ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ

ലോകാരോഗ്യ സംഘടന (WHO) യുടെ ഒരു തീരുമാനമുണ്ട്. നടപ്പിലാക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് അവർ എടുത്തിരിക്കുന്ന ഒരു തീരുമാനം! 2030 ആകുമ്പോഴേക്കും സെര്‍വിക്കല്‍ കാന്‍സര്‍ നമ്മുടെ ലോകത്തു നിന്ന് തുടച്ചുനീക്കുക.

അതിനു വേണ്ടി അവര്‍ ചെയ്യാൻ പോകുന്നത് പല കാര്യങ്ങളാണ്. ഒന്നാമതായി, 90% പെണ്‍കുട്ടികളെയെങ്കിലും വാക്‌സിനേറ്റ് ചെയ്യുക. രണ്ടാമത്, 70% ആള്‍ക്കാരിലും കാന്‍സര്‍ സ്‌ക്രീനിംഗ് എത്തിക്കുക. മൂന്നാമത്, 90% ആള്‍ക്കാരിലും കാന്‍സര്‍ ആകുന്നതിനു മുമ്പ് പ്രീ-കാന്‍സര്‍ ആയിട്ടുള്ള സ്റ്റേജില്‍ ചികിത്സിക്കുക. നാലാമത്, ബാക്കിയുള്ളവര്‍ക്ക് കാന്‍സറിന്റെ തുടക്ക സ്റ്റേജില്‍ ചികിത്സിക്കുക. ഈ ടാര്‍ജെറ്റ്‌സ് ആണ് ലോകാരോഗ്യ സംഘടന 2030 -ഓടു കൂടി ഉദ്ദേശിക്കുന്നത്. അതായത് ഒരു കാന്‍സറിനെയെങ്കിലും പൂര്‍ണ്ണമായിട്ടും നമ്മള്‍ ഈ ലോകത്തു നിന്നും മാറ്റിനിര്‍ത്തുക.

കേള്‍ക്കുമ്പോള്‍ ഇനി 5-8 വര്‍ഷങ്ങള്‍ കൂടിയേ ഉള്ളൂ. ഇത് സാധ്യമാകുമോ എന്ന് നമ്മള്‍ സംശയിച്ചേക്കാം. എന്നാൽ ഇത് സാധ്യമാകുമെന്നാണ് എന്റെ വിശ്വാസവും പ്രതീക്ഷയും. അതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്നാമത്, വാസ്‌കിനേഷന്‍ വഴി നമുക്ക് പൂര്‍ണ്ണമായും ഈ കാന്‍സറിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും എന്നതും രണ്ടാമത് നമുക്ക് ഇത് നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും എന്നതുമാണ്. അതിനാൽ ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം നമ്മൾ നടപ്പിലാക്കണം. അങ്ങനെ നമുക്ക് ഒരു കാന്‍സറിനയെങ്കിലും പൂര്‍ണ്ണമായിട്ടും നമ്മുടെ ലോകത്തു നിന്നും നീക്കം ചെയ്യാം.

ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍

സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. അല്‍പം ശ്രദ്ധിച്ചാല്‍ രോഗബാധ ഒഴിവാക്കാനാകും. രോഗബാധ ഉണ്ടായാല്‍ തന്നെ വളരെ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ വഴി പൂര്‍ണ്ണമായും സുഖപ്പെടുത്താനും സാധിക്കുന്ന അസുഖമാണ് ഗര്‍ഭാശയഗള കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍.

ഗര്‍ഭപാത്രത്തിന്റെ ഘടന 

ഗര്‍ഭപാത്രം അഥവാ യൂട്രസിന് മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്ന് ബോഡി എന്ന പ്രധാന ഭാഗം. രണ്ട്, ഫണ്ടസ് എന്നറിയപ്പെടുന്ന വയറിലേക്ക് തള്ളിനില്‍ക്കുന്ന ഭാഗം. മൂന്ന്, ഇതിന്റെ ഓപ്പണിംഗ് അതായത്, വജൈനാക്കുള്ളിലേക്ക് തള്ളിനില്‍ക്കുന്ന ഭാഗം. അതാണ് യൂട്രൈന്‍ സെര്‍വിക്‌സ് എന്നത്. ഈ ഭാഗങ്ങളില്‍ കാന്‍സര്‍ വരുന്നതിനെയാണ് നമ്മള്‍ സെര്‍വിക്കല്‍ കാന്‍സര്‍ എന്നു പറയുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കാന്‍സറിനു മുന്നോടിയായുള്ള വ്യത്യാസങ്ങള്‍ ഗര്‍ഭാശയമുഖത്തിലള്ള കോശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇത് പി.എ.പി. ടെസ്റ്റ് (PAP Test) എന്ന ഒരു സാമ്പിൾ ടെസ്റ്റ് വഴി കണ്ടുപിടിക്കാനും രോഗലക്ഷണങ്ങള്‍ക്കു മുമ്പു തന്നെ ചികിത്സ നല്‍കി ഗര്‍ഭാശയഗള കാന്‍സറായി മാറാതെ തടയാനും കഴിയുമെന്നതാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രത്യേകത.

