കോളോ-റെക്ടൽ കാൻസർ: അനന്തനും സദാശിവൻ സാറും പകരുന്ന പാഠങ്ങൾ 

രാത്രി ഏതാണ്ട് പതിനൊന്നു മണിയോടെയാണ് അനന്തപദ്മനാഭൻ എന്ന സുഹൃത്തിന്റെ കോൾ എന്നെ തേടി എത്തിയത്. എറണാകുളത്ത് ഒരു കോളേജിലെ അധ്യാപകനാണ് അനന്തപദ്മനാഭൻ. സാധാരണ വളരെ ഊർജ്ജ്വസ്വലനായി സംസാരിക്കുന്ന അനന്തന്റെ സ്വരത്തിൽ ഇത്തവണ പതർച്ചയും പരിഭ്രമവും ആയിരുന്നു. അതിന്റെ കാരണം തേടിയപ്പോഴാണ് അനന്തൻ സദാശിവൻസാറിനെക്കുറിച്ചു പറഞ്ഞത്.

അനന്തൻ പി.എച്ച്.ഡി ചെയ്തിരുന്ന യൂണിവേഴ്‌സിറ്റിയിലെ ഗൈഡായിരുന്നു സദാശിവൻ സാർ. ചിട്ടയായ ജീവിതം നയിച്ചിരുന്ന ആൾ; സസ്യാഹാരി. പക്ഷേ, സാറിന് ഇപ്പോൾ വൻകുടലിൽ കാൻസർ സ്ഥിരീകരിച്ചിരിക്കുന്നു: വൻകുടൽ- മലാശയ കാൻസർ!  സാധാരണ കാൻസർ വരുവാൻ പറയുന്ന കാരണങ്ങൾ ഒന്നും തന്നെ സദാശിവൻസാറിൻറെ ജീവിതത്തിൽ ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. പക്ഷേ, അദ്ദേഹത്തിൻറെ ജ്യേഷ്ഠനും അമ്മയ്ക്കും നേരത്തെ കാൻസർ വന്നിരുന്നു.

സദാശിവൻസാറിന്റെ കാര്യം അനന്തനെ അറിയിച്ചത് അനന്തന്റെ കൂട്ടുകാരനാണ്. അസുഖത്തിന്റെ വിവരം എല്ലാം പറഞ്ഞതിന് ശേഷം കൂട്ടുകാരൻ അനന്തനോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു: “എന്തിനാ സാറേ ഇങ്ങനെ ജീവിക്കുന്നത്? ചിട്ടയായ ജീവിതം നയിച്ചിട്ടും സദാശിവൻ സാറിന് കാൻസർ വന്നു. സാറും അതുപോലെ തന്നെ ചിട്ടയായ ജീവിതം നയിക്കുന്ന ആൾ അല്ലെ?” ആ കൂട്ടുകാരൻ എല്ലാ ഭക്ഷണവും ആവോളം ആസ്വദിച്ചു കഴിച്ചു സുഖമായി ജീവിക്കുന്ന വ്യക്തിയാണ്! കൂട്ടുകാരൻ അവസാനം ചോദിച്ച ആ ചോദ്യമാണ് ഇപ്പോൾ അനന്തന്റെ മനസിന്റെ സമാധാനം കെടുത്തുന്നത്. അതുകൊണ്ടു തന്നെയാണ് എന്നെ ഫോൺ ചെയ്തതും.

അനന്തന്റെ സംശയങ്ങൾ പലവിധമായിരുന്നു. ചിട്ടയായ ജീവിതക്കും ഭക്ഷണ ക്രമവും പാലിച്ച  സദാശിവൻസാറിന് എങ്ങനെയാണ് കാൻസർ വന്നത്? സാറിന് രോഗം വന്നെങ്കിൽ ചിട്ടയായ ജീവിതം നയിക്കുന്നതനിക്കും കാൻസർ വരാനുള്ള സാധ്യതയില്ലേ? ജ്യേഷ്ഠനും അമ്മയ്ക്കും നേരത്തെ കാൻസർ വന്നതും ഇപ്പോൾ സാറിനു രോഗം വന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വൻകുടൽ കാൻസറിന്റെ സർജ്ജറി കഴിഞ്ഞ എല്ലാവർക്കും ബാഗ് വയ്ക്കേണ്ടി വരുമോ? അങ്ങനെ നീണ്ടു അനന്തന്റെ സംശയങ്ങൾ.

