നിധ്യത്തിൽ 1969 ജൂൺ ഒന്നാം തിയതി ദീന സേവന സഭയ്ക്ക് ആരംഭം കുറിച്ചു. കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള പട്ടുവത്താണ് ഈ കോണ്‍ഗ്രിഗേഷന്റെ തുടക്കം. ആദ്യം എട്ട് പെണ്‍കുട്ടികള്‍ ആണ് സഭയില്‍ അര്‍ത്ഥിനികളായി ചേര്‍ന്നത്.

പെട്ടെന്ന് വളര്‍ന്നു പന്തലിച്ച ഒരു സമര്‍പ്പിത സമൂഹം  

വളരെ പെട്ടെന്നായിരുന്നു ഈ സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ച. ഏഴ് വര്‍ഷംകൊണ്ട് ആരും എത്തിപ്പെടാത്ത ഗ്രാമ പ്രദേശങ്ങളില്‍ ഇരുപതോളം സന്യാസ ഭവനങ്ങള്‍ ആരംഭിച്ചു. സന്യാസിനിമാരുടെ എണ്ണം 346 ആയി. പുറം ലോകം അവജ്ഞയോടെ കാണുന്ന കുഷ്ടരോഗികളേയും പാർശ്വവത്ക്കരിക്കപ്പെട്ടവരേയും ഇവർ കാരുണ്യത്തോടെ ശുശ്രൂഷിച്ചു. അവരിൽ യേശുവിന്റെ മുഖം ദർശിച്ചുവേണം ശുശ്രൂഷിക്കുവാൻ എന്നായിരുന്നു മദർ പേത്ര പറഞ്ഞിരുന്നത്. ദൈവദാസി മദർ പേത്രയുടെ പാത പിന്തുടർന്നുകൊണ്ട് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അമേരിക്ക ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലും ദീനദാസികൾ എന്നറിയപ്പെടുന്ന ഈ സന്യാസിനിമാർ തങ്ങളുടെ ശുശ്രൂഷകൾ നിറവേറ്റുന്നു.

ശുശ്രൂഷാ മേഖലകൾ

പാവപ്പെട്ട സ്ത്രീകൾക്ക് ജോലിക്കു പോകുവാനായി അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കിന്റർ ഗാർഡൻ, വർക്ക് ഷോപ്പ്, കാർപെന്ററി, തയ്യൽ പരിശീലന കേന്ദ്രങ്ങൾ, മാതൃ-ശിശു സംരക്ഷണ പദ്ധതികൾ, സ്വയം തൊഴിൽ പദ്ധതികൾ, ഡയറി, പോൾട്ടറി ഫാമുകൾ, അനാഥർ, പ്രായമായവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, അവിഹിത മാതാക്കൾ, നവജാത ശിശുക്കൾ തുടങ്ങിയവർക്കുള്ള സംരക്ഷണ കേന്ദ്രങ്ങളും കുഷ്ടരോഗികൾക്കും ആസ്മാ, കാൻസർ, ക്ഷയം തുടങ്ങിയ രോഗത്താൽ വലയുന്നവർക്കും വേണ്ടിയുള്ള ശുശ്രൂഷകളുമെല്ലാം മദർ പേത്രയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചകളാണ്.

ഇന്ന് ദീനദാസി സന്യാസിനികളുടെ സേവന മണ്ഡലം

ഇന്ന് ഈ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചിട്ട് 51 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് പ്രൊവിൻസുകളായും ഒരു വൈസ് പ്രൊവിൻസായും ഈ സന്യാസിനീ സമൂഹം വളര്‍ന്നിരിക്കുന്നു. നൂറോളം സന്യാസ സമൂഹങ്ങളിലായി 615 ഓളം സമർപ്പിതരുണ്ട്. ഇന്ത്യയിൽ മാത്രം പതിനഞ്ചോളം സംസ്ഥാനങ്ങളിലായി അൻപത് മഠങ്ങൾ. വിദ്യാഭ്യാസം തീരെയില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ഇവര്‍ക്ക് സ്കൂളുകള്‍ ഉള്ളൂ. ബാക്കിയുള്ളവയൊക്കെ സമൂഹത്തിൽ നിന്നും മാറ്റി നിറുത്തപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും വൈകല്യങ്ങൾ ഉള്ളവരെയും സഹായിക്കുന്ന ഹോമുകൾ ആണ്.

കേരളത്തിലെ പട്ടുവത്ത്, വിവാഹം കഴിക്കാതെ ഗർഭിണികളാകുന്നവരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനവും ഇവർക്കുണ്ട്. പ്രസവത്തിന് ശേഷം കുട്ടികളെ മിക്കവരും ഈ സെന്ററിൽ നൽകിയിട്ട് പോകും. അതോടൊപ്പം തിരുവനന്തപുരത്ത്  ജയിലിൽ നിന്നും മോചിതരാകുന്ന, ആരുമില്ലാത്ത സ്ത്രീകളെ സംരക്ഷിക്കാനും ജോലിക്കായി അവരെ പരിശീലിപ്പിക്കാനും സഹായിക്കുന്ന ഒരു സെന്ററും ഇവർ നടത്തുന്നുണ്ട്. അങ്ങനെ കാലഘട്ടത്തിന്റെ ആവശ്യം കണ്ടറിഞ്ഞു പാവപ്പെട്ടവരുടെ ഇടയിലേക്കും അവഗണിക്കപ്പെട്ടവരിലേക്കും ഈ സന്യാസിനിമാര്‍ ഇറങ്ങിച്ചെല്ലുന്നു. അനേകര്‍ക്ക് പ്രതീക്ഷ പകരാന്‍, ജീവിക്കാനുള്ള പ്രേരണ നല്‍കാന്‍, തനിച്ചല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍…ഇവര്‍ ലോകത്തിലെ കെടാത്ത വഴിവിളക്കുകള്‍ തന്നെയാണ്.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.