ആരുമില്ലാത്തവർക്ക് അഭയമായി ഒരു വീട് – ‘ഡയിങ് ഡെസ്റ്റിറ്റിയൂട്ട് സെന്റർ’

സി. സൗമ്യ DSHJ

“രാത്രിയിൽ വേദന സഹിക്കാൻ വയ്യാതെ പഴുത്ത്, പുഴുക്കൾ ബാധിച്ച എന്റെ കാൽ ഞാൻ ശക്തിയായി കുടയും. എന്നിട്ട് വേദന കൊണ്ട് ഉറക്കം വരാതെ രാത്രികളിൽ ഓരോ പുഴുവിനെയും ഞാൻ എണ്ണും. നാലായിരം പുഴുക്കളെ വരെ എണ്ണിയ ദിവസങ്ങളുണ്ട്. എന്നിട്ട് അവയെ എല്ലാം ഞാൻ കൊല്ലും. അങ്ങനെ നേരം വെളുപ്പിക്കും” – മുംബൈയിലെ തെരുവുകളിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധന്റെ വാക്കുകളാണിത്. എന്നാൽ ഇന്ന് അദ്ദേഹം ഒരു കുടുംബത്തിലെ അംഗമാണ്; ഡയിങ് ഡെസ്റ്റിറ്റിയൂട്ട് സെന്റർ എന്ന കുടുംബത്തിലെ അംഗം. മുംബൈയിലെ ബദലാപൂരിൽ ഉള്ള ഈ സെന്ററിനെയും അതിന്റെ പ്രവർത്തനങ്ങളെയും നമുക്കൊന്ന് പരിചയപ്പെടാം.

പാവപ്പെട്ടവർക്കു വേണ്ടി ദൈവത്താൽ തുടക്കം കുറിച്ച സ്ഥാപനം  

രണ്ടു വർഷമായി ‘ഡയിങ് ഡെസ്റ്റിറ്റിയൂട്ട് സെന്റർ’ എന്ന ഈ സ്ഥാപനം തുടങ്ങിയിട്ട്. മുംബൈയിലെ തെരുവുകളിൽ അലയുന്ന ആരോരുമില്ലാത്ത പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഒരു സ്ഥാപനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലിക്ക് വേണ്ടി മുംബൈയിൽ എത്തിച്ചേർന്ന അനവധി ആളുകള്‍ ഉണ്ട്. അങ്ങനെ ഇവിടെ വന്ന ശേഷം ജോലി ലഭിക്കാതെയും വേണ്ടത്ര വരുമാനമില്ലാതെയും ഒറ്റപ്പെട്ടു പോയവര്‍ ഏറെയാണ്‌.  ഗുരുതരമായ രോഗം ബാധിക്കുന്നവർ, തല ചായ്ക്കാൻ ഒരിടം ലഭിക്കാത്തവർ… ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരൊക്കെ ഒരു കാലഘട്ടം കഴിയുമ്പോൾ, രോഗം മൂർച്ഛിച്ചും ആരോഗ്യം നഷ്ടപ്പെട്ടും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലെത്തും. ഉറ്റവരാൽ അനാഥമായി പോകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ പെരുവഴി മാത്രം ആശ്രയം എന്നൊരു അവസ്ഥയിലെത്തും. അവർ വഴിവക്കിലോ, റെയിൽവേ ബ്രിഡ്‌ജിന്റെ അടിയിലോ, റെയിൽവേ സ്റ്റേഷനിലോ ഒക്കെ അഭയം പ്രാപിക്കുന്നു. ഇങ്ങനെ തെരുവിൽ അലയേണ്ടി വരുന്ന കുറെയേറെ ജീവിതങ്ങൾ മുംബൈയിലെ തെരുവീഥികളിലുണ്ട്.

