എല്ലു നുറുങ്ങുന്ന വേദനകൾക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു സന്യാസിനി

സി. സൗമ്യ DSHJ

എല്ലു നുറുങ്ങുന്ന വേദനകൾക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു സന്യാസിനി. “വേദനയുണ്ട്, എന്നാലും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അതെല്ലാം ഞാന്‍ മറക്കും.” തന്റെ മരണത്തെക്കുറിച്ചു പോലും സിസ്റ്റർ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. മാനന്തവാടി എസ്.എ.ബി.എസ്. പ്രൊവിൻസിലെ, അമ്പലവയല്‍ കോൺവെന്റിലുള്ള സി. റിനി റോസ് ചെറിയമ്പനാട്ട് എന്ന ഈ സന്യാസിനിയെ ‘ജീവിക്കുന്ന വിശുദ്ധ’ എന്നു വിളിക്കുന്നതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. അത്രമാത്രം സന്തോഷത്തോടെ, ദൈവത്തിന്റെ പക്കലെയ്ക്കു പോകാനായി ഒരുങ്ങിയിരിക്കുന്ന ഒരു വ്യക്തിയെ മറ്റെങ്ങും കാണാനിടയില്ല. മള്‍ട്ടിപിള്‍ സ്‌ക്ലെറോസിസ് എന്ന രോഗം ബാധിച്ച് ശരീരമാസകലം കടുത്ത വേദനയോടെ കഴിഞ്ഞ 15 വർഷങ്ങളായി രോഗശയ്യയിലായിരിക്കുന്ന ഈ സിസ്റ്ററിനെ പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണുവാൻ സാധിക്കൂ.

കഴിഞ്ഞ പതിനാല് വർഷമായി സി. റിനി അമ്പലവയലിലെ ആരാധനാമഠത്തിലുണ്ട്. റൂമിലെ നാല് ചുവരുകൾക്കുള്ളിലാണ് മിക്കവാറും സമയവും. എങ്കിലും സിസ്റ്ററിന്റെ ലോകം സ്വർഗത്തോളം വലുതാണെന്ന് സംസാരത്തിലൂടെ മനസിലായി. മരണത്തെക്കുറിച്ചൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഈ സിസ്റ്റർ ഒരു അത്ഭുതമാണ്; അതിലുപരി വലിയ മാതൃകയും. സഹനങ്ങൾ ദൈവത്തിന്റെ സമ്മാനമായി ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ട് ആരോടും പരാതിയില്ലാതെ, ആരെക്കുറിച്ചും കുറ്റപ്പെടുത്തലുകളില്ലാതെ എല്ലാവരെയും നന്ദിപൂർവം മാത്രം സ്മരിച്ചുകൊണ്ട് ഒരു സമർപ്പിത. ഭൂമിയിൽ ദൈവത്തിന്റെ ഒരു മാലാഖ ജീവിച്ചിരിപ്പുണ്ട്. അതാണ് സി. റിനി റോസ്. രോഗത്തിന്റെ വേദനകൾ ഏറെയുണ്ടെങ്കിലും ഫോൺ വിളിച്ചപ്പോൾ മായാത്ത പുഞ്ചിരിയോടെ സിസ്റ്റർ സംസാരിച്ചുതുടങ്ങി…

ഇരുപത്തിയാറാം വയസിലെത്തിയ ആ അപൂർവ്വരോഗം

ആന്ധ്രയിലെ കർനൂരിൽ നേഴ്‌സിങ് പഠിക്കുന്ന കാലം. സി. റിനി രണ്ടാം വർഷ നേഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. പെട്ടെന്നൊരു ദിവസം ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. അവിടെയുള്ള ഡോക്ടറിനെ കാണിച്ചപ്പോൾ അവിടെ അതിനുള്ള ചികിത്സക്ക് സൗകര്യം ഇല്ലെന്ന് അറിയിച്ചു. അതിനാൽ കേരളത്തില്‍, കോഴിക്കോടുള്ള മലബാർ കണ്ണാശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തി. അവിടെ വച്ച് ഡോക്ടർ ഒരു ഇഞ്ചക്ഷൻ എടുത്തു. ആറു ഇഞ്ചക്ഷന്റെ ഫലമായി സിസ്റ്ററിന് കാഴ്ച തിരിച്ചുകിട്ടി. പക്ഷേ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എങ്കിലും കാഴ്ച തിരിച്ചുകിട്ടിയതിനാൽ സിസ്റ്റർ ആന്ധ്രയ്ക്ക് തിരികെ പോയി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ നേഴ്‌സിംഗ് പഠനം പൂർത്തിയാക്കി, തിരികെ കേരളത്തിലേക്ക് വന്നു.