പരിചയത്തിലുള്ള ഒരാൾക്ക് കാൻസർ ആണെന്ന് അറിയുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളാണ് അനന്തനും ഉണ്ടായിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ഏതായാലും ഞാൻ സംസാരിക്കാൻ ആരംഭിച്ചു. ഏറെനേരം നീണ്ടുനിന്ന സംസാരം. സംശയ നിവാരണവും തുടർ സംശയങ്ങളും അവയുടെ ഉത്തരങ്ങളുമായി സംഭാഷണം പുരോഗമിച്ചു.

സംശയം ഒന്ന്: എന്താണ് വൻകുടൽ- മലാശയ കാൻസർ?

വൻകുടലും മലാശയവും എല്ലാം ചേരുമ്പോൾ ഏതാണ്ട് രണ്ടു മീറ്ററോളം നീളം വരും. ഇവിടെയാണ് നമ്മുടെ ശരീരത്തിലെ വെയ്സ്റ്റ് വന്നു അടിയുന്നത്. ഏറ്റവും കൂടുതൽ ടോക്സിക്ക് ആയ സംഭവങ്ങൾ അടിഞ്ഞു കൂടുന്നതും ഈ ഭാഗത്തു തന്നെയാണ്. അതിനാൽ തന്നെ പല കെമിക്കൽ റിയാക്ഷനും വിധേയമാകുന്ന ഈ അവയവത്തിലെ കോശങ്ങളുടെ ജനിതക ഘടനയ്ക്ക് വ്യത്യാസം വരും. അതിനാൽ ഈ ഭാഗത്ത് കാൻസർ സാധ്യത കൂടുതൽ ആണ്.

സംശയം രണ്ട്: വൻകുടൽ- മലാശയ കാൻസറിന്റെ കാരണങ്ങൾ? 

ഇന്ത്യയിലെ ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ഏതാണ്ട് 23 പേരിൽ ഒരാൾക്ക് എന്ന നിലയിൽ വൻകുടൽ- മലാശയ കാൻസർ ഉണ്ടാകാം എന്നാണ് ഏകദേശ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലപ്പോഴും പല കാരണങ്ങൾ ഒരുമിച്ചു വരുമ്പോഴാണ് അത് കാൻസർ ആയി മാറുന്നത്. അതിൽ 95 % രോഗത്തിനും കാരണം ചിട്ടയില്ലാത്ത  ജീവിത ശൈലിയാണ്.

നാൽപ്പതു വയസിനു ശേഷം ആണ് സാധാരണ വൻകുടൽ മലാശയ കാൻസർ ബാധിക്കുന്നതായി കണ്ടു വരുന്നത്. പ്രായം കൂടും തോറും ഇതിന്റെ അപകട സാധ്യതയും കൂടി വരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ കാൻസർ കൂടുതലായി കണ്ടു വരുന്നത് എന്നതും ഒരു വസ്തുതയാണ്. പ്രമേഹരോഗികളിലും വയറിനു റേഡിയേഷൻ എടുത്തിട്ടുള്ളവരിലും ക്രോൺസ് ഡിസീസ്, അൾസറേറ്റിവ് കൊളൈറ്റിസ് എന്നീ രോഗാവസ്ഥകൾ ഉള്ളവരിലും വൻകുടൽ മലാശയ കാൻസർ വരുവാനുള്ള സാധ്യത കൂടുതൽ ആണ്. കൂടാതെ ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളുടെ സ്ഥിരമായ ഉപയോഗം, അമിതമായ റെഡ് മീറ്റിന്റെ ഉപയോഗം, ഭക്ഷണത്തിലെ അമിത കൊഴുപ്പ്, പ്രോസസ്ഡ് മീറ്റ്, മദ്യപാനം, പുകവലി, അമിത വണ്ണം, ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തുടങ്ങിയവയും വൻകുടൽ- മലാശയ കാൻസറിന്‌ കാരണമാകാറുണ്ട്. കൂടാതെ നാരുള്ള ഭക്ഷണത്തിന്റെ അഭാവവും കാൻസർ അവസ്ഥയിലേയ്ക്ക് നയിക്കും.

