153 ദിവസം മാത്രം സന്യാസിനി: സി. ഫിയോണയുടെ ജീവിതം ഇനി സ്വർഗ്ഗത്തിനു സ്വന്തം

ആറു മാസങ്ങൾക്കു മുൻപ് പ്രഥമ വ്രതവാഗ്ദാനം നടത്തി സഭാ വസ്ത്രം സ്വീകരിച്ച ഒരു സന്യാസിനി. 23 വർഷം മാത്രം ഈ ഭൂമിയിൽ വിശുദ്ധിയോടെ ജീവിച്ചു. അതേ വിശുദ്ധിയോടെ ആ കുഞ്ഞു പ്രേഷിത ഇന്ന് സ്വർഗ്ഗത്തിലാണ്. ഓഗസ്റ്റ് നാലാം തീയതി, വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ വിശുദ്ധിയുടെ മറ്റൊരു വെളുത്ത പനിനീർ പുഷ്പം കൂടി വിരിഞ്ഞു. സി. ഫിയോണ സി. എസ്. എൻ. കോലടി ഇടവകയിൽ കഴിഞ്ഞ ഒന്നരമാസമായി ശുശ്രൂഷ ചെയ്യുകയായിരുന്നു സിസ്റ്റർ. വിശുദ്ധമായ ആ ജീവിതത്തിൽ സിസ്റ്റർ ചേർത്തുവെച്ച ചില നന്മയുടെ ഏടുകൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.

തന്റെ ആദ്യകുർബാന സ്വീകരണ സമയത്തുകേട്ട ഗാനം സിസ്റ്റർ തന്റെ ദൈവവിളിയോട് ചേർത്ത് വെച്ചു. “ഈശോയെ സ്നേഹിച്ചിടാനായ്…
ഈശോയിന്നെന്നെ വിളിച്ചു…ഹൃദയം നിറയെ സ്നേഹവുമായി… മണവാട്ടിയായ് ഞാൻ ഒരുങ്ങി…” ഇപ്രകാരമായിരുന്നു ആ ഗാനം. ഇത് തന്നെയായിരുന്നു സിസ്റ്ററിന്റെ ജീവിതവും. ഹ്രസ്വമെന്നു തോന്നുമെങ്കിലും ഒരായുസ്സുകൊണ്ട് ചെയ്തു തീർക്കാവുന്നത് തനിക്ക് ലഭിച്ച ഒന്നര മാസംകൊണ്ട് കോലടി ഇടവകയിൽ ചെയ്തു എന്ന് വികാരിയച്ചനും ഇടവക ജനങ്ങളും ഒന്നടങ്കം പറയുമ്പോൾ ഈ ജീവിതത്തിന്റെ നന്മയും വിശുദ്ധിയും നമുക്ക് മനസ്സിലാകും.

കോവിഡ് വാക്‌സിനേഷൻ എടുത്ത സിസ്റ്റർ രണ്ടു ദിവസത്തിനു ശേഷം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. തന്റെ ഇരുപത്തിമൂന്നാം ജന്മദിനത്തിന് വെറും അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു സിസ്റ്ററിന്റെ വിയോഗം. ആറു മാസങ്ങൾക്കുമുമ്പ് കോതമംഗലം സി എസ് എൻ പ്രൊവിൻഷ്യൽ ഹൌസിൽ നടന്ന പ്രഥമ വ്രതവാഗ്ദാന ദിനത്തിൽ പാടിയ ഗാനം സിസ്റ്ററിന്റെ ജീവിതം ഓർമ്മിപ്പിക്കുന്നുണ്ട്.

“കുഞ്ഞാടിൻ രക്തത്തിൻ വസ്ത്രം കഴുകുന്നവരുടെ നിരയിൽ ഇവരെയും നീ ചേർക്കേണമേ” എന്നായിരുന്നു ആ വരികൾ. യേശുവിന്റെ രക്തത്തിന്റെ വസ്ത്രം കഴുകുന്നവരുടെ ഇടയിൽ തീർച്ചയായും ഈ യുവ സന്യാസിനി ഉണ്ടായിരുന്നു. കാരണം തന്റെ വിശുദ്ധിയുടെ നൈർമല്യം കൊണ്ടായിരുന്നു സി. ഫിയോണ ദൈവത്തെ സ്നേഹിച്ചത്. ഫിയോണ എന്ന പേരിന്റെ അർഥം പോലും ‘മനോഹരം’ എന്നാണ്. തന്റെ 23 വർഷത്തെ മനോഹരമായ ജീവിതത്തെ പേരുകൊണ്ട് അടയാളപ്പെടുത്തിയ ഒരു സിസ്റ്റർ.