പിന്നീട്, ആലുവയിൽ തിയോളജി പഠനത്തിനായി പോയി. അവിടെ ചെന്ന് ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു. ഈയൊരു സാഹചര്യത്തിൽ മാനന്തവാടിയിൽ നിന്നും പ്രൊവിൻഷ്യൽ, പഠനം പൂർത്തീകരിക്കാതെ സി. റിനിയെ തിരിച്ചുവിളിച്ചു. കാരണം, രണ്ടാമത്തെ പ്രാവശ്യവും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അവരെ അത്യധികം ആശങ്കപ്പെടുത്തിയിരുന്നു. കാഴ്ച നഷ്ട്ടപ്പെടുവാനുള്ള കാരണം എന്താണെന്ന് മനസിലാക്കുവാൻ എം.ആര്‍.ഐ. സ്കാനിംഗ് എടുത്തപ്പോഴാണ് യഥാർത്ഥ രോഗവിവരം പുറത്തുവരുന്നത്. സിസ്റ്ററിന് മള്‍ട്ടിപിള്‍ സ്‌ക്ലെറോസിസ് എന്ന അത്യപൂർവ്വ രോഗമായിരുന്നു. കണ്ണുമായി ബന്ധപ്പെട്ട പ്രശ്നമല്ല എന്ന് മനസിലാക്കി ന്യൂറോളജിസ്റ്റിന്റെ അടുക്കല്‍ കൊണ്ടുപോയി. അടുത്ത ദിവസം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കാമെന്ന തീരുമാനത്തിൽ മാനന്തവാടി പ്രൊവിൻഷ്യൽ ഹൗസിലേക്ക് തിരിച്ചുപോന്നു.

രോഗം ഗുരുതരമായ അവസ്ഥ

“അന്നൊരു ശനിയാഴ്ച ആയിരുന്നു. വൈകുന്നേരം ആയപ്പോഴേയ്ക്കും എന്നെ ഭയങ്കരമായി പനിച്ചു. പുറമേ നിന്നു നോക്കുമ്പോൾ ഒരു വ്യത്യാസവും എനിക്കില്ലായിരുന്നു. എന്റെ കാലുകൾ പൂര്‍ണ്ണമായും മരവിച്ചുപോയ സ്ഥിതി. വിശ്രമിക്കാനായി മുറിയിലേക്ക് പോകുന്നതിനു മുൻപ് ചാപ്പലിലേക്ക് കയറിയെങ്കിലും എനിക്ക് മുട്ടുകുത്താനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. വീണുപോകുന്ന ഒരു അവസ്ഥയിൽ ചാപ്പലിൽ നിന്നും ഞാൻ തിരിച്ചുപോന്നു. ഭക്ഷണമൊന്നും കഴിക്കാൻ വയ്യാത്ത അവസ്ഥ. മുറിയിൽ വന്നു കിടന്നു. ഒരു പന്ത്രണ്ട് മണിയായപ്പോഴേക്കും ഭയങ്കര പനി. തുള്ളിവിറച്ചു പനിക്കുന്നു. ഞാൻ അടുത്തുള്ള സിസ്റ്ററിനെ വിളിച്ചു, ‘സിസ്റ്റർ, എന്നെ ഭയങ്കരമായി പനിക്കുന്നു. എന്റെ അരയ്ക്ക് താഴോട്ട് തളർന്നുപോയെന്നു തോന്നുന്നു. സിസ്റ്റർ എനിക്ക് ഒരു കമ്പിളിയും കൂടി തരാമോ?’ ആ സിസ്റ്റർ വേഗം എഴുന്നേറ്റ് പനിച്ചുവിറക്കുന്ന എന്നെ കമ്പിളി പുതപ്പിച്ചു” – സി. റിനി പറയുന്നു.

