‘പെറ്റ് സ്കാൻ’ (PET Scan) കാൻസർ നിർണ്ണയത്തിനു മാത്രമോ? അറിഞ്ഞിരിക്കേണ്ടതെല്ലാം 

ഡോ. ജോജോ വി. ജോസഫ്

“എന്റെ അടുക്കൽ വിദേശത്തു നിന്നുള്ളവർ പലരും വന്ന് പെറ്റ് സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും രോഗങ്ങളോ അല്ലെങ്കിൽ രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ ‘ഇല്ലാ’ എന്നായിരുന്നു മറുപടി.” എന്താണ് ‘പെറ്റ് സ്കാൻ’? എന്തിനാണ് അത് ചെയ്യുന്നത്? ആര്‍ക്കാണ്‌ അത് ചെയ്യേണ്ടത്? തുടര്‍ന്നു വായിക്കുക…

‘പെറ്റ് സ്കാൻ’ (PET Scan) എന്ന പേര് ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. എന്നാൽ ഭൂരിഭാഗം ആളുകളും ഈ പേരിനെ തെറ്റിധരിച്ചിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്.

എന്റെ അടുക്കൽ വിദേശത്തു നിന്നുള്ളവർ പലരും വന്ന് പെറ്റ് സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും രോഗങ്ങളോ അല്ലെങ്കിൽ രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് ഞാൻ ചോദിച്ചപ്പോൾ ‘ഇല്ലാ’ എന്നായിരുന്നു മറുപടി. എന്നാലും അവർക്ക് പെറ്റ് സ്കാൻ ചെയ്യണം. കാരണം അവരുടെ ശരീരത്തിൽ എന്തെങ്കിലും രോഗങ്ങളുണ്ടോയെന്ന് അറിയാൻ വേണ്ടിയാണ്.

വിദേശത്ത് പെറ്റ് സ്കാന് ചാർജ് കൂടും. നാട്ടിലാണെങ്കിൽ അത്രയും വരില്ലത്രേ! പെറ്റ് സ്കാൻ എന്നു പറയുന്നത് കാൻസർ ഉണ്ടോ, ഇല്ലയോ എന്ന് കണ്ടുപിടിക്കാനുള്ള മാർഗ്ഗമല്ലെന്നും അത് കൃത്യമായ നിർദ്ദേശങ്ങളോടു കൂടി മാത്രം ചെയ്യേണ്ട ഒന്നാണെന്നും ഞാൻ അവർക്ക് പറഞ്ഞുകൊടുത്തു.

കാൻസർ ബാധിതരായ ചിലര്‍ പങ്കുവച്ചത് വേറൊരു സംശയമായിരുന്നു. അവർ ആദ്യം സ്കാൻ ചെയ്തപ്പോൾ രോഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് പെറ്റ് സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ലെന്നായിരുന്നു റിസള്‍ട്ട്. അപ്പോൾ ആദ്യം രോഗമുണ്ടെന്നു പറഞ്ഞ് ചികിത്സിച്ചത് വെറുതെ ഡോക്ടർമാർക്ക് കാശുണ്ടാക്കാനായിരുന്നില്ലേ എന്നതായിരുന്നു അവരുടെ സംശയം. ഇത്തരം സംശയവുമായി വരുന്നവരോട് പെറ്റ് സ്കാൻ എന്താണെന്നും അതിന്റെ ഉദ്ദേശമെന്താണെന്നും ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ മറ്റു ചിലർ ചോദിക്കുന്നത്, കാൻസർ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിൽ പിന്നെ ചികിത്സിച്ചാൽ പോരേയെന്നാണ്. ഏതായാലും ശരീരത്തിൽ അവിടവിടെയായി രോഗം കാണുമല്ലോ, പിന്നെയെന്തിന് ഈ പെറ്റ് സ്കാൻ കൂടെ ചെയ്ത് സമയവും കാശും കളയുന്നത് എന്നതാണ് അവരുടെ സംശയം. പലപ്പോഴും സി.റ്റി സ്കാനും എം.ആർ.ഐ സ്കാനും ഒക്കെ ചെയ്തതിനു ശേഷമാണ് രോഗികൾക്ക് പെറ്റ് സ്കാൻ നിർദ്ദേശിക്കുന്നത്.

ഇങ്ങനെ പെറ്റ് സ്കാനിനെ കുറിച്ച് പല സംശയങ്ങളും അബദ്ധപ്രചാരണങ്ങളും സമൂഹത്തിൽ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് പെറ്റ് സ്കാൻ എന്നും എന്തിനാണ് അത് ചെയ്യുന്നത് എന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

എന്താണ്  ‘പെറ്റ് സ്കാൻ’ (PET Scan)?

