അമ്മ അകലെയല്ല – യാത്രയായ അമ്മയെക്കുറിച്ച് മകളുടെ ഓർമ്മകൾ

സുനീഷ നടവയല്‍
സുനീഷ നടവയല്‍

“ഞാൻ തയാറാണ്” – വെന്റിലേറ്ററിനോട് ചേർന്ന Bi PAP മാസ്ക് ഉണ്ടായിരുന്നെങ്കിൽക്കൂടിയും അദ്ദേഹത്തിന്റെ ശബ്ദത്തിന് യാതൊരു വിറയലും ഉണ്ടയിരുന്നില്ല. ആ സമ്മതം നൽകൽ ജീവിതത്തിലേയ്ക്കുള്ളതല്ലായിരുന്നു; മറിച്ച് വെന്റിലേറ്റർ മാറ്റി മരണത്തെ പുല്‍കുന്നതിനുള്ളതായിരുന്നു.

കണ്ണുനീർ പുഞ്ചിരിക്കുന്ന ആ കണ്ണുകൾ കൊണ്ട് അരികിലുണ്ടായിരുന്ന മാതാപിതാക്കളോട് നന്ദി പറഞ്ഞു. മരണശേഷം ഈ ഭാഗവും ഉൾക്കൊള്ളിച്ചുകൊണ്ട് തന്റെ പുസ്തകം പുറത്തിറക്കണമെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചു.

“പോൾ, നിങ്ങളുടെ മരണശേഷം കുടുംബം വല്ലാതെ വിഷമിക്കും. പക്ഷേ, നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യത്തെ ഹൃദയത്തോട് ചേർത്തുവച്ചുകൊണ്ട് തീർച്ചയായും അവരെല്ലാവരും അതിൽനിന്നും മോചിതരാകും.” ഡ്യൂട്ടി ഡോക്ടർ, പോൾ കലാനിധി എന്ന അമേരിക്കൻ ന്യൂറോ സർജനെ ധൈര്യപ്പെടുത്തുകയാണ്. ശ്വാസകോശ കാൻസർ രോഗബാധിതനായി 37-ാം വയസ്സിൽ നിത്യതയിലേയ്ക്ക് യാത്രയായ ഡോ. പോൾ കലാനിധിയുടെ, ‘വെൻ ബ്രത്‌ ബികംസ് എയർ’ (ശ്വാസം കേവലം വായു ആയി മാറുമ്പോൾ – When Breath Becomes Air) എന്ന പുസ്തകത്തിലെ ഭാഗമാണിത്. രോഗവും മരണവും ജീവിതത്തെ എങ്ങനെ നിർവചിക്കുന്നു എന്നുള്ളതിന്റെ ഒരു നേർവിവരണമാണ് അദ്ദേഹത്തിന്റെ ഈ പുസ്തകത്തിലുള്ളത്. അവസാന നിമിഷങ്ങളും കൂട്ടിച്ചേർത്ത് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ലൂസി കലാനിധിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ജീവിച്ചിരിക്കുന്ന നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന തിരിച്ചറിവാണ് ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കുവാൻ സഹായിക്കുന്നത്. മരണം മൂലം നമ്മിൽ നിന്നും വേര്‍പിരിഞ്ഞുപോയ വിശ്വാസികളെ പ്രത്യേകമാംവിധം ഓർക്കുകയും അവർക്കായി പ്രാര്‍ത്ഥിക്കുവാനായുമുള്ള പ്രത്യേക മാസമായാണ് നവംബറിനെ കത്തോലിക്ക സഭ നീക്കിവയ്ക്കുന്നത്. ജീവിതത്തിലെ സഹനങ്ങൾ മരണവും കടന്ന് നിത്യതയിലേയ്ക്കുള്ള ചവിട്ടുപടികളായി മാറുന്നത് എങ്ങനെയെന്നു വിശദമാക്കുന്ന ഒരു ഓർമ്മക്കുറിപ്പാണിത്:

‘അമ്മ ഇല്ലെങ്കിൽ വീടും ലോകവും ഇരുട്ടിലാണെന്നേ തോന്നൂ.’ ചില ഓർമ്മകൾ അങ്ങനെയാണ്, മുഴുവനും കിട്ടില്ല. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ടത്-കാതലായത് നിലനിൽക്കും. അഞ്ചാം ക്ലാസ്സിൽ പഠിച്ച ‘Mother’ എന്ന ഇംഗ്ലീഷ് കവിതയിലെ, അന്നേ മനസ്സിൽ പതിഞ്ഞ ഒരു വരിയാണിത്. ബാക്കിയെല്ലാം മറന്നെങ്കിലും അന്ന് അത് മനസ്സിൽ കുറിച്ചിടുവാൻ കാരണം ഒരു പകൽ, ഒരൊറ്റ പകൽ മമ്മി ഞങ്ങളെ വീട്ടിലാക്കിയിട്ട് മമ്മിയുടെ വീട്ടിൽ പോയ ഓർമ്മയെ ബന്ധപ്പെടുത്തിയാണ്. പിന്നീട് വർഷങ്ങൾക്കിപ്പുറം എന്നന്നേയ്ക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ട് നിത്യതയുടെ വെളിച്ചത്തിലേയ്ക്ക് മമ്മി ഒറ്റയ്ക്കു പോയപ്പോൾ ഇരുട്ടില്‍ അകപ്പെട്ടെന്നു തോന്നിപ്പോയ ചില ദിവസങ്ങളിൽ നിന്നും മോചനം നേടിവരുന്നതേയുള്ളു.

ഒരു മകളെ സംബന്ധിച്ചിടത്തോളം അമ്മയെക്കുറിച്ചുള്ള ഓർമ്മകളെ എഴുതുക പ്രയാസമേറിയ ഒന്നാണ്. കാരണം ജീവിക്കുന്ന ഒരുപാട് ഓർമ്മകളുടെ ഒരു ശൃംഖല തന്നെയുണ്ട് മുമ്പിൽ. മുപ്പത് വർഷക്കാലത്തെ ഓർമ്മകൾ മാത്രമേയുള്ളൂ. അതിൽ ആദ്യത്തെ ഒന്നോ രണ്ടോ വർഷങ്ങൾ ഓർമ്മയിലില്ലായിരുന്നു. എനിക്കൊരു മകൾ പിറന്നപ്പോൾ ആ മറന്നുപോയതിനെ – അമ്മ എന്നാൽ എങ്ങനെ ആയിരിക്കണമെന്ന് – എന്നെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കാണിച്ചുതന്നിരുന്നു മമ്മി.

