അനേകർക്ക്‌ അന്നമായി ‘ആക്ഷൻ ഹീറോ ബിജു’ 

സി. സൗമ്യ DSHJ

“ബിജു ചേട്ടനോട് പറഞ്ഞാൽ നമുക്ക് ചോറ് കിട്ടും അമ്മേ” ആ രണ്ടു വയസുകാരന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം, അവന് ഉറപ്പായിരുന്നു അമ്മയല്ലാതെ മറ്റാരുമില്ലാത്ത തനിക്ക് വിശപ്പ് മാറ്റാൻ ബിജു എന്ന ഓട്ടോ ഡ്രൈവർക്കാകുമെന്ന്. പാവപ്പെട്ടവർക്ക് അന്നമായും മരുന്നായും അത്താണിയാകാൻ ദൈവം ഭൂമിയിൽ കരുതിവച്ച വ്യക്തിയായിരുന്നു കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉളിക്കൽ സ്വദേശി ബിജു മാണിയ്ക്കത്താൻ.

‘ദൈവപൈതൽ’ എന്ന് പേരിട്ടിരിക്കുന്ന തൻ്റെ ഓട്ടോയിൽ ഭക്ഷണമില്ലാത്ത അനേകർക്ക്‌ ഭക്ഷണ കിറ്റ് എത്തിച്ചു കൊടുക്കുന്ന ബിജു അനേകരുടെ ജീവിതത്തിലെ വിശപ്പിന്റെ ഉത്തരമായിരുന്നു. പാവങ്ങളെ സഹായിക്കാൻ അനേകരുടെ സഹായം തേടുകയും ഒപ്പം അവരുടെ ശ്രദ്ധ അവിടെ എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ തന്റെ ജീവിതം കൊണ്ട് ഇദ്ദേഹം അനേകർക്ക്‌ കൈത്താങ്ങ് ആവുകയാണ് .

ജീവിതം മാറ്റിമറിച്ച പുസ്തകം

നവീൻ ചൗള എഴുതിയ വി. മദർ തെരേസയെക്കുറിച്ചുള്ള ബുക്ക് വായിച്ചു കഴിഞ്ഞപ്പോഴാണ് ബിജുവിന്റെ ജീവിതം മാറിമറിയുന്നത്. വായന തീർന്ന മാത്രയിൽ തനിക്കും എന്തുകൊണ്ട് ഇപ്രകാരം പ്രവർത്തിച്ചു കൂടാ എന്ന് ചിന്തിക്കുവാൻ തുടങ്ങി. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന ബിജു, തൻ്റെ ഇല്ലായ്മകളെ ഓർത്ത് പിന്മാറിയില്ല. തനിക്കുള്ളതിൽ നിന്ന് പങ്കുവയ്ക്കാന്‍ ആരംഭിച്ചു. അങ്ങനെ  ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്നവരെ അന്വേഷിച്ചു കണ്ടെത്തുകയും, ആശുപത്രിയിൽ പോകാൻ സാധിക്കാത്ത രോഗികളെ തൻ്റെ വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു തുടങ്ങി. ഒരു ദിവസം വിശുദ്ധ കുർബാനയില്‍ പങ്കെടുക്കവെ, “പാവങ്ങളെക്കുറിച്ച് ചിന്ത വേണം” എന്നുള്ള, പ്രസംഗത്തിനിടയിലെ വൈദികന്‍റെ വാക്ക് ഇദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്പർശിച്ചു. ഈശോയ്ക്കു വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവയ്ക്കുവാൻ അദ്ദേഹം അന്ന് തീരുമാനിച്ചു.

അർഹരായ വ്യക്തികളെ കണ്ടെത്തി സഹായിക്കാൻ ഇന്ന് അനേകർ ബിജുവിനെ സഹായിക്കുന്നുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഒരു ഒമിനി വാൻ അദ്ദേഹത്തിന് ദാനമായി ലഭിച്ചു. ഒപ്പം അനേക സുമനസ്സുകളുടെ സഹായം ലഭിക്കുന്നുണ്ട്. 300 ഭക്ഷണ കിറ്റുകൾ വരെ അദ്ദേഹം വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുന്നു. ആലക്കോട്, ചെറുപുഴ, കാസർകോഡ്, കോളയാട് എന്നിവിടങ്ങളിൽ ബിജുവിന്റെ ഭക്ഷണപ്പൊതികൾ എത്തുന്നുണ്ട്.

ശക്തി പകർന്ന് വിശുദ്ധ കുർബാന 

“എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ആരംഭിക്കുന്ന തൻ്റെ ജീവിതത്തിന് വേണ്ട ശക്തി ലഭിക്കുന്നത് ബലിയിൽ നിന്നാണ്” – ബിജു പറയുന്നു. അമ്മയും ഭാര്യയും നാല് മക്കളുമുള്ള തന്റെ കുടുംബത്തിൽ ദൈവം ഒന്നിനും കുറവ് വരുത്തിയിട്ടില്ലെന്നും ബിജു തൻ്റെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ഒന്നുമില്ലാത്ത വീടുകളിൽ സാധനങ്ങൾ എത്തിക്കുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയും പ്രാർത്ഥനയും മനസ്സ് നിറയ്ക്കുന്ന അനുഭവമാണ് ബിജുവിന്. അനേകർക്ക്‌ ബിജു മകനാണ്. മറ്റു ചിലർക്ക് അന്നം നൽകുന്ന പിതാവായും സഹോദരനായും ബിജു ജീവിക്കുന്നു. അനേകരുടെ ജീവിതത്തിലെയും മുഖത്തെയും പുഞ്ചിരി മായാതിരിക്കാൻ ബിജു തീക്ഷ്‌ണതയോടെ ഓടിക്കൊണ്ടേയിരിക്കുന്നു.

സി. സൗമ്യ DSHJ