സിസ്റ്ററിന്റെ ജീവിതത്തിൽ എല്ലാം മനോഹരമായിരുന്നു. മനോഹരമായ കയ്യക്ഷരം. മനോഹരമായ ബാൻഡ് സെറ്റ് ടീമിലെ അംഗം. ഇടവകയിലെ മനോഹരമായ സ്നേഹ സാന്നിധ്യം. തന്റെ ഇടവകയെക്കുറിച്ച് സിസ്റ്റർ എന്നും അഭിമാനത്തോടെ ഓർത്തു. ക്രിസ്തുവിന്റെ മണവാട്ടിയാകാൻ 2016 ഏപ്രിൽ 25 -ന് പത്താം ക്ലാസ് ജയിച്ചതിനു ശേഷം ഫിയോണ എന്ന പെൺകുട്ടി സി എസ് എൻ സന്യാസ സഭയിൽ ചേർന്നു. 2021 ഫെബ്രുവരി രണ്ടിനായിരുന്നു ഇലവുങ്കൽ ജെയിംസ്- പരേതയായ മേരി ദമ്പതികളുടെ മകളായ സി. ഫിയോണ സഭാവസ്ത്രം സ്വീകരിച്ചത്. തന്റെ അനുജൻ ആൻസന്റെ ദൈവവിളിയെ ഏറ്റവും സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ചത് സിസ്റ്റർ തന്നെയായിരുന്നു. സഹോദരൻ ഇപ്പോൾ ദിവ്യകാരുണ്യ മിഷനറി സഭയിൽ വൈദിക വിദ്യാർത്ഥിയാണ്.

സിസ്റ്റർ തന്റെ മനോഹരമായ കൈയ്യക്ഷരത്തിൽ തന്റെ ജീവിതത്തിൽ ദൈവം നൽകുന്ന സംരക്ഷണത്തിന്റെ ഉറപ്പിനെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. അത് ഇപ്രകാരമായിരുന്നു: “ഇത്രയും നാൾ ഞാൻ ജീവിച്ചുകഴിഞ്ഞപ്പോൾ ദൈവം എന്നെ ഒരിക്കലും കൈവിട്ടതായി എനിക്ക് തോന്നിയിട്ടില്ല. ദൈവം എന്നെ ഒത്തിരി സ്നേഹിക്കുന്നു. ഏതുവഴിയിൽ കൂടി സഞ്ചരിച്ചാലും ദൈവം എനിക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞുതരുമെന്നു എനിക്കുറപ്പാണ്.” ഒരുപാട് വർഷം ജീവിച്ചു വന്ന ഒരു വ്യക്തിയുടെ പക്വതയും പാകതയും വിശ്വാസവും ഈ എഴുത്തിനും വാക്കുകൾക്കും ഉണ്ട്. ഒരു കൊച്ചു സിസ്റ്ററിന്റെ വാക്കുകളിൽ ഇത്രമാത്രം സ്നേഹവും ദൈവവിശ്വാസവും അടങ്ങിയിട്ടുണ്ടെങ്കിൽ അവരുടെ ആത്മീയത എത്ര വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

സിസ്റ്ററിന്റെ മൃതസംസ്കാര ശുശ്രൂഷയിൽ കാർമ്മികൻ ഒരു ശബ്ദ സന്ദേശം ഫോണിലൂടെ കേൾപ്പിച്ചു. സിസ്റ്റർ അവസാനമായി, ഓഗസ്റ്റ് മാസം ഒന്നാം തീയതി തന്റെ ഇടവകയിലെ കുട്ടികൾക്കായി നൽകിയതായിരുന്നു അത്. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാളിനോടനുബന്ധിച്ച് 33 ദിവസത്തെ ഒരുക്ക പ്രാർത്ഥനയും സന്ദേശവും സിസ്റ്റർ നൽകി വന്നിരുന്നു. അതിലെ ഏറ്റവും അവസാനം നൽകിയ സന്ദേശമാണ് ചടങ്ങിൽ എത്തിച്ചേർന്നവർക്കുവേണ്ടിയും ഈ ലോകത്തിനു തന്നെയുമായി പുരോഹിതൻ കേൾപ്പിച്ചു തന്നത്.