എല്ലാവരും കൂടി വേഗം തന്നെ സിസ്റ്ററിനെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറെടുത്തു. പല ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും ആ സമയത്ത് ഡോക്ടർമാർ ആരും തന്നെയില്ല. എങ്കിലും സ്ഥിതി വളരെ ഗുരുതരമായിക്കൊണ്ടിരുന്നതിനാലും കാലുകൾ അപ്പോഴേക്കും തളർന്നുപോയതിനാലും കസേരയിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വേഗം തന്നെ കൽപ്പറ്റ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്കു ശേഷം ഡോക്ടർ പറഞ്ഞു: “ഇത് ഈ നാട്ടിലെങ്ങും കാണാത്ത ഒരു അപൂർവ്വരോഗമാണ്. സാധാരണ വിദേശരാജ്യങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്.”

മറ്റ് ആശുപത്രികളിൽ എടുക്കാത്തതിനാലും പിറ്റേന്ന് ഞായറാഴ്ച ആയതിനാലും ഡോക്ടറോട് അവിടെത്തന്നെ എന്തെങ്കിലും വേഗം ചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന്റെ ഫലമായി പനി കുറയാനുള്ള മരുന്നുകളും ഇഞ്ചക്ഷനും നൽകി. പിറ്റേന്നു തന്നെ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലേക്ക് സിസ്റ്ററിനെ കൊണ്ടുപോയി. കടുത്ത ആശങ്കയുടെ നാളുകൾ. സിസ്റ്റേഴ്‌സെല്ലാം ഉള്ളുരുകി സി. റിനിക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

മരണത്തെ മുഖാഭിമുഖം കണ്ട ദിവസങ്ങൾ

ഡോക്ടർമാർക്ക്, എന്ത് ചികിത്സ നടത്തുമെന്നോ ഈ രോഗത്തിന് പ്രതിവിധി എന്താണെന്നോ അറിയില്ലാത്ത ഒരു അവസ്ഥ. അവരെല്ലാം ഈ അപൂർവ്വരോഗത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ഒരാഴ്ചയ്ക്കു ശേഷം സി. റിനി കോമാ സ്റ്റേജിലേക്ക് പോയി. ആ അവസ്ഥയിൽ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കൊണ്ടുപോയി. തന്നെ പരിശോധിച്ചിരുന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവിടെയെത്തി. അപ്പോഴും കോമാ സ്റ്റേജിൽ തന്നെ ഐസിയുവിൽ തുടരുന്ന സിസ്റ്ററിന്റെ അടുത്ത് രോഗത്തെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ എത്തി. അവരിൽ ഒരാൾ പറഞ്ഞു: “ചിലപ്പോൾ 24 മണിക്കൂർ കഴിയുമ്പോൾ രോഗി കോമാ സ്റ്റേജിൽ നിന്നും ഉണരും.”

അങ്ങനെ എല്ലാവരും സിസ്റ്റർ ബോധം തെളിയുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു. അവസാനം 24 മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സി. റിനി കണ്ണ് തുറന്നു. പിന്നീട് ചികിത്സകൾ തുടർന്നതിന്റെ ഫലമായി കുറച്ചു മെച്ചപ്പെട്ട അവസ്ഥയിലേക്ക് സിസ്റ്റർ തിരികെയെത്തി; റൂമിലേക്ക് മാറ്റി. ആശങ്കകൾ പതിയെ മാറിത്തുടങ്ങി.

എന്നാൽ, ഈ രോഗത്തിന് ശരിയായ ചികിത്സയൊന്നുമില്ല. മരുന്നുകൾ ഒക്കെ മാറിമാറി നൽകിക്കൊണ്ടിരുന്നു. മഠത്തിലേക്ക് ഡിസ്ചാർജ് ചെയ്ത് തിരികെ പോന്നു. പിടിച്ചു പിടിച്ചു നടക്കുന്ന സ്ഥിതിയിലെത്തി. ഓർമ്മ മുഴുവൻ നഷ്ടപ്പെട്ടുപോയിരുന്നു. ആ സാഹചര്യത്തിൽ സി. റിനിയുടെ സഹോദരൻ വന്നിരുന്ന് എല്ലാ കാര്യങ്ങളും പലയാവർത്തി പറഞ്ഞുകേൾപ്പിക്കും. അങ്ങനെ പതിയെപ്പതിയെ ഓർമ്മ തിരിച്ചുകിട്ടി. “അന്നെനിക്ക് 26 വയസ്. എന്റെ സിസ്റ്റേഴ്സ് എന്നെ പൊന്നു പോലെ നോക്കി. ഓരോ മഠത്തിലും എന്നെ മാറി മാറി കൊണ്ടുപോയി നിറുത്തി; നന്നായി എന്നെ ശ്രദ്ധിച്ചു. മാത്രമല്ല, ആയുർവേദവും പരീക്ഷിച്ചു .എന്റെ ആരോഗ്യം തിരികെ ലഭിക്കാൻ” – സിസ്റ്റർ സന്തോഷത്തോടെ കൂട്ടിച്ചേർത്തു.

