രാവിലെ ഡോക്ടർ, ഉച്ചക്ക് പ്രൊഫസർ, രാവും പകലും ഒരു പുരോഹിതൻ; ചെയ്തുതീർക്കാൻ ഏറെയുണ്ട് ഈ വൈദികന്

പെറുവിയൻ ആമസോണിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളായി സേവനം ചെയ്യുന്ന ഒരു പുരോഹിതനുണ്ട്. മാൾട്ടയിൽ നിന്നും പെറുവിലേക്ക് ദൈവം ഈ പുരോഹിതനെ വിളിച്ചത്, വൈദികൻ എന്ന ഉത്തരവാദിത്വത്തോടൊപ്പം വേറെയും ചില കാര്യങ്ങൾ കൂടി ചെയ്യുന്നതിനു വേണ്ടിയായിരുന്നു. ഫാ. റെയ്മണ്ട് പോർടെല്ലി എന്ന പുരോഹിതൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് നൂറുകണക്കിന് പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്. അഞ്ചു ലക്ഷത്തോളം ജനസംഖ്യ വരുന്ന ഒരു നാട്ടിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്നു പോർടെല്ലി. പക്ഷേ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ദൈവം അദ്ദേഹത്തെ പ്രത്യേകമായി വിളിക്കുന്നത്. ഒരു പുരോഹിതനാകുവാനുള്ള ദൈവത്തിന്റെ വിളി അദ്ദേഹത്തെ തേടിയെത്തി. പിന്നീട് അത് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കേണ്ട ഒന്നായി മാറി. അങ്ങനെ പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്ദേഹം പെറുവിലെത്തി ഇക്വിറ്റോസിൽ തന്റെ ഇടയശുശ്രൂഷ ആരംഭിച്ചു.

എന്നാൽ ഒരു ഡോക്ടർ ആകുന്നത് തന്റെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് കുറച്ചു കൂടി സാധ്യതകൾ ഉണ്ടാക്കുന്ന ഒന്നാണ് എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ 2006 -ൽ പെറുവിയൻ ആമസോൺ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിനിൽ ബിരുദം നേടി. ഇപ്പോൾ അദ്ദേഹം എക്കോളജിയും മോളിക്യൂലാർ ബയോളജിയും പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്. അസ്സോസിയേറ്റ് പ്രൊഫസർ എന്ന ജോലിയോടൊപ്പം ഡോക്ടർ എന്ന നിലയിലും അദ്ദേഹം സേവനം ചെയ്യുന്നു. പിന്നെ രാത്രിയും പകലും ജീവിതം മുഴുവനും ഒരു പുരോഹിതനുമാണ്.

‘കർത്താവ് എല്ലാം കൂട്ടിക്കലർത്തി. എന്റെ പുരോഹിതനാകുവാനുള്ള വിളിയോടൊപ്പം അവിടുന്ന് എന്റെ ആഗ്രഹങ്ങളെയും ചേർത്തുവച്ചു’ എന്ന് അദ്ദേഹം പറയുന്നു. പിന്നീട് സമൂഹത്തിൽ അവഗണന ഏൽക്കുന്ന നാല് തരത്തിൽപെട്ടവർക്ക് നാല് ഭവനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. HIV/ എയ്ഡ്‌സ് രോഗബാധിതർ, ലഹരിവസ്തുക്കൾക്ക് അടിമകളായവർ, പാവപ്പെട്ട മുതിർന്ന പൗരന്മാർ, ഭവനരഹിതരായവർ എന്നിവർക്കൊക്കെയും അദ്ദേഹം ഭവനങ്ങൾ സ്ഥാപിച്ചു. അഞ്ചാമതൊരു ഭവനം ഉണ്ടായിരുന്നത് ഒരു ധ്യാനകേന്ദ്രമായിരുന്നു. പകർച്ചവ്യാധിയുടെ ആദ്യമാസങ്ങളിൽ തന്നെ ഫാ. പോർട്ടെല്ലി ഓക്സിജൻ പ്ലാന്റുകൾക്കു വേണ്ടി പ്രവർത്തനം തുടങ്ങി. അഞ്ചു പ്ലാന്റുകൾ ഉണ്ടായിരുന്നുവെങ്കിലും നാലെണ്ണം സർക്കാരിനു കൈമാറി.

“ഞങ്ങൾക്ക് ധാരാളം കിടക്കകൾ ഉണ്ട്. ഒരുപാട് വെന്റിലേറ്ററുകൾ ഉണ്ട്. ഓക്സിജനുണ്ട്. പക്ഷേ വിദഗ്ദ്ധരായ ഡോക്ടർമാരില്ല. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആളില്ലെങ്കിൽ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഇക്വിറ്റോസിലെ സഭ എല്ലാ വാതിലുകളും തുറന്നിട്ടിട്ടുണ്ട്. ഞങ്ങൾ ഭക്ഷണവും മരുന്നുകളും കൗൺസിലിങ്ങും നൽകുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും സഭയുടെ സാന്നിധ്യമുണ്ട്. ഇവിടെ സഭ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു.

മാൾട്ടയിൽ നിന്നും ഈ പുരോഹിതൻ പെറുവിയൻ ആമസോണിൽ കഴിഞ്ഞ 30 വർഷമായി ചെയ്ത സേവനങ്ങൾക്ക് വലിയ മൂല്യമാണുള്ളത്. തന്റെ ആഗ്രഹങ്ങൾ മാറ്റിവച്ച് ദൈവത്തിന്റെ ആഗ്രഹത്തിന് പ്രഥമസ്ഥാനം നൽകിയപ്പോൾ അദ്ദേഹത്തിന് ദൈവം അതെല്ലാം സാധിച്ചുകൊടുത്തു. ഒരുപക്ഷേ, അതിലും കൂടുതലായ കാര്യങ്ങൾ ചെയ്യാൻ അവിടുന്ന് അദ്ദേഹത്തെ യോഗ്യനാക്കി. തനിക്കു ലഭിച്ചിരിക്കുന്ന എല്ലാ റോളുകളും ഏറ്റവും മിച്ച രീതിയിൽ കർത്താവിനു വേണ്ടി പൂർത്തീകരിക്കുകയാണ് അദ്ദേഹം. അതെ, ഫാ. റെയ്മണ്ട് പോർട്ടെല്ലി രാവിലെ ഡോക്ടറും ഉച്ചയ്ക്ക് പ്രൊഫസറും രാവും പകലും ഒരു പുരോഹിതനും കൂടിയാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.