കുഞ്ഞുന്നാള്‍ മുതലേ മമ്മി എന്നും വലിയ ഒരു ക്രിട്ടിക് ആയിരുന്നു. എന്നും കുരിശുവര കഴിഞ്ഞ് രാത്രിയിൽ കുറച്ചുസമയം പപ്പയും മമ്മിയും അച്ചാച്ചനും (സഹോദരൻ) ഞാനും കൂടി കളിതമാശകൾ പറയാറുണ്ടെങ്കിലും ഞങ്ങൾ മക്കളെ സംബന്ധിച്ച് അല്പം പേടിയുള്ള സമയം കൂടിയാണത്. കാരണം, അന്നേ ദിവസം ചെയ്ത എല്ലാ കുഴപ്പങ്ങൾക്കും വേണ്ടുന്ന ഉപദേശങ്ങൾ കിട്ടുന്ന ‘സീറോ അവർ (Zero Hour – ഈ മണിക്കൂറാണ് ഇന്ന് പല കുടുംബങ്ങളിലും ഇല്ലാതെ പോകുന്നതും) ആയിരുന്നു അത്. ചിലപ്പോൾ ചെയ്ത ചെറിയ തെറ്റുകൾക്ക് ഒരു തല്ലു കിട്ടുകയായിരുന്നു ഇതിനേക്കാൾ ഭേദമെന്ന് ബാല്യത്തിന്റെ ക്ഷമയില്ലായ്മയിൽ പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ‘ഇനി മേലാൽ’ എന്നുള്ള ആ ഉപസംഹാരത്തിന് അപാരശക്തിയുമായിരുന്നു. അതു പേടിച്ച് ഇനിമേലാൽ ഒന്നും ചെയ്യില്ലെന്ന് അന്നത്തോടുകൂടെ തീരുമാനിക്കും. അതായിരുന്നു അമ്മനിരൂപണത്തിന്റെ ആ ശക്തിയും നിര്‍ബന്ധവും. പ്രാർത്ഥനയിലും വേദപഠനത്തിലുമൊക്കെ നിർബന്ധ നിഷ്ഠകൾ ഉണ്ടായിരുന്നത് അങ്ങനെ ഞങ്ങൾക്കും പകർന്നുതന്നു. എല്ലാം ദൈവത്തോട് പറഞ്ഞാൽ മതിയെന്ന് എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെയും മമ്മി അത് പാലിച്ചു കാണിച്ചുതരികയും ചെയ്തിരുന്നു.

‘Perfection’ എന്ന പദം മമ്മിക്കുവേണ്ടി ഉണ്ടാക്കിയതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അടുക്കളപ്പണികൾ പഠിക്കേണ്ട കാലമായപ്പോൾ അടിച്ചുവാരലും കരിക്കലം കഴുകലുമായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളികൾ. കാരണം ഈ രണ്ട് പണികളും എന്നെക്കൊണ്ട് മമ്മി ചെയ്യിച്ചതിന് കൈയും കണക്കുമില്ലായിരുന്നു. ആദ്യം അടിച്ചുവാരും, പിന്നെ മമ്മിയുടെ ഒരു വരവുണ്ട് – ഇൻസ്‌പെക്ഷൻ. മുക്കും മൂലയും ചേർത്തടിച്ചിട്ടില്ല… ഇതുപോരാ, ഒന്നുകൂടി സമയമെടുത്തു ചെയ്യൂ… എന്നൊക്കെ പറയും. അതുപോലെ കലം കഴുകൽ, ഉള്ള ആരോഗ്യമൊക്കെയെടുത്ത് കഴുകിക്കൊണ്ടു വരുന്ന കലത്തിലെ കരി പോയിട്ടില്ലെന്നു പറഞ്ഞ് അത് പോകുന്നതുവരെ വീണ്ടും വീണ്ടും കഴുകിക്കും. കുഞ്ഞുമനസ്സിൽ അന്നുണ്ടായിരുന്ന വിതുമ്പലുകൾ പിന്നീട് വർഷങ്ങൾക്കിപ്പുറം മറ്റൊരു വീട്ടിലെ മകളായി മാറിയപ്പോൾ അന്ന് അങ്ങനെ കഴുകിയതിനും അടിച്ചുവാരിയതിനുമൊക്കെ ഗുണമുണ്ടായത് അനുഭവിച്ചറിഞ്ഞയാളാണ് ഞാൻ. കാരണം, എന്തു ചെയ്താലും അതിനു പിന്നാലെ നടക്കാൻ മറ്റാരെയും വരുത്തരുതെന്ന മമ്മിയുടെ ആ വലിയ നിർബന്ധം എങ്ങനെയോ അറിയാതെ എനിക്കും കിട്ടി.

അങ്ങനെയുള്ള ഒരുപാടൊരുപാട് ചെറിയ വലിയ ഗുണങ്ങളുടെ ആകെത്തുകയാണ് മമ്മി. വീട്ടിലേയ്ക്ക് വരുന്നവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി രുചികരമായ ഭക്ഷണം തയാറാക്കി, അവർ അത് കഴിച്ചുകഴിയും വരെയും കൂടെനിന്ന് നിറയെ കഴിപ്പിക്കുന്ന നല്ലൊരു ആതിഥേയ ആകാൻ മമ്മി ഞങ്ങളെ പഠിപ്പിച്ചു. അപാരമായ കൈപ്പുണ്യമുണ്ടായിരുന്നു മമ്മിക്ക്. സ്നേഹം നിറച്ചു പാചകം ചെയ്യുമ്പോൾ ഒരു മുളകുചമ്മന്തിക്കുപോലും വലിയ രുചിയുണ്ടാകുമെന്ന ആ രഹസ്യം, ഒരു മനഃശാസ്ത്രവും അറിയാത്ത മമ്മിക്ക് നന്നായിട്ടറിയാമായിരുന്നു.

എത്ര വയ്യാതായാലും ഞങ്ങൾക്കുള്ള ഭക്ഷണവും, അതുപോലെ എല്ലാ ആവശ്യങ്ങളും വീടിന്റെ വൃത്തിയും മമ്മി കൃത്യമായി പാലിച്ചുപോന്നു. അതുകൊണ്ടു തന്നെ മമ്മിയുടെ വയ്യായ്കകളെ പലപ്പോഴും ഞങ്ങൾ സ്ഥിരം കേൾക്കുന്ന ഒരു പാട്ടുപോലെ മനഃപാഠമാക്കിയെങ്കിലും അതിലെ സംഗതികളെയോ ശ്രുതിവ്യത്യാസങ്ങളെയോ ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങൾക്കുവേണ്ടി സ്വയം ഉരുകിത്തീർന്ന മെഴുകുതിരി ഇടയ്ക്കുവച്ച്, അതിന്റെ പ്രകാശത്തിന്റെ തീവ്രതയ്ക്കുണ്ടായ കുറവിനെ കണ്ടപ്പോൾ മാത്രമാണ് എന്തോ കുഴപ്പമുണ്ടെന്നു ഞങ്ങൾക്കും തോന്നിത്തുടങ്ങിയത്.

