കോവിഡ് കാലത്തെ പെൺപോരാളികൾ

സി. സൗമ്യ DSHJ

കോവിഡ് കാലത്ത് രോഗബാധിതരെ സഹായിക്കുവാനായി എല്ലാ രൂപതകളിലും ടാസ്ക് ഫോഴ്‌സുകൾ സജ്ജമാക്കിയിരുന്നു. ഇത്തരത്തിൽ ഉള്ള ടാസ്ക് ഫോഴ്‌സുകളിൽ വളരെ വ്യത്യസ്തത പുലർത്തിയ ഒന്നാണ് ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂർ ഇൻഫന്റ് ജീസസ് ഇടവകയിലെ 25 പേരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് ടീം. പത്ത് യുവതികളും പതിനഞ്ച് യുവാക്കളുമാണ് ഈ ടീമിൽ ഉള്ളത്. കോവിഡ് ടാസ്ക് ഫോഴ്സ് ടീമിൽ പെൺകുട്ടികളോ എന്നാണ് ചോദ്യം എങ്കിൽ ‘അതെ’ എന്ന് തന്നെയാണ് ഉത്തരം. തന്നെയുമല്ല, കോവിഡ് രോഗികളെ സംസ്കരിക്കുന്നതുൾപ്പെടെ ഉള്ള പ്രവർത്തനങ്ങളിൽ ഈ പെൺകുട്ടികളും സജീവമാണ്. പ്രത്യേകിച്ചും ആൻഡ്രിയ വിൽസൺ, റിയോ ബാബു എന്നീ പെണ്‍കുട്ടികള്‍! ഇടവകയിൽ കോവിഡ് മൂലം മരിച്ച ഏല്യാക്കുട്ടി അമ്മച്ചിയുടെ മൃതസംസ്ക്കാരം നടത്തിയത് ഈ രണ്ട് പെണ്‍കുട്ടികളും ചേര്‍ന്നാണ്.

ധീരവും പ്രചോദനാത്മകവുമായ അവരുടെ പ്രവര്‍ത്തനങ്ങളും ആ ഇടവകയുടെ കോവിഡ് കാല കര്‍മ്മ പദ്ധതികളും നമ്മള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വരൂ, നമുക്ക് മേലഡൂർ ഇൻഫന്റ് ജീസസ് ഇടവക വരെ പോകാം.

വികാരിയച്ചന്റെ മാതൃക 

എംബിഎ -കാരിയായ ആൻഡ്രിയ, കാക്കനാട് ഇൻഫോ പാർക്കിൽ ഓഡിറ്ററായി ജോലി ചെയ്യുന്നു. റിയോ ആകട്ടെ ഡിഗ്രി വിദ്യാർത്ഥിനിയും. ഇടവകയിൽ കോവിഡ് മൂലം മരിച്ച ഏല്യാക്കുട്ടി അമ്മച്ചിയുടെ മൃതസംസ്ക്കാരം നടത്താന്‍ ഇവരും ഉണ്ടായിരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഗ്ലോറിസൻ, ചഞ്ചൽ എന്നീ രണ്ട് യുവാക്കള്‍ക്ക് ഒപ്പമാണ് ഇവരും മൃത സംസ്ക്കാരത്തിന് സഹായികളായി ചേര്‍ന്നത്‌. മേലഡൂർ ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. ജോളി വടക്കന്റെ മാതൃകയും പ്രോത്സാഹനവുമാണ് ഈ യുവജനങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്. മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് നാലു പേർ വേണമെന്ന ആവശ്യം ഉയർന്നപ്പോൾ അതിലേക്ക് ഈ രണ്ട് പെൺകുട്ടികളും തങ്ങളുടെ സന്നദ്ധത അറിയിക്കുകയായിരുന്നു. ആംബുലൻസിലെത്തിയ ഏല്യാക്കുട്ടി അമ്മച്ചിയുടെ മൃതദേഹം ഏറ്റുവാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇവർ ഒട്ടും പുറകിൽ നിന്നില്ല. സെമിത്തേരിയിലെ കുഴി മൂടിയതുൾപ്പെടയുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ ഈ പെൺകുട്ടികളും ഒപ്പം നിന്നു.

