ഈശോയുടെ മരണഭീതിയുടെ ചാപ്പൽ

ഒരു കാലത്ത് ഭീകരതയുടെ പര്യായമായിരുന്ന ഹിറ്റ്ലറിന്റെ ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിൽ അതിൻ്റെ ഓർമ്മയും അനുസ്മരണവും സജീവമായി നിലനിർത്താൻ നിർമ്മിച്ച ആദ്യത്തെ ആത്മീയ നിർമ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ. (Todesangst-Christi-Kapelle)

1941 ഫെബ്രുവരി നാല് മുതൽ 1945 ഏപ്രിൽ 29 വരെ ദാഹാവിലെ തടങ്കൽപ്പാളയത്തിൽ കഴിഞ്ഞിരുന്ന മ്യൂണികിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഹാന്നസ് ന്യൂഹൗസ്ലറിൻ്റെ (Johannes Neuhäusler) താൽപര്യമാണ് ഈ കത്തോലിക്കാ കപ്പേളയുടെ ഉത്ഭവത്തിനു പിന്നിൽ. മ്യൂണിക്കിലെ ആർക്കിടെക്റ്റ് പ്രൊഫസറായിരുന്ന ജോസഫ് വീഡേമാൻ്റെ (Josef Wiedemann) പ്ലാനിലാണ് ഈ കപ്പേള പണിതിരിക്കുന്നത്. അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് 1960 ഓഗസ്റ്റ് 5 -നാണ് ഈ ആരാധനാലയം ആശീർവദിച്ചത്. തദവസരത്തിൽ 50,000 ത്തോളം വിശ്വാസികൾ ദാഹാവിൽ എത്തിയിരുന്നു.

ഈശോയുടെ മരണഭീതിയുടെ ഈ ചാപ്പൽ ഒരു സിലിണ്ടർ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
13.60 മീറ്റർ ഉയരവും 14.20 മീറ്റർ വ്യാസവുമുള്ള ചാപ്പലിന്റെ പ്രവേശന കവാടം തുറന്നിരിക്കുന്നു. പ്രവേശന കവാടത്തിന് മുകളിൽ 550 കിലോഗ്രാം ഇരുമ്പ് കൊണ്ട് നിർമ്മിച്ച മുള്ളുകളുടെ ഒരു കിരീടമുണ്ട്.

ചാപ്പലിന് മുന്നിൽ ഇടതുവശത്തായി ഒരു സ്മാരകമണിയുണ്ട്. 3,000 കിലോഗ്രാം ഭാരമുള്ള ഈ മണി എട്ട് മീറ്റർ ഉയരമുള്ള ഒരു കൂടാരത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ഓസ്ട്രിയയിൽ നിന്നുള്ള മുൻ തടവുകാരും ഓസ്ട്രിയൻ സർക്കാരും സംഭാവന ചെയ്തതാണ് ഈ മണി. ദാഹാവിലെ തടങ്കൽപ്പാളയത്തിൽ തടവിലാക്കപ്പെട്ട ഇൻ‌സ്ബ്രൂക്കിൽ നിന്നുള്ള ശില്പി എമറിക് ഹോർണിച്ചിൻ്റെ (Emmerich Hornich) നിർദ്ദേശപ്രകാരം ഇൻ‌സ്ബ്രൂക്കിലെ ഗ്രാമയർ കമ്പനിയാണ് ഇത് സ്മാരക മണി നിർമ്മിച്ചിരിക്കുന്നത്. 1961 ജൂലൈ 22 -ന്‌ ഷ്ലിയർ‌ബാഹിലെ ആബട്ടായിരുന്ന ബെർ‌തോൾഡ് നിഡെർ‌മോസർ ആണ് ഈ മണി വെഞ്ചിരിച്ചത്. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് മുമ്പ് (2:50) ഈ മണി മുഴങ്ങുന്നു.

ചാപ്പലിൻ്റെ പുറത്ത് ക്രിസ്തുവിന്റെ ഒരു പ്രതിച്ഛായയുണ്ട്. ദഹാവിൽ മരണമടഞ്ഞ പോളീഷ് വൈദീകരുടെ ഓർമ്മയ്ക്കായിട്ട് ബെനഡിക്റ്റ് ടോഫിലാണ് (Benedykt Tofil) ഈ വെങ്കല ശില്പത്തിൽ ശില്പി. പോളിഷ് തടവുകാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് നാലു ഭാഷകളിൽ പോളിഷ്, ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. 1972 ആഗസ്റ്റ് മാസം ഇരുപതാം തീയതി മ്യൂണിക്ക് അതിരൂപതാ ആർച്ചുബിഷപ് ജൂലിയസ് കാർഡിനൽ ഡോപ്നർ, സഹായ മെത്രാൻ യോഹാന്നസ് നൊയ്ഹൗസലർ എന്നിവരുടെ സാന്നിധ്യത്തിൽ ദാഹാവിലെ തടങ്കൽ പാളയത്തിലെ ഭീകരതകൾ അതിജീവിച്ച പോളിഷ് സഹായ മെത്രാൻ കാസിമിയേഴ്സ് മജ്ദാൻസ്കി (Kazimierz Majdański) ആണ് ക്രിസ്തുവിന്റെ പ്രതിച്ഛായയും ഫലകവും അനാച്ഛാദനം ചെയ്തത്. പിൽക്കാലത്ത് മജ്ദാൻസ്കി സ്റ്റെറ്റിൻ-കാമിന്റെ അതിരൂപതയുടെ മെത്രാനായി.

ബലിപീഠത്തിലെ കുരിശും ബെൽ ടവറിലെ കുരിശും രൂപകൽപ്പന ചെയ്തത് മ്യൂണിക്കിലെ ശില്പിയായ ഹെർബർട്ട് ആൾട്ട്മാൻ (1909-1965) ആണ്. ചാപ്പലിലെ ബലിപീഠത്തിന് മുകളിലുള്ള വലിയ തടി കുരിശും ഹെർബർട്ട് ആൾട്ട്മാൻ നിർമ്മിച്ചതാണ്.

സഹിക്കുന്ന മനുഷ്യരോടൊപ്പം കൂടെ സഹിക്കുന്നവനാണ് ദൈവം എന്ന വലിയ സത്യമാണ് ക്രിസ്തുവിൻ്റെ മരണഭീതിയുടെ കപ്പേള നമുക്കു നൽകുന്നത്.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.