ഭർത്താവും മക്കളും കൊച്ചുമക്കളും പള്ളിയും മാത്രമായി ചുറ്റിപ്പറ്റി ജീവിച്ചിരുന്ന മമ്മിയുടെ ലോകം ഇടയ്ക്കുവച്ച് ആശുപത്രിയിലേയ്ക്കും കൂടി നീട്ടപ്പെട്ടു. പലപല അസുഖങ്ങളും ബുദ്ധിമുട്ടുകളും മാറിമാറി വരുമ്പോൾ മമ്മിയുടെ ശരീരത്തിൽ അർബുദകോശങ്ങൾ പടരുന്ന വിവരം ഒരിക്കൽപ്പോലും ഞങ്ങളറിഞ്ഞിരുന്നില്ല. ചിന്തകളിൽ പോലുമില്ലാതിരുന്ന ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ ഛർദിയുടെയും മറ്റ്‌ അസ്വസ്ഥതകളുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സ്കാനിങ്ങിലൂടെ മനസ്സിലായത്, പാൻക്രിയാറ്റിക് കാൻസർ നാലാം ഭാവത്തിൽ എത്തിയെന്നാണ്.

ജീവിതമാകെ അവസാനിക്കാവാൻ പോകുന്നു എന്നൊക്കെ തോന്നിയ ദിവസങ്ങൾ, അങ്ങനെയൊന്നുമല്ലായിരിക്കും എന്ന് വെറുതേ വിശ്വസിച്ചുനടന്ന ദിവസങ്ങൾ, കുറച്ചുകൂടി മുമ്പ് ശ്രദ്ധിച്ചിരുന്നെങ്കിൽ മാറിയേനെ എന്നോർത്ത് പശ്ചാത്തപിച്ച ദിവസങ്ങൾ, നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് മമ്മിയോട് പറയണോ വേണ്ടയോ എന്നുപോലും അറിയാതെ അർദ്ധബോധാവസ്ഥയിൽ തള്ളിനീക്കിയ കുറച്ചു ദിവസങ്ങൾ…

ഒടുവിൽ വിവരമറിയിച്ചപ്പോൾ ഇതുവരെ കാണിക്കാത്ത ഒരു പ്രത്യേക ധൈര്യം കാണിച്ച മമ്മിയെ അത്ഭുതത്തോടെ ഞാൻ പോലും നോക്കിനിന്നു പോയി. കാരണം, വേദനകളെ മമ്മിക്ക് എന്നും ഭയമായിരുന്നു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന കൊടിയ വേദനകളെയും വിഷമതകളെയും കുറിച്ചുള്ള സൂചനകളെ പുഞ്ചിരിയോടെ നേരിടുവാൻ മമ്മി കാണിച്ച ധൈര്യം എവിടുന്നാണെന്ന് എനിക്കിപ്പോഴും അഗ്രാഹ്യമാണ്. “ദൈവം അറിയാതെ ഒന്നും വരില്ല, നിങ്ങളൊക്കെ തീരെ ചെറുതായിരുന്നപ്പോൾ എന്നെ തളർത്തിക്കളഞ്ഞില്ലല്ലോ, ഇനി ഞാൻ എന്തിനാ പേടിക്കുന്നത്” എന്നുപറഞ്ഞ് ഞങ്ങൾക്ക് ധൈര്യം തരികയായിരുന്നു മമ്മി ചെയ്തത്.

എങ്കിലും ഓടിനടന്നുകൊണ്ടിരുന്ന ഒരാളെ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടതുപോലെയായിരുന്നു ഞങ്ങൾക്കു തോന്നിയത്. കാരണം വെറുതേ ഒന്നിരിക്കുന്നതുപോലും കണ്ടിട്ടില്ലാത്ത മമ്മി എല്ലാത്തിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്തതുപോലെ ഒരു തോന്നൽ. എങ്കിലും ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും തുടരെത്തുടരെയുള്ള ഛർദ്ദിയുമെല്ലാം ആരോഗ്യപരമായും മാനസികപരമായും ഞങ്ങളെ തളർത്തിയെങ്കിലും മമ്മിയുടെ പ്രതീക്ഷ കാണുമ്പോൾ ഞങ്ങളും പഴയ മമ്മിയെ തിരിച്ചുകിട്ടുമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നടവയൽ സെന്റ് ആൻസ് ഹോസ്പിറ്റലിലെ മമ്മിയുടെ സ്ഥിരം മുറിയിൽ നിന്നും പുറത്തേയ്ക്കു നോക്കിയാൽ മഠത്തിലെ പൂന്തോട്ടവും ഫലവൃക്ഷങ്ങളും കാണുവാൻ സാധിക്കുമായിരുന്നു. കിടന്നു മടുക്കുമ്പോൾ പതിയെ കിടക്ക ഉയർത്തിവച്ച് പുറത്തേയ്ക്ക് കണ്ണുകൾ പായിക്കുമ്പോൾ തനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കളെയും പ്രകൃതിയുടെ ഭംഗിയേയുമെല്ലാം മനസ്സുകൊണ്ട് തിരഞ്ഞുപിടിച്ച് ആസ്വദിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

സിസ്റ്റർമാർ ഇടയ്ക്കിടെ വന്ന് അവരുടെ പഴയ കഥകളും മറ്റും വിവരിച്ച് ജീവിക്കുവാനുള്ള പ്രതീക്ഷ മമ്മിക്ക് പകർന്നുകൊടുക്കുമ്പോൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു മമ്മി. എങ്കിലും ഉറക്കത്തിൽപ്പോലുമുള്ള ആ വല്ലാത്ത ഛർദ്ദിയെ വരുതിയിൽ നിര്‍ത്തുവാന്‍ മരുന്നിനോ മമ്മിയുടെ മനസ്സിനോ എല്ലാവരുടെയും പ്രാർത്ഥനകൾക്കോ സാധിച്ചില്ല.

ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുന്ന അസ്വസ്ഥതകൾ. മധുരം, പുളി, എരിവ്, ഉപ്പ് പോലുള്ള രുചി പകരുന്ന ഒന്നുമില്ലാതെയുള്ള മലര് കൊണ്ടുള്ള കഞ്ഞിയും വെള്ളവും മാത്രമായി. ശരിയായ ഉറക്കം പോലുമില്ലാതെ ആറു മാസക്കാലം ഈ ഭൂമിയിൽ അതിന്റെ എല്ലാവിധ ദുരിതങ്ങളോടും കൂടിയ ജീവിതം. പക്ഷേ, ഒരിക്കലും ആരോടും ഒരു പരാതിയും പറഞ്ഞതായി ഞങ്ങൾ കേട്ടിട്ടില്ല.

ചിലർക്ക് ജീവിതം പരാതിയുടെയും പിറുപിറുക്കലിന്റെയും മാത്രമാണ്. മറ്റുചിലർക്ക് മനോഹരമായ സംഗീതവും. ഇതിൽ ആദ്യത്തെ രീതിയിൽ ജീവിതത്തെ കാണുന്നവർക്ക് എന്നും വിഷമങ്ങളും ദുരിതങ്ങളും മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാമത്തേതിൽ ഉയർച്ചതാഴ്ചകളുണ്ടാകുമെങ്കിലും അതിമനോഹരമായിരിക്കും. അങ്ങനെ വരുമ്പോഴാണല്ലോ അതിനെ സംഗീതമെന്നു വിളിക്കുന്നതും. കഷ്ടതകൾക്കിടയിലും ജീവിതത്തെ സംഗീതമാക്കുന്നവരെയാണ് നാം മാതൃകയാക്കേണ്ടത്.