ഗര്‍ഭാശയമുഖ അല്ലെങ്കില്‍ ഗര്‍ഭാശയഗള കാന്‍സര്‍ വരുന്നതിന് അതായത്, ഏതാണ്ട് 85 % രോഗത്തിനും കാരണം HPV എന്ന Human Papilloma Virus എന്ന വൈറൽ അണുബാധയാണ്. ലൈംഗികബന്ധത്തിലൂടെയാണ് ഈ അണുബാധ പടരുന്നത്. മിക്കവാറും എല്ലാ പുരുഷന്മാരിലും ഈ അണുബാധ കാണപ്പെടുന്നുണ്ട്. എങ്കിലും ഭൂരിഭാഗം പുരുഷന്മാരിലും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല.

തുടരെത്തുടരെയുള്ള പ്രസവം, വ്യക്തിശുചിത്വമില്ലായ്മ, വളരെ നേരത്തെ അഥവാ കൗമാരപ്രായത്തിലും മറ്റുമുണ്ടാകുന്ന ലൈംഗികബന്ധം, ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭാശയഗള കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രോഗലക്ഷണങ്ങള്‍

1. ആര്‍ത്തവം ക്രമം തെറ്റുക.
2. ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാവുക.
3. ലൈംഗികബന്ധത്തിനു ശേഷം രക്തം കാണുക
4. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുക.
5. വെള്ളപോക്ക് അഥവാ കൂടുതലായി അനുഭവപ്പെടുന്ന മ്യൂക്കസ് ഡിസ്ചാര്‍ജ്
6. നടുവ് വേദന
7. ഒരു കാലില്‍ മാത്രം നീരു വരിക. ഇത് രോഗം വളരെ മൂര്‍ച്ഛിച്ച അവസ്ഥയിലാണ് കാണപ്പെടുക.

രോഗസ്ഥിരീകരണവും സ്റ്റേജിങ്ങും

മറ്റ് ഏതു കാന്‍സറും എന്നതുപോലെ കൃത്യമായ ഒരു ക്ലിനിക്കല്‍ പരിശോധനയും ഗര്‍ഭാശയമുഖത്തു നിന്നും എടുക്കുന്ന ഒരു ബയോപ്‌സിയും രോഗസ്ഥിരീകരണം സാധ്യമാക്കുന്നു. മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ഗര്‍ഭാശയഗള കാന്‍സര്‍ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുന്നത് കുറവാണ്. എങ്കിലും രോഗസ്ഥിരീകരണത്തിനും ക്ലിനിക്കല്‍ പരിശോധനക്കും ശേഷം പെല്‍വിസ് ഭാഗത്തെ എം.ആർ.ഐ. ശരീരം മുഴുവന്റെയും പെറ്റ് സ്കാൻ എന്നിവയും ആവശ്യമായി വരാറുണ്ട്. ഒരു സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റിന്റെ അഭിപ്രായം കൃത്യമായ ചികിത്സാനിര്‍ണ്ണയത്തിനായി ചികിത്സക്കും രോഗമുക്തിക്കും അത്യാവശ്യമാണ് എന്നത് പ്രത്യേകം ഓര്‍ക്കുക.

ഗര്‍ഭാശയഗള കാന്‍സര്‍ ചികിത്സ

ആരംഭദശയില്‍ അതായത്, ഒന്നാം സ്റ്റേജിലുള്ള സെര്‍വിക്കല്‍ കാന്‍സറിന് സര്‍ജറിയാണ് പ്രധാന ചികിത്സ. ഗര്‍ഭാശയഗള കാന്‍സര്‍ സര്‍ജറിയോടൊപ്പം കഴലകളും നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ടും മൂന്നും സ്റ്റേജിലുള്ളവര്‍ക്ക് റേഡിയേഷന്‍ ആണ് പ്രധാന ചികിത്സ. ചിലപ്പോള്‍ റേഡിയേഷനോടൊപ്പം ചെറിയ അളവില്‍ കീമോ തെറാപ്പിയും ആവശ്യമായി വരാറുണ്ട്.

നാലാം സ്റ്റേജില്‍ അഥവാ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന ഗര്‍ഭാശയഗള കാന്‍സറുകള്‍ക്ക് പാലിയേറ്റീവ് കീമോ തെറാപ്പിയും റേഡിയേഷനുമാണ് ചികിത്സ.

ഗര്‍ഭാശയ കാന്‍സര്‍ വരാതിരിക്കാന്‍ എന്തു ചെയ്യണം?