പോസിട്രോൺ എമിഷൻ ടോമോഗ്രഫി (Positron Emission Tomography) എന്നതിന്റെ ചുരുക്കെഴുത്താണ് പെറ്റ് സ്കാൻ (PET Scan). സാധാരണ നമ്മള്‍ കേള്‍ക്കുന്ന സി.റ്റി സ്കാൻ (CT Scan), എം.ആർ.ഐ സ്കാൻ (MRI Scan,) അൾട്രാ സൗണ്ട് സ്കാൻ (Ultra Sound Scan) എന്നിവ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ഘടന അല്ലെങ്കില്‍ അവയവത്തിന്റെ ആകൃതി, അതില്‍ വരുന്ന വ്യതിയാനങ്ങള്‍ എന്നിവ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്; ഏതാണ്ട് ഒരു ഫോട്ടോ എടുക്കുന്നതുപോലെ. എന്നാല്‍ പെറ്റ് സ്കാനിൽ (PET Scan) ഓരോ അവയവത്തിലും നടക്കുന്ന വിവിധ ബയോകെമിക്കല്‍ പ്രവര്‍ത്തനമാണ് കണ്ടുപിടിക്കപ്പെടുന്നത്. അതിനാല്‍ ഏതെങ്കിലും രോഗമോ, ട്യൂമറോ ഏതെങ്കിലും അവയവത്തില്‍ എന്തെങ്കിലും ഘടനാപരമായ മാറ്റമോ ഉണ്ടാക്കുന്നതിനു മുമ്പ് നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് പെറ്റ് സ്കാനിന്റെ (PET Scan) പ്രത്യേകത. പ്രധാനമായും കാന്‍സറിന്റെ കൃത്യമായ സ്റ്റേജിംഗ്, ചികിത്സയോടുള്ള പ്രതികരണം, ചികിത്സക്കു ശേഷം രോഗം തിരിച്ചുവരുന്നുണ്ടോ എന്ന് നേരത്തെ കണ്ടുപിടിക്കുക – എന്നിവയ്ക്കാണ് പെറ്റ് സ്കാൻ (PET Scan) പ്രയോജനപ്പെടുന്നത്.

ചിലതരം മറവിരോഗങ്ങള്‍ക്കും ചില പ്രത്യേക തരം ന്യൂറോ സര്‍ജറി ചെയ്യുന്നതിനു മുമ്പ് അസുഖമുള്ള ഭാഗം കൃത്യതയോടെ കണ്ടുപിടിക്കുന്നതിനും പെറ്റ് സ്കാൻ (PET Scan) ഉപയോഗപ്പെടുത്താറുണ്ട്. ഹൃദ്രോഗ ചികിത്സയില്‍ ഹൃദയപേശികളുടെ രക്തപ്രവാഹം അളക്കാനും പെറ്റ് സ്കാൻ (PET Scan) പ്രയോജനപ്പെടുത്താറുണ്ട്.

എങ്ങനെയാണ് പെറ്റ് സ്കാൻ ചെയ്യുന്നത്? 

നമ്മുടെ ശരീരം സാധാരണ ഉപയോഗിക്കാറുള്ള ഒരു കെമിക്കല്‍ ഏതെങ്കിലും റേഡിയോ ആക്ടീവ് സബ്സ്റ്റന്‍സുമായി കൂട്ടിച്ചേര്‍ത്ത് ശരീരത്തിലേക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. ഈ ഇൻജെക്റ്റ് ചെയ്യുന്ന പദാർത്ഥത്തെ റേഡിയോ ട്രേസർ (Radio Tracer) എന്നാണ് വിളിക്കുന്നത്. ഇത് വിവിധ അവയവങ്ങളിലെത്തി രാസപ്രവര്‍ത്തനങ്ങള്‍ക്ക് അഥവാ ബയോകെമിക്കല്‍ ആക്ടിവിറ്റീസിനു വിധേയമാകുന്നു. ഈ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന പോസിട്രോൺ (Positively charged electron ), പെറ്റ് സ്കാൻ (PET Scan) ക്യാമറ ഉപയോഗിച്ച് കണ്ടുപിടിക്കുകയും അത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഒരു ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു. ഒരു പെറ്റ് സ്കാൻ (PET Scan) ചെയ്യാൻ ഏകദേശം രണ്ട്‌ മണിക്കൂർ സമയമാണ് എടുക്കുന്നത്. അതിൽ ഒരു മണിക്കൂർ സമയം റേഡിയോ ട്രേസറിനെ (Radio Tracer) ശരീരം ആഗിരണം ചെയ്യാൻ മാത്രവും.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് നമ്മുടെ ബേസിക് എനര്‍ജി സോഴ്‌സ് ആയ ഗ്ലൂക്കോസിന്റെ ഒരു വകഭേദമായ ഫ്ലൂറോ ഡി ഓക്സി ഗ്ളൂക്കോസ് (Flurodeoxy Glucose (FDG) എന്ന രാസപദാർത്ഥമാണ്. ഇതിന്റെ ഗുണം എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും എനര്‍ജിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഗ്ലൂക്കോസ് ആയതിനാല്‍ മിക്കവാറും എല്ലാ ശരീരഭാഗവും നമുക്ക് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ്. സാധാരണയായി പെറ്റ് സ്കാൻ (PET Scan) ചെയ്യുന്നതോടൊപ്പം സി.റ്റി സ്കാനോ (CT Scan), എം.ആർ.ഐ സ്കാനോ (MRI Scan) ചെയ്യുമ്പോഴാണ് കൂടുതല്‍ കൃത്യത ലഭിക്കുന്നത്. അതിനാല്‍ പെറ്റ് സി.റ്റി (PET CT) അല്ലെങ്കില്‍ പെറ്റ് എം.ആർ.ഐ (PET MRI) എന്നാണ് ഈ സ്‌കാന്‍ അറിയപ്പെടുന്നത്.

എഫ്.ഡി.ജി (FDG) കൂടാതെ മറ്റു റോഡിയോ ആക്ടീവ് സബ്സ്റ്റന്‍സായ പി.എസ്.എം.എ (PSMA) പ്രോസ്‌ട്രേറ്റ് കാന്‍സറിനും ഗാലിയം ഡോട്ട പെറ്റ് (Gallium DOTA) ന്യൂറോ എൻഡോക്രിയ്ൻ ട്യൂമറുകളുടെ വിലയിരുത്തലിനു വേണ്ടിയും പ്രയോജനപ്പെടുത്താറുണ്ട്.

തയ്യാറാക്കിയത്: ഐശ്വര്യാ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.