എന്നും ഉത്തരവാദിത്വങ്ങളിലും കഷ്ടതകളിലും ഉഴറിയ ജീവിതം

അതിന്റെ ബാക്കിപത്രം പോലെ ഒരു രോഗാവസ്ഥയും. സന്ദർശിക്കുവാൻ വരുന്ന പ്രിയപ്പെട്ടവരെ കാണുവാനുണ്ടായിരുന്ന വൈമുഖ്യത്തിന് മമ്മി കൊടുത്തിരുന്ന ഒരേയൊരു അർത്ഥം ‘അവർ എന്നെ കാണുമ്പോൾ വിഷമിക്കുന്നതു കാണുവാൻ എനിക്ക് പറ്റുന്നില്ല’ എന്നതു മാത്രമായിരുന്നു. ആ ഒരു സ്നേഹത്തിന്റെ ചിന്തയിൽ നമുക്കെന്ത് മറുപടിയാണ് കൊടുക്കുവാനാനുള്ളത്?

ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ നമുക്ക് പരിചിതമാണ്. ഗോലിയാത്തിനെപ്പോലെ വളരെ വലിയൊരു മനുഷ്യനെ തോൽപ്പിക്കുവാൻ ദൈവം തിരഞ്ഞെടുത്തത് ബാലനായ ദാവീദിനെയും. ജീവിതത്തിലെ വലിയ ദുരിതമലകളുടെ മുമ്പിൽ നാം പലപ്പോഴും കൊച്ചുദാവീദുമാരാകുകയാണ് പതിവ്. എങ്കിലും അവിടുന്നിലുള്ള വിശ്വാസത്തിൽ മുറുകെപ്പിടിച്ചാൽ ഏത് ദുരിതത്തിന്റെ വന്മലയും നമുക്ക് എളുപ്പം ഓടിക്കയറുവാൻ സാധിക്കും. ഒരുപാടൊന്നും വലിപ്പവും പ്രായവുമില്ലാത്ത മമ്മിയെ ഇത്രമാത്രം വലിയ കഷ്ടതകളിൽക്കൂടി കടത്തിവിട്ടെങ്കിലും കൊച്ചുദാവീദിനെ പ്രാപ്തനാക്കിയ ദൈവം മമ്മിയെയും അതിനായി  പ്രാപ്തയാക്കി.

വീട്ടിലെ കട്ടിലിൽ കിടക്കുകയാണെങ്കിൽ വീടും പരിസരവുമെല്ലാം അപ്പോഴും മമ്മിയുടെ പരിധിയിൽ വരുന്നതായിരുന്നു. അത് മറ്റൊന്നും കൊണ്ടല്ല, മമ്മിയുടെ സൂക്ഷ്മതയാർന്ന കരങ്ങളും ദൃഷ്ടിയും അത്രമേൽ ചിരപരിചിതമായിരുന്നു അവിടുത്തെ ഓരോ പുൽനാമ്പിനുപോലും. നട്ടുണ്ടാക്കിയ കാന്താരിമുളക് തൈയ്ക്കുപോലും കൃത്യമായി വെള്ളമൊഴിച്ചു പരിപാലിക്കുവാൻ പപ്പയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ചിന്തിച്ചുനോക്കുമ്പോൾ തോന്നുന്നത്, നമ്മളായിട്ട് ഈ ഭൂമിയിലേയ്ക്ക് കൊണ്ടുവന്നതിനെയെല്ലാം ഒരു കുറവും ബുദ്ധിമുട്ടും വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന വലിയ പാൻതേയിക് (Pantheic) ചിന്തയുടെ മറ്റൊരു പതിപ്പ് പോലെയാണ് തോന്നുന്നത്. ഭൂമിയിലുള്ള സകലവും സൃഷ്ടിച്ചതും പരിപാലിക്കുന്നതും അവിടുന്നു തന്നെ. സൃഷ്ടാവിന്റെ അംശം ഈ ലോകത്തിലുള്ള ഓരോന്നിലും നിലനിൽക്കുന്നുണ്ട്. ആ സത്യം നാം മനസ്സിലാക്കുമ്പോഴാണ് പ്രകൃതിയെയും അതിലുള്ള സകലതിനെയും അതിലുപരി നമ്മെത്തന്നേയും സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ബഹുമാനിക്കുവാനും സാധിക്കുക.

എഴുന്നേറ്റ് നടന്ന് എല്ലാം ചെയ്യുമെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുന്നുണ്ടെങ്കിലും എല്ലാവരോടും ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുത്തിരുന്നു അവസാന നാളുകളിൽ. ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഇതുവരെ കണ്ട രോഗികളിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല ഓർമ്മയും ബോധ്യവും മമ്മിക്ക് ഉണ്ടായിരുന്നതിനാൽ എന്തോ ഞങ്ങൾക്കത് വിശ്വസിക്കുവാൻ അല്പം പ്രയാസം തോന്നിയിരുന്നു. അടുത്ത് ചെന്നിരുന്നു ആഗ്രഹിച്ചതുപോലെ ഓരോന്നും ചെയ്തുകൊടുക്കുമ്പോൾ നന്ദിപൂർവ്വം ഹൃദയം തുറന്നുള്ള ഒരു പുഞ്ചിരി സമ്മാനിക്കുമായിരുന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴൊക്കെ തലോടിക്കൊണ്ട് അരികെ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും ഒരു പരാതിപോലും ദൈവത്തോട് പറഞ്ഞുകേട്ടിട്ടില്ല.

വാക്കുകൾ കൊണ്ടുള്ള വെറുമൊരു നന്ദിയെക്കാളുപരി സ്നേഹപൂർവ്വകമായൊരു നോട്ടം കൊണ്ട് ഹൃദയത്തെ നേടുവാൻ സാധിക്കുന്നുണ്ടെകിൽ അത് ജീവിതത്തിന്റെ വലിയൊരു പുണ്യമാണ്. താങ്ക്സ് ഫോർ താങ്ക്സ് ഗിവിങ് (നന്ദി പറയുന്നതിന് നന്ദി) എന്ന പുസ്തകത്തിൽ എഴുത്തുകാരി ജൂലി മാർക്സ് (Juli Markes) പറയുന്നത് ഇപ്രകാരമാണ്: “എവിടെ നിന്നു തുടങ്ങണമെന്നത് വലിയൊരു ചോദ്യമാണ്. എങ്കിലും ജീവിതമെന്നു പറയുന്നത് കൊച്ചുകൊച്ചു സംഗതികളാല്‍ വലിയ സന്തോഷങ്ങൾ നൽകുന്നതാണ്. അതുകൊണ്ട് ഊണുമേശയിലെ ടർക്കി മുതൽ നാം ഉറങ്ങുന്ന കിടക്കകൾ വരെയുള്ള എല്ലാ കാര്യങ്ങളിലും നമുക്ക് നന്ദിയുള്ളവരായിരിക്കാം.” ജീവിതത്തിലെ ഓരോ കാര്യങ്ങളിലും നമുക്ക് നന്ദിയുള്ളവരാകാം.

