‘പാവങ്ങൾക്ക് കൂട്ടായി ഞങ്ങളുണ്ട്’: ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തിയ ‘വി. യൗസേപ്പിന്റെ പുത്രിമാർ’

സി. സൗമ്യ DSHJ

സന്യാസജീവിതത്തിന്റെ പതിനഞ്ചോളം വർഷം മിഷൻ മേഖലയിൽ ശുശ്രൂഷ ചെയ്യുകയും ദൈവം തന്നെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ പൂർത്തിയാക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സന്യാസിനിയാണ് സി. മരീന. ഇറ്റലിയിൽ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോസഫ് (DSJ) കോൺഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റർ. തന്റെ പ്രേഷിതമേഖലയെ കുറിച്ചും കോൺഗ്രിഗേഷനെ കുറിച്ചും ഈ സന്യാസ സമൂഹത്തിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ചും പങ്കുവയ്ക്കുകയാണ് സി. മരീന.

സന്യാസ ദൈവവിളി സ്വീകരിച്ച്

1992 -ൽ പത്താം ക്ലാസ് പഠനത്തിനു ശേഷമാണ് സി. മരീന കോൺവെന്റിൽ ചേർന്നത്. ബന്ധുക്കളിൽ കുറേ പേർ സിസ്റ്റേഴ്സ് ഉണ്ടായിരുന്നതിനാൽ, അത് സന്യാസ ദൈവവിളിക്ക് വലിയ പ്രചോദനമായി. രൂപതാ ദൈവവിളി ക്യാമ്പിൽ പങ്കെടുക്കുകയും അങ്ങനെ ഡിഎസ്ജെ സിസ്റ്റേഴ്സിനെ പരിചയപ്പെടുകയുമായിരുന്നു. ബന്ധുക്കളായ സിസ്റ്റേഴ്സ് അവരുടെ കോൺഗ്രിഗേഷനിലേക്ക് വിളിച്ചെങ്കിലും പ്ലസ് ടു കഴിഞ്ഞു പോയാൽ മതിയെന്ന നിഗമനത്തിലാണ് അവസാനം എത്തിയത്. എന്നാൽ, സി. മരീന പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന ഇപ്പോൾ തന്നെ മഠത്തിൽ പോകണമെന്ന്.

അതിന് വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും സിസ്റ്റർ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ബന്ധുക്കളായ സിസ്റ്റേഴ്സ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞുകൊണ്ട് അയച്ച ലെറ്റർ വരുന്നതിന് തലേ ദിവസം സിസ്റ്റർ ഈ കോൺഗ്രിഗേഷനിലേക്ക് ചേരാൻ പോന്നിരുന്നു. സിസ്റ്ററിനെ സംബന്ധിച്ച ദൈവഹിതം ഇതായിരുന്നു. അങ്ങനെ, 1998 -ൽ ആദ്യവ്രതവും 2006 -ൽ നിത്യവ്രതവും സ്വീകരിച്ചു.

ആതുരശുശ്രൂഷാ രംഗത്തേക്ക്

ആദ്യവ്രതത്തിനു ശേഷം നഴ്‌സിംഗ് പഠിച്ചു. പിന്നീട് ആതുരസേവന മേഖലയിലായിരുന്നു സിസ്റ്ററിന്റെ പ്രവർത്തനം. ഉജ്ജയിൻ രൂപതയുടെ ഡിസ്പെൻസറിയിലും അലഹബാദ് രൂപതയിലുമാണ് സിസ്റ്റർ പാവപ്പെട്ടവരായ രോഗികളുടെ ഇടയിൽ ശുശ്രൂഷകൾ നിർവഹിച്ചത്. പത്ത് വർഷത്തോളം മിഷൻ മേഖല ആയിരുന്നു സിസ്റ്ററിന്റെ പ്രവർത്തനമണ്ഡലം. അതിനു ശേഷം രണ്ടു വർഷം സന്യാസാർത്ഥിനികളുടെ പരിശീലനത്തിലും സിസ്റ്റർ പങ്കാളിയായി. വീണ്ടും ആതുരശുശ്രൂഷാ മേഖലയിൽ രണ്ടു വർഷക്കാലം.

