വിശുദ്ധിയുടെ പരിമളം പരത്തിയ ലിമായിലെ റോസ്

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ശാന്തസമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന മൂന്നേകാല്‍ കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന തെക്കേ അമേരിക്കയിലെ ഒരു മനോഹര രാജ്യമാണ് പെറു. ഈ രാജ്യത്തിന്റെ തലസ്ഥാനമായ ലിമ, അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ മൂന്നാമത്തെ വലിയ നഗരമാണ്. പ്രസിദ്ധമായ സാന്റോ ഡൊമിംഗോ ദേവാലയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. അനേകായിരം ജനങ്ങള്‍, പ്രാര്‍ത്ഥിക്കുന്നതിനായി ഈ ബസിലിക്കയില്‍ ദിവസേന എത്താറുണ്ട്. രൂപഭംഗിയേക്കാള്‍ ഈ ദേവാലയത്തെ പ്രസിദ്ധമാക്കുന്നത് അവിടെ അടക്കം ചെയ്യപ്പെട്ട മൂന്ന് വിശുദ്ധരുടെ സാന്നിധ്യമാണ്. അവിടെ ജനിച്ചുവളര്‍ന്ന് ആദ്യമായി, വിശുദ്ധ എന്ന് നാമകരണം ചെയ്യപ്പെട്ട ലിമായിലെ വി. റോസ്, കറുത്തവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്നും അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനായ വി. മാര്‍ട്ടിന്‍ ദി പോറസ്, സ്‌പെയിനില്‍ ജനിച്ച് ലിമായില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയ വി. ജോണ്‍ മാസിയാസ് എന്നിവരാണവര്‍. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധരില്‍ ആഗസ്റ്റ് 23-ാം തീയതി തിരുനാള്‍ ആഘോഷിക്കുന്ന വി. റോസിനെക്കുറിച്ച് ചെറിയൊരു വിവരണമാണ് ഇവിടെ നടത്തുന്നത്.

സ്പാനിഷ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഗാസ്പര്‍ ഫ്‌ളോറസിന്റെയും ലിമാക്കാരിയായിരുന്ന മരിയ ദി ഒളിവയായുടെയും മകളായി 1586 ഏപ്രില്‍ 20-നായിരുന്നു ഇസബെല്‍ ഫ്‌ളോറസ് ദി ഒളിവിയായുടെ ജനനം. അസാമാന്യ സൗന്ദര്യമുണ്ടായിരുന്ന ഇസബെല്ലായ്ക്ക്, ഒരു വീട്ടുജോലിക്കാരി നല്‍കിയ പേരായിരുന്നു റോസ്. പിന്നീട് എല്ലാവരും റോസ് എന്നു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുന്ന സമയത്ത് ഈ പേര് തന്നെ അവള്‍ തെരഞ്ഞെടുത്തു. ആ പേരിനെ അന്വര്‍ത്ഥമാക്കിയ ശാരീരിക സൗന്ദര്യത്തെക്കാള്‍ ആത്മീയസൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന വിശുദ്ധ ജീവിതത്തിന് ഉടമായി അവള്‍ മാറി.

നന്നേ ചെറുപ്പത്തില്‍ തന്നെ അസാധാരണ വിശുദ്ധിയുടെ അംശങ്ങള്‍ റോസില്‍ പ്രകടമായിരുന്നു. ഒരു സന്യാസിനിയായി ജീവിച്ച് ക്രിസ്തുവിന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കണമെന്ന് അവള്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍, മകളെ അനുയോജ്യനായ ഒരു ചെറുപ്പക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്ന മാതാപിതാക്കള്‍ അവളുടെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് അത്മായര്‍ക്കുള്ള വി. ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ അംഗമായി അവരുടെ വസ്ത്രങ്ങള്‍ സ്വീകരിച്ചു. മകള്‍ തങ്ങളുടെ കൂടെ വീട്ടില്‍ താമസിക്കുമെന്നതിനാല്‍ മാതാപിതാക്കന്മാര്‍ അതിന് സമ്മതിച്ചു. ദീര്‍ഘനേരം വിശുദ്ധ കുര്‍ബാനയുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കുന്നതില്‍ അവള്‍ വളരെയധികം സന്തോഷം കണ്ടെത്തി. അത്തരം വേളകളില്‍ സൗന്ദര്യവതിയായ റോസിന്റെ മുഖത്തു നിന്നും ദൈവികശോഭ പ്രസരിച്ചിരുന്നതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുദിന കുര്‍ബാന സ്വീകരണം ഇന്നത്തെപ്പോലെ പതിവില്ലാതിരുന്ന ആ കാലഘട്ടത്തില്‍ റോസിന്, അത് തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.