ഗര്‍ഭാശയഗള കാന്‍സര്‍ വരാതെ നോക്കുക എന്നതാണ് പ്രധാനം. വന്നാല്‍ തന്നെ നേരത്തെ കണ്ടുപിടിക്കുക എന്നതും വളരെയധികം പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ഇത്തരം കാൻസർ വരാതിരിക്കാൻ ഇനി പറയുന്ന രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

1. വ്യക്തിശുചിത്വം പാലിക്കുക/ കൗമാര ലൈംഗീകബന്ധം ഒഴിവാക്കുക
2. HPV വാക്‌സിന്‍ സ്വീകരിക്കുക.

ഏതാണ്ട് 85% സെര്‍വിക്കല്‍ കാന്‍സറുകളും HPV അഥവാ Human Papilloma Virus അണുബാധ മൂലമാണ് സംഭവിക്കുന്നത്. അതിനാല്‍ HPV Vaccine നല്‍കുന്നതു വഴി സെര്‍വിക്കല്‍ കാന്‍സര്‍  തടയാന്‍ നമുക്ക് സാധിക്കും. രോഗനിര്‍ണ്ണയത്തിനു ശേഷം ഈ വാക്‌സിന്‍ പ്രയോജനം ചെയ്യുന്നില്ല.

പല രീതിയിലുള്ള വാക്‌സിനുകള്‍ ലഭ്യമാണ്. എങ്കിലും 9 Valent അഥവാ HPV Virus -ന്റെ സബ്-ടൈപ്പുകള്‍ക്കെതിരെ പ്രതിരോധം ലഭിക്കുന്ന വാക്‌സിനാണ് നമ്മള്‍ ഉപയോഗപ്പെടുത്തേണ്ടത്.

9 വയസു മുതല്‍ 26 വയസു വരെയുള്ളവരിലാണ് HPV വാക്‌സിന്‍ ഏറ്റവും പ്രയോജനം ചെയ്യുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ 45 വയസു വരെ വാക്‌സിന്‍ ഇപ്പോള്‍ നല്‍കാറുണ്ട്.

മൂന്നു ഡോസ് വാക്‌സിന്‍ എടുക്കുമ്പോള്‍ മാത്രമാണ് നമുക്ക് പൂര്‍ണ്ണമായി പ്രതിരോധശേഷി ലഭ്യമാകുന്നത്. 0-2-6 മാസം ആണ് വാക്‌സിന്‍ ഷെഡ്യൂള്‍.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ നേരത്തെ കണ്ടുപിടിക്കാം

1. കാന്‍സര്‍ സ്‌ക്രീനിംഗ് അഥവാ രോഗലക്ഷണമില്ലാത്തവരില്‍ ചില ലളിതമായ ടെസ്റ്റുകള്‍ നടത്തി രോഗസാധ്യത നിര്‍ണ്ണയിക്കുന്നതു വഴിയാണ് രോഗം നേരത്തെ കണ്ടുപിടിക്കുന്നത്.

2. 1 മുതല്‍ 29 വയസു വരെയുള്ള സ്ത്രീകള്‍ക്ക് മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ PAP test നടത്തുക. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.

3. 30 മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് എല്ലാ മൂന്നു വര്‍ഷത്തിലും PAP test നടത്തുക അല്ലെങ്കില്‍ എല്ലാ അഞ്ചു വര്‍ഷത്തിലും FDA അംഗീകരിച്ചിട്ടുള്ള (hrHPV) ടെസ്റ്റ് നടത്തുക.

4. 65 വയസിനു ശേഷം ടെസ്റ്റ് നടത്തേണ്ടതില്ല.

ഇതൊക്കെയാണ് യൂട്രൈന്‍ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് പറയാനുള്ളത്. കേരളത്തില്‍ ഇപ്പോള്‍ ഇത് കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ വച്ചു നോക്കുമ്പോള്‍ സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന കാന്‍സറുകളില്‍പെടുന്ന ഒന്നാണ് യൂട്രൈന്‍ സെര്‍വിക്കല്‍ കാന്‍സര്‍ എന്നത് വിസ്മരിക്കരുത്. പൊതുവായി എടുക്കുമ്പോൾ, ഇന്ത്യയിലെ സ്ത്രീകളില്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ എറ്റവും കൂടുതലായി കണ്ടുവരുന്നത് ഇതാണ്. 2030 ആകുമ്പോഴേക്കും സെര്‍വിക്കല്‍ കാന്‍സര്‍ നമ്മുടെ ലോകത്തു നിന്ന് തുടച്ചുനീക്കണമെന്നാണ് ലോകാരോഗ്യ സംഘടന (WHO) ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മളും ആ ആഹ്വാനത്തോട്  സഹകരിച്ചേ മതിയാവൂ. അതിനായി കൂടുതൽ ആളുകളിലേക്ക്‌ ഈ സന്ദേശം എത്തിക്കുകയും ചെയ്യാം.

ഡോ. ജോജോ വി. ജോസഫ്, 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.