ഇപ്പോൾ സിസ്റ്റർ സേവനം ചെയ്യുന്നത് കോട്ടയത്തിനടുത്ത് രാജമറ്റത്തുള്ള ഇവരുടെ സന്യാസഭവനത്തിലാണ്. ഇവിടെയാണ് ഡിഎസ്ജെ കോൺഗ്രിഗേഷന്റെ റീജണൽ ഹൗസ്. കൂടാതെ അഞ്ചു വയസിന് താഴെയുള്ള അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ‘ഇൻഫന്റ് ജീസസ്’ ശിശുഭവനും ഇവിടെത്തന്നെ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാധുര്യം ഈ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു കൊണ്ട് ഈ സന്യാസിനിമാർ ഈ കുഞ്ഞുങ്ങളോടൊപ്പം തന്നെയുണ്ട്.

മിഷൻ അനുഭവങ്ങളിലൂടെ…

ഡിഎസ്‌ജെ സമൂഹം ഉജ്ജയിനിലും അലഹബാദിലുമുള്ള മിഷനിൽ ക്രിസ്ത്യാനികൾ വളരെ കുറവുള്ള ഒരു സ്ഥലത്താണ് ശുശ്രൂഷ ചെയ്യുന്നത്. പാവപ്പെട്ടവരായ ആളുകളുടെ ഇടയിൽ അവർക്ക് വിദ്യാഭ്യാസവും ആതുരശുശ്രൂഷകളും നൽകിക്കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനാൽ സി. മരീനയെ സംബന്ധിച്ച് വ്യത്യസ്ത അനുഭവമായിരുന്നു ഇവിടെയുള്ള സേവനം.

എന്നാൽ, ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈശോയെ അവർക്ക് അറിയാം. ഡിസ്പെൻസറിയിൽ വരുമ്പോൾ ഫോട്ടോയുടെ അടുത്ത് വന്നു നിന്ന് അവർ പ്രാർത്ഥിക്കാറുണ്ട്. അലഹബാദിൽ അക്രൈസ്തവരായ ആളുകൾ പള്ളിയിൽ വന്നിരുന്ന് പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ചെയ്യുന്നു. രണ്ടിടത്തും ഗ്രാമപ്രദേശങ്ങളിലാണ് ഇവർ ശുശ്രൂഷ ചെയ്യുന്നതെങ്കിലും ആളുകൾക്ക് വിശ്വാസപരമായ കാര്യങ്ങളിൽ വ്യത്യസ്തതരത്തിലുള്ള സമീപനരീതിയാണ് ഉള്ളത്. മുൻപ് ഹിന്ദി ‘വചനോത്സവം’ അവിടെയുള്ളവർക്ക് നൽകുന്നുണ്ടായിരുന്നു. അതുവഴിയായി ഈശോയെപ്പറ്റി കേട്ടിട്ടില്ലാത്തവർക്ക് ഈശോയെ കൂടുതൽ അറിയാനുള്ള അവസരങ്ങൾ ഉണ്ട്.

