നോമ്പുകാലം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും മനസിലാക്കാൻ ചില വസ്തുതകൾ

ഈശോയുടെ പീഡാസഹന മരണ ഉത്ഥാനരഹസ്യങ്ങളെ കൂടുതലായി അനുസ്മരിക്കുകയും ധ്യാനിക്കുകയും ചെയുന്ന സമയമാണല്ലോ നോമ്പുകാലം. ക്രൈസ്തവ വിശ്വാസത്തിന്റെ ആധ്യാത്മികത ജീവിതത്തിൽ നിലനിർത്താൻ ഈ നോമ്പുകാലം നമ്മെ സഹായിക്കും. ജീവിതത്തിൽ തിരുത്തേണ്ടവയെ തിരുത്താനും മാറ്റം വരുത്തുവാനുമുള്ള കാലമാണ് നോമ്പുകാലം. ഈ നോമ്പ് കാലത്ത് ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ.

1. നോമ്പിന്റെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ പരിശീലിക്കുക

ഒന്നാമത്തെ കാര്യം നോമ്പിന്റെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ പരിശീലിക്കുക എന്നതാണ്. അതിൽ ഒന്നാമത്തേത് പ്രാർത്ഥനയാണ്. ദൈവവുമായുള്ള കണ്ടുമുട്ടലാണ് പ്രാർത്ഥന. ദൈവവുമായുള്ള ഈ സംഭാഷണം നമ്മെ വ്യക്തിപരമായ ബന്ധത്തിലേക്ക് നയിക്കും. രണ്ടാമത്തെ കാര്യം, ആശയടക്കമാണ്. നമ്മുടെ ചെറിയ ചെറിയ ഇഷ്ട്ടങ്ങളെയും താൽപര്യങ്ങളെയും വേണ്ടെന്ന് വെയ്ക്കുകയും അതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈശോയ്ക്ക് സമർപ്പിക്കുകയും ചെയ്യുക. മൂന്നാമതായി, ദാനധർമ്മമാണ്. വേദനിക്കുന്നവരിലേക്ക് കടന്നു ചെല്ലുവാനും അവരെ അനുഭാവപൂർവ്വം കാണുവാനുമുള്ള ഒരു സമയമാണ് നോമ്പുകാലം.

2. ഉപവാസവും പരിത്യാഗവും

ഉപവാസവും പരിത്യാഗപ്രവർത്തികളും ചെയ്യേണ്ട സമയമാണ് നോമ്പുകാലം. ഭക്ഷണ വർജ്ജനം മാത്രമല്ല, ഉപവാസത്തിൽപ്പെടുന്ന കാര്യങ്ങൾ. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും അമിതമായ താത്പര്യങ്ങളെയും ആസക്തികളെയും നിയന്ത്രിക്കാനും ഈ നോമ്പുകാലം പ്രയോജനപ്പെടുത്തുവാൻ കഴിയണം.

3. നോമ്പിന്റെ ആരംഭവും അവസാനവും

വിഭൂതിയോടെയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. ഈസ്റ്ററോടെ അവസാനിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ നോമ്പ് മുന്നോട്ടുള്ള ജീവിത വഴികളിലെ വേദനകളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യാനുള്ള ശക്തി പ്രദാനം ചെയ്യുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.