കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ കർമ്മലീത്താ സന്യാസിനീ സമൂഹത്തില്‍ നിന്നൊരു സ്നേഹ സമ്മാനം

‘നന്മനേരും അമ്മ…’ എന്ന പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, സംഗീത ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ വായ് കൊണ്ടും കൈകൊണ്ടുമുള്ള ശബ്ദങ്ങളിൽ ഈ ഗാനം ഒന്ന് അവതരിപ്പിച്ചാലോ? ഈ കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ കർമ്മലീത്താ സന്യാസിനിമാർ പരിശുദ്ധ അമ്മയ്ക്ക് അങ്ങനെയൊരു സമ്മാനമൊരുക്കി. അക്കാപ്പെല്ല രീതിയിൽ ഈ ഗാനത്തെ ചിട്ടപ്പെടുത്തിയത് കോതമംഗലം സിഎംസി പാവനാത്മാ പ്രൊവിൻസിലെ ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സും സാജോ ജോസഫ് എന്ന അദ്ധ്യാപകനുമാണ്.

‘നന്മനേരും അമ്മ…’എന്ന ഗാനത്തിന്റെ അക്കാപ്പെല്ല രീതിയിലുള്ള ഒരു സംഗീതാവിഷ്‌ക്കാരം എന്ന ആശയം മുന്നോട്ട് വെച്ചത് സി. ദീപ്തി CMC ആണ്. ഈ ആശയത്തിന് രൂപം കൊടുക്കാൻ പാവനാത്മാ പ്രൊവിൻസിലെ സിസ്റ്റേഴ്സ് മുന്നിട്ടിറങ്ങി. അത് വളരെ വിജയകരമാവുകയും ചെയ്തു. വ്യത്യസ്ത സംഗീത ഉപകരണങ്ങളുടെ ശബ്ദം വായ്കൊണ്ടും കൈകൊണ്ടും അവതരിപ്പിച്ചത് സിസ്റ്റേഴ്സ് തന്നെയാണ്. പല ശബ്ദങ്ങളും സ്റ്റുഡിയോയിൽ തന്നെ റെക്കോർഡ് ചെയ്താണ് 138 -ഓളം ട്രാക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ നാളത്തെ തയ്യാറെടുപ്പുകൾ ഒന്നും ഇതിനായി ഇവർ നടത്തിയില്ല. വെറും ഒന്നരയാഴ്ചക്കുള്ളിൽ ഈ അക്കാപ്പെല്ല പാട്ട് റെഡി.

ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സിന്റെ പങ്കാളിത്വം

ഇരുപത്തിരണ്ടോളം സിസ്റ്റേഴ്സ് പങ്കാളികളായ ഈ സംഗീത വിരുന്നിൽ പരിശുദ്ധ അമ്മയുടെ ഗാനം ആലപിച്ചിരിക്കുന്നത് പ്രധാനമായും സി. മരിയ തെരേസ്, സി. ലിസാ ജോർജ്, സി. ലിന്റ, സി. ജോയൽ എന്നീ നാല് സിസ്റ്റേഴ്സ് ആണ്. ഈ ഗാനത്തിന്റെ ടെക്‌നിക്കൽ കാര്യങ്ങൾ നിർവഹിച്ചത് സി. ദീപ്തി, സി. സാഫല്യ, സാജോ ജോസഫ് എന്നിവരാണ്. ബാക്കിയുള്ള സിസ്റ്റേഴ്സ് സംഗീത ഉപകരണങ്ങളുടെ ശബ്ദം നൽകി.

സാജോ സാറിന്റെ സംവിധാന മികവ്

തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ സാജോ ജോസഫ് ആണ് ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചത്. സംഗീതം പഠിക്കാതെ തന്നെ ഈ ഗാനത്തെ ഇത്രയും മനോഹരമാക്കിയത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. സംഗീതം, ഹാർമണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തിൽ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്.

“പാവനാത്മാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സി. നവ്യാ മരിയയുടെയും കൗൺസിലേഴ്സിന്റെയും മീഡിയ ഹെഡ് ആയ സി. മരിയ ആൻസിയുടെയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ഗാനം ഇത്രയും മനോഹരമാക്കാൻ സഹായകരമായത്” – ഈ ആശയത്തിന്റെ പിന്നണി പ്രവർത്തകയായ സി. ദീപ്തി പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.