“ക്ലിനിക്കുകളിൽ വരുന്നവരോടും മരുന്നിനോടൊപ്പം പ്രാർത്ഥനയും ആവശ്യമാണെന്ന് ഞങ്ങൾ പറയാറുണ്ട്. പ്രസവത്തിനായി വരുന്നവരുണ്ട്. ഇത് വളരെ ചെറിയ ഒരു ഡിസ്‌പെൻസറി ആണെങ്കിലും പാവപ്പെട്ടവരായ ആളുകൾക്ക് ഈ ഡിസ്‌പെൻസറി വളരെ ആശ്വാസമാണ്. എന്നാൽ, പരിമിതികൾക്കിടയിലും സിസ്റ്റേഴ്സ് ദൈവത്തിൽ മാത്രം ആശ്രയിച്ചുകൊണ്ടാണ് ഡെലിവറി കേസുകൾ കൈകാര്യം ചെയ്യുന്നത്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വേഗം അടുത്തുള്ള വലിയ ആശുപത്രിയിലേക്ക് അവരെ പറഞ്ഞയക്കും. വലിയ ആശുപത്രികളിൽ പോകാത്തതിനുള്ള പ്രധാന കാരണം, അവിടെ ചെന്നാൽ ഓപ്പറേഷൻ ചെയ്യേണ്ടിവരുമോ എന്നുള്ള ഭയമാണ്. എന്നാൽ, ചില കേസുകൾ വളരെ റിസ്‌ക്കുള്ളതെങ്കിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമ്മൾ അവരെ പരിചരിക്കുന്നു. ഒപ്പം രോഗിയെ കൊണ്ടുവരുന്നവരോട്, നിങ്ങൾ പ്രാർത്ഥിക്കണമെന്നു പറയും. അവിടെ ഒരു ചെറിയ ഒരു ചാപ്പൽ ഉണ്ട്. ഈശോയെ ഒന്നും അറിയില്ലെങ്കിൽ പോലും അവർ അവിടെ ചെന്ന് കരഞ്ഞു പ്രാർത്ഥിച്ച് അത്ഭുതകമായി വലിയ അപകടങ്ങളിൽ നിന്നു പോലും രക്ഷപ്പെട്ടിട്ടുണ്ട്” – നഴ്‌സു കൂടിയായ സി. മരീന വെളിപ്പെടുത്തുന്നു.

ആശുപത്രിയിൽ വന്നവർ സിസ്റ്റേഴ്സിലാണ് വിശ്വാസം അർപ്പിക്കുന്നതെങ്കിലും ഈ സന്യാസിനിമാർക്കറിയാം, ഇതൊക്കെ ദൈവം നൽകുന്ന വലിയ പരിപാലനയാണെന്ന്. പാവപ്പെട്ടവർക്കിടയിൽ വിദ്യാഭ്യാസം, സോഷ്യൽ വർക്ക്, ഇടവക പ്രവർത്തനമേഖലയിലും ഒക്കെ ഇവർ സജീവസാന്നിധ്യമാണ്.

ഇവരുടെ കേരളത്തിലെ സേവനങ്ങൾ

കേരളത്തിൽ ആകെ ഒൻപത് കോൺവെന്റുകൾ ആണ് ഡിഎസ്ജെ കോൺഗ്രിഗേഷന് ഉള്ളത്. കേരളത്തിൽ ആദ്യം തുടങ്ങിയത് കോട്ടയം ജില്ലയിലെ രാജമറ്റം എന്ന സ്ഥലത്താണ്. തുടങ്ങിയ കാലത്ത് ഒരു ഡിസ്പെൻസറിയും നേഴ്‌സറി സ്‌കൂളുമാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് അനാഥമന്ദിരം തുറന്നു. ആദ്യ കാലഘട്ടത്തിൽ 18 വയസ് വരെയുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അഞ്ചു വയസിന് താഴോട്ടുള്ള കുട്ടികളെയാണ് ഇവിടെ പരിപാലിക്കുന്നത്. കുട്ടികളെ ഇവിടെ നിന്നും ദത്തെടുക്കുകയും ചെയ്യുന്നുണ്ട്. ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC) വഴിയായി വരുന്ന 21 -ഓളം കുട്ടികളാണ് ഇവിടുള്ളത്.