ഡോൺ ബോസ്കോയിലെ ജോയി അച്ചന്റെ കൗൺസിലിംഗിന്റെ ഫലമായി കാഴ്ചശക്തിയും ശരീരത്തിൽ സെൻസേഷനും തിരികെ ലഭിച്ചു. കൂടെ ഫിസിയോ തെറാപ്പിയും ആരംഭിച്ചു.

വെല്ലൂർ ആശുപത്രിയിലേക്ക്

ചികിത്സയൊന്നും ഇല്ലാത്ത ഈ രോഗം ഭേദമാകുന്ന ഒരു സാഹചര്യമില്ല. എന്നാൽ, സ്ഥിരം ബെഡിൽ കിടന്നുപോകാതെ നടക്കാൻ സാധിക്കുന്ന ഒരു സ്ഥിതിയിൽ എത്തിച്ചുതരാമെന്ന് വെല്ലൂരിലെ ഡോക്ടർമാർ പറഞ്ഞു. അങ്ങനെ ഇൻജക്ഷനും മരുന്നുകളും മുടക്കാതെ പതിയെ പിടിച്ചുനടക്കാവുന്ന അവസ്ഥയിലെത്തി. വേദന കൂടുമ്പോൾ മരുന്നെടുക്കും. അങ്ങനെയാണ് സിസ്റ്റർ ഈ പതിനാല് വർഷങ്ങൾ ജീവിച്ചത്.

തനിയെ നടക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് സിസ്റ്റർ നൽകിയ മറുപടി: “എന്നെ ആരെങ്കിലും കയ്യിൽ പിടിച്ചുകൊണ്ടു പോയാൽ ഞാൻ നടക്കും” എന്നായിരുന്നു. ആ മറുപടിയിൽ ദൈവം തനിക്ക് ഇത്രയും അനുഗ്രഹങ്ങൾ നൽകിയതിന് ഒരായിരം നന്ദി എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു സിസ്റ്റർ. അത്രമാത്രം സന്തോഷമുണ്ടായിരുന്നു ആ വാക്കുകളിൽ…

ഈ വേദനക്കിടയിലും സിസ്റ്ററിന് എങ്ങനെ ചിരിക്കാൻ കഴിയുന്നു?

വെല്ലൂർ ആശുപത്രിയിൽ ഇടയ്ക്കിടെ പരിശോധനകൾക്കായി പോകാറുണ്ട് സി. റിനി. അവിടെ ഗുരുതരമായ രോഗം ബാധിച്ചവരെ സിസ്റ്ററിന്റെ അടുത്ത് സംസാരിക്കാൻ അയക്കാറുണ്ട്. “ആ സിസ്റ്ററിന്റെ അടുത്ത് പോയി കുറച്ചുനേരം സംസാരിക്ക്. അത് ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന് പറഞ്ഞിരിക്കുന്നയാളാ…” സിസ്റ്ററിനോട് സംസാരിക്കുന്നവർക്കും അത് തോന്നാറുണ്ട്.