ഓർമ്മകൾ അതിവേഗം പായുമ്പോഴും വേദനകളുടെയും വിഷമതകളുടെയും മണിക്കൂറുകൾ കടന്നുപോയത് ഏറ്റവും സമയമെടുത്തു തന്നെയായിരുന്നു. അവസാന ദിവസങ്ങൾ ഏറ്റവും ഭാഗ്യം നിറഞ്ഞതും വേദന നിറഞ്ഞതുമായിരുന്നെങ്കിലും തീർച്ചയായും ഞാൻ വിശ്വസിക്കുന്നത് ജീവിതത്തിൽ ഏറ്റവും മഹത്വപ്പെട്ട ദിവസങ്ങളിലൂടെ മമ്മി കടന്നുപോയതായിട്ടാണ്. കാരണം, ഒരു ജീവിതം മുഴുവൻ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചുകൊണ്ട് വേദനകളെ ഏറ്റെടുത്ത ഒരു ജന്മത്തിന് സ്വർഗ്ഗം സമ്മാനിക്കുന്ന ഏറ്റവും നന്മ നിറഞ്ഞ അവസാന ദിവസങ്ങളെ കണ്ട് അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ ഞാനും ഭാഗ്യം ചെയ്ത ഒരു മകളാണ്.

മെയ്‌ 30-ന് മമ്മിയുടെ 53-ാം പിറന്നാളായിരുന്നു. അന്നുതന്നെ മമ്മിയുടെ അമ്മ വീട്ടിൽ വന്നു. മകളുടെ വേദനയിലും വിഷമതയിലും രാത്രി മുഴുവൻ കൂടെക്കിടന്നു, കൂട്ടിരുന്നു. അല്ലെങ്കിലും മറ്റാരെയുംകാള്‍ ഒരു മകളുടെ വേദനയും അതിന്റെ തീവ്രതയുമൊക്കെ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അറിയുവാൻ സാധിക്കുക. സ്വന്തം മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് എന്തെങ്കിലും രോഗമോ അപകടമോ സംഭവിക്കുന്നതിലും ഉപരിയായി മറ്റൊരു വേദനയും അവരുടെ ജീവിതത്തിൽ സംഭവിക്കാനില്ല. നെരിപ്പോടിൽ എരിയപ്പെട്ട രണ്ടു ജീവിതങ്ങൾ; ആ വൃദ്ധ മാതാപിതാക്കളെ സഹതാപത്തോടെ, നിറഞ്ഞ കണ്ണുകളോടെ കാണുവാനേ എനിക്ക് സാധിച്ചിട്ടുള്ളൂ. കാരണം, എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ചെറിയ പനി വരുമ്പോൾപോലും ഞാൻ അനുഭവിക്കുന്ന മനോവേദന എത്രയെന്ന് എനിക്കറിയാം. അപ്പോൾ അവരുടെ വേദനകളുടെ ഭാരം അളക്കുവാൻ ഏത് അളവുകോലെടുക്കും നമ്മൾ?

ജന്മദിനത്തിന്റെ അന്നുതന്നെ പരിശുദ്ധ കുർബാന സ്വീകരിച്ചുകൊണ്ട് ദൈവികസ്നേഹത്തിന്റെ പരിലാളനയും മാതൃസ്നേഹത്തിന്റെ കുളിർമ്മയും അനുഭവിക്കുവാൻ ഒരുപക്ഷേ, രോഗാവസ്ഥയിലായിരിക്കുന്ന അധികമാർക്കും സാധിച്ചിട്ടുണ്ടാകില്ല. വൈദികൻ ചൊല്ലിയ പ്രാർത്ഥനകളുടെ മറുപടിയെല്ലാം ഞങ്ങൾക്കൊപ്പം തന്നെ ചൊല്ലിക്കൊണ്ടിരുന്ന മമ്മിയുടെ വേദനകളും വിഷമതകളുമെല്ലാം പ്രാർത്ഥനയായി തന്നെ നേരിട്ട് സ്വർഗ്ഗത്തില്‍ എത്തിയിട്ടുണ്ടായിരുന്നിരിക്കണം. അതിനുശേഷം, ഞാനിനി ഛർദ്ദിക്കുന്നില്ലെന്നു പറഞ്ഞ് പാത്രം ദൂരേയ്ക്ക് മാറ്റിവച്ചു. ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് സ്വന്തം ശരീരത്തെയും മനസ്സിന്റെ ആജ്ഞാശക്തിയെയും മമ്മി ഞങ്ങൾക്ക് കാണിച്ചുതന്നു. കടുകുമണിയോളമുള്ള വിശ്വാസത്തിന് മലയെ മാറ്റുവാൻ സാധിക്കുമെന്ന് മമ്മി തിരുവചനത്തിൽ വായിച്ച് പലതവണ ഞാനും കേട്ടിട്ടുണ്ട്. ഏതായാലും അതിനുശേഷം മമ്മി ഛർദിച്ചില്ല. പിന്നീട് ഡോക്ടർ പോലും പറയുകയുണ്ടായി, ശരീരം ഉല്‍പാദിപ്പിക്കുന്ന പിത്തരസത്തെ ഒരിക്കലും ശരീരം വിചാരിച്ചാൽ പിടിച്ചുനിർത്തുവാൻ സാധിക്കില്ല എന്ന്. അപ്പോൾ, മമ്മിയുടെ മനസ്സിന്റെ ശക്തി എത്രത്തോളം ഉണ്ടായിരുന്നിരിക്കണം!

പിറ്റേദിവസം തിരികെ മക്കളുടെ അടുത്തേയ്ക്ക് പോകുവാൻ ഏറെ നിര്‍ബന്ധിച്ചതും മമ്മി തന്നെ ആയിരുന്നു. അന്നേദിവസം ഉച്ചയ്ക്കുശേഷം മമ്മിയുടെ അടുത്തിരുന്ന് ഒരുപാട് കാര്യങ്ങൾ പറയുന്നതിനിടയിൽ ‘മമ്മി വയ്ക്കുന്ന മീൻകറി കഴിക്കാൻ കൊതിയുണ്ട് എനിക്ക്. കുറച്ചുനാൾ കഴിഞ്ഞ് വച്ചുതരണം. നോമ്പ് വീട്ടിയിട്ട് ഞാനിതുവരെ മീൻ കഴിച്ചിട്ടില്ല. മമ്മിയല്ലാതെ വേറെ ആരും ഉണ്ടാക്കിയ മീൻകറി ഞാൻ കഴിച്ചിട്ടില്ല’ എന്നുപറഞ്ഞപ്പോൾ ‘വച്ചുതരാം’ എന്ന് ചിരിച്ച് തലയാട്ടിക്കൊണ്ട് എനിക്ക് മറുപടി തന്നു. കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് നെറുകയിൽ ഒരു സ്നേഹചുംബനവും നൽകിയ എന്നോട് തലേദിവസം കുളിച്ചതാണെങ്കിലും മേലൊന്നു തുടച്ചുതന്നിട്ട് ഉടുപ്പും മാറ്റിത്തന്നിട്ട് പോയ്ക്കോളാന്‍ പറഞ്ഞു. ഇന്നലെ കുളിച്ച മമ്മി ഇന്നെന്തിനാ തുടയ്ക്കണമെന്നു പറയുന്നതെന്ന് മനസ്സിലാക്കുവാനുള്ള ഉൾക്കാഴ്ച അപ്പോള്‍ എനിക്കില്ലായിരുന്നു. പക്ഷേ മമ്മിക്ക് അറിയാമായിരുന്നു.

