‘വെളിച്ചത്തിന്റെ മനുഷ്യൻ’ ജോൺസന് ദേശീയ പുരസ്ക്കാരം

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ‘ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാര’ങ്ങളില്‍ നാലെണ്ണം കേരളത്തിനു ലഭിച്ചു. ആ നാലുപേരില്‍ ഒരാള്‍ എം. എ. ജോണ്‍സണ്‍ ആണ്. ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് തോല്‍പ്പിച്ച മഠത്തിനകത്ത് ജോണ്‍സണ്‍! 2018 സെപ്റ്റംബര്‍ 6-ന് അദ്ദേഹത്തെക്കുറിച്ച് ഒരു ഫീച്ചര്‍ ‘വെളിച്ചം വീശിയ മലയാളി: ജോണ്‍സന്‍’ എന്ന പേരില്‍ ലൈഫ് ഡേ ചെയ്തിരുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ഈ വേളയില്‍ ആ ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു.

‘അവളെ കൈവെള്ളയില്‍ കൊണ്ട് നടക്കുന്ന ഒരു പയ്യനാണ് അവന്‍,’ എന്ന പ്രയോഗം നമുക്ക് ഏറെ സുപരിചിതമാണ്. എന്നാല്‍ ‘അവനെ കൈവെള്ളയില്‍ പൊന്നു പോലെ ആ പെണ്ണ് കൊണ്ടു നടക്കുന്നു’ എന്ന് കേട്ടിട്ടുണ്ടാവില്ല. അതെ സ്വന്തം ഭര്‍ത്താവിനെ കൈവെള്ളയില്‍ പൊന്നു പോലെ കൊണ്ട് നടക്കുന്ന ഒരു പെണ്ണുണ്ട്! പേര് ഉഷാ ജോണ്‍സന്‍.  എല്‍. ഇ. ഡി. ബള്‍ബ്‌ കണ്ടു പിടിച്ച ജോണ്‍സന്‍ എന്ന മലയാളിയുടെ ഭാര്യ.

മനുഷ്യന്‍ എല്ലാറ്റിനും അധിപനായി വാഴുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങുവാനുള്ള അവന്റെ ഇച്ഛാശക്തിയുടെ ബലം തന്നെയാണ്. തന്റെ ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് തോല്‍പ്പിച്ച മഠത്തിനകത്ത് ജോണ്‍സന്റെ ജീവിതത്തിലൂടെ.

ഇരുട്ടിനെ വെല്ലുവിളിച്ച ജോണ്‍സന്‍

പള്ളി പറമ്പിലും ഉത്സവങ്ങളിലും ഒക്കെ ജോണ്‍സന്‍ ചെറിയ എല്‍. ഇ. ഡി. ബള്‍ബുകള്‍ കണ്ടിട്ടുണ്ട്. ക്രിസ്തുമസ്സിന് ആ വെളിച്ചം കാണുന്നത് തന്നെ ഒരു പ്രതീക്ഷയാണ് ജനിപ്പിക്കുന്നത്. ഭംഗിയുള്ള ആ പ്രകാശ കണങ്ങള്‍ കാണുമ്പോഴൊക്കെ അതിനോട് വല്ലാത്ത ഒരു ഭ്രമം അദ്ദേഹത്തിന് തോന്നിയിട്ടുണ്ട്. 1991- ല്‍ ആരംഭിച്ച ഇലക്ട്രോണിക്സ് കട അന്ന് തൊട്ടെ ജോണ്‍സന്‍റെ മനസ്സില്‍ ഇത്തരം ഇലേക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള കമ്പം വളര്‍ത്തിയിരുന്നു. വിദ്യാഭ്യാസം ഒന്നുമില്ല അതുകൊണ്ട് തന്നെ സ്വന്തമായി ഉണ്ടായിരുന്ന കടയായിരുന്നു വിദ്യാലയവും വിനോദ കേന്ദ്രവും എല്ലാം.

അങ്ങനെ ഒരിക്കലാണ് ഈ എല്‍. ഇ. ഡി. ബള്‍ബുകള്‍ കൊണ്ട് വീടുകളില്‍ എന്തുകൊണ്ട് വെളിച്ചം എത്തിച്ചുകൂടാ എന്ന ചിന്ത വരുന്നത്. വൈദ്യുതി ക്ഷാമവും വോള്‍ട്ടേജ് പ്രശ്നങ്ങളും ഒരു വലിയ വെല്ലുവിളി ആയിരുന്ന പെരുവണ്ണാമുഴി ഗ്രാമത്തിലെ അംഗമായ ജോണ്‍സന് ഇത്തരം ഒന്ന് കണ്ടു പിടിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് തോന്നി.

