ആധുനിക ലോകത്തിന് വി. ജോവാക്കിമും അന്നയും നൽകുന്ന മാതൃകകൾ

പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളാണ് വി. ജോവാക്കിമും അന്നയും. ഇവരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ബൈബിളിൽ നിന്നും ലഭ്യമല്ല. വന്ധ്യയാണെന്ന് കരുതിയിരുന്ന അന്നയ്ക്ക് വളരെ നാളുകൾക്ക് ശേഷമാണ് മറിയം ജനിക്കുന്നത്. അതിനാൽ ചെറുപ്പത്തിൽ തന്നെ ഈ വൃദ്ധമാതാപിതാക്കൾ മറിയത്തെ ദൈവത്തിന് സമർപ്പിച്ചിരുന്നു. ഒരു ക്രൈസ്തവ കുടുംബം എങ്ങനെ ആയിരിക്കണമെന്ന് ഈ മാതാപിതാക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അവ എന്താണെന്ന് പരിശോധിക്കാം.

1. ദൈവത്തിന് സ്വയം വിട്ടുകൊടുത്തുള്ള ജീവിതം

ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വന്നപ്പോൾ അവർ ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് ജീവിച്ചു. പരസ്പരം പഴി ചാരുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. പകരം ദൈവത്തോട് ഒന്നിച്ചു പ്രാർത്ഥിച്ചു കൊണ്ട് ജീവിച്ചു. കുറെ നാളുകൾ ഇവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. ആ അവസ്ഥയിൽ ഇവർ ദൈവത്തിന് തങ്ങളെ തന്നെ വിട്ടുകൊടുത്തു. ഇന്നത്തെ മാതാപിതാക്കളും മാതൃകയാക്കേണ്ട ജീവിതമാണ് ഇവരുടേത്. പ്രശ്നങ്ങളുടെ മുൻപിൽ അവർ ഒന്നിച്ചു നിന്നുകൊണ്ട് ദൈവത്തിൽ ആശ്രയിച്ചു.

2. അർപ്പണ ബോധം

ദൈവം ഈ മാതാപിതാക്കൾക്ക് നൽകിയതെല്ലാം ദൈവത്തിന് അവർ തിരിച്ചുകൊടുത്തു. അത്രമാത്രം അർപ്പണബോധമുള്ള മാതാപിതാക്കളായിരുന്നു വി. ജോവാക്കിമും അന്നയും. ഈ അർപ്പണബോധം അവരുടെ മകളായ മറിയത്തിന്റെ ജീവിതത്തിലും പ്രതിഫലിച്ചു. ഏകമകളായ മറിയത്തെ ചെറുപ്പത്തിൽ തന്നെ അവർ ദൈവത്തിന് സമർപ്പിച്ചു ദൈവമകളായി വളർത്തി. ഈ ഒരു പരിശീലനവും മാതൃകയും മംഗളവാർത്ത മുതൽ കാൽവരി കുരിശുവരെ അവൾ കൂടെക്കൂട്ടി. നല്ല മാതൃകകൾ മാതാപിതാക്കൾ നൽകിയാൽ അത് മക്കളുടെ ജീവിതത്തിൽ പ്രതിഫലിക്കും.

3. മറിയം സ്നേഹം അഭ്യസിച്ച കുടുംബം

പരിശുദ്ധ മറിയത്തെ സകല പുണ്യങ്ങളുടെയും മാതാവായിട്ടാണ് വിശേഷിപ്പിക്കുന്നത്. മറിയം സ്നേഹം അഭ്യസിച്ചത് അവളുടെ കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു. അവളുടെ ജീവിതത്തിന്റെ പരിശുദ്ധി മുഴുവൻ അഭ്യസിക്കാൻ വേദിയായത് അവൾക്ക് ജന്മം നൽകിയ കുടുംബവും മാതാപിതാക്കളും ആയിരുന്നു. ജോവാക്കിമിന്റെയും അന്നയുടെയും ജീവിത മാതൃക, ഇന്നത്തെ കുടുംബങ്ങൾക്കും പുതിയ തലമുറകൾക്കുമുള്ള വലിയ സന്ദേശമാണ് നൽകുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.