ഈ കോവിഡ് കാലഘട്ടത്തിൽ ‘ഇൻഫെന്റ് ജീസസ് ടാസ്ക്ക് ഫോഴ്‌സ്‌’ എപ്പോഴും റെഡി

ഇൻഫെന്റ് ജീസസ് ടാസ്ക്ക് ഫോഴ്‌സിന് ഈ കോവിഡ് കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ ഒരു പുത്തൻ അനുഭവമല്ല. മേലഡൂർ ഇടവകയിൽ തന്നെ ഒൻപതോളം മൃതസംസ്ക്കാര ശുശ്രൂഷകളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ ആളുകളുടേതായി നടന്നിട്ടുള്ളത്. എന്നാൽ, പെൺകുട്ടികൾക്കും മൃതസംസ്ക്കാര ശുശ്രൂഷകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുവാൻ സാധിക്കുമെന്ന് ഈ രണ്ട് യുവതികളും തെളിയിച്ചു. തങ്ങൾ ഒട്ടും പുറകിലല്ല എന്ന് ഇവർ പ്രവർത്തികളിലൂടെ തന്നെ വ്യക്തമാക്കി.

പെൺകുട്ടികൾക്കും ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന ആശയം മുന്നോട്ടു വച്ചത് അവരുടെ വികാരിയച്ചൻ തന്നെയാണ്. കാരണം പലപ്പോഴും ആളുകൾക്ക് കോവിഡ് മൂലം മരണമടഞ്ഞവരെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടു പോലും തൊടുവാൻ ഭയമാണ്. “ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം, മരിച്ചവരെ സംസ്ക്കരിക്കുക എന്നത് ഒരു കാരുണ്യപ്രവർത്തിയാണ്. മൃതദേഹത്തിന് അർഹമായ അംഗീകാരം കൊടുക്കുവാനും നമ്മൾ ബാദ്ധ്യസ്ഥരാണ്. കോവിഡിന്റേതായ പ്രത്യേക സാഹചര്യത്തിൽ, ആവശ്യമെങ്കിൽ മൃതസംസ്ക്കാരം നടത്താൻ സഹായിക്കാനും ഞങ്ങൾ ഒരുക്കമാണ് എന്ന് ഇവർ  അറിയിച്ചിരുന്നു. ഒരു അമ്മച്ചി മരിച്ചപ്പോൾ ആ ആവശ്യനേരത്ത് ഞങ്ങൾ സന്നദ്ധരാവുകയായിരുന്നു” – ആൻഡ്രിയ പറയുന്നു.

പ്രവര്‍ത്ത രീതി

കഴിഞ്ഞ രണ്ടു മാസമായി ഈ ടാസ്ക്ക് ഫോഴ്‌സ് സഹായസന്നദ്ധരായി ഈ നാട്ടുകാരുടെ കൂടെ തന്നെയുണ്ട്. ഇടവക ദൈവാലയത്തിന് അടുത്തുള്ള ആശുപത്രിയിൽ എല്ലാ ദിവസവും ഉച്ച വരെ ഡോക്‌ടേഴ്‌സിന്റെ സൗജന്യസേവനം ലഭ്യമാക്കുന്നു. പാലിയേറ്റിവ് കെയർ സംവിധാനം, പരിശോധനകൾ, മരുന്നുകൾ ഇവയെല്ലാം ഇവിടെ സൗജന്യമായി നൽകിവരുന്നു. കോവിഡ് മൂലം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഫോൺ വഴി ഡോക്‌ടേഴ്‌സുമായി കൺസൾട്ടിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്നു. ജാതിമത ഭേദമന്യേ പാവപ്പെട്ടവരായ എല്ലാവരിലേക്കും ഭക്ഷണക്കിറ്റുകൾ, ഭക്ഷണപ്പൊതികൾ എന്നിവ എത്തിക്കുകയും ചെയ്യുന്നു. ദിവസക്കൂലിക്കാരായ ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായവും ഇവർ എത്തിക്കുന്നു. അതിനായി ഈ യുവജനങ്ങൾ സദാ സന്നദ്ധരാണ്.

