സിറിയയ്ക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്

വിവിധ പ്രതിസന്ധികളാല്‍ വലയുന്ന പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയ്ക്ക് കത്തോലിക്കാ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഭക്ഷണം, ആരോഗ്യ പരിരക്ഷ, ആത്മീയതലത്തിലെ സഹായങ്ങള്‍ തുടങ്ങി ഒരു മില്യണ്‍ പൗണ്ടിന്റെ പദ്ധതികള്‍ക്കാണ് സംഘടന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പോയിലെ നൂറു കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ വാടക, വൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്മര്‍ ക്യാമ്പ്, ഡമാസ്‌കസിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുക തുടങ്ങിയവ സംഘടനയുടെ പദ്ധതികളുടെ ഭാഗമാണ്. ഭവനരഹിതര്‍ക്കും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ജീവിക്കുന്നവര്‍ക്കും സംരംഭത്തിലൂടെ സൗജന്യമായി ഭക്ഷണം നല്‍കുന്നു. ഇതോടൊപ്പം ഒരു സൂപ്പ് കിച്ചണും ചന്തയും നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് സംഘടനക്കുള്ളത്. ഇതിലൂടെ ന്യായമായ തുകയ്ക്ക് അവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് എസിഎന്‍ ആഗ്രഹിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഒരു കോടി 20 ലക്ഷത്തിനു മുകളില്‍ സിറിയന്‍ സമൂഹത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ജനസംഖ്യയുടെ അറുപതു ശതമാനത്തോളം വരുമിത്. അന്താരാഷ്ട്ര തലത്തിലെ ഉപരോധം, സാമ്പത്തിക പങ്കാളിയായ ലെബനോന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍.

തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടി കഴിഞ്ഞ മാസം എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് പിന്തുണയോടെ ക്രിസ്ത്യന്‍ ഹോപ് സെന്റര്‍ എന്ന സംരംഭം ഡമാസ്‌കസില്‍ ആരംഭിച്ചിട്ടുണ്ട്. യുദ്ധം മൂലം ബിസിനസ് അവസാനിപ്പിച്ചവര്‍ക്കും, പുതിയതായി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്കും സാമ്പത്തിക സഹായം ഇവിടെ നിന്ന് ലഭിക്കും. 2011 -ല്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്ന സമയത്ത് 15 ലക്ഷത്തോളം ഉണ്ടായിരുന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ ഇപ്പോള്‍ മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.