വെറും അഞ്ചു വാട്ട് വൈദ്യുതി ഉപയോഗിച്ച് വിളക്കുകള്‍ നിര്‍മ്മിക്കുക എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. നിരന്തരമായുള്ള പരീക്ഷണങ്ങള്‍ക്കും പാളിച്ചകള്‍ക്കും ഒടുവില്‍ ജോണ്‍സന്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചോക്ക് വികസിപ്പിച്ചു. പിന്നീടുള്ള വര്‍ഷങ്ങളുടെ പ്രയത്ന ഫലമായി 2004-ല്‍ അത് വിപണിയില്‍ എത്തിച്ചു. തുടക്കത്തില്‍ 2000 രൂപ വില വരുന്നവ വിപണിയില്‍ എത്തിച്ചു. തൊട്ടു പിന്നാലെ 650 രൂപയുടെതും. ഇതിലും വില കുറഞ്ഞ സി. എഫ്. എല്‍ ലാമ്പുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും, അവ വരുത്തി വയ്ക്കുന്ന വിനാശകരമായ പരിസ്ഥിതി പ്രശ്നം കൂടിയാണ് ജോണ്‍സനെ എല്‍. ഇ. ഡി വിളക്കുകളിലേക്ക് എത്തിച്ചത്.

വെല്ലുവിളികളില്‍ തളരാതെ

ചെറിയ വേദനകളില്‍ പോലും തളര്‍ന്നു ജീവിതം അവസാനിപ്പിക്കുന്നവര്‍ ജോണ്‍സനെ ഒരിക്കല്‍ എങ്കിലും പരിചയപ്പെടണം. ജനിച്ച് ആറാം മാസത്തില്‍ പോളിയോ ബാധിച്ചു വളര്‍ച്ച നഷ്ടപ്പെട്ട ആ ജോണ്‍സന്‍ ആണ് എല്‍. ഇ. ഡി വിളക്കുകള്‍ കണ്ടു പിടിച്ചത്.

എബ്രഹാമിന്റെയും ഏലികുട്ടിയുടെയും ആറു മക്കളില്‍ അഞ്ചാമനായി ജനിച്ച ജോണ്‍സന് വൈകല്യങ്ങള്‍ കാരണം സ്കൂള്‍ വിദ്യാഭ്യാസം ഒന്നും ലഭിച്ചിരുന്നില്ല. രോഗത്തിനു പക്ഷേ അദ്ദേഹത്തിന്റെ കൈകാലുകളെ തളര്‍ത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ മനസിന്റെ ഒരു കോണില്‍ പോലും ഈ ശാരീരിക വൈകല്യങ്ങള്‍ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. തന്റെ കടയും അതിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടു തോന്നിയ പ്രണയവും അദ്ദേഹത്തിന്റെ മുമ്പില്‍ ശാസ്ത്രത്തിന്‍റെ വിശാലമായ ലോകം തുറന്നു. ആ അവസരങ്ങളെ നഷ്ട്ടപ്പെടുത്താതെ അദ്ദേഹം മുന്നോട്ട് നീങ്ങി. ഇരുട്ട് നിറഞ്ഞ വീടുകളില്‍ വെളിച്ചം വിതറാന്‍.

പ്രളയത്തിലും മങ്ങാത്ത വെളിച്ചം

പ്രളയം കേരളത്തെ ഒന്നാകെ വിഴുങ്ങിയപ്പോഴും ജോണ്‍സന്‍ തന്റെ വെളിച്ചം കെടുത്തിയില്ല. ദുരിത ബാധിതര്‍ക്കായി 50 സോളാര്‍ എമര്‍ജെന്‍സി വിളക്കുകള്‍ നല്‍കി. ജോണ്‍സന്‍റെ എംടെക്ക് ഇലേക്ട്രോ ഡിജിറ്റല്‍ ഇൻഡസ്ട്രിയില്‍  തന്നെ നിര്‍മ്മിച്ച വിളക്കുകളാണ് ജോണ്‍സന്‍ നല്‍കിയത്. മന്ത്രി ടി. പി രാമകൃഷ്ണന് വിളക്കുകള്‍ കൈമാറിയ ശേഷം അദേഹം പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കാനും മറന്നില്ല. കേരളം ഇരുട്ടിലായപ്പോള്‍ വെളിച്ചത്തിന്റെ ഈ തോഴന് എങ്ങനെ അവര്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ സാധിക്കും?

വൈകല്യങ്ങള്‍ ഇല്ലാത്ത പ്രണയം

വൈകല്യങ്ങള്‍ കൂടപ്പിറപ്പ് ആയതുകൊണ്ട് തന്നെ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ബന്ധങ്ങള്‍ സ്ഥാപിക്കാനോ സ്നേഹബന്ധങ്ങള്‍ മെച്ചപ്പെടുത്താനോ ജോണ്‍സനു സാധിച്ചിരുന്നില്ല. പരീക്ഷണങ്ങളും കടയിലെ ഉപകരണങ്ങളും കസേരയും ഒക്കെ തന്നെയായിരുന്നു ജോണ്‍സന്‍റെ അടുപ്പക്കാര്‍. 1998-ല്‍ നടന്ന അഗ്നിബാധയില്‍ കട നശിച്ചു പോയി. പിന്നീട് ഏറെ ശ്രമപ്പെട്ടു മുന്നോട്ട് നീങ്ങി യുണിറ്റ് പുനരാരംഭിച്ചു. അവിടെ വിവിധ ഇനം സിഎഫ്എല്‍ വിളക്കുകളും മറ്റു ലൈറ്റുകളും ഒക്കെ നിര്‍മ്മിക്കുകയും വില്‍ക്കുകയും ഒക്കെ ചെയ്തിരുന്നു. അവിടെ ലൈറ്റുകളുടെ നിര്‍മ്മാണം പഠിക്കാന്‍ ട്രെയിനിയായി ഉഷ എത്തി. ജോണ്‍സന്‍റെ വീട്ടില്‍ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന ഒരേ നാട്ടുകാര്‍. ജോണ്‍സന്‍റെ ഇച്ഛാശക്തിയും പരിശ്രമവും ഒക്കെ ഉഷയെ വല്ലാതെ സ്വാധീനിച്ചു. ഇടയ്ക്കിടെ കാണുമ്പോഴുള്ള കുശലവും സംസാരവും ഒക്കെ ക്രമേണ പ്രണയത്തിലേക്ക് വഴി തെളിച്ചു. ഹൃദയത്തിന് വൈകല്യങ്ങള്‍ ഇല്ലാത്ത ആ മനുഷ്യനെ അവര്‍ക്ക് ശരീരത്തിന്റെ വൈകല്യത്തിന്റെ പേരില്‍ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ശരീരത്തിനും മനസിനും വൈകല്യം ഇല്ലാത്ത അവര്‍ അദ്ദേഹത്തിന്റെ ജീവിത സഖിയായി.

“അവനെ കൈവെള്ളയില്‍ പൊന്നു പോലെ ആ പെണ്ണ് കൊണ്ടു നടക്കുന്നു,” എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഉഷ ഏപ്രില്‍ 18, 2000-ല്‍ ഹൃദയത്തിലും കൈകളില്‍ ഏറ്റിയതാണ്.  ജെയൂന്‍, ജെസൂന്‍ എന്നീ രണ്ടു മക്കളോട്  ഒപ്പം ഈ കുടുംബം ഇപ്പോള്‍ സന്തോഷമായി കഴിയുന്നു. പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും മുറുക്കി പിടിച്ചു മുന്നോട്ട് നീങ്ങുകയാണ് ഈ കുടുംബം.

ഇതൊരു കഥയല്ല. അനേകം ജീവിതങ്ങളെ പ്രത്യാശയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയ വിജയ ഗാഥയാണ്. തോല്‍ക്കാന്‍ മനസില്ലാത്തവര്‍ക്കും തളരാന്‍ വേറെ ആളെ നോക്കണം എന്ന് വിശ്വസിക്കുന്നവര്‍ക്കും മാത്രം നേടിയെടുക്കാന്‍ കഴിയുന്ന ഒരു അനുഭവമാണ്‌ അവരുടെ ഈ ജീവിതം.

ശില്പ രാജൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.