വൻകുടൽ- മലാശയ കാൻസർ വരാതെ എങ്ങനെ നോക്കാം?

വൻകുടൽ മലാശയ കാൻസർ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഒരു പരിധിവരെ ചിട്ടയായ ജീവിത ശൈലിയിലൂടെ അതിനു തടയിടുവാൻ കഴിയും. ധാരാളം പച്ചക്കറികൾ കഴിക്കുക, തവിട് കളയാത്ത ധാന്യം ഉപയോഗിക്കുക, പ്രൊസസ്ഡ് മീറ്റ്, റെഡ് മീറ്റ്, റിഫൈൻഡ് കാർബോ ഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക, വ്യായാമം ചെയ്യുക, പൊണ്ണത്തടി കുറയ്ക്കുക തുടങ്ങിയവയിലൂടെ ഈ കാൻസറിനെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുവാൻ കഴിയും. ഇനി സസ്യാഹാരം മാത്രം കഴിച്ചത് കൊണ്ടും കാൻസർ റിസ്ക് കുറയുന്നില്ല. എല്ലാ കാര്യങ്ങളും മിതമായ രീതിയിൽ കൊണ്ടുപോകുക എന്നേ പറയാൻ കഴിയുകയുള്ളു.

സദാശിവൻ സാറും കാൻസർ രോഗവും?

വളരെ ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും പാലിച്ചിരുന്ന ആളാണ്  സദാശിവൻ സാർ എന്നത് യാഥാർഥ്യമാണ്. എന്നുമാത്രമല്ല,  സസ്യാഹാരികൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന് എങ്ങനെ കാൻസർ വന്നു എന്നത് പലരെയും കുഴക്കുന്ന ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം ലഭിക്കണമെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ‘രോഗ-പരമ്പര്യം’ നമ്മൾ പരിശോധിക്കണം. വൻകുടൽ മലാശയ കാൻസർ ബാധിക്കുന്നവരിൽ 95 % ആളുകളിൽ ആണ് ജീവിത ശൈലികൾ കൊണ്ട് രോഗം വരുന്നത്. എന്നാൽ ബാക്കി അഞ്ചു ശതമാനം ആളുകളിൽ പാരമ്പര്യമായും കാൻസർ കടന്നു വരാം. സദാശിവൻ സാറിന്റെ കാര്യത്തിൽ സംഭവിച്ചതും അത് തന്നെ ആയിരുന്നു. കാരണം അദ്ദേഹത്തിൻറെ അമ്മയ്ക്കും സഹോദരനും കാൻസർ ആയിരുന്നുവല്ലോ. വൻകുടൽ- മലാശയ കാൻസർ ബാധിതരായ ആളുകളിൽ രണ്ടോ മൂന്നോ ശതമാനം ആളുകളിൽ മാത്രമേ ഇത്തരത്തിൽ പാരമ്പര്യമായി കാൻസർ ബാധിക്കുകയുള്ളൂ. അച്ഛൻ, അമ്മ, കൂടെപ്പിറപ്പുകൾ തുടങ്ങി ഫസ്റ്റ് ഡിഗ്രി റിലേഷനിൽ ഉള്ള ആളുകളിൽ ആരെങ്കിലും രണ്ടു പേർക്ക് വൻകുടൽ-മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവർക്ക് വരുവാനുള്ള സാധ്യത ഉണ്ട്. രണ്ടു പേർക്ക് കാൻസർ സ്ഥിരീകരിച്ചാൽ ആ കുടുംബത്തിലെ മറ്റുള്ളവർക്ക് കൊളോ-റെക്ടൽ കാൻസർ വരുവാനുള്ള സാധ്യത 50% ആയിരിക്കും.