വി. റോസ് അനുഷ്ഠിച്ചിരുന്ന പരിത്യാഗ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രസിദ്ധമാണ്. തന്റെ ബാഹ്യസൗന്ദര്യം മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക് കാരണമാകുന്നുവെന്ന് മനസ്സിലാക്കിയ റോസ്, അവളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നീണ്ട മുടി മുറിച്ചുകളഞ്ഞു. മാംസാഹാരം പൂര്‍ണ്ണമായും ഒഴിവാക്കുകയും ആഴ്ചയില്‍ പലതവണ ഉപവസിച്ച് പ്രാര്‍ത്ഥിക്കാനും തുടങ്ങി. യേശുവിന്റെ സഹനങ്ങളോട് ചേര്‍ന്നു നില്‍ക്കണമെന്ന് അവള്‍ അതിയായി ആഗ്രഹിച്ചു. അതിന് തന്റേതായ മാര്‍ഗ്ഗങ്ങള്‍ അവള്‍ അവലംബിച്ചു. കര്‍ത്താവിന്റെ മുള്‍ക്കിരീടത്തെ അനുകരിച്ച് ആരുമറിയാതെ അത്തരമൊരു കിരീടം ഉണ്ടാക്കി അവള്‍ അണിഞ്ഞിരുന്നു. മിക്കപ്പോഴും ദിവസവും രണ്ട് മണിക്കൂര്‍ മാത്രം ഉറങ്ങി ബാക്കി സമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും സേവനത്തിനുമായി അവള്‍ നീക്കിവച്ചു.

മറ്റുള്ളവരില്‍ നിന്നൊക്കെ അകന്നു കഴിയുന്ന ഒരു വിശുദ്ധ ജീവിതമല്ല റോസ് അഭിലഷിച്ചത്. തന്റെ വീട്ടില്‍ മനോഹരമായ ഒരു പൂന്തോട്ടം നട്ടുവളര്‍ത്തി അതില്‍ നിന്ന് പൂക്കള്‍ ശേഖരിച്ച് കടയില്‍ കൊണ്ടു വില്‍ക്കുകയും അതില്‍ നിന്നുള്ള വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുകയും ചെയ്യുമായിരുന്നു. ഇതു കൂടാതെ, ആകര്‍ഷകമായ തുന്നല്‍പ്പണിയില്‍ വൈദഗ്ദ്യം സമ്പാദിച്ച് അങ്ങനെയുള്ള തുണികള്‍ വിറ്റു കിട്ടുന്ന സമ്പാദ്യം, ആരും സഹായിക്കാനില്ലാത്തവര്‍ക്കായി നല്‍കുമായിരുന്നു. അഗതികളെയും രോഗികളെയും തന്റെ ഭവനത്തില്‍ കൊണ്ടുവന്ന് ശുശ്രൂഷിക്കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി. തന്റെ സഹനങ്ങള്‍ അനുദിനം വര്‍ദ്ധിപ്പിക്കാനും അതുവഴിയായി യേശുവിനോടുള്ള അവളുടെ സ്‌നേഹം കൂട്ടാനും അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ 31-ാമത്തെ വയസ്സില്‍ 1617 ആഗസ്റ്റ് 24-ാം തീയതിയാണ് വി. റോസ് തന്റെ നിത്യസമ്മാനത്തിനായി പോയത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവളുടെ വിശുദ്ധിയെക്കുറിച്ച് അറിഞ്ഞിരുന്ന ലിമായിലെ അനേകര്‍, റോസിന്റെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം 1667 മെയ് 10-ാം തീയതി ക്ലമന്റ് 9-ാമന്‍ മാര്‍പാപ്പ റോസിനെ വാഴ്ത്തപ്പെട്ടവളായും 1671-ല്‍ ക്ലമന്റ് 10-ാമന്‍ മാര്‍പാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു.