ഇങ്ങനെ വളരെ പരിതാപകരമായ രീതിയിൽ കഴിയുന്നവരുടെ ഇടയിലേക്ക് ദൈവത്താൽ അയക്കപ്പെട്ട ഒരു പ്രവാചകനെന്ന രീതിയിൽ കടന്നുവന്ന വൈദികനാണ് ഫാ. റോബിൻ അബ്രാഹം പഴംചിറയിൽ. രോഗികളെ അവശനിലയിൽ റോഡിൽ നിന്നും കണ്ടെത്തിക്കഴിയുമ്പോൾ അവരെ എന്ത് ചെയ്യും എന്നാരു ചോദ്യത്തില്‍ നിന്നാണ് ഈ സെന്ററിന്റെ തുടക്കം. ഒരാളല്ല, അനേകർ കൺമുമ്പിൽ നരകിക്കുന്ന അവസ്ഥ. അതിൽ ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കേണ്ടി വരുന്ന സാഹചര്യം. അവിടെ നിന്നുമാണ് എല്ലാറ്റിന്റെയും തുടക്കം. എന്നാൽ എന്തെങ്കിലും ചെയ്യാൻ പണമില്ല, ആവശ്യമായ സ്ഥലമില്ല, ഒന്നുമില്ലാത്ത അവസ്ഥ. ഇറങ്ങിച്ചെന്നാലേ ഇതൊക്കെ കാണാൻ സാധിക്കൂ. മുബൈയിലെ തെരുവുകളിൽ കൂടി നടന്നപ്പോഴൊക്കെ ഈ വൈദികന്റെ കൺമുൻപിലേക്ക് കടന്നുവരുന്നവരെല്ലാം വളരെ പാവപ്പെട്ടവരായ മനുഷ്യർ. തെരുവിൽ അഭയം പ്രാപിച്ച അവശരായ പാവപ്പെട്ട ആ മനുഷ്യരെ വെറുതെയങ്ങ് ഉപേക്ഷിച്ചുപോരാൻ അദ്ദേഹത്തിന് മനസ്സു വന്നില്ല. ഇങ്ങനെ കണ്ടുമുട്ടിയവരെയെല്ലാം ഓരോരുത്തരെയായി അദ്ദേഹം ആശുപത്രിയിലാക്കി. ഒരാളുടെ കൂടെ പത്തോ പതിനഞ്ചോ ദിവസമെങ്കിലും ചിലവഴിക്കേണ്ടി വരും. അങ്ങനെ പോകുന്ന സാഹചര്യം.

അങ്ങനെ അവശനായ  ഒരാളെ ആശുപത്രിയിലാക്കി. എന്നാല്‍ ഡിസ്ചാർജ് ചെയ്ത സമയത്ത്, പോകാന്‍ ഒരിടമില്ലാത്ത അദ്ദേഹത്തെ തിരികെ തെരുവിലേക്കു തന്നെ ഇറക്കിവിടേണ്ട അവസ്ഥ ഉള്ളുരുകുന്ന വേദനയാണ് റോബിനച്ചന് സമ്മാനിച്ചത്. അങ്ങനെ മറ്റ് സ്ഥാപനങ്ങളിൽ അവരെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ, അവിടെയൊന്നും സ്ഥലമില്ലെന്നുള്ള മറുപടി ഒരു പുതിയ സ്ഥാപനത്തിന് തുടക്കം കുറിക്കാനുള്ള തീരുമാനത്തിലേക്കാണ് റോബിനച്ചനെ കൊണ്ടുവന്നെത്തിച്ചത്. അങ്ങനെ ഒരു വാടക വീട്ടിൽ നിന്നും  ആരംഭിച്ചതാണ് ‘ഡയിങ് ഡെസ്റ്റിറ്റിയൂട്ട് സെന്റർ’ എന്ന സ്ഥാപനം.

