അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് 2022-ല്‍ പൂര്‍ത്തിയാകും

സഹിഷ്ണതയ്ക്കും മതസൗഹാര്‍ദ്ദത്തിനും മകുടം ചാര്‍ത്തുന്ന നിര്‍മ്മിതിയായ അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് 2022-ല്‍ പൂര്‍ത്തിയാകുമെന്ന് അധികാരികള്‍ അറിയിച്ചു. യുഎഇ എന്ന രാജ്യത്തിന്റെ പ്രതീകം തന്നെയായി മാറിയേക്കാവുന്ന പ്രോജക്ടാണ് അബുദാബിയില്‍ പൂര്‍ത്തിയാവുന്നത്.

പള്ളിയും മോസ്‌കും സിനഗോഗും ചേരുന്ന ഒരു ആരാധനാസമുച്ചയമാണ് അബ്രഹാമിക് ഫാമിലി ഹൗസ്. പദ്ധതിയുടെ ആദ്യചുവടുകള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും മാനവസൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ അവലോകനം ഇക്കഴിഞ്ഞ ദിവസവും നടക്കുകയുണ്ടായി.

മതസൗഹാര്‍ദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ലോകമാതൃകയായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്. ജൂതന്മാരും മുസ്ലീങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന പഴയനിയമത്തിലെ കഥാപാത്രമായ അബ്രാഹത്തിന്റെ പേരാണ് സമുച്ചയത്തിന് നല്‍കിയിരിക്കുന്നതും.

ഫ്രാന്‍സിസ് പാപ്പാ 2019 ഫെബ്രുവരിയില്‍ അബുദാബി സന്ദര്‍ശിച്ച അവസരത്തില്‍ പരിശുദ്ധ പിതാവും ഗ്രാന്‍ഡ് ഇമാം അഹ്മ്മദ് എല്‍ തായ്ബും ചേര്‍ന്ന് ഒപ്പുവച്ച സാഹോദര്യ ഉടമ്പടിയുടെ കൂടെ ഭാഗമായാണ് മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനും തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.