പലരും റിനി സിസ്റ്ററിനോട് ചോദിച്ചിട്ടുണ്ട്, “സിസ്റ്റർ, എങ്ങനെയാ ഇങ്ങനെ ചിരിക്കുന്നത്?” അതിനുള്ള മറുപടി ഇപ്രകാരമാണ്: “എന്നാണേലും മരിക്കും. അതുകൊണ്ട് ഇപ്പോൾ ചിരിച്ചാൽ അത് നല്ല കാര്യമല്ലേ. ആ മറുപടിയും ഒരു ചിരിയിലാണ് അവസാനിച്ചത്. ശരീരമാസകലം വേദനയിൽ നീറുമ്പോഴും സിസ്റ്റർ ചിരിക്കുകയാണ്. പിന്നീട് സിസ്റ്റർ കൂട്ടിച്ചേർത്തു: “എനിക്കുമറിയില്ല സിസ്റ്റർ, ദൈവം എനിക്ക് തന്ന ഒരു ദാനമാണെന്നു തോന്നുന്നു. എന്നെ കാണുന്നവരെല്ലാം പറയാറുമുണ്ട്, അത്ഭുതത്തോടെ നോക്കാറുമുണ്ട്. സാധാരണ ഈ രോഗം വന്നവർ ഏഴ് വർഷമേ ജീവിക്കാറുള്ളൂ, ഞാൻ ഇത് പതിനഞ്ചാമത്തെ വർഷമാണ് ജീവിക്കുന്നത്.”

ഫിസിയോ തെറാപ്പി ചെയ്യുന്ന സാർ 2021 വർഷം തുടങ്ങിയപ്പോൾ സിസ്റ്ററിനോട് പറഞ്ഞു: “സിസ്റ്റർ, സത്യം പറഞ്ഞാൽ എനിക്ക് പേടിയുണ്ട് കേട്ടോ.” അതിന് സിസ്റ്ററിന്റെ മറുപടി, “ഞാൻ മരിക്കുമെന്നോർത്താണേൽ പേടിക്കണ്ട, ഞാൻ ഈ വർഷം മരിക്കില്ല” എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് സിസ്റ്റർ ഞങ്ങളുടെ ഫോൺ സംഭാഷണത്തിനിടെ കൂട്ടിച്ചേർത്തു: “സിസ്റ്റർ, ശരിക്കും പറഞ്ഞാൽ, ഒരോ വർഷവും ഞാൻ കൂടുതൽ ക്ഷീണിച്ചാണ് വരുന്നത്. ശരീരം കൂടുതൽ മെലിയുന്നു, നടക്കാൻ കൂടുതൽ ബുദ്ധിമുട്ടായി വരുന്നു, ശരീരം മുഴുവൻ ഭയങ്കര വേദനയാണ്. ആരെങ്കിലും എന്റെ അടുത്ത് വന്ന് സംസാരിച്ചാൽ ഉടൻ ഞാൻ എന്റെ വേദന മറക്കും. അവരോട് സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരിക്കും.”

വേദനക്കിടയിലും കോർത്തത് പതിനായിരത്തിലധികം ജപമാലകൾ

എല്ലാ ദിവസവും കുർബാനയ്ക്ക് ചാപ്പലിൽ പോകും. കൈയിൽ പിടിച്ച് സിസ്റ്റേഴ്സ് ചാപ്പലിൽ എത്തിക്കും. ബാക്കിയുള്ള പ്രാർത്ഥനകളൊക്കെ മുറിയിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യും. ഉച്ചവരെ ഫിസിയോ തെറാപ്പി. ഉച്ച കഴിഞ്ഞ് വിശ്രമത്തിനു ശേഷം ജപമാലയുണ്ടാക്കും. കൈകൾക്ക് മാത്രം മാതാവ് ഒരു തളർച്ചയും വരുത്തിയിട്ടില്ല. ഡോക്ടർമാരും പറയുന്നത് കൊന്ത കെട്ടുന്നതുകൊണ്ടാണ് കൈകൾക്ക് തളർച്ച സംഭവിക്കാത്തത് എന്നാണ്.

സിസ്റ്റർ എത്ര ജപമാല ഉണ്ടാക്കിയിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടി, പതിനായിരത്തിലധികം എന്നായിരുന്നു. മുറിയിലൊക്കെ കമ്പി പിടിപ്പിച്ചിട്ടുണ്ട്; നടക്കാൻ. അതിൽ പിടിച്ച് സിസ്റ്റർ നടക്കും. പ്രാർത്ഥന ചോദിച്ചവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കും. കിടക്കുമ്പോൾ നേരെ മാത്രമേ സിസ്റ്ററിന് കിടക്കാൻ സാധിക്കൂ, ഒന്ന് തിരിയുവാൻ പോലും കഴിയുകയില്ല. മറ്റൊരു കാര്യം, ചൊല്ലുന്ന ജപമാലകളൊക്കെ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിനകത്ത് ഇട്ടുവയ്ക്കും. ആര് പ്രാർത്ഥനാസഹായം ചോദിച്ചാലും അക്കൗണ്ടിൽ നിന്നും കൊന്തയെടുത്ത് അവർക്കു വേണ്ടി കാഴ്ച വയ്ക്കും.

ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരണയായത് ഈ രോഗം വരുന്നതിനു മുൻപ് തന്നെയാണ്. നേഴ്‌സിംഗ് പഠിക്കുന്ന സമയത്ത് വഴിയിൽ നിന്നും കാണുന്നവരൊക്കെ “സിസ്റ്റർ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം” എന്ന് പറയുമായിരുന്നു. പ്രാർത്ഥിക്കാമെന്ന് മറുപടിയും കൊടുക്കും. തിരിച്ച് ഹോസ്റ്റലിൽ വരുമ്പോൾ കൂട്ടുകാർ ചോദിക്കുമായിരുന്നു. “ഞങ്ങളോട് ആരോടും മനുഷ്യർ ഇങ്ങനെ പ്രാർത്ഥന ചോദിക്കുന്നില്ലല്ലോ? എന്നിട്ട് റിനി ഇവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കാറുണ്ടോ” എന്ന്. അന്നു മുതലാണ് ജപമാല ചൊല്ലി അക്കൗണ്ടിൽ സൂക്ഷിക്കാൻ തുടങ്ങിയത്. ആര് പ്രാർത്ഥന ചോദിച്ചാലും അവർക്ക് ആ അക്കൗണ്ടിൽ നിന്നും എടുത്ത് ജപമാല കാഴ്ച വയ്ക്കും. ആ രീതി ഇപ്പോഴും തുടരുന്നു.

“സിസ്റ്റർ ഞങ്ങളെ ഒന്ന് ഓർത്താൽ മതി. അപ്പോൾ ഞങ്ങൾക്ക് വേണ്ടത് ദൈവം തരും” എന്ന് പറയുന്നവരുമുണ്ട്. പ്രാർത്ഥന ചോദിക്കുന്നവർക്കെല്ലാം വേണ്ടി ഈ സിസ്റ്റർ പ്രാർത്ഥിക്കാറുമുണ്ട്.

ഈ രോഗം വന്നല്ലോ എന്നോർത്ത് ഞാൻ ഒരിക്കലും ദൈവത്തെ പഴിച്ചിട്ടില്ല

“റിനി സിസ്റ്റർ, ഇത്രയും ചെറുപ്പത്തിലേ അസുഖം വന്നില്ലേ, ദൈവത്തോട് ദേഷ്യം തോന്നിയിട്ടുണ്ടോ?” എന്ന് പലരും ഈ സിസ്റ്ററിനോട് ചോദിച്ചിട്ടുണ്ട്. “ഈ രോഗം എനിക്ക് ഈശോ തന്നെങ്കിൽ എന്നെ നോക്കേണ്ടത് എങ്ങനെയാണെന്നും ഈശോയ്ക്കറിയാമല്ലോ. ഈശോ എന്നെ നോക്കിക്കൊള്ളും എന്നെനിക്കുറപ്പുണ്ട്” – അതായിരുന്നു സിസ്റ്ററിന്റെ മറുപടി.

“അതുകൊണ്ടായിരിക്കും ഒരിക്കലും ഞാൻ ഈ രോഗത്തെ പഴിച്ചിട്ടില്ല. ആരെയും ഒന്നും പറഞ്ഞിട്ടില്ല. ഇത് ഈശോ എനിക്ക് സഹിക്കാൻ തന്നതാണെന്ന രീതിയിൽ ഞാനിതിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് എനിക്ക് സങ്കടമൊന്നുമില്ല. ഇത് ഈശോ തന്നെങ്കിൽ ഇതിന്റെ ബാക്കി നോക്കാനും ഈശോയ്ക്കറിയാം. അതുകൊണ്ടായിരിക്കും, എല്ലാവരും എന്നെ നന്നായി സ്നേഹിക്കാറുണ്ട്. എനിക്ക് ഇന്നുവരെ ഒരു ബുദ്ധിമുട്ടോ വിഷമമോ ഒന്നും ഉണ്ടായിട്ടില്ല” – സിസ്റ്റർ പറയുന്നത്‌ അത്ഭുതത്തോടെയേ കേട്ടിരിക്കാന്‍ പറ്റൂ. കടുത്ത വേദനകൾക്കിടയിലും ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സംസാരിക്കുന്ന സിസ്റ്ററിനെ കേള്‍ക്കുമ്പോള്‍, ഒരു വിശുദ്ധയോടാണല്ലോ സംസാരിക്കുന്നത് എന്ന് ആര്‍ക്കും തോന്നിപ്പോകും.

“ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ സന്തോഷത്തോടെ ജീവിക്കും. ഒരു മുറിക്കുള്ളിൽ മാത്രമിരിക്കുന്ന എനിക്കെങ്ങനെ സന്തോഷിക്കാനാവുമെന്ന് അത്ഭുതപ്പെട്ടവരുമുണ്ട്. എന്നാലും, എനിക്ക് സന്തോഷത്തോടെ ജീവിക്കാനാവും” – ചിരിച്ചുകൊണ്ട് സിസ്റ്റർ പറയുന്നു. “ഞാനിപ്പോൾ സംസാരിക്കുമ്പോഴും നടുവും കാലും തലയടക്കം എനിക്ക് വേദനയുണ്ട്. എന്നാലും ഞാൻ സന്തോഷത്തോടെ സംസാരിക്കും. ഒരാളോട് സംസാരിക്കുന്നതൊക്കെ എനിക്ക് ഭയങ്കര സന്തോഷമാണ്” – സിസ്റ്റർ കൂട്ടിച്ചേർത്തു.

റിനി സിസ്റ്റർ ഇപ്പോഴും നടക്കുന്നു എന്നത് ഡോക്ടർമാർക്കു പോലും അത്ഭുതമാണ്. കൃത്യസമയത്ത് മരുന്നും മുടങ്ങാതെ ചെയ്യുന്ന ഫിസിയോ തെറാപ്പിയും സ്നേഹവും ശ്രദ്ധയുമൊക്കെ നൽകി കൂടെയുള്ള സന്യാസിനിമാർ സിസ്റ്ററിനെ കരുതുന്നു. അതിനാലാണ് താൻ ഇത്രയും കാലം ജീവിച്ചിരിക്കുന്നത് എന്ന് സിസ്റ്ററിനും നന്നായിട്ടറിയാം. കൂടെ ഈ രോഗം വന്ന് ചികിത്സയിലായിരുന്നവരെല്ലാം മരിച്ചുപോയി!

വയനാട്ടിലെ ചുണ്ടക്കരയിൽ നാല് മക്കളുള്ള വീട്ടിലെ അംഗമാണ് സിസ്റ്റർ. രണ്ട് സഹോദരിമാരും ഒരു സഹോദരനും. രണ്ട് സഹോദരിമാരും സിഎംസി കോൺഗ്രിഗേഷനിലെ അംഗങ്ങളാണ്. സഹോദരൻ വിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു, അമ്മയുണ്ട്.

ഓരോ കാലഘട്ടത്തിലും ദൈവം നമ്മുടെ കൂടെ തന്നെ ജീവിക്കുന്ന ചില വിശുദ്ധരെ മാതൃകയായി അവശേഷിപ്പിക്കാറുണ്ട്. അങ്ങനെ ഈ ഭൂമിയിലേക്ക് ദൈവം നൽകിയ സമ്മാനമാണ് സി. റിനി. സഹനങ്ങളെയും വേദനകളെയും പ്രാർത്ഥനയാക്കി മാറ്റുന്ന ഈ സമർപ്പിത നമുക്ക് പ്രചോദനമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. സി. റിനി എന്ന ജീവിക്കുന്ന വിശുദ്ധയുടെ ചിത്രം വാക്കുകളിലൂടെ ഞങ്ങളുടെ മനസ്സിൽ കോറി യിട്ട സി. സൗമ്യ യ്ക്ക് നന്ദി… 🙏അഭിനന്ദനങ്ങൾ 👍👍👍

  2. What is written is true to every letter as I know Sr Rini personally. Many people go to God to see miracles, very few people become miracles so that God is seen through them. Sr Rini, undoubtedly, the Joy in her is a miracle…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.