അത് കൂടാതെ ഹെറിഡിറ്ററി നോൺ പൊളിപ്പോസിസ് കോളൺ കാൻസർ, ഫെമിലിയൽ അഡിനോമാറ്റസ് പോളിപോസിസ് എന്നിവയും പരമ്പരാഗതമായി കൈമാറി വരാവുന്ന അസുഖങ്ങൾ ആണ്. ഇങ്ങനെ കുടുംബത്തിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ മറ്റുള്ളവർ വ്യക്തമായ സ്ക്രീനിംഗ് ഷെഡ്യൂളിലൂടെ കടന്നു പോകണം. രോഗം നേരത്തെ കണ്ടുപിടിച്ചാൽ മറ്റുള്ളവരെ പോലെ ഇത് ചികിത്സയിലൂടെ ഭേദമാക്കാവുന്നതേ ഉള്ളു.

വൻകുടൽ-മലാശയ കാൻസർ എങ്ങനെ കണ്ടെത്താം?

ആധുനിക കാലഘട്ടത്തിൽ 45 വയസ് കഴിഞ്ഞവരിൽ ആണ് ഈ കാൻസർ സാധാരണയായി കണ്ടു വരുന്നത്. അതിനാൽ റിസ്ക് ഉള്ളവർ മാത്രമല്ല 45 വയസ് കഴിഞ്ഞ എല്ലാവരും പത്തു വർഷത്തിൽ ഒരിക്കൽ കൊളോണോസ്കോപ്പി ചെയ്യുകയാണെങ്കിൽ, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത്, നേരത്തെ തന്നെ കണ്ടെത്തുവാൻ സാധിക്കും. 75 വയസ് കഴിഞ്ഞവരിൽ ഇത്തരം സ്ക്രീനിങ് നിർദ്ദേശിക്കുന്നില്ല. കാരണം അതുകൊണ്ട് പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും കൂടുന്നില്ല. രണ്ടാമതായി 45 വയസുകഴിഞ്ഞവർ അഞ്ചു വർഷത്തിൽ ഒരിക്കൽ സിഗ്മോയിഡോസ്കോപ്പി ചെയ്യുക എന്നതാണ്. മലദ്വാര വൻകുടൽ ഭാഗങ്ങളിലെ കാൻസർ കണ്ടെത്തുന്നതിനാണ് സിഗ്മോയിഡോസ്കോപ്പി ചെയ്യുന്നത്. ഇത് ചെയ്യണം എന്ന് പറയുന്നതിന് കാരണം വൻകുടൽ-മലാശയ കാൻസർ ഏതാണ്ട് 80% സിഗ്മോയിഡ് മലദ്വാര ഭാഗത്താണ് കാണപ്പെടുന്നത് എന്നതാണ്. പിന്നെ വർഷം തോറും മലത്തിൽ രക്തത്തിന്റെ അംശം ഉണ്ടോന്നു പരിശോധിക്കണം. അത് സാധാരണയുള്ള നോട്ടത്തിൽ കാണണം എന്നില്ല. എന്നാൽ ചില പ്രത്യേക ടെസ്റ്റ് വഴി കണ്ടെത്തുവാൻ കഴിയും. ഇതു കൂടാതെ നമ്മുടെ ശരീരത്തിൽ ട്യൂമർ ഉണ്ടെങ്കിൽ അത് രക്തത്തിലെ പരിശോധനയിലൂടെ കണ്ടെത്തുവാൻ കഴിയുന്ന പുതിയ ടെസ്റ്റുകളും ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ അത് പൊതുവായി ലഭ്യമല്ല. ഇതൊക്കെയാണ് സാധാരണ ആൾക്കാരിൽ ഈ കാൻസർ നേരെത്തെ കണ്ടെത്തുവാൻ ചെയ്യേണ്ടത്‌.