24 മണിക്കൂറും സജ്ജമായ ആംബുലൻസ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മറ്റൊരു പ്രത്യേക എന്നത് ആംബുലൻസ് സർവീസിനായി ആളുകളെ കൊണ്ടുപോകുവാൻ വികാരിയച്ചനും ഡ്രൈവർ സീറ്റിൽ ഉണ്ടാകും. അതിന് അച്ചന് യാതൊരു മടിയുമില്ല. പള്ളിസംബന്ധമായ തിരക്കുകൾ ഉണ്ടെങ്കിൽ മാത്രമേ അച്ചൻ വരാതിരിക്കുകയുള്ളൂ. സാഹചര്യത്തിന്റെ പ്രത്യേകതകളെ മനസിലാക്കി നേതൃത്വം നൽകാൻ മാത്രമല്ല ആദ്യമേ, അവരോടൊപ്പം ഇറങ്ങി മാതൃകയാകുന്ന വൈദികരായിരുന്നു  ഫാ. ജോളി വടക്കനും അസിസ്റ്റന്റ് വികാരി ഫാ. പോൾ നടക്കലും. ഇടവക ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരോടൊപ്പം നിന്ന് ഇവരും പ്രവർത്തിക്കുന്നു.

ഒരു സമൂഹത്തിൽ കരുണയുടെ മുഖമായവർ

കോവിഡ് ബാധിച്ചവരെ സംസ്ക്കരിക്കണ്ടേ സാഹചര്യം വന്നപ്പോൾ, വീട്ടിൽ മക്കൾ പോലും തിരിഞ്ഞുനോക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഈ യുവജനങ്ങൾക്ക് പിന്നോട്ട് പോകുവാൻ തോന്നിയില്ല. അവർ മുന്നിട്ടിറങ്ങി. ഒരു മൃതസംസ്ക്കാര ചടങ്ങിൽ മൃതശരീരം എടുക്കേണ്ട സാഹചര്യമൊക്കെ പെണ്‍കുട്ടികളായ ഇവർക്കും ആദ്യത്തെ അനുഭവമാണ്.

അവരോടൊപ്പം വീട്ടുകാരും സഹായമായി കൂടെ നിന്നു. “മരിച്ചുപോയെങ്കിലും പപ്പ കുറെ സാമൂഹ്യസേവനങ്ങൾ ചെയ്യുന്ന ഒരാളായിരുന്നു. ദൈവത്തെ കൂട്ടുപിടിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ എനിക്ക് പ്രചോദനം നൽകിയത് പപ്പയാണ്” – ആൻഡ്രിയ കൂട്ടിച്ചേർത്തു. മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി റിയയും ഇത്തരം സേവനങ്ങൾക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു. “എനിക്ക് ഇവയൊക്കെ ചെയ്യുന്നതിൽ പൂർണ്ണ സന്തോഷമേയുള്ളൂ. ഇനിയും ഇത്തരം സാഹചര്യങ്ങൾ വന്നാൽ ഉപയോഗപ്പെടുത്തും” – റിയോ പറയുന്നു.

ഇവർ മേലഡൂരിന്റെ സ്വന്തം പെൺപോരാളികളാണ്. ഇവർ രണ്ടു പേരുമല്ല ഇവിടെ സഹായ സന്നദ്ധരായിട്ടുള്ളത്. അനേകം പെണ്‍കുട്ടികളുണ്ട് ആവശ്യമെങ്കിൽ ഈ കോവിഡ് കാലത്ത് എന്തിനും ഏതിനും തയ്യാറായി. ഒരു കൂട്ടം യുവസുഹൃത്തുക്കളുടെ നല്ല മനസിനെ ഞങ്ങൾ ആദരവോടെ കാണുന്നു. നാളെയുടെ നല്ല വാഗ്ദാനങ്ങളായി അവര്‍ മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.