19 -ാം വയസിൽ രോഗം തളർത്തി; ഇന്ന് കണ്ണുകൾ മാത്രം ചലിപ്പിച്ചുകൊണ്ട് അനേകർക്ക് പ്രചോദനമേകുന്ന യുവാവ്

ഫെയ്സ് ബുക്കിൽ 2,30,000 -ലധികം ഫോളോവെഴ്‌സ് ഉള്ള ഒരു ചെറുപ്പക്കാരനാണ് പംലോ പാലുമ്പോ. എല്ലാ ദിവസവും സോഷ്യൽ മീഡിയയിലൂടെ അവൻ തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഈ ചെറുപ്പക്കാരന് ഒരു പ്രത്യേകതയുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ALS (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്, ലൗ ഗെറിഗ്സ് രോഗം എന്നും അറിയപ്പെടുന്നു) എന്ന രോഗം ബാധിച്ച് ശരീരം തളർന്ന് കിടപ്പിലാണ്. ശരീരം തളർന്ന അവസ്ഥയിൽ, കണ്ണുകൾ മാത്രം ചലിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു. ഇന്നദ്ദേഹം അനേകർക്ക് പ്രചോദനമാണ്.

ആഗസ്റ്റ് അഞ്ചിന് അദ്ദേഹം എഴുതിയ ഒരു പോസ്റ്റ് ഇപ്രകാരമായിരുന്നു: “കഷ്ടതയുടെ ഈ കാലഘട്ടത്തിൽ, എനിക്ക് അടുത്തുള്ള ആളുകളുടെ സ്നേഹം ഇല്ലായിരുന്നുവെങ്കിൽ, ദൈവം എനിക്ക് എല്ലാ ദിവസവും നൽകുന്ന വിശ്വാസവും ശക്തിയും ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇവിടെ പിടിച്ചു നിൽക്കുമായിരുന്നില്ല. ഞാൻ അവസാനം വരെ ഈ പരീക്ഷണത്തിന് വിധേയനാകുകയും അതിനെ കീഴടക്കുകയും ചെയ്യണം. എന്റെ ഹൃദയം നിലനിർത്താൻ നിങ്ങൾ സ്നേഹത്തിന്റെ ഇന്ധനം നൽകുന്നു, നന്ദി…”

പത്തൊൻപതാം വയസിൽ തളർത്തിയ രോഗം

പത്തൊൻപതാം വയസ്സിൽ, പംലോ പാലുംബോ ഒരു ഷെഫ് ആയി മാറുകയും ജീവിതത്തെ കുറിച്ച് നല്ല നല്ല സ്വപ്നങ്ങൾ കാണുകയും ചെയ്തു. ഇതിനോടകം ഗ്യാസ്ട്രോണമിയിൽ അദ്ദേഹം ഒരു പ്രൊഫഷണൽ ആയി മാറിയിരുന്നു. അപ്പോൾ നടത്തിയ ഒരു വൈദ്യപരിശോധനയുടെ ഫലമാണ് തനിക്ക് ബാധിച്ചിരിക്കുന്ന ഞെട്ടിക്കുന്ന രോഗത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്. 40 മുതൽ 70 വയസ്സുവരെ പ്രായമുള്ള ആളുകളിൽ സാധാരണയായി കാണപ്പെടുന്ന ALS എന്ന അസുഖം അദ്ദേഹത്തിന് ബാധിച്ചിരിക്കുന്നു. ഈ രോഗം ബാധിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളായിരുന്നു പംലോ പാലുംമ്പോ. എങ്കിലും അദ്ദേഹം തന്റെ ആത്മവിശ്വാസം കൈവിട്ടില്ല. ഒരു നല്ല പാചകക്കാരനാകാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം ഉപേക്ഷിച്ചില്ല. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന് സ്വന്തം ബെഡിൽ നിന്നും ഒന്ന് എഴുന്നേൽക്കാൻ പോലും ആയിട്ടില്ല. കൃത്രിമ ശ്വാസോഛ്വാസത്തെയും ഫീഡിംഗ് ട്യൂബിനെയും ആശ്രയിക്കുന്നു. സ്വന്തമായി പാചകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല.