എല്ലാം വെളിപ്പെട്ടു കിട്ടിയതുപോലെ വൃത്തിയുടെ ആശാത്തിയായിരുന്ന മമ്മിയ്ക്ക് അറിയാമായിരുന്നു ഇന്ന് അല്പം വൃത്തി കൂടുതൽ വേണമെന്ന്. തന്റെ മനസ്സുപോലെ തന്നെ ആത്മാവ് ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെടുമ്പോൾ ശരീരവും ഏറ്റവും വൃത്തിയുള്ളതായിരിക്കണമെന്ന്. മാലാഖമാർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നതുപോലെ അവിടുന്ന്, വെറുമൊരു സാധാരണബുദ്ധിയുള്ള എനിക്ക് ഒന്നും വെളിവാക്കി തന്നിരുന്നില്ല.

ജൂൺ മാസം ഒന്നാം തീയതി എന്നും എല്ലാവർക്കും അല്പം വിരഹവും വേദനയും സമ്മാനിച്ചിട്ടുണ്ടാകും. സ്കൂൾ തുറക്കുന്ന അന്ന് മക്കൾക്കും മാതാപിതാക്കൾക്കും കുറച്ചുനേരത്തേയ്ക്കെങ്കിലും വേര്‍പാടിന്റെയും വിരഹത്തിന്റെയും വേദനകളെ സമ്മാനിക്കുന്ന ദിവസം. ഇനിയിപ്പോൾ കലാലയത്തില്‍ എത്തിയാൽപോലും അന്നേദിവസം വീട്ടിൽ നിന്നുമിറങ്ങാൻ ആ ഒരു റീ ഓപ്പണിങ് ഡേ സിൻഡ്രോം (Re-opening Day Syndrome) നമ്മെ വിഷമിപ്പിക്കാറുണ്ട്.

ജൂൺ ഒന്നിന് വെളുപ്പിനെ 4.30-ന് മമ്മിക്ക് അല്പം കൂടുതലാണെന്നു പറഞ്ഞ് പപ്പ ഫോൺ വിളിക്കുമ്പോൾ ഒരിക്കൽപ്പോലും വിചാരിച്ചില്ല, വേർപാടിന്റെ, വേദനകളുടെ കൂടുതലായിരിക്കുമെന്ന്. മമ്മിയ്ക്കരികിലെത്തിയപ്പോഴാണ് അറിഞ്ഞത്, രാത്രിയിൽ മമ്മി അനുഭവിച്ച വേദനയുടെ തീവ്രത. അത് പാടേ മമ്മിയുടെ ശരീരത്തെ തളർത്തിക്കളഞ്ഞെങ്കിലും ഉൾബോധ്യം നന്നായിട്ടുണ്ടായിരുന്നു. കാരണം, ഞങ്ങൾ ചെന്നതുപോലും മമ്മി അറിഞ്ഞിരുന്നു. എങ്കിലും കണ്ണുകളടയ്ക്കാതെയുള്ള ആ കിടപ്പിൽ ‘പപ്പേ… പപ്പേ…’ എന്ന അവ്യക്തമായ ഹൃദയത്തിൽ തട്ടിയുള്ള ആ വിളി മാത്രം മതി ഈ ഭൂമിയിൽ തനിക്കേറ്റവും പ്രിയപ്പെട്ടവൻ ആരായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാൻ.

കുടുംബജീവിതത്തിനുവേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപദേശം അവസാന നിമിഷം പോലും ഞങ്ങൾക്കു നൽകിയ പ്രിയപ്പെട്ട മമ്മി. ഇടയ്ക്കിടെ വെള്ളം കൊടുക്കുന്നുണ്ടായിരുന്നെങ്കിലും പ്രാണൻ പിരിയുമെന്ന് ഒരിക്കൽപ്പോലും ഞാൻ ചിന്തിച്ചിരുന്നില്ല. ആറു മാസമായി കിടപ്പിലാണെങ്കിലും ഒന്നുകൂടി ഞങ്ങളെ ഒരുക്കിയിട്ടേ മമ്മി നിത്യസമ്മാനത്തിലേയ്ക്ക് വിളിക്കപ്പെടുകയുള്ളൂ എന്ന് എന്റെ ബാലിശമായ മനസ്സ് ആഗ്രഹിച്ചു. എങ്കിലും ഒന്നും പറയാതെ എല്ലാം അറിഞ്ഞുകൊണ്ട് മമ്മി സ്വർഗ്ഗത്തിലേയ്ക്ക് പതിയെ ഉയരുകയാണെന്നു മനസ്സിലായി തുടങ്ങി. മരണത്തിന്റെ തണുപ്പ് കൈകാലുകളിൽക്കൂടി അരിച്ചു മുകളിലേയ്ക്ക് കയറുവാൻ തുടങ്ങി. തിരുമ്മിക്കൊടുത്തുകൊണ്ട് ഞങ്ങളുടെ ജീവന്റെ ചൂട് മമ്മിയിലേയ്ക്കെത്തിക്കുവാൻ ശ്രമിച്ചെങ്കിലും ജീവൻ കൊടുക്കുവാനും എടുക്കുവാനുമുള്ളവന്റെയത്ര ശക്തിയും കഴിവും നമുക്കിന്നും അന്യമാണല്ലോ.

സ്വന്തം വേദനകളിലും വിഷമതകളിലും താങ്ങായി നിന്നവളുടെ വേദനയിൽ തനിക്ക് ചേരുവാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമം പപ്പയുടെ കണ്ണുകളിലും മുഖത്തും ഞാൻ കണ്ടു. അവസാന നിമിഷങ്ങള്‍ ആയെന്നറിഞ്ഞിട്ടാണോ എന്നറിയില്ല, മമ്മിയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് ‘ഇന്നീ നിമിഷം വരെയും ഷീലേ, നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം’ എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന പപ്പയെ നോക്കി നിന്ന് വിതുമ്പുവാൻ മാത്രമേ ഞങ്ങൾ മക്കൾക്ക് സാധിച്ചുള്ളൂ.