വി. റോസിന്റെ ആത്മീയസൗന്ദര്യം ഇന്ന് ലോകമെങ്ങും പരന്നിരിക്കുന്നു. മുള്ളുകള്‍ നിറഞ്ഞ ഒരുപാട് ജീവിതങ്ങളില്‍ ആശ്വാസത്തിന്റെ സൗരഭ്യമേകി വി. റോസ് ഇന്നും വിരാജിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം അനേകം ദേവാലയങ്ങളും, പട്ടണങ്ങളും (സാന്റ റോസ) അമേരിക്കകളിലുടനീളം അവളുടെ നാമത്തില്‍ നിലനില്‍ക്കുന്നു. പെറുവിലെ ഏറ്റവും വില കൂടിയ കറന്‍സിയില്‍ റോസിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഗസ്റ്റ് 30-ാം തീയതി പൊതുഅവധി ആഘോഷിച്ചു കൊണ്ടാണ് പെറുവിലെ ജനങ്ങള്‍ വി. റോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

അനുകരണീയമായ ഒരുപാട് സുകൃതങ്ങള്‍ വി. റോസ് നമുക്ക് നല്‍കുന്നു. റോസിന്റെ ജീവിതം അവള്‍ വളര്‍ന്നുവന്ന സമൂഹത്തിന്റെ ആവശ്യമായിരുന്ന മാറ്റത്തിന്റെ പ്രതീകം കൂടിയാണ്. അവിടുത്തെ സാംസ് കാരികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് അവളുടെ ജീവിതം അതുല്യമായ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. തന്റെ വിശുദ്ധി കൊണ്ടാണ് ആ സമൂഹത്തിലുണ്ടായിരുന്ന തിന്മകളെയും ആത്മീയ അപചയങ്ങളെയും വി. റോസ് പ്രതിരോധിച്ചത്. തങ്ങള്‍ ജീവിക്കുന്ന സമൂഹങ്ങളില്‍ തിന്മയുടെ അതിപ്രസരമെന്ന് വിലപിക്കുന്നതിനേക്കാള്‍ വി. റോസിനെപ്പോലെ ജീവിതസാക്ഷ്യം കൊണ്ട് അതിനെ ചെറുത്തു തോല്‍പിക്കാനുള്ള പരിശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്.

വി. റോസ് ഇന്ന് വലിയ ഒരു പ്രതീകം കൂടിയാണ്. ഒരു സാധാരണ വിശ്വാസിയുടെ വിശുദ്ധി പ്രാപിക്കാനും, ദൈവത്തെ ആഴമായി സ്‌നേഹിക്കാനുമുള്ള ആഗ്രഹത്തിന്റെ പ്രതീകം. അവളുടെ പരിത്യാഗ പ്രവര്‍ത്തനങ്ങള്‍ ആധുനിക ലോകത്തില്‍ അനാകര്‍ഷണീയമെന്നു വാദിക്കുന്ന അനേകരുണ്ട്. ശരീര ദണ്ഡനം തെറ്റാണെന്നു വാദിക്കുന്നവരും ധാരാളം. എന്നാല്‍, എല്ലാ കിരീടങ്ങളും ശിക്ഷണങ്ങളിലൂടെയും ദണ്ഡനങ്ങളിലൂടെയുമാണ് നേടാന്‍ സാധിക്കുക. ഒരു ഒളിമ്പിക് മെഡലിന്റെ പിന്നിലും, ഒരു പരീക്ഷാവിജയത്തിന്റെ പിന്നിലും, ഒരു നല്ല അഭിനേതാവിന്റെ വിജയത്തിന്റെ പിന്നിലും ഇത്തരത്തിലുള്ള ധാരാളം ‘ശാരീരിക പീഡനങ്ങള്‍’ ഉണ്ട്. നശ്വരമായ ഒരു കിരീടത്തിനു വേണ്ടി ഇത്രമാത്രം അദ്ധ്വാനിക്കുന്നുവെങ്കില്‍ വി. റോസിനെപ്പോലെയുള്ളവരുടെ മാതൃക, അനശ്വരമായ കിരീടത്തിനു വേണ്ടി എത്രമാത്രം നാം ഇന്ന് ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

വി. റോസ്, തന്റേതായ മാര്‍ഗ്ഗങ്ങളും ശൈലികളും അനുവര്‍ത്തിച്ച് ദൈവത്തെ അനുധാവനം ചെയ്യാന്‍ പരിശ്രമിച്ചെങ്കില്‍ ഇന്നത്തെ കാലത്തിന് ആവശ്യമായ രീതിയില്‍ നമ്മുടേതായ നൂതനമാര്‍ഗ്ഗങ്ങളിലൂടെ വിശുദ്ധിയുടെ പരിമളം നാം വസിക്കുന്ന ഇടങ്ങളില്‍ പ്രസരിപ്പിക്കാന്‍ നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.