പ്രണയം പകയായ് മാറുന്നതിന്റെ പിന്നിൽ

അഡ്വ.  മനു ജെ. വരാപ്പള്ളി

പ്രണയം പിടിച്ചു വാങ്ങാൻ കത്തിയും തോക്കും ആത്മഹത്യ ഭീഷണിയും അക്രമവും ഒക്കെ അഴിച്ചു വിടുന്ന ഒരു തലമുറ. പണ്ട് മറുനാടുകളിൽ മാത്രം കേട്ടിരുന്നത് ഇന്ന് കേരളത്തിൽ സാധാരണമായി മാറുന്നു. യുവതലമുറയുടെ മാനസിക നിലവാരം എങ്ങോട്ട് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

കുറ്റകൃത്യം ചെയ്യാൻ തയ്യാറായ മനസ്സ് മരവിച്ച തലമുറയ്ക്ക് പിന്നിൽ പല ഘടങ്ങൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കുടുംബ പശ്ചാത്തലവും സമൂഹ സാഹചര്യങ്ങളും ഒക്കെ പലപ്പോഴും ചർച്ച ചെയ്യുമ്പോഴും ഇതിൻ്റെ പിന്നിലെ പ്രധാനപ്പെട്ട പലതും ചർച്ച ചെയ്യാതെ പോകുന്നു.

മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിയുടെ ഉപയോഗം, അക്രമ വാസന പോത്സാഹിപ്പിക്കുന്ന മൊബൈൽ ഗെയിമുകൾ, ആക്രമങ്ങളെയും അരാചകത്വങ്ങളെയും മഹത്വവൽക്കരിക്കുകയും സ്വതന്ത്ര ജീവിതത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുകയും എന്ത് വയലൻസും റേറ്റിങ്ങ് കൂട്ടാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന മാധ്യമ-നവ മാധ്യമ ലോകം, മൂല്യബോധം സമൂഹത്തിൽ പകർന്നു കൊടുക്കാൻ താൽപര്യമുള്ള രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക നേതൃത്വങ്ങളുടെയും അഭാവം, മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സ തേടാനുള്ള മലയാളികളുടെ വൈമനസ്യം തുടങ്ങിയ പലതാണ് കാരണങ്ങൾ.

മനുഷ്യത്വം മരവിച്ച പല കുറ്റകൃത്യങ്ങളുടെയും പുറകിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിയുടെ പങ്ക് വളരെ വലുതാണ് എന്ന് പലപ്പോഴും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മാധ്യമ കാഴ്ചയിലും പൊതുജന ബോധത്തിലും പല കുറ്റകൃത്യങ്ങളും പ്രണയ നൈരാശ്യവും പകയും മാത്രമായി ഒതുക്കും. അങ്ങിനെ ഇതിൻ്റെ ഒക്കെ പ്രതിവിധി ഒരു കുറ്റകൃത്യം ആണ് എന്ന് പറയാതെ പറഞ്ഞ് വീണ്ടും മാനസിക നില തെറ്റിയ ആർക്കോ നാം ജന്മം കൊടുക്കും. ഈ കുറ്റകൃത്യങ്ങളുടെ ഒക്കെ അടിസ്ഥാന കാരണം പഠന വിഷയമാക്കേണ്ടിയിരിക്കുന്നു. കേരള മാതൃക ഉണ്ടാകേണ്ടത് അതിനാണ്.

അഡ്വ. മനു. ജെ. വരാപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.