ആത്മാര്‍ത്ഥതയുടെയും വിശ്വസ്തതയുടെയും നേർവാക്കുകൾക്ക് പകരം വയ്ക്കുവാൻ ഒരു ഭാഷയിലുമുള്ള വാക്കുകൾക്കും സാധിക്കില്ലായിരുന്നു ആ നിമിഷത്തിൽ. ദൈവത്തിനു വേണ്ടിയുള്ള മമ്മിയുടെ ദാഹത്തിന് ഞങ്ങളുടെ പക്കലുള്ള വെള്ളമൊന്നും മതിയാകില്ലായിരുന്നെങ്കിലും പ്രാർത്ഥനയോടെ അത് കൊടുക്കുവാൻ മാത്രമല്ലേ ഞങ്ങൾക്ക് സാധിക്കൂ. അവസാനതുള്ളി ജലം വായിലേയ്ക്കിറ്റിച്ചപ്പോൾ ഇറക്കുവാൻ അല്പം ക്ലേശിക്കുന്നതുപോലെ തോന്നിയതുകൊണ്ട് സഹോദരനും ഞാനും കൂടി മമ്മിയെ കൈകളിൽ ഉയർത്തിപ്പിടിച്ചു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മമ്മിയുടെ ആത്മാവ് സ്വർഗ്ഗത്തിലേയ്ക്കുയർത്തപ്പെട്ടു. ഏറ്റവും സമാധാനത്തോടെ, നിശ്ശബ്ദതയോടെ മമ്മി ജീവനുതുല്യം സ്നേഹിച്ച സ്വന്തം മക്കളുടെ കൈകളിൽ കിടന്ന് സ്വർഗ്ഗീയഭവനത്തിലേയ്ക്ക് യാത്രയായി.

എത്രയോ ആളുകൾ ആരാലും തിരിഞ്ഞുനോക്കപ്പെടാതെ തെരുവുകളിലും ശരണാലയങ്ങളിലും കിടന്ന് ജീവൻ വെടിയുന്നു. ജീവിതം കൊണ്ട്, തന്റെ കർമ്മത്തിന്റെ നന്മ കൊണ്ട് പ്രിയപ്പെട്ടവരുടെയെല്ലാം സ്നേഹവും ലാളനയും ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം മക്കളുടെ കൈകളിൽ കിടന്ന് ജീവൻ പിരിഞ്ഞ മമ്മി ഈ ലോകത്തിലേയ്ക്കുംവച്ച് ഏറ്റവും ഭാഗ്യം ചെയ്ത അമ്മയാണെന്ന് എനിക്കുറപ്പാണ്. ഹൃദയം നീറിയിരുന്നെങ്കിലും വേർപാടിന്റെ, വേദനയുടെ ആഴം അറിയാമായിരുന്നെങ്കിലും ഈ മണ്ണ് ഒരു മകൾക്കൊരുക്കിയ, മകനൊരുക്കിയ ഏറ്റവും സ്വർഗ്ഗീയമായ നിമിഷമായിട്ടേ എനിക്ക് എക്കാലവും അതിനെ കാണുവാൻ സാധിക്കൂ. ഞങ്ങൾ മക്കളുടെ കൈകൾ കൊണ്ട് ആ മാതൃഹൃദയത്തെ, ആത്മാവിനെ അവിടുത്തെ തിരുസന്നിധിയിലേയ്ക്കുയർത്തിയ ഏറ്റവും പരിപാവനമായ നിമിഷം.

എങ്കിലും അല്പം സമയത്തിനുശേഷം മനസ്സും ശരീരവും തളരുന്നതുപോലെ തോന്നി. പക്ഷേ, ഏതോ ഒരു അദൃശ്യമായ കരങ്ങൾ ആശ്വസിപ്പിക്കുന്ന ഒരു പ്രത്യേക അനുഭവം തോന്നിത്തുടങ്ങി. ഇന്നുവരെയും ഒരു കുറവും അനുഭവപ്പെടാതെ ഞങ്ങളെ നോക്കിയ മമ്മിയുടെ ഭൗതികശരീരത്തെ നല്ല രീതിയിൽ യാത്രയാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന തോന്നൽ എവിടെനിന്നോ ഉണ്ടായിത്തുടങ്ങി. ജീവിച്ചിരിക്കുമ്പോൾ തന്നെ ആരെയും ഒരുപാട് ബുദ്ധിമുട്ടിക്കാതെ, സ്വന്തം വേദനകൾ കണ്ട് മറ്റുള്ളവർ വിഷമിക്കരുതെന്ന് അതിയായി ആഗ്രഹിച്ച പ്രിയപ്പെട്ട മമ്മി മരണശേഷവും സ്വന്തം ശരീരം ഒരുപാട് സമയം വയ്ക്കുവാനും ആരെയും ഒരുപാട് ബുദ്ധിമുട്ടിക്കുവാനും അനുവദിക്കാതെ ഏറ്റവും സമാധാനപരമായി അവസാനയാത്ര പറഞ്ഞു.

ഹൃദയഭേദകമായിരുന്നെങ്കിലും ജീവിതം ഇരുൾമൂടിയെന്ന് ദുഃഖത്തിന്റെ പാരമ്യത്തിൽ തോന്നിയെങ്കിലും ജീവിതം നമുക്കായി കാത്തുവച്ചിരിക്കുന്ന അപാരമായ ഈ സാഹചര്യത്തെ ആഭിമുഖീകരിച്ചല്ലേ മതിയാകൂ. മരണമെന്ന ജീവിതസത്യത്തെ അവഗണിക്കുവാൻ ആർക്കും സാധിക്കുകയില്ല. പ്രിയപ്പെട്ടവർ നിത്യതയിലേയ്ക്ക് വിളിക്കപ്പെടുമ്പോൾ എന്തുപറയുവാനായിരിക്കും ദൈവം അവരെ ഇത്ര പെട്ടന്ന് വിളിച്ചതെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവർ തമ്മിൽ കാണുമ്പോൾ ഭൂമിയിലുള്ള അവരുടെ പ്രാര്‍ത്ഥനയാലുള്ള സംരക്ഷണച്ചുമതല ഏല്പിച്ചുകൊടുക്കുമായിരിക്കും. അതുകൊണ്ടായിരിക്കും കാര്യങ്ങള്‍ ഏല്പിച്ചാൽ അത് ഭംഗിയായി ചെയ്യുന്നവരെ പലപ്പോഴും നമുക്കു മുന്നേ വിളിക്കുന്നതും.

ഒറ്റപ്പെട്ടു പോയെന്നു തോന്നുന്ന സന്ദർഭങ്ങളിൽ ദൈവം ചിലപ്പോൾ നമുക്കായി ചില ദൂതന്മാരെ അയയ്ക്കും. ചിറകുകളില്ലാത്ത, എങ്കിലും ദൈവത്തിന്റെ പ്രത്യേക കരത്തിന്റെ കരുതലോടു കൂടിയ ചില മനുഷ്യമാലാഖമാർ. ചികിത്സിച്ച ഡോക്ടർമാർ, സിസ്റ്റർമാർ അതുപോലെ തന്നെ മമ്മിയെ വന്നു കാണുകയും പ്രാർത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട വൈദികർ, സന്യസ്തർ, അത്മായർ, സുഹൃത്തുക്കൾ കൂടെ നിന്ന സഹോദരങ്ങൾ – ഞങ്ങളുടെ വേദനയിൽ താങ്ങായി നിന്നവരെ പിന്നെ സഹോദരങ്ങൾ എന്നല്ലാതെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്! പ്രാർത്ഥനയാൽ താങ്ങായവർ, തളർന്നപ്പോൾ കരം പിടിച്ചെഴുന്നേൽപ്പിച്ചവർ, പലവട്ടം തട്ടിവീണിട്ടും എഴുന്നേൽക്കുവാൻ ധൈര്യവും ശക്തിയും തന്ന എല്ലാവരോടും സർവ്വോപരി സർവ്വശക്തനോടും നന്ദി മാത്രം.