എന്നാൽ സദാശിവൻ സാറിനെപോലെ റിസ്ക് ഉള്ള ആളുകൾ കൊളോണോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി സ്ക്രീനിംഗുകൾ വർഷം തോറും ചെയ്യേണ്ടി വരും. അതിൽ എന്തെങ്കിലും സംശയം തോന്നിയാൽ ശസ്ത്രക്രിയയും മറ്റും ചെയ്യണം. പല സ്ഥലങ്ങളിൽ പോളിപ്പ് പോലെ തോന്നുകയാണെങ്കിൽ ചിലരിൽ പ്രൊഫൈലാറ്റിക് ആയി തന്നെ കാൻസർ വരുന്നതിനു മുൻപ് വൻകുടൽ നീക്കം ചെയ്യുകയും കാൻസറിൽ നിന്ന് രക്ഷപെടുകയും ചെയ്യും.

സർജ്ജറി കഴിഞ്ഞു ബാഗ് വയ്ക്കേണ്ടി വരുമോ?

സർജ്ജറി കഴിഞ്ഞു ബാഗ് വയ്ക്കേണ്ടി വരുമോ എന്നതും പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്. അനന്തനും ആ ചോദ്യം ഉണ്ടായിരുന്നു. അതിന്റെ ഉത്തരം ലളിതമാണ്. ആധുനിക കോളോ-റെക്ടൽ കാൻസർ ചികിത്സയിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ ശസ്ത്രക്രിയയ്ക്കു ശേഷം ബാഗ് വയ്‌ക്കേണ്ടതായി വരുകയുള്ളു. അതായത് മലദ്വാരത്തിന്റെ അവസാന ഭാഗമായ സ്പിന്ക്റ്ററിനെ ബാധിക്കുന്ന കാൻസറിനെ ഒഴിച്ച് ബാക്കിയുള്ള കാൻസർ ചികിത്സയിൽ ബാഗ് വയ്‌ക്കേണ്ടതായി വരുന്നില്ല.

സംശയങ്ങളും ചോദ്യങ്ങളും പലതായതിനാൽ സംഭാഷണത്തിന്റെ ദൈർഘ്യവും കൂടി. ഏതായാലും സംസാരത്തിന്റെ അവസാനമായപ്പോഴേയ്ക്കും അനന്തന്റെ സ്വരത്തിൽ പഴയ ധൈര്യവും ആത്മവിശ്വാസവും നിറയുന്നത് എനിക്ക് മനസിലാക്കാൻ സാധിച്ചു. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭിച്ച സന്തോഷത്തിൽ അനന്തനും, ഒരാളെക്കൂടി കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ സാധിച്ച സന്തോഷത്തിൽ ഞാനും ഫോൺ വച്ചു.

പിന്നീട് ആ രാത്രിയിൽ ഉറങ്ങും വരെ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അനന്തനും സദാശിവൻ സാറും ആയിരുന്നു. ഞാൻ ഓർത്തു, അവരെപ്പോലെ എത്രയോ ലക്ഷങ്ങൾ ഈ ലോകത്തിൽ എന്റെ ചുറ്റിലും ഉണ്ട്. കൃത്യമായ അറിവ് ലഭിക്കാത്തതിന്റെ പേരിൽ രോഗബാധിതർ ആകുന്നവരും, അനവധി സംശയങ്ങൾ മനസ്സിൽ വച്ചുകൊണ്ടു നടക്കുന്നവരും. ഞാൻ എന്നോടുതന്നെ മന്ത്രിച്ചു: “കാൻസർ രോഗത്തെ പേടിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് അത് വരാതെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തെങ്കിലും സംശയം തോന്നിയാൽ ഭയപ്പെടാതെ നേരത്തെ തന്നെയുള്ള പരിശോധനകളിലൂടെ അത് കണ്ടെത്തുകയും ശരിയായ ചികിത്സയിലൂടെ മുന്നോട്ടു പോയി ഈ രോഗാവസ്ഥയെ കീഴടക്കുകയും വേണം.” പിന്നെ ഉറക്കത്തിലേക്ക് പതിയെ വഴുതി വീണു.

തയ്യാറാക്കിയത്: മരിയ ജോസ്

1 COMMENT

Leave a Reply to Rosy DavisChiramelCancel reply