വിവിധ സ്ഥലങ്ങളിലെ ശുശ്രൂഷാമേഖലകൾ

തിരുവനന്തപുരം പൂജപ്പുരയ്ക്കടുത്ത് മുടവൻമുകൾ എന്ന സ്ഥലത്ത് ഏകസ്ഥരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ശുശ്രൂഷാ ഭവനം ഉണ്ട്.

തലശേരി രൂപതയിലെ ചീക്കാട് എന്ന സ്ഥലത്ത് ഉണ്ണിമിശിഹാ തീർഥാടന കേന്ദ്രത്തിലെ ശുശ്രൂഷകളിൽ ഈ സന്യാസിനിമാർ സഹായിക്കുന്നു. ഇടവകയിലെ പ്രവർത്തനങ്ങളുടെ ഫലമായി കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പാലക്കാട് ജില്ലയിലെ പാലക്കുഴിയിൽ ഒരു നിത്യാരാധന ചാപ്പലുണ്ട്. അത് ശരിക്കും ഒരു പ്രാർത്ഥനാഭവനം തന്നെയാണ്.

നെടുമ്പാശേരിക്കടുത്ത് അകപ്പറമ്പ് എന്ന സ്ഥലത്ത് ഹോസ്റ്റലും ഇടവക പ്രവർത്തനവും ആണുള്ളത്. ചേരാനെല്ലൂരുള്ള ഭവനത്തിൽ വിദ്യാഭ്യാസമേഖലയും ഇടവക പ്രവർത്തനവുമാണ് ഉള്ളത്. വൈദിക പരിശീലനത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സമൂഹം വടവാതൂര്‍ സെമിനാരിയില്‍ സഹായിക്കുന്നുണ്ട്.

ഈ സന്യാസിനീ സഭയുടെ തുടക്കം

ഇറ്റലിയിലെ സർദേനിയയിലാണ് ഈ സന്യാസിനീ സഭയുടെ തുടക്കം. 1888 സെപ്റ്റംബർ 20 -ന് വി. യൗസേപ്പിനെ മാതൃകയാക്കി ആരംഭിച്ചതാണ് ‘വി. യൗസേപ്പിന്റെ പുത്രിമാർ’ എന്ന ഈ സന്യാസിനീ സഭ. ‘യൗസേപ്പിന്റെ പക്കൽ പോകുവിൻ’ എന്ന ആദർശത്തിൽ അടിസ്ഥാനമിട്ട ജീവിതമാണ് ഈ സന്യാസിനിമാർ നയിക്കുന്നത്. വി. യൗസേപ്പിന്റെ പ്രത്യേക മദ്ധ്യസ്ഥത്താൽ, ഒരു കുടുംബമെന്ന പോലെ പ്രാർത്ഥനയിലും എളിമയിലും സഹോദരസ്നേഹത്തിലും ജീവിച്ച് ലോകം മുഴുവൻ ദൈവാനുഗ്രഹം നേടിയെടുക്കുന്ന കൃപയുടെ വക്താക്കളാകുവാൻ വിളിക്കപ്പെട്ടവരുടെ സമൂഹമാണിത്. ഇവരുടെ ജനറലേറ്റ് ഇറ്റലിയിലെ ഒറിസ്‌താനോയിലാണ്.

ഇന്ന് ഇറ്റലി, ആഫ്രിക്ക, ഇന്ത്യ, ബ്രസീൽ, അർജന്റിന എന്നീ രാജ്യങ്ങളിൽ ഈ സന്യാസിനിമാർ തങ്ങളുടെ സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. ഇന്ത്യയിൽ 1979 -ലാണ് ഈ സന്യാസ സഭയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയിലെ റീജണൽ ഹൗസ് രാജമറ്റത്ത്‌. ഇന്ത്യയിൽ 54 സിസ്റ്റേഴ്‌സാണ് ഉള്ളത്. സി. ജെസ്സ് മേരി വട്ടമലയാണ് ഇന്ത്യയിലുള്ള സമൂഹങ്ങളുടെ ഡെലഗേറ്റ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.