മമ്മി എല്ലാവരെയും ഹൃദയത്തിൽ ചേർത്തുനിർത്തിയിരുന്നു. തീർച്ചയായും നിങ്ങളെ ഓരോരുത്തരെയും സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പ്രാർത്ഥനയിൽ മമ്മി ഓർക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. അതുപോലെ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് മമ്മി ഇനി അകലങ്ങളിലല്ല; കൂടെത്തന്നെയുണ്ട്. നീർവാരത്ത് വീട്ടിൽ മാത്രമല്ല, ഇനി മമ്മി ഉള്ളതെന്ന് എനിക്കുമറിയാം; കൂടെയുണ്ട്. എന്റെ കൂടെ… അതുപോലെ മമ്മിയെ സ്നേഹിക്കുന്നവരുടെയൊക്കെ കൂടെ. ഓരോ ദിവസം പിന്നിടുമ്പോഴും പലപ്പോഴും ഓർമ്മകളുടെയും സാന്നിധ്യത്തിന്റെയും തീവ്രത കൂടുകയല്ലാതെ കുറയുന്നതായി ഞങ്ങൾക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഈ മണ്ണിൽ ഒരു അമ്മസാന്നിധ്യം കൊണ്ട് മക്കളെ എങ്ങനെ കാക്കുമോ അതുപോലെ കൂടെനിന്ന് പ്രാർത്ഥനാവലയം കൊണ്ട് ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾ മക്കൾക്കും പപ്പയ്ക്കും സ്നേഹിക്കുന്ന ഓരോരുത്തർക്കുമറിയാം. വേദനയുള്ള ദിവസങ്ങളാണെങ്കിലും മമ്മി അനുഭവിച്ച വേദനയോളം തന്നെ ഞങ്ങൾക്കും നീറ്റലുണ്ടെങ്കിലും ആ സ്നേഹസാന്നിധ്യം എപ്പോഴും ജീവിതങ്ങളിലുണ്ടെന്നുള്ള ഉറച്ചബോധ്യത്തിൽ ജീവിക്കുവാനാണ് ഞങ്ങൾക്കിഷ്ടം. നിത്യതയുടെ ഉറവിടത്തിൽ സ്വർഗ്ഗീയപിതാവിനോട് ചേർന്നിരിക്കുന്ന മമ്മിയെ കാണുവാൻ ഒരു ദിനം ഞങ്ങൾക്കും സാധിക്കുമല്ലോ. പ്രത്യാശയോടെ ജീവിക്കുവാനും ജീവിതത്തിലെ നന്മകൾ മരിച്ചാലും എക്കാലവും എല്ലാവരും സ്മരിക്കുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന മമ്മിയുടെ ഓർമ്മകളെ ദൈവതിരുസന്നിധിയിലേയ്ക്ക് പ്രാർത്ഥനാപൂർവ്വം ചേർത്തുവയ്ക്കുന്നു.

വിഷമതകളുടെയും അസ്വസ്ഥതകളുടെയും കയറ്റിറക്കങ്ങളിൽ ജീവിതസംഗീതം മരണത്തിലൂടെ നിത്യമായ ആനന്ദത്തിലേയ്ക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. നമ്മിലെ ആര്, എപ്പോൾ എങ്ങനെ വിളിക്കപ്പെടുമെന്ന് നമുക്കൊരിക്കലും അറിയുവാൻ സാധിക്കുകയില്ലല്ലോ. അതിനാൽ പ്രിയപ്പെട്ടവരുടെ കൂടെ സ്നേഹത്തിൽ ജീവിക്കുക എന്നതാണ് പരമപ്രധാനം.

ജേർണി 2: ദി മിസ്റ്റീരിയസ് ഐലൻഡ്‌സ് (Jorurney2: The Mysterious Islands) എന്ന സിനിമയിൽ, അപകടം പിടിച്ച ഒരു ദ്വീപിൽ എത്തപ്പെട്ട ഒരു അച്ഛനും മകളുമുണ്ട്. രക്ഷപ്പെടുവാനുള്ള വഴി നോക്കിനടക്കുന്നതിനിടയിൽ മണ്ണിലുറച്ചുപോയ ഒരു സ്വർണ്ണപ്പാറ കണ്ടെത്തുകയാണ് പിതാവ്. ദ്വീപിൽ നിന്ന് തിരിച്ചുപോകുവാൻ ആ മകൾ പിതാവിനെ നിർബന്ധിക്കുകയാണ്. പക്ഷേ, ആ നിധി അവിടെ ഉപേക്ഷിച്ചുപോയാൽ തങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വലിയ നഷ്ടങ്ങളെക്കുറിച്ച് മകളോട് പറയുവാൻ ശ്രമിക്കുകയാണയാൾ. “പപ്പാ, ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാകുന്നതിനേക്കാൾ പ്രധാനം നാം എപ്പോളും ഒരുമിച്ചായിരിക്കുക എന്നുള്ളതാണ്.” മകളുടെ ആ വാക്കുകൾ കേട്ട പിതാവിന് പിന്നീട് അവിടെ തുടരുവാൻ സാധിച്ചില്ല.

മരണശേഷം മനോഹരസ്മരണകൾ നിലനിൽക്കണമെങ്കിൽ, ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവരെ സ്‌നേഹം കൊണ്ടും പരിഗണന കൊണ്ടും പൊതിയുകയാണ് ചെയ്യേണ്ടത്. മരണശേഷം സ്നേഹം പ്രകടിപ്പിക്കുവാൻ പ്രാർത്ഥനയിലൂടെ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. അതിനാൽ നിറഞ്ഞ മനസ്സോടെ മരിച്ചുപോയവരെ ഓർക്കുവാനായി ജീവിച്ചിരിക്കുമ്പോൾ നാം സ്നേഹത്തിൽ ജീവിക്കുക.

സ്നേഹിക്കുക… സ്നേഹിക്കുക …സ്നേഹിച്ചുകൊണ്ടേയിരിക്കുക. മരണം നൽകുന്നത് മുറിവുകളേക്കാളുപരി ജീവിതത്തിലേയ്ക്കുള്ള പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും പരിശുദ്ധമായ ഓർമ്മകളായിരിക്കട്ടെ. “ഇതാ ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്ര പ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോൾ, കണ്ണിമയ്ക്കുന്നത്ര വേഗത്തിൽ നാമെല്ലാവരും രൂപാന്തരപ്പെടും. നശ്വരമായത് അനശ്വരവും മർത്യമായത് അമർത്യവും ആകേണ്ടിയിരിക്കുന്നു” (1 കോറി. 15:51, 52).

പ്രാർത്ഥനാശംസകൾ…
സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.