“ഇന്നേ ദിനം നമ്മുടെ സമർപ്പണത്തിന്റെ സന്ദേശം കണ്ടെത്താം. ഏറ്റവും ചെറിയ ആളായി തരം താഴ്ത്തപ്പെടുമ്പോൾ, പരിഹാസ പാത്രമാകുമ്പോൾ, വിഡ്ഢിയാക്കപ്പെടുമ്പോൾ, ചെയ്യാത്ത കാര്യങ്ങൾക്കുവേണ്ടി വിധിക്കപ്പെടുമ്പോൾ, സ്വയം ന്യായീകരിക്കേണ്ട. മറ്റുള്ളവരെ ന്യായീകരിക്കുവാൻ കാത്തിരിക്കുകയും വേണ്ട. നിങ്ങളുടെ കുറവുകൾ നിരത്തി വെക്കപ്പെടുമ്പോൾ ആരാണ് അതിന്റെ പിന്നിലെന്ന് നോക്കരുത്. ആരാണതിന് പിന്നിലെന്ന് നിങ്ങളറിഞ്ഞാൽ അവരെ ശാസിക്കരുത്. നിങ്ങൾക്കറിയാമെന്നു ഭാവിക്കുകയുമരുത്. നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇവർക്കായി ആദ്യം പ്രാർത്ഥിക്കുക. എളിമയിൽ വേണം ദൈവ വുമായുള്ള ഐക്യം ആഗ്രഹിക്കുവാൻ. സമർപ്പണത്തിൽ നിന്ന് ലഭിക്കുന്ന കൃപയാൽ അമ്മയുടെ ദൗത്യവുമായി ഏകീഭവിക്കുക. വിമല ഹൃദയം നമ്മെ വിളിച്ചിരിക്കുന്നത് നമ്മുടെ താഴ്മയിലാണ്. താഴ്ന്ന ഹൃദയങ്ങൾ അമ്മ ഉയർത്തി തന്നോട് ചേർക്കുന്നു.” 33 ദിവസത്തെ ഒരുക്കത്തിൽ ഇനിയൊരു സന്ദേശം നൽകാൻ സിസ്റ്റർ ഇല്ല. എങ്കിലും ഒരു ദിവസത്തിലേക്ക് മാത്രം വേണ്ടുന്ന ചിന്തയായിരുന്നില്ല സിസ്റ്റർ ആ കുട്ടികൾക്ക് നൽകിയത്. ജീവിതകാലം മുഴുവനും ഹൃദയത്തോട് ചേർത്തു വയ്ക്കാനുള്ളതായിരുന്നു അത്. ലോകത്തിൽ അനേകം വിശുദ്ധരെ വാർത്തെടുക്കാനുള്ള ഏറ്റവും മികച്ച ഉപദേശമായിരുന്നു സിസ്റ്റർ തന്റെ അവസാന സന്ദേശത്തിലൂടെ നൽകിയത്.

ഏറ്റവും വിശുദ്ധമായ ജീവിതം നയിച്ച സിസ്റ്റർ, വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞു വീഴുന്നത്. ഒരു വ്യക്തിയിൽ ഏറ്റവും അധികം വിശുദ്ധി നിറഞ്ഞിരിക്കുന്നത് വി. കുർബാനയിൽ പങ്കെടുത്തുകഴിയുന്നതിന്റെ തൊട്ടടുത്ത നിമിഷങ്ങളിലായിരിക്കും. ആ സമയത്ത് തന്നെ സിസ്റ്ററിനായി സ്വർഗ്ഗ കവാടം തുറക്കുക എന്നതിനേക്കാൾ വലിയ അനുഗ്രഹം ലഭിക്കാനില്ല. ഒരു വിശുദ്ധ ജീവിതം ഇന്നലെ സ്വർഗ്ഗത്തിൽ തന്റെ ഇരുപത്തിമൂന്നാം ജന്മ ദിനം ആഘോഷിച്ചപ്പോൾ അവിടെ ജന്മദിന ഗാനമാലപിച്ചത് മാലാഖാമാരായിരിക്കും.

പ്രിയപ്പെട്ട സഹോദരീ, 23 വർഷം കൊണ്ട് ഈ ഭൂമിയിൽ നിങ്ങൾ നൽകിയ സ്നേഹത്തിനും മാതൃകയ്ക്കും വിശുദ്ധിയ്ക്കും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു . സ്വർഗീയ ഭവനത്തിൽ സമാധാനത്തോടെ വിശ്രമിക്കുക…!

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

Leave a Reply to Anonymous Cancel reply