നഷ്ടപ്പെട്ടവയെക്കാൾ തനിക്ക് എന്താകാം എന്ന് ചിന്തിച്ചു തുടങ്ങി

പംലോയെപ്പോലെ, ലോകത്ത് 2,00,000 -ത്തിലധികം ആളുകൾ ഇപ്പോൾ ALS- രോഗികളായി ജീവിക്കുന്നവരുണ്ട്. അവരിൽ 70,000 പേർക്ക് തനിയെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്തവരാണ്. വർഷങ്ങളായി പംലോ ഭക്ഷണം കഴിക്കുന്നത് ഒരു കൊച്ചുകുഞ്ഞിന് ഭക്ഷണം കൊടുക്കുന്നപോലെ ട്യൂബുകളിലൂടെയാണ്.

എങ്കിലും പംലോ ഇപ്പോഴും തന്റെ ആഗ്രഹം ഉപേക്ഷിച്ചിട്ടില്ല. തനിക്കും മറ്റുള്ളവർ കഴിക്കുന്നതുപോലെ ഭക്ഷണം കഴിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അത് യാഥാർത്ഥ്യമാക്കാൻ രുചി മുകുളങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെ, ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ സുഗന്ധം ആസ്വദിക്കാൻ സാധിക്കുന്ന ഒരു പാഡ് അദ്ദേഹം കണ്ടുപിടിച്ചു. ALS രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പോസിറ്റീവ് അനുഭവങ്ങളും പ്രതീക്ഷകളും നൽകുന്ന ഒരു കമ്പനി സൃഷ്ടിക്കുന്നതിന് സാമ്പിളുകളുടെ ഉത്പാദനം കൂടുതൽ വിപുലീകരിക്കാനാണ് ഈ പദ്ധതിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗികൾക്ക് നഷ്ടപ്പെട്ട സംവേദനം പുനസ്ഥാപിക്കുവാൻ പരിശ്രമിക്കുന്നു.

ധൈര്യപൂർവ്വം മുന്നോട്ട്

പംലോ ഇന്ന് തന്റെ ആവശ്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. കണ്ണുകൊണ്ട് നിയന്ത്രിക്കുന്ന ഒരു ശബ്ദ സിന്തസൈസറാണത്. സ്‌ക്രീനിന് ചുറ്റും നോക്കിക്കൊണ്ട് അതുവഴി അക്ഷരങ്ങൾ എഴുതുന്ന ഈ കമ്പ്യൂട്ടറിനെ ആശ്രയിച്ചാണ് ഇന്ന് പംലോ സോഷ്യൽ മീഡിയയിൽ എഴുതുന്നത്, തന്റെ ആശയങ്ങള്‍ പങ്കുവെയ്ക്കുന്നത്. ആരോഗ്യത്തിന് കാര്യമായ പുരോഗതി ഒന്നും ഇല്ലെങ്കിലും പംലോ അനേകര്‍ക്ക് പ്രചോദനമാണ്, പ്രതീക്ഷയാണ്.

ക്രൈസ്തവ വിശ്വാസം നൽകിയ ശക്തി

“എന്നെ രോഗം ബാധിച്ചപ്പോൾ എന്നിൽ ശക്തമായ ഒന്നാണ് ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം. ഏറ്റവും പ്രയാസകരമായ നിമിഷത്തിൽ അത് എന്റെ ആത്മാവിനെ രക്ഷിച്ചു. എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കാറുണ്ട്. മാനവികതയ്ക്ക് അർത്ഥമുണ്ടാകാനുള്ള എന്റെ ശ്രമങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ടവർക്കായും ഞാൻ പ്രാർത്ഥിക്കാറുണ്ട്. രോഗശാന്തി നൽകാൻ ഞാൻ ഇപ്പോൾ പ്രാർത്ഥിക്കാറില്ല. ദൈവത്തിന് എല്ലാത്തിനും ഒരു പദ്ധതിയുണ്ടെന്ന് ഞാനിന്ന് വിശ്വസിക്കുന്നു. ഈയൊരു ബോധ്യം തന്നെ ദൈവം എനിക്ക് നൽകിയ അനുഗ്രഹമാണ്.” – പംലോ പറയുന്നു.

സ്വപ്നങ്ങൾ ഇപ്പോഴും സാധ്യമാണെന്ന് വിശ്വസിച്ചുകൊണ്ട് ബുദ്ധിമുട്ടുകളിലും കൂടെയുള്ള ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പംലോ ധൈര്യപൂർവ്വം മുൻപോട്ട് പോകുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.