ഒന്നുമില്ലായ്മയിൽ നിന്നും തുടക്കം

ആദ്യം രണ്ട് പേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. അനാഥരായവരെ മാത്രമാണ് ഈ സ്ഥാപനത്തിൽ എടുക്കുന്നത്. വീട്ടുകാരുള്ളവരെ എടുക്കില്ല. കാരണം, അവർക്ക് ഒരു നേരത്തെ ആഹാരമെങ്കിലും ലഭിക്കും. അതുപോലും ലഭിക്കാതെ രോഗവും പട്ടിണിയും മൂലം ആരോരുമില്ലാതെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അനേകരുണ്ട്. അവരെയാണ് ഈ ആശ്രമത്തിൽ സ്വീകരിക്കുക. ഭക്ഷണമില്ലാതെ ചവറ്റുകൂനയിൽ നിന്നും ഭക്ഷണം കഴിച്ചവരെ കൊണ്ടുവന്ന് ആശ്രമത്തിലാക്കി. അങ്ങനെയുള്ളവരാണ് ഈ ആശ്രമത്തിലുള്ളവരിൽ മിക്കവരും തന്നെ.

ഒരുപാട് പണം സമ്പാദിച്ചതിനു ശേഷമോ, കൈയിൽ കാശ് കരുതിയ ശേഷമോ ആരംഭിച്ച ഒരു സംരംഭമല്ല ഇത്. പകരം ശൂന്യമായ കരങ്ങളോടെയാണ് ഇതിന്റെ തുടക്കം. അതിനാൽ തന്നെ ദൈവം ഇവരോടൊപ്പമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഇത്തരം പാവപ്പെട്ടവർ റോഡിൽ കിടന്ന് മരിക്കേണ്ടിവരുന്നത്?

ഒന്നും രണ്ടുമല്ല, ആരുമില്ലാത്ത അനേകരാണ് ഇപ്രകാരം റോഡിൽ കിടന്ന് മരിക്കേണ്ടിവരുന്നത്. അത് ചിലപ്പോൾ ടിബി  ആയതിനാലാകാം, എയ്ഡ്‌സ് രോഗം മൂലമാകാം. ഇവിടെയുള്ള സ്വകാര്യ ആശുപത്രികളിലൊന്നും ഈ പാവങ്ങൾക്ക് പോകാൻ പറ്റില്ല. ഗവൺമെന്റ് ആശുപത്രികളാണ് ഇവരുടെ ഏക ആശ്രയം. അവിടെ ഡോക്ടർമാർ ഒരു മിനിറ്റിൽ തന്നെ രണ്ടും മൂന്നും രോഗികളെയൊക്കെയാണ് പരിശോധിക്കുന്നത്. അതായത്, ഒരു മിനിറ്റ് സമയം പോലും ഒരു രോഗിയെ പരിശോധിക്കാൻ സമയം എടുക്കുന്നില്ല. അപ്പോൾ ആരുമില്ലാത്ത ഒരാളുടെ അവസ്ഥയോ? ഇങ്ങനെയൊക്കെയുള്ള ആരോഗ്യമേഖലാ സംവിധാനം, ഗുരുതരമായ രോഗം ബാധിച്ചവർ റോഡിൽ കിടന്ന് മരിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നു മാത്രമേ റോബിനച്ചൻ ചിന്തിച്ചുള്ളൂ. അത് അദ്ദേഹം ചെയ്യുകയും ചെയ്തു.

വാടക വീട്ടിലാണ് ഈ സ്ഥാപനം തുടങ്ങിയത്. കുറച്ചു വാടക കൊടുത്താൽ മതിയെന്ന് ഉടമസ്ഥൻ  പറഞ്ഞു. അതൊരു ആശ്വാസമായിരുന്നു. കുറച്ച് ആളുകളെ കൂടി താമസിപ്പിക്കാൻ തക്കതായ രീതിയിൽ ഈ സ്ഥാപനം വികസിപ്പിക്കേണ്ടി വന്നു. അതും ഒരു വർഷത്തിനുള്ളിൽ തന്നെ. അതിനായി ഒരേക്കർ സ്ഥലം ആവശ്യമായിരുന്നു. ഒരു വർഷം കൊണ്ട് അതും ഇവർക്കായി ദൈവം നൽകി. കഴിഞ്ഞ വർഷം കോവിഡിന്റെ സമയത്താണ് രണ്ടാമത്തെ സ്ഥാപനത്തിന്റെ ആരംഭം. അങ്ങനെ രണ്ട് സെന്ററുകളിലായി ആരോരുമില്ലാത്ത ആളുകളെ താമസിപ്പിച്ചു. ഓരോന്നിലും മുപ്പതു പേർ വീതം; ആകെ അറുപത് പേർ. ഇതുവരെയും വാടക വീട് മാറിക്കൊടുത്തിട്ടില്ല. തക്കസമയത്ത് എല്ലാം ദൈവം തരും എന്ന ശുഭാപ്‌തിവിശ്വാസത്തോടെ ഈ വൈദികന്‍ മുൻപോട്ട് പോകുന്നു.

കോവിഡോ, കോളറയോ എന്തുമാകട്ടെ; ആവശ്യക്കാർക്ക് സഹായമെത്തിക്കുക

ഈ കോവിഡ് കാലഘട്ടത്തിൽ  ദൈവം ഒന്നിനും കുറവ് വരുത്തിയിട്ടില്ല. കാരണം കോവിഡിന്റെ സാഹചര്യത്തിൽ തന്നെയാണല്ലോ ഈ സ്ഥാപനത്തിന്റെ ആരംഭവും. ഈ സ്ഥാപനം സന്ദർശിച്ച് മടങ്ങുന്നവരുടെ മനസ്സിൽ ഇവിടുത്ത അച്ചന്മാരും അന്തേവാസികളും മങ്ങിമായാതെ ജ്വലിച്ചു തന്നെ നിൽക്കും. “ഇത് ദൈവത്തിന്റെ ആശ്രമം ആയതിനാൽ ഇടപെടാതിരിക്കാൻ ദൈവത്തിന് ആവില്ലല്ലോ. അതിനാൽ പരിശുദ്ധാത്മാവ് തന്നെ ചില വ്യക്തികളിലൂടെ ഒരു കുറവും വരാതെ ഈ സ്ഥാപനത്തെ നയിക്കുന്നു. ഈ ഇടവകയിൽ നിന്നുള്ളവരും അതിൽ ഉൾപ്പെടുന്നു” – അച്ചൻ പറയുന്നു.

ഈ സ്ഥാപനത്തിന് കോവിഡ് എന്നത് ഒരു പ്രശ്നമേയല്ല. ഈ കോവിഡ് കാലഘട്ടത്തിൽ തന്നെ ഇരുപത്തിയഞ്ചോളം പേരെ തെരുവിൽ നിന്നും ഏറ്റെടുത്ത് ഈ സ്ഥാപനത്തിൽ ഇടം കൊടുത്തു. കോവിഡോ, കോളറയോ എന്തുമാകട്ടെ; ആവശ്യക്കാർക്ക് സഹായമെത്തിക്കുക എന്നതാണ് തന്റെ വിളിയെന്ന് റോബിനച്ചൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ തന്നെ അച്ചനെ സംബന്ധിച്ച് കോവിഡ് എന്ന പകർച്ചവ്യാധി നന്മ ചെയ്യുന്നതിന് ഒരു പ്രതിസന്ധിയേ അല്ല. നമ്മൾ അകത്തിരിക്കേണ്ടവരല്ല എന്ന് അച്ചൻ ആവർത്തിച്ചു പറയുന്നു. ഇന്ന്  അച്ചന്റെ കൂടെ ഫാ. ലിജോയും കൂട്ടിനുണ്ട്. ഈ പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ…

ചേരികളിൽ ശുശ്രൂഷ ചെയ്യാൻ, കൂടുതൽ പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലം

ചേരികളിൽ കഴിയുന്നവരെ ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ യേശുവിനോടുള്ള സ്നേഹം ആരംഭിച്ചുകഴിഞ്ഞു. അതിന് വലിയ വാക്കിന്റെയോ പ്രസംഗത്തിന്റെയോ ഒന്നും ആവശ്യമില്ല എന്ന് ഓരോ വ്യക്തിയെയും ഏറ്റെടുക്കുമ്പോൾ അവർ തിരിച്ചറിയുന്നു. ഈ വൈദികരുടെ സ്നേഹവും പരിചരണവും കാണുമ്പോൾ ‘ആരും ഇല്ലാത്തപ്പോഴും യേശു തങ്ങളെ സ്നേഹിക്കുന്നു’ എന്ന് അവർ തിരിച്ചറിയുന്നു. യേശു ആരാണെന്ന് പറഞ്ഞുകൊടുക്കാതെ തന്നെ അവർക്കത് മനസിലാക്കാൻ സാധിക്കുന്നു. യഥാർത്ഥത്തിൽ അതു തന്നെയല്ലേ ഏറ്റവും വലിയ സുവിശേഷപ്രഘോഷണവും?

ദൈവപരിപാലനയുടെ ഇടം

നമ്മെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ചെയ്തുകഴിഞ്ഞാൽ ബാക്കി ദൈവം നോക്കിക്കൊള്ളും. അങ്ങനെയൊരു അനുഭവം അച്ചൻ പങ്കുവച്ചത് ഇപ്രകാരമാണ്: നടക്കാൻ വയ്യാതെ ഇഴഞ്ഞു നടക്കുന്ന ഒരു വ്യക്തി ആ സ്ഥാപനത്തിലുണ്ടായിരുന്നു. അദ്ദേഹമിതാ, രാത്രി പത്ത് മണിയായപ്പോൾ വളഞ്ഞിരുന്ന കാലുകൾ നിവർന്ന് നേരെ എഴുന്നേറ്റ് വരുന്നു! ഇങ്ങനെയുള്ള നിരവധി അത്ഭുതങ്ങൾ ദൈവം കൂടെ നിന്ന് പ്രവർത്തിക്കുന്നു. തന്നെയല്ല, ദൈവം തന്റെ കൂടെ തന്നെയുണ്ടെന്ന ബോധ്യം ആഴപ്പെടുത്തുവാൻ  നിരവധി സംഭവങ്ങളാണ് കണ്മുൻപിൽ സംഭവിക്കുന്നത്. അതൊക്കെ തന്നെയാണ് അച്ചന് ഇക്കാര്യങ്ങൾ  ചെയ്യാൻ പ്രേരണയായി നിലകൊള്ളുന്നതും.

കിടപ്പുരോഗികളും അന്ധരും കാലില്ലാത്തവരും ഒക്കെ ഇവരുടെ കൂടെയുണ്ട്. ഒരു ദിവസം തന്നെ ഇത്തരം രോഗികൾ പല സ്ഥലങ്ങളിൽ ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ബോംബെയിൽ നിന്നു തന്നെ അനേകം ഫോൺ വിളികളാണ് വരുന്നത്.

ഭക്ഷണത്തിന്റെയല്ല; സ്നേഹത്തിന്റെ കുറവ് അനുഭവിക്കുന്ന മനുഷ്യർ

അനാഥരായവരും ആരെങ്കിലുമൊക്കെ ബന്ധുക്കൾ ഉള്ള ആളുകളും തമ്മിൽ വളരെ വ്യത്യസമുണ്ട്. അനാഥരായി റോഡിൽ കിടക്കുന്നവർ, അലഞ്ഞുതിരിയുന്നവരാകാം, എയ്ഡ്‌സ് ബാധിതരാകാം. അവർക്ക് ഒരു ഡിമാൻഡും ഇല്ല. നാം എന്തു കൊടുത്താലും അവർ അതില്‍ സംതൃപതരാണ്. ഇവർക്കെല്ലാം കിട്ടാതെ പോയത് ഒരു കാര്യമാണ് – സ്നേഹം. അത് ഇവിടെ വരുമ്പോൾ അവര്‍ക്ക് ലഭിക്കുന്നു. അതിനാൽ തന്നെ ഇവർ സംതൃപതരുമാണ്. ഇവർക്ക് ഭക്ഷണത്തിന്റെയല്ല, സ്നേഹത്തിന്റെ കുറവാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നത്. അവരുടെ വേദന, കിടക്കാൻ ഒരിടമില്ല എന്നതല്ല. അതിനേക്കാൾ തങ്ങൾക്ക് സ്വന്തമായി ആരുമില്ലല്ലോ എന്നതാണ്. ഇവർ ആശ്രമത്തിലേക്ക് വരുന്നത് വലിയ അവശതയോടെ ആയിരിക്കും. വലിയ മുറിവും വ്രണങ്ങളും ഒക്കെ ബാധിച്ചവരായി. ആശ്രമത്തിന്റെ ഉള്ളിൽ പ്രവേശിച്ച് ഡ്രസ് മാറ്റി, കുളിപ്പിച്ച്, മുടി മുറിച്ച്,  ഭക്ഷണം കൊടുത്തുകഴിയുമ്പോൾ തന്നെ ഇവരുടെ മുഖത്ത് സന്തോഷം വരുന്നു, അപ്പോള്‍ തന്നെ അസുഖം പകുതി കുറയും.

പതിനെട്ട് വയസിന് മുകളിൽ പ്രായമായവരാണ് ഈ സ്ഥാപനത്തിലുള്ളത്. ഇനി സ്ത്രീകൾക്കു വേണ്ടിയുള്ള സ്ഥാപനം തുടങ്ങുക എന്നതാണ് റോബിനച്ചന്റെ ശ്രമം. “ദൈവകരുണയിൽ മാത്രം ആശ്രയിച്ച് വളരുന്ന ഒരു ആശ്രമമാണിത്. പ്രതിസന്ധികൾ ഉണ്ടായാലും ദൈവത്തിന്റെ മിഷൻ ചെയ്യുവാൻ അതൊന്നും ഒരു തടസമല്ല.” ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും അതൊന്നും തന്റെ മിഷൻ ചെയ്യാൻ അച്ചന് ഒരു തടസ്സമേയല്ല. പ്രതിസന്ധികൾ നമ്മെ പിറകോട്ട് വലിക്കുമ്പോൾ ധീരതയോടെ മുൻപോട്ട് പോകാനാണ് നാം ശ്രമിക്കേണ്ടത്. ബുദ്ധിമുട്ടുള്ള ഇത്തരം മിഷൻ മേഖലകളിലേക്ക് നാം കടന്നുവരണം. എളുപ്പവഴികൾ തേടി പോകേണ്ടവരല്ല മിഷനറിമാർ എന്നും ഈ വലിയ മിഷനറി വൈദികൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

Contact Details: Sant Claret Anath Ashram, Dahivili- Bendshil Road, Bendshil Village, Badlapur East
7039565709, 8378015259, 8301923650

സി. സൗമ്യ മുട്ടപ്പിള്ളില്‍  DSHJ

3 COMMENTS

  1. Praise the lord…..God is always with you, father…God bless you sister, for spreading the wonderful news among the people… thank you 😊🙏

  2. അഭിനന്ദനങ്ങൾ സി. സൗമ്യ
    Fr. Robin കാരുണ്യത്തിന്റെ ജീവിക്കുന്ന കവാടം 🙏🙏🙏

  3. മജ്ജയും മാംസവും ഉള്ള മനുഷ്യൻ ഇത്രയേയുള്ളൂ. മാലാഖമാരാണ് ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.