കനവായിരുന്നുവോ ഗാന്ധി?

ഡോ. സെമിച്ചൻ ജോസഫ്

“ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല” – ഈ വാക്കുകൾ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.

ലക്ഷ്യം മാത്രമല്ല, അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ, സമകാലിക ഇന്ത്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്‌. അദ്ദേഹത്തിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം.”

ലക്ഷ്യപ്രാപ്തിയിലേക്കുള്ള (നൈതികത തൊട്ടുതീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗതടസമായി പലർക്കും അനുഭവപ്പെട്ടേക്കാം. പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ ഗാന്ധിയും അദ്ദേഹത്തിന്റെ ആദർശങ്ങളും മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സത്യാനന്തര കാലത്തും അത് മാറ്റമില്ലാതെ തുടരുന്നു എന്നത് വലിയ ആശ്വാസത്തിന് ഇട നൽകുന്നുണ്ട്.

‘ഗാന്ധി’ എന്ന കവിതയിൽ വി. മധുസൂദനന്‍ നായർ ചോദിക്കുന്നുണ്ട്. “കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?” കനവു പോലെയോ, കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കിക്കാണാനാവില്ല.

അഹിംസാ ദിനം

അന്താരാഷ്ട്രതലത്തിൽ മറ്റൊരു സവിശേഷത കൂടിയുണ്ട് ഗാന്ധിജയന്തി ദിനത്തിന്. ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15-ന് തീരുമാനിച്ചു. ഗാന്ധിയൻ വീക്ഷണത്തിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോടു പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കാന്‍ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധി മുന്നോട്ടു വയ്ക്കുന്ന അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യാന്‍ കഴിവില്ലാതെ വരുമ്പോഴല്ല, മറിച്ച് ഹിംസ ചെയ്യാൻ താല്പര്യമില്ലാതെ വരുമ്പോളാകണമെന്നും, അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണമെന്നും ഗാന്ധി വിശ്വസിച്ചിരുന്നു.

ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹൂദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ്‌ അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്വത്തിന്റെ ഉപജ്ഞാതാവ്‌ ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയ തോതിൽ ആദ്യമായി പ്രയോഗിച്ചത്‌ അദ്ദേഹമാണ്‌. സർവ്വനാശകാരിയായ യുദ്ധത്തിനും കൊലപാതകങ്ങൾക്കും എതിരെ സമാധാനത്തിന്റെ, അഹിംസയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിന് ഗാന്ധിയെ സ്നേഹിക്കുന്ന ഏവർക്കും കടമയുണ്ട്.

യംഗ് ഇന്ത്യയിൽ ഗാന്ധിജി എഴുതുന്നു

‘മദ്യവും മയക്കുമരുന്നും മലേറിയ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ദ്രോഹം മനുഷ്യന് ചെയ്യുന്നുണ്ട്. കാരണം അത് മുറിപ്പെടുത്തുന്നത് ശരീരത്തെ മാത്രമല്ല ആത്മാവിനെയും കൂടിയാണ്.’ ലഹരിയുടെ കാണാക്കയങ്ങളിൽ ആബാലവൃന്ദം ജനങ്ങളും അടിപ്പെട്ടിരിക്കുന്ന കാലത്ത് ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മപ്പെടുത്തലാണ്.

ലഹരി വിറ്റ് കിട്ടുന്ന വരുമാനം അത് എത്ര തന്നെയായിരുന്നാലും ഉപേക്ഷിക്കാൻ നമ്മുടെ ഭരണകൂടങ്ങൾ തയ്യാറാകുമോ? മദ്യവും മയക്കുമരുന്നുകളും സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് കേവലം ദിനാചരണങ്ങൾ കൊണ്ടോ, തൊലിപ്പുറ ചികിത്സകൾ കൊണ്ടോ പരിഹാരമാകുമെന്നു വിശ്വസിക്കാൻ തരമില്ല.

“നേരാണ് നമ്മൾക്കുണ്ടായിരുന്നു
സൂര്യനെപ്പോലെയോരപ്പൂപ്പൻ
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും
മൊട്ടത്തലയും തെളിഞ്ഞകണ്ണും
മുൻവരി പല്ലില്ലാപ്പുഞ്ചിരിയും
വെൺനുരചൂടും വിരിഞ്ഞ മാറും”

സുഗതകുമാരി ടീച്ചർ വാക്കുകൾ കൊണ്ട് തീർത്ത ഗാന്ധിചിത്രം എത്ര മനോഹരമാണെന്ന് നോക്കൂ.

ആ ജീവിതത്തെ, ആശയങ്ങളെ,ആദർശങ്ങളെ വർണ്ണിക്കാന്‍ കവികൾ പരസ്പരം മത്സരിക്കുകയാണ്.

“മറന്നുവോ മനുജരെ മറന്നുവോ മക്കളെ നിങ്ങളിന്നെന്നെ മറന്നുവോ” എന്ന് വിലപിക്കുന്ന ഗാന്ധിയെക്കുറിച്ച് പണ്ട് ഞാൻ എഴുതിയിട്ടുണ്ട്. അതെ, ദിശ തെറ്റിയ, അക്ഷരത്തെറ്റുകൾ ശീലമാക്കിയ ഒരു കാലത്ത് സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോട് സംവദിക്കാൻ ഗാന്ധിയേക്കാൾ മികച്ച ഒരാളില്ല. “സത്യമാണ് എന്റ ദൈവം. ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു” സത്യാന്വേഷിയുടെ ഹൃദയം നിറഞ്ഞ വാക്കുകൾ പാതകളിൽ പ്രകാശമകട്ടെ.

ഏവർക്കും ഗാന്ധിജയന്തി ആശംസകൾ…

ഡോ. സെമിച്ചൻ ജോസഫ്
(അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രൊഫസർ ആണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.