പറക്കും വിശുദ്ധന്റെ ഏഴ് അമാനുഷിക കഴിവുകൾ

വിദ്യാർത്ഥികളുടെ രക്ഷാധികാരിയും പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന വി. ജോസഫ് കുപ്പർത്തീനോയ്ക്ക് വ്യത്യസ്‍തങ്ങളായ അമാനുഷിക കഴിവുകളുണ്ടായിരുന്നു. സെപ്റ്റംബർ 18 -നു തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധന്റെ കഴിവുകളെക്കുറിച്ചു വായിച്ചറിയാം.

1. വായുവിലൂടെ പറക്കാൻ സാധിക്കുമായിരുന്ന വിശുദ്ധൻ

ആത്മീയാനുഭൂതികൾ ഉണ്ടാകുന്നതിനെത്തുടർന്നു വായുവിലേക്ക് പറക്കാനുള്ള കഴിവ് ഈ വിശുദ്ധനുണ്ടായിരുന്നു. പൊതു ഇടങ്ങളിലും വിശുദ്ധ ബലിയർപ്പണത്തിനിടയിലുമൊക്കെ വി. ജോസഫ് കുപ്പർത്തീനോ വായുവിൽ ഉയർന്നു പൊങ്ങുമായിരുന്നു.

ഒരു ദിവസം, മൂന്നര മീറ്റർ ഉയരമുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപത്തിങ്കലേയ്ക്ക് ഉയർന്നു ഉണ്ണിയേശുവിനു ചുംബനം നൽകുന്നത് വിശ്വാസികൾ കാണാനിടയായി. ഊർബൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്‌ചയിൽ അദ്ദേഹത്തിന്റെ കാലുകൾ ചുംബിക്കാൻ കുനിയുന്നതിനിടയിൽ വിശുദ്ധന് ആത്മീയ അനുഭൂതി ഉണ്ടാകുകയും വായുവിലേക്ക് ഉയരുകയും ചെയ്തിരുന്നു.

2 . പിശാചുക്കളെ പുറത്താക്കിയിരുന്ന വിശുദ്ധൻ

സ്വന്തം കഴിവുപയോഗിച്ചുകൊണ്ട് ഈ വിശുദ്ധൻ ഒരിക്കൽ പോലും യാതൊന്നും ചെയ്തിരുന്നില്ല. അദ്ദേഹം പിശാചുക്കളെ പുറത്താക്കിയിരുന്നതുപോലും തന്റെ അധികാരികളുടെ നാമത്തിലായിരുന്നു. അധികാരി എന്നത് ഇവിടെ ‘ദൈവം’ എന്ന് സ്പഷ്ടമാണ്. “നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഈ മനുഷ്യനിൽ നിന്ന് പുറത്തു വരിക. എനിക്ക് വേണ്ടിയല്ല, ഞാൻ കടംകൊണ്ടിരിക്കുന്ന എന്റെ അധികാരിക്ക് വേണ്ടി” എന്നായിരുന്നു അദ്ദേഹം പിശാചുബാധിതരെ നോക്കി പറഞ്ഞിരുന്നത്.

3. ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ ആയിരിക്കാൻ സാധിച്ച വിശുദ്ധൻ

ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ ആയിരിക്കാൻ കഴിയുന്നതിനെയാണ് ബൈലൊക്കേഷൻ അഥവാ സർവവ്യാപിത്വം എന്ന് പറയുന്നത്. വി. ജോസഫ് അസീസിയിൽ ആയിരുന്നപ്പോൾ കുപ്പർത്തീനോയിലെ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് അമ്മ മരണപ്പെടുകയായിരുന്നു. എന്നാൽ അതെ സമയം തന്നെ അമ്മയുടെ മുറിയിൽ വലിയ പ്രകാശത്തോടെ വി . ജോസഫ് എത്തുകയും ചെയ്തു. എന്നാൽ അതെ സമയം അദ്ദേഹത്തിന്റെ സുപ്പീരിയർ എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോൾ അമ്മ ഇപ്പോൾ മരിച്ചുപോയി എന്ന് പറയുകയും ചെയ്തു. അതിനു ശേഷം ഒരുപാട് പേർ അദ്ദേഹത്തിന്റെ അമ്മ മരിക്കുന്ന സമയത്ത് വിശുദ്ധൻ അവിടെ സന്നിഹിതനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

4. വിശുദ്ധ കുരിശുകൊണ്ട് സൗഖ്യം നൽകി

ഒരിക്കൽ ഒരു അഹങ്കാരിയായ വ്യക്തി വിശുദ്ധനോട് ഇപ്രകാരം പറഞ്ഞു: ” നിങ്ങൾ ഒരു പുരോഹിതനായതുകൊണ്ട് ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ എന്റെ മുറിവിൽ കുരിശടയാളം കൊണ്ട് സുഖപ്പെടുത്തിയാൽ നിങ്ങൾ ചെയ്യുന്ന ഏത് കാര്യങ്ങളും ഞാൻ വിശ്വസിക്കാം.” വിശുദ്ധൻ വിനയപൂർവ്വം വിശുദ്ധ കുരിശുകൊണ്ട് ആ വ്യക്തിയെ സുഖപ്പെടുത്തി.

5. ഹൃദയങ്ങളെ വായിച്ച വിശുദ്ധൻ

ഒരിക്കൽ 25 കാരനായ ജോൺ ഫ്രഡറിക്ക് രാജകുമാരൻ അസീസിയിൽ എത്തുകയും വിശുദ്ധൻ അർപ്പിച്ച കുർബാനയിൽ പങ്കുചേരുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു ജോൺ ഫ്രഡറിക്ക്. വിശുദ്ധ കുർബാനയ്ക്കിടയിൽ വിശുദ്ധന് തിരുവോസ്തി വിഭജിക്കാൻ സാധിക്കാതെ വന്നു. കല്ലുപോലെ കഠിനമായ തിരുവോസ്തി ഒടുവിൽ കാസയിലേക്ക് തിരികെ വെയ്‌ക്കേണ്ടതായി വന്നു. ജോസഫ് അച്ചൻ വിഷമത്തോടെ കരയാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തിന് ആത്മീയഅനുഭൂതി ഉണ്ടാകുകയും ഏകദേശം ഒരു മീറ്ററോളം ഉയരത്തിലേക്ക് പറന്നുയരുകയും ചെയ്തു. താഴേക്ക് വന്ന ഉടനെ അദ്ദേഹത്തിന് തിരുവോസ്തി വിഭജിക്കാൻ സാധിച്ചു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സഭാധികാരികൾ ചോദിച്ചപ്പോൾ വി. കുർബാനയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ആളുകളുടെ കഠിന ഹൃദയമാണ് അതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം ഫ്രഡറിക്ക് രാജകുമാരൻ വിശുദ്ധന്റെ അടുക്കലെത്തുകയും കഴിഞ്ഞ ദിവസത്തെ വിശുദ്ധ കുർബാനയിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുകയും ചെയ്തു. അപ്പമുയർത്തുന്ന വേളയിൽ തിരുവോസ്തിയിലെ കുരിശ് രാജകുമാരന് കറുത്ത നിറത്തിൽ കാണപ്പെടുന്ന അനുഭവമുണ്ടായി എന്നും അത് വളരെയധികം അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും പറഞ്ഞു. ഈ അത്ഭുതം ഫ്രഡറിക്ക് രാജകുമാരനെയും അവിടെ വന്നവരെയും സ്പർശിക്കുകയും ക്രിസ്തീയ വിശ്വാസത്തിലേക്ക് അവർ തിരികെ വരികയും ചെയ്തു.

6. മൃഗങ്ങളോട് സംസാരിച്ച വിശുദ്ധൻ

ഒരു ദിവസം വി. ജോസഫ് കുപ്പർത്തീനോ വയലിലൂടെ പ്രാർത്ഥിച്ചുകൊണ്ട് നടക്കുകയായിരുന്നു. ഉടൻ തന്നെ അവിടെ മേഞ്ഞുകൊണ്ടിരുന്ന ആട്ടിൻകൂട്ടം അദ്ദേഹത്തിന്റെ ചുറ്റും വന്നു നിന്നു. അവ വിശുദ്ധന്റെ പ്രാർത്ഥന സാകൂതം കേട്ടിരിക്കുകയും വളരെയധികം സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തു.

7. മാർപാപ്പാമാരെ കുറിച്ച് പ്രവചിച്ച വിശുദ്ധൻ

ഊർബൻ എട്ടാമൻ പാപ്പായുടെയും ഇന്നസെന്റ് പത്താമൻ പാപ്പായുടെയും മരണ ദിവസവും സമയവുമടക്കം വിശുദ്ധൻ പ്രവചിച്ചിരുന്നു.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.