വീട് സ്വർഗ്ഗമാക്കാം

ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്ന ഒരു മത്സരക്കളിയല്ല കുടുംബ ജീവിതം. സ്റ്റീവൻ കവിയുടെ ഭാഷയിൽ പറഞ്ഞാൽ വിൻ- വിൻ മനോഭാവമാണ് രണ്ടു പേർക്കും ഉണ്ടാകേണ്ടത്. അല്ലാതെ ഞാൻ ജയിക്കണം നീ തോൽക്കണം, (വിൻ -ലോസ്) ഞാൻ തോറ്റേക്കാം നീ ജയിച്ചോട്ടെ, രണ്ടുപേരും തോൽക്കട്ടെ എന്നീ മനോഭാവങ്ങൾ ഭാര്യ ഭർതൃ ബന്ധത്തിൽ ഊഷ്മളത പകരില്ല. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ഹൃദയം തുറന്നൊന്നു സംസാരിച്ചാൽ നമ്മുടെ കുടുംബങ്ങളെയും നമുക്ക് സ്വർഗ്ഗമാക്കാം.

കൊച്ചുകൊച്ചു പിണക്കങ്ങളിലും വാക്കു തർക്കങ്ങളിലും ഒരിക്കലും തങ്ങളുടെ പങ്കാളിയെ മുറിപ്പെടുത്താതെ ശ്രദ്ധിക്കണം. ചിലപ്പോൾ മറുവശത്തു നിന്ന് ഒരു പ്രതികരണമോ ദേഷ്യമോ ഇല്ലായിരിക്കും. പക്ഷേ ഒന്നും പറയാതെ, മുറിപ്പെടുത്തുന്ന വാക്കുകളാൽ മൗനത്തെ കൂട്ടുപിടിക്കുന്ന ഒരു കൂട്ടം പങ്കാളികൾ ഉണ്ട്. ഒരാൾ തോറ്റുകൊടുക്കുകയും മറ്റൊരാൾ ജയിച്ചു നിൽക്കുവാനും ഉള്ള പ്രവണത ആണ് ഇത്. എന്നാൽ ‘ജയം- തോൽവി’ എന്നതിനേക്കാളുപരി ‘സ്നേഹം – വിശ്വാസം’ എന്നീ ഗുണങ്ങളെയാണ് നാം ചേർത്തു വെയ്ക്കേണ്ടത്.

ഏതു പ്രശ്നവും മനസ്സ് തുറന്നു സംസാരിക്കുന്നതു വഴി നമ്മുടെ ജീവിതത്തെ കുറച്ചൊക്കെ വരുതിക്ക് നിർത്തുവാൻ സാധിക്കും. എന്നാൽ രണ്ടുപേരും ആഗ്രഹിച്ചാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. സ്വന്തം കുറവുകൾ അംഗീകരിക്കുവാനും തിരുത്തുവാനും തയ്യാറാകുമ്പോൾ കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാനാകും. അതിനുവേണ്ടിയുള്ള ഒരു ചെറിയ ശ്രമം നടത്തി തുടങ്ങുമ്പോൾ തന്നെ ജീവിതത്തിൽ  വലിയ‌ മാറ്റങ്ങൾ സംഭവിക്കും. അതിനൊപ്പം പങ്കാളിയിൽ കുറേക്കൂടി സ്നേഹവും ബഹുമാനവും  വർദ്ധിപ്പിക്കുകയെ ഉള്ളൂ. എന്നാൽ കുറവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റം സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ അത് സൂചിപ്പിക്കാവൂ.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഒരായുസ്സിലേക്കു വേണ്ടുന്ന സ്നേഹവും ബഹുമാനവുമാണ് നിങ്ങൾ പങ്കുവെച്ചിട്ടുള്ളത്. അതിനാൽ തന്നെ ദാമ്പത്യത്തിലെ സ്‌നേഹം തണുത്തു തുടങ്ങുമ്പോൾ ആദ്യ നാളുകളിലെ സ്നേഹത്തിലേക്ക് മടങ്ങുക. വിഷമതകളും അസ്വസ്ഥതകളും പിടിമുറുക്കുമ്പോൾ ആദ്യ നാളുകളിലെ സ്നേഹവും കാരുണ്യവും വിശ്വാസവും ദൈവത്തോടുള്ള ഭക്തിയും തിരിച്ചു കൊണ്ടുവരിക. പരസ്പരം കൈ കോർത്തു പിടിച്ചുകൊണ്ട് കണ്ണുകളടച്ച് അവിടുത്തെ മുൻപിൽ അൽപ സമയം ആയിരിക്കുവാൻ ശ്രമിക്കുക. അതിനു കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